കാര്യമ്പാടി: ഓടുകയും ചാടുകയും തലകുത്തിമറിയുകയും ചെയ്യേണ്ട പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഒന്നും തടസ്സമാകരുത്. കാര്യമ്പാടി ജി.എല്‍.പി. സ്‌കൂളിലെ അധ്യാപകര്‍ക്കും രക്ഷാകര്‍ത്തൃ സമിതിക്കും അക്കാര്യത്തില്‍ സംശയമില്ല. എല്ലാവരും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ കാര്യമ്പാടി എല്‍.പി.എസ്. അതെല്ലാം മുമ്പേ നടപ്പാക്കിക്കഴിഞ്ഞു. മഞ്ഞ ടീഷര്‍ട്ടും നീല ത്രീഫോര്‍ത്തും -മൂന്നുവര്‍ഷമായി കാര്യമ്പാടി എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോമാണിത്.

മുന്‍ പ്രധാനാധ്യാപിക ടി.പി. മേരിയുടെ ആശയമായിരുന്നു ഇത്. ''ചെറിയ കുട്ടികളല്ലേ, അവര്‍ക്കിടയില്‍ വേര്‍തിരിവുണ്ടെന്ന് തോന്നരുതല്ലോ. പാവാടയാണെന്നും പറഞ്ഞ് കുട്ടികള്‍ ഓടാനും ചാടാനുമൊന്നും മടിക്കരുത്. സമത്വബോധത്തോടെ കുട്ടികളെ വളര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വവുമാണ്'' -ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന മേരിടീച്ചര്‍ക്ക് യൂണിഫോമിനെക്കുറിച്ചും പറയാന്‍ അത്രയേയുള്ളൂ. സ്‌കൂളില്‍ പുതിയ യൂണിഫോം നടപ്പാക്കുന്നതിന്റെ മുഴുവന്‍ ചെലവും വഹിച്ചത് പ്രധാനാധ്യാപികയും പി.ടി.എ. എക്‌സിക്യുട്ടീവ് കമ്മിറ്റിയും ചേര്‍ന്നാണ്.

കര്‍ഷകരുടെയും സാധാരണക്കാരുടെയും കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. പെട്ടന്നൊരു ചെലവൊക്കെ അവര്‍ക്കു പ്രയാസമായിരിക്കും -മേരി പറഞ്ഞു. ''യൂണിഫോം ത്രീഫോര്‍ത്തായതോടെ കുട്ടികളില്‍ പ്രകടമായ മാറ്റങ്ങളുണ്ടായി. കായികയിനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണംകൂടി. കുട്ടികള്‍ തുല്യതാമനോഭാവത്തോടെ ഇടപെടുന്നു. എല്ലാവരും സജീവമായി'' -പി.ടി.എ. പ്രസിഡന്റ് എം.വി. സുമേഷ് പറഞ്ഞു. യൂണിഫോം മാറ്റത്തിനൊപ്പം ബാഗില്ലാദിവസം, ഖൊ-ഖൊ പരിശീലനം, ചെസ് പരിശീലനം തുടങ്ങിയ പദ്ധതികളും സ്‌കൂളില്‍ തുടങ്ങിയിരുന്നു. അംഗീകാരങ്ങളും സ്‌കൂളിനെ തേടിയെത്തി.

2020 മാര്‍ച്ചില്‍ ടി.പി. മേരി വിരമിച്ചു. പുതുതായി ചുമതലയെടുത്ത പ്രധാനാധ്യാപിക സി.കെ. ശ്യാമളയും സ്‌കൂളിലെ ശിശുസൗഹാര്‍ദപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ''സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഇപ്പോള്‍ യൂണിഫോം നിര്‍ബന്ധമല്ല. അടുത്ത ജൂണോടെ മഞ്ഞ ടീഷര്‍ട്ടും നീല ത്രീഫോര്‍ത്തും തന്നെയാകും യൂണിഫോം. രക്ഷിതാക്കളും ത്രീഫോര്‍ത്ത് മതിയെന്ന അഭിപ്രായക്കാരാണ്'' -ശ്യാമള പറഞ്ഞു.

Content Highlights: karyambadi school implements gender neutralu uniform before three years