ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണ രീതി സ്വാഗതാര്‍ഹമാണെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ മല്ലു അനലിസ്റ്റ്. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണരീതി സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് മാതൃഭൂമി ഓണ്‍ലൈന്‍ തുടങ്ങിവെച്ച കാമ്പയിനിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം

പെണ്‍കുട്ടികളാണെങ്കിലും ആണ്‍കുട്ടികളാണെങ്കിലും ട്രാന്‍സ്‌ജെന്‍ഡറുകളാണെങ്കിലും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം വേണം. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണ രീതി കൊണ്ടുവരുന്നത് നല്ലൊരു തുടക്കമാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് ഇപ്പോള്‍ പല സ്‌കൂളുകളിലും യൂണിഫോമിന്റെ കാര്യത്തില്‍ വല്ലാത്തൊരു ലിംഗവിവേചനം നടക്കുന്നുണ്ട്. അതിപ്പോള്‍ പാവാട, പാന്റ്, ചുരിദാര്‍ എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. പെണ്‍കുട്ടികള്‍ക്ക് ഒരു പ്രായമാവുമ്പോള്‍ ഓവര്‍ കോട്ട് ധരിക്കണം , ഷാള്‍ വേണം തുടങ്ങിയ നിബന്ധനകള്‍ വെയ്ക്കുമ്പോള്‍ അവരുടെ ശരീരത്തിന് എന്തോ പ്രശ്‌നമുള്ള രീതിയില്‍ അല്ലെങ്കില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് ശരീരം കൂടുതല്‍ പ്രോട്ടക്റ്റ് ചെയ്യണമെന്ന ചിന്താഗതിയാണ് നമ്മള്‍ കൊടുക്കുന്നത്. രണ്ട് പേരും ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വളരെ നല്ല മാറ്റമായിരിക്കും.

ഇതൊരു തുടക്കമാവണം

മാറ്റം യൂണിഫോമിൽ മാത്രം ഒതുങ്ങരുത്. കുട്ടികളെ ജെന്‍ഡര്‍ അനുസരിച്ച്‌ മാറ്റിയിരുത്തുന്നത്, സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ഉത്തരവാദിത്വം ആണ്‍കുട്ടികള്‍ക്ക് മറ്റൊന്ന് അതെല്ലാം മാറണം. ഉദാഹരണത്തിന് പെണ്‍കുട്ടികള്‍ മാത്രം ക്ലാസ് റും അടിച്ചുവാരി വൃത്തിയാക്കുക ആണ്‍കുട്ടികള്‍ ബെഞ്ച് പിടിച്ചിടുക അത്തരം വേര്‍ത്തിരിവുകള്‍ പൂര്‍ണ്ണമായും മാറ്റണം

പ്രതിബന്ധങ്ങള്‍ നിരവധി

സര്‍ക്കാര്‍ ഇത് പോലെ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാമെന്ന് നിയമം കൊണ്ട് വന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് എത്രമാത്രം ഉപകാരമാവുമെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. കാരണം എല്ലാ പെണ്‍കുട്ടികള്‍ക്കും അത് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. പ്രത്യേകിച്ച് തീരെ ചെറു പ്രായത്തിലെ പെണ്‍കുട്ടികള്‍ക്ക് വീട്ടുകാര്‍ പറയുന്നതും നാട്ടുകാര്‍ പറയുന്നതും നോക്കേണ്ടി വരും. ചില പെണ്‍കുട്ടികള്‍ ഇഷ്ടത്തിന് വസ്ത്രം ധരിച്ചാലും അവര്‍ പ്രശ്‌നം നേരിടേണ്ടി വരും.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം

ഇത്തരമൊരു വസ്ത്രധാരണ രീതി വന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ ലിംഗ സമത്വത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങാന്‍ കാരണമാവും. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കൊണ്ടുവന്നാലും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാനും സ്‌കൂളുകള്‍ക്ക് സാധിക്കണം".

Content Highlights: Mallu analyst About Gender Neutral Uniforms