കേരളത്തിലെ സ്കൂളുകൾ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം രീതി അവലംബിക്കണോ എന്ന ചർച്ച പൊതുമണ്ഡലത്തിൽ കൊഴുക്കുകയാണ്. ഇത് സംബന്ധിച്ചുള്ള മാതൃഭൂമി ഡോട്ട്കോമിന്റെ 'അണിയാം തുല്യതയുടെ യൂണിഫോം' എന്ന കാമ്പയിനോട്  അഭിഭാഷക സമൂഹം പ്രതികരിക്കുന്നു......

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

അഡ്വ.കാളീശ്വരം രാജ്
അഭിഭാഷകന്‍, സുപ്രീം കോടതി

ad.kaleesharam raj
അഡ്വ.കാളീശ്വരം രാജ്

' ഈ വിഷയത്തിലൊരു ചര്‍ച്ച വളരെ മുമ്പ് തന്നെ തുടങ്ങേണ്ടതായിരുന്നു. കുട്ടികളുടെ മനസ്സില്‍ ലിംഗസമത്വത്തെ പറ്റിയുള്ള ശരിയായ ധാരണ വളര്‍ത്തുന്നതില്‍ അത് സഹായകരമാകും. എല്ലാ സ്‌കൂളുകള്‍ക്കും പിന്തുടരാവുന്ന വളരെ മികച്ചയൊരു മാതൃകയാണ് യൂണിഫോമിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി. ഇത്തരമൊരു ചര്‍ച്ച പ്രതീകാത്മകമാണെങ്കിലും അര്‍ത്ഥവത്തായതാണ്. വീട്ടിനുള്ളില്‍  ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരേ പോലെ കാണുക എന്നതില്‍ മാതാപിതാക്കളില്‍ നിന്നും ബോധവത്കരണം ആരംഭിക്കണം. ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുകള്‍ മാറണം. സാംസ്‌കാരിക പരിസരം മാറ്റുന്നതിനുള്ള പ്രതികാത്മക  നീക്കമാണ് മാതൃഭൂമി ആരംഭിച്ച അണിയാം തുല്യതയുടെ യൂണിഫോമെന്ന ക്യാമ്പയിന്‍. സര്‍ക്കാര്‍ ഈ വിഷയമൊരു മാതൃകയായി സ്വീകരിക്കുകയാണ് വേണ്ടത്. ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധിതമായി നടത്തേണ്ടതല്ല, അതിനൊരു ബോധവത്കരണം അനിവാര്യമാണ്. എന്നാല്‍ മാത്രമേ ഇതൊരു സാംസ്‌കാരിക തരംഗമായി മാറുകയുള്ളൂ' 

ad.hareesh vasudevan
അഡ്വ.ഹരീഷ് വാസുദേവന്‍

സര്‍ക്കാര്‍ നിയമത്തിലൂടെ കൊണ്ടുവരേണ്ട വിഷയമല്ലിത്

അഡ്വ.ഹരീഷ് വാസുദേവന്‍
ആക്ടിവിസ്റ്റ്, 
അഭിഭാഷകന്‍, ഹൈക്കോടതി

'ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമെന്നത് വലിയൊരു ചവിട്ടുപടിയാണ്. ഇത്തരത്തിലൊരു വിഷയം ഉയര്‍ത്തികൊണ്ടു വരുമ്പോള്‍ അത് തീര്‍ച്ചയായും ലക്ഷ്യം കാണണം. പുരോഗമന ചിന്താഗതിയില്‍ വളരെ പിന്നിലാണ് കേരളം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല സമരങ്ങളും കേരളത്തില്‍ പരാജയപ്പെട്ടത് മതസംഘടന അല്ലെങ്കില്‍ സ്ഥാപനങ്ങളുടെ മര്‍ക്കടമുഷ്ടി കാരണമാണ്. സര്‍ക്കാര്‍ നിയമത്തിലൂടെ കൊണ്ടുവരേണ്ട വിഷയമല്ലിത്. നിലവില്‍ സ്‌കൂള്‍ യൂണിഫോം പി.ടി.ഐയുടെ അധികാരത്തില്‍ പെട്ടതാണ്. മറ്റൊരു പ്രത്യേക വിഷയത്തിന്റെ ഡൈവേഴ്‌സിറ്റിയാണ്. കാസര്‍കോടുള്ള വസ്ത്രമല്ല വയനാട്ടില്‍, അതായിരിക്കില്ല ഇടുക്കിയില്‍. വ്യത്യസ്തമായ ഭൂപ്രദേശങ്ങളെയും കാലാവസ്ഥയെയും അടിസ്ഥാനപ്പെടുത്തിയാണിത്. സ്‌കൂളുകളിലെ യൂണിഫോമെന്നത് സ്‌കൂള്‍ പി.ടി.ഐയുടെ അധികാരത്തില്‍ തന്നെ നിലനിര്‍ത്തുകയും ഇത്തരത്തില്‍ ജെന്‍ഡര്‍ ന്യൂട്രലായ യൂണിഫോം രീതി കൊണ്ടുവരുന്ന സ്‌കൂള്‍ പി.ടി.ഐകളെ നമ്മള്‍ അഭിനന്ദിക്കുകയും വേണം. ഇത്തരത്തിലുള്ള സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ ജെന്‍ഡര്‍ സെന്‍സിറ്റീവ് സ്‌കൂളിലാണ് പഠിച്ചതെന്ന് പറയുന്നതില്‍ അഭിമാനമുണ്ടാകേണ്ട സാഹചര്യം രൂപപെടേണ്ടതുണ്ട്' .

അഡ്വ.സുഭാഷ്.കെ.ആര്‍

subash k r
അഡ്വ.സുഭാഷ്.കെ.ആര്‍

അഭിഭാഷകന്‍, സുപ്രീം കോടതി

' മാതൃഭൂമി തുടങ്ങിവെച്ചത് വളരെ നല്ലൊരു കാര്യം തന്നെയാണ്. പെണ്‍കുട്ടികള്‍ക്ക് പല തരത്തിലുള്ള  പ്രവര്‍ത്തനങ്ങള്‍ക്കും യൂണിഫോം രീതി വിലങ്ങുതടിയാവുന്നതായി തോന്നിയിട്ടുണ്ട്. അവര്‍ കളിക്കുകയോ മറ്റ് പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുമ്പോഴാണിത്. ഇത്തരം കാര്യങ്ങള്‍ മറികടക്കാനും തുല്യത രൂപപ്പെടുത്തിയെടുക്കാനും ജെന്‍ഡര്‍ ന്യൂട്രലായിട്ടുള്ള യൂണിഫോം സഹായകരമാകും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഈ രീതി അവലംബിക്കണം. കേരളത്തില്‍ ഇത്തരത്തില്‍ വരേണ്ട പല ചര്‍ച്ചകളും ദൗര്‍ഭാഗ്യവശാല്‍ നടക്കുന്നില്ല. അത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് ഈ ഒരു വിഷയമെങ്കിലും മുന്നോട്ട് കൊണ്ടുവരാന്‍ മാതൃഭൂമിക്ക് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. നല്ലൊരു കാര്യമാണെങ്കില്‍ സര്‍ക്കാര്‍ ഈ വിഷയം സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുകയാണ് വേണ്ടത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമെന്ന നിര്‍ദേശം വേണമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ട് കൊണ്ടുവരാം. പരീക്ഷണാടിസ്ഥാനത്തില്‍ പൈലറ്റ് പ്രൊജ്ക്ട് എന്ന നിലയില്‍ എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ സ്‌കൂളുകളില്‍ നടപ്പാക്കിയ ശേഷം വ്യാപിപ്പിക്കാം' 

അഡ്വ.കുക്കൂ ദേവകി
അഭിഭാഷക, ആക്ടിവിസ്റ്റ്

ad.cuko devaki
അഡ്വ.കുക്കൂ ദേവകി

'മാതൃഭൂമി ഡോട്ട് കോമിന്റെ നേത്യത്വത്തിലാരംഭിച്ച അണിയാം തുല്യതയുടെ യൂണിഫോമെന്ന ക്യാമ്പയിന്‍ ആദ്യമേ ശ്രദ്ധയില്‍പെട്ടിരുന്നു. സര്‍ക്കാര്‍ തലത്തില്‍ തന്നെ ക്യാമ്പയിന്‍ ശ്രദ്ധിക്കപ്പെട്ടുവെന്നതിന്റെ ശുഭസൂചനയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ വിഷയത്തിലുള്ള പ്രതികരണം. വിഷയം സര്‍ക്കാര്‍ ഏറ്റെടുക്കണം. വിഷയത്തില്‍ മന്ത്രിമാരുടെ പ്രതികരണം വിഷയത്തെ  സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യതയുള്ളതാക്കി മാറ്റും. വിഷയത്തെ കുറിച്ച് പണ്ടുമുതലേ ചര്‍ച്ചകളുണ്ടായിട്ടുണ്ടെങ്കിലും അതൊരു പൊതുബോധത്തിലേക്ക് എത്തിയിട്ടില്ല. മാറ്റങ്ങളുണ്ടാവുന്നത് പൊതുസമൂഹം അത് ഏറ്റെടുക്കുമ്പോഴാണ്. മാതൃഭൂമി തുടങ്ങിവെച്ച ചര്‍ച്ച ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. വിഷയത്തില്‍ അടുത്ത വര്‍ഷത്തോടെ തീരുമാനമുണ്ടാകാനാണ് സാധ്യത. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രലായ യൂണിഫോം രീതി കൊണ്ടുവന്നു കഴിഞ്ഞാല്‍ തന്നെ പ്രൈവറ്റ് സ്‌കൂളുകളിലും മാറ്റമുണ്ടാകും.'

 

                                                                   അഡ്വ.അഞ്ജലി ടി.എ

adv.anjali.t.a
അഡ്വ.അഞ്ജലി ടി.എ

അഭിഭാഷക, ഹൈക്കോടതി

'എല്ലാ ജെന്‍ഡറിനും ന്യൂട്രലായിട്ടുള്ള യൂണിഫോം വരിക എന്നത് വളരെ നല്ല കാര്യമാണ്. ആണിനെയും പെണ്ണിനെയും വസ്ത്രം കൊണ്ട് തിരിച്ചറിയേണ്ട കാലം കഴിഞ്ഞു. കുട്ടികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അവരിടപഴകുമ്പോഴും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ഗുണകരമാകും. ബാത്ത്‌റൂമിലൊരു ഹുക് ഘടിപ്പിച്ചാല്‍ തീരാവുന്ന പ്രശ്‌നത്തിന് പെണ്‍കുട്ടികളെ ഇനിയും പാവാടയുടിപ്പിക്കുന്നത് ആവശ്യമില്ല. ഈ വിഷയം എല്ലാ രീതിയിലും ചര്‍ച്ച ചെയ്യപ്പെടണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇതിനുള്ള തുടക്കം കുറിക്കണം. ഒരു വിദ്ഗധ സമിതിയെ നിയോഗിച്ച് ആറു മാസം കൊണ്ട് പഠനങ്ങള്‍ നടത്തി അടുത്ത അധ്യായന വര്‍ഷം തന്നെ ഇത് നടപ്പിലാക്കാന്‍ കഴിയും. എന്തു കൊണ്ട് ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോമെന്നത് സംബന്ധിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തണം. കുട്ടികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം രീതി നടപ്പാകുന്നതിന് മുന്‍പ് അധ്യാപകര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള അനുമതി നല്‍കണം. ഇതൊരു പ്രപ്പോസലായി മുമ്പോട്ട് പോകണം. സ്റ്റേറ്റ് പോളിസിയായി തന്നെ സര്‍ക്കാരിനിത് അവതരിപ്പിക്കാം.' 

കേരളത്തില്‍ ജെന്‍ഡര്‍ ന്യൂട്രലെന്ന വസ്ത്രരീതി അവലംബിക്കുന്നതില്‍ എന്താണ് കാലതാമസം ഉണ്ടാകുന്നതെന്ന് ഇവിടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ സൗജന്യ യൂണിഫോം ഉപയോഗിച്ച് സൗകര്യപ്രദമായ വസ്ത്രങ്ങള്‍ നിര്‍മിക്കുവാനുള്ള സാഹചര്യമില്ലാത്തതാണ് കാരണമെങ്കില്‍ പ്രൈവറ്റ് സ്‌കൂളുകളില്‍ ഇതിനുള്ള തടസ്സം വ്യക്തമല്ല.

സൗജന്യ യൂണിഫോമിനുള്ള തുണി ലഭിക്കുമെന്നിരിക്കെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വസ്ത്രത്തിനായുള്ള തുകയ്ക്ക് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. പ്രൈവറ്റ് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരമെന്ന ആശയത്തിലൂന്നിയാണ് നിലകൊള്ളുന്നത് (എന്നാല്‍ അക്കാദമിക് തലത്തില്‍ ഈയൊരു നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ടോ എന്നത് സ്വയം പരിശോധിക്കപ്പെടണം) അന്താരാഷ്ട്ര സ്‌കൂളുകളില്‍ സ്വീകരിക്കുന്ന പല യൂണിഫോമുകളും കേരളത്തിലെ സാഹചര്യത്തില്‍ അനുയോജ്യമല്ലെന്നത് ചര്‍ച്ച വിഷയമാകുന്നേയില്ല.

Content Highlights: legal aspects of gender neutral uniform in kerala