സ്കൂൾ യൂണിഫോമുകൾ ജെൻഡർ ന്യൂട്രലാവേണ്ടതിന്റെയും എളുപ്പം പാറിപ്പോവുന്ന പാവാടകളിൽ പെൺകുഞ്ഞുങ്ങളെ തളച്ചിടാതിരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് നടി മ‍ഞ്ജു വാര്യർ സംസാരിക്കുന്നു, മാതൃഭൂമി ഡോട്ട്കോമിന്റെ 'അണിയാം തുല്യതയുടെ യൂണിഫോം' എന്ന കാമ്പയിന് പിന്തുണ നൽകിക്കൊണ്ടാണ് മഞ്ജു സംസാരിക്കുന്നത്. നവംബർ എട്ടിനാണ് മാതൃഭൂമി സ്കൂൾ യൂണിഫോമുകൾ ജെൻഡർ ന്യൂട്രലാവേണ്ടതിന്റെ ആവശ്യകത മുൻനിർത്തി കാമ്പയിന് തുടക്കമിട്ടത്. ഇതിനോടകം തന്നെ രാഷ്ട്രീയ പ്രവർത്തകർ സാമൂഹിക പ്രവർത്തകർ സിനിമാ പ്രവർത്തകർ എന്നിവർ കാമ്പയിന് പിന്തുണ നൽകി രംഗത്തെത്തിയിട്ടുണ്ട്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

മഞ്ജുവാര്യരുടെ വാക്കുകളിലേക്ക്......

പാവാട എന്ന വാക്ക് പണ്ട് ബാല്യത്തിലും കൗമാരത്തിലും പെണ്‍കുട്ടികളുടേതു മാത്രമായിരുന്നു. അവരുടെ കിനാവുകളുടെ അലുക്കുകളും നിറങ്ങളുമായിരുന്നു അതിന്. പാവാടയെ സ്നേഹിച്ച തലമുറയുടെ പ്രതിനിധിയാണ് ഞാനും. പക്ഷേ പാവാടയ്ക്കൊപ്പം പെണ്‍കുട്ടികള്‍ ഒതുക്കിപ്പിടിച്ചിരുന്ന ചില ഉള്‍ഭയങ്ങള്‍ കൂടിയുണ്ടായിരുന്നു. അതുള്ളതുകൊണ്ടാണ് ഉള്ളില്‍ ഒരു ഓട്ടക്കാരിയോ ചാട്ടക്കാരിയോ കുതിച്ചുപായാന്‍ വെമ്പിനില്കുമ്പോഴും അവരില്‍ പലരും സ്‌കൂളിലെ കായികമേളയില്‍ നിന്ന് കരച്ചിലടക്കി മാറിനിന്നത്. ബസിന് പിന്നാലെ ഓടിച്ചെല്ലാന്‍ മടിച്ചത്. 'കാറ്റേ വീശരുതിപ്പോള്‍' എന്ന് മനസുകൊണ്ട് ഒരുവേളയെങ്കിലും കെഞ്ചിയിട്ടുണ്ടാകും ഇന്നലെകളിലെ ഓരോ പെണ്‍കുട്ടിയും.

Manju warrierഇന്ന്, ഈ ട്രോള്‍ കാലത്ത് 'പാവാട'യുടെ അര്‍ഥം തന്നെ മാറിപ്പോയി. കൗമാരകുതൂഹലമല്ല പുതുതലമുറയ്ക്ക് പാവാട. അപ്പോള്‍ പിന്നെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പാവാടയണിയണമെന്ന് ശഠിക്കുന്നതിന്റെ യുക്തിയെന്താണ്? ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിന്റെ പ്രസക്തി അവിടെയാണ്.

തുല്യതയ്ക്ക് വേണ്ടിയുള്ള സംവാദങ്ങളും പരിശ്രമങ്ങളും ഒരു വശത്ത് പുരോഗമിക്കുന്നു. വളരെ നല്ലത്. ഏതിന്റെയും തുടക്കം പാഠശാലകളില്‍ നിന്നാണല്ലോ. അവിടെയാണല്ലോ നാം ആദ്യപാഠം അഭ്യസിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ യൂണിഫോമില്‍ നിന്നാകട്ടെ തുല്യതയുടെ തുടക്കം.

 വേര്‍തിരിവുകളുടെ ആദ്യക്ഷരങ്ങളാകരുത് നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടത്. ആണ്‍, പെണ്‍ വ്യത്യാസങ്ങളില്ലാത്ത, എനിക്കും നിനക്കും ഈ ലോകത്ത് ഒരേ അവകാശങ്ങള്‍ എന്ന് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേപോലെ ചിന്തിക്കുന്ന നാളുകളെ ആണ് അവര്‍ സ്വപ്നം കാണേണ്ടത്. അത്തരമൊരു മനോഭാവം സ്‌കൂളുകളില്‍ തന്നെ വളര്‍ത്തിയെടുക്കാനായാല്‍ അത് പുരോഗമനസമൂഹത്തിന്റെ ആധാരശിലകളായി മാറും. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഇവിടെ ഒരു പ്രതീകമായി മാറുന്നു.

ത്രീ ഫോര്‍ത്തും പാന്റ്സും ധരിക്കാനാഗ്രഹിക്കുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. അതണിഞ്ഞ പെണ്‍കുട്ടികളെ ആരും ഇപ്പോള്‍ അന്യഗ്രഹജീവികളെപ്പോലെ നോക്കാറുമില്ല.

binduകാഴ്ചപ്പാടുകളില്‍ ചെറുതല്ലാത്ത മാറ്റം വന്നുകഴിഞ്ഞു. അതുകൊണ്ട് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാവാട നിര്‍ബന്ധിത വസ്ത്രമാക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. സ്‌കൂളുകളില്‍ യൂണിഫോമിന്റെ നിബന്ധനകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആര്‍ക്കും എന്തുവസ്ത്രവും ധരിക്കാനുള്ള അനുവാദം നല്കുകയാണ് വേണ്ടത്. ആണ്‍കുട്ടികള്‍ക്ക് ഒരു വസ്ത്രം, പെണ്‍കുട്ടികള്‍ക്ക് വ്യത്യസ്ത വസ്ത്രം എന്ന സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്റെ വാക്കുകളില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം. ശക്തമായൊരു നിലപാട് അതില്‍ പ്രതിധ്വിക്കുന്നുണ്ട്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിദേശങ്ങളില്‍ സര്‍വസാധാരണമാണ്. ബ്രിട്ടണില്‍, നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്‌കൂള്‍യൂണിഫോം വിതരണക്കാരായ സ്റ്റീവന്‍സണ്‍സ് ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി യൂണിഫോം വില്കില്ല എന്ന് പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായി. ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ അന്ന് വലിയ പ്രാധാന്യത്തോടെയാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.  മുംബൈയിലും ഡല്‍ഹിയിലും ജെന്‍ഡർ ന്യൂട്രല്‍ യൂണിഫോമിന്റെ പ്രൗഢമാതൃകകളുണ്ട്. ഇന്നലെ കണ്ട സന്തോഷകരമായ വാര്‍ത്ത നമ്മുടെ കേരളത്തിലും ഇത്തരത്തിലുള്ള ഒരു സ്‌കൂളുണ്ട് എന്നതാണ്. പെരുമ്പാവൂരിലെ വളയന്‍ചിറങ്ങര ഗവ.എല്‍.പി.സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ത്രീഫോര്‍ത്ത് യൂണിഫോം ആണ്. 2018-മുതല്‍ ഇവിടത്തെ വസ്ത്രധാരണം ഇങ്ങനെയാണ്. രക്ഷിതാക്കളാണ് ഇതിന് മുന്‍കൈയെടുത്തത്. കായികമത്സരങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ മാറിനിൽക്കുന്നതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് കാറ്റത്ത് പാറുന്ന പാവാടയെക്കുറിച്ചുള്ള സങ്കടങ്ങള്‍ അവര്‍ കേട്ടത്. അതോടെ പെണ്‍കുട്ടികള്‍ക്കും ത്രീ ഫോര്‍ത്ത് യൂണിഫോമായി. ആ സ്‌കൂളിലെ ഓരോ രക്ഷിതാവിനും എന്റെ അഭിനന്ദനം. എത്രമേല്‍ ഉയര്‍ന്ന ചിന്തയുള്ളവരാണ് അവര്‍.. വളയന്‍ചിറങ്ങര സ്‌കൂളിന്റെ പാതയില്‍ ഇനിയും ഒരുപാട് വിദ്യാലയങ്ങള്‍ സഞ്ചരിക്കട്ടെ..

 tharoor gender neutral uniformമറ്റൊരു കാര്യം കൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പാവാട ഒരുമോശം വേഷമല്ല. അത് ധരിക്കാനാഗ്രഹിക്കുന്നവരെ 'നിങ്ങള്‍ പാന്റിടൂ' എന്ന് നിര്‍ബന്ധിക്കുകയുമരുത്. ആര്‍ക്കും ആണ്‍പെണ്‍ഭേദമില്ലാതെ ഇഷ്ടപ്പെട്ട വേഷം തിരഞ്ഞെടുക്കാനും ധരിക്കാനുമുള്ള അവകാശം കിട്ടുമ്പോഴേ തുല്യതയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ പൂര്‍ണമാകൂ എന്നാണ് എന്റെ അഭിപ്രായം. ഇങ്ങനെയൊരു സ്വാതന്ത്ര്യത്തിന്റെ നിലപാടുതറയില്‍ ഉറച്ചുനിന്നുകൊണ്ട് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ സമീപിക്കുകയാണ് വേണ്ടത്. അതിലൂടെ നമ്മള്‍ മുന്നോട്ടുവയ്ക്കുന്നത് ഒരുപാട് തിരുത്തലുകളുടെ ആദ്യ അധ്യായമാണ്.

ഇത്തരമൊരു ക്യാമ്പയിൻ തുടങ്ങിവച്ച 'മാതൃഭൂമി'ക്ക് അഭിനന്ദനം. 'അണിയാം തുല്യതയുടെ യൂണിഫോം' എന്നത് വലിയൊരു സാമൂഹികമുന്നേറ്റമായി മാറട്ടെ. ഇതിനൊപ്പം പിന്തുണയുമായി ഞാനുമുണ്ട്...

 തയ്യാറാക്കിയത് : ശരത്കൃഷ്ണ

content highlights: Manju Warrier speaks about the importance of Gender neutral uniform in Schools