മാതൃഭൂമി ഡോട്ട് കോമിന്റെ നേത്യത്വത്തിലുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ കാമ്പയിന് പിന്തുണയുമായി  എഴുത്തുകാരി കെ.ആര്‍ മീര. അപകര്‍ഷബോധം ഇല്ലാതെ നിവര്‍ന്നുനടക്കാന്‍ സ്വാതന്ത്ര്യം തരുന്ന ഒന്നാകണം വസ്ത്രം എന്ന് എഴുത്തുകാരി അഭിപ്രായപ്പെടുന്നു. കെ.ആര്‍ മീരയുടെ വാക്കുകളിലേക്ക്...

ഞാന്‍ എന്റെ മകളെ വളരെ ചെറുപ്പം മുതലേ  ജീന്‍സും ഷര്‍ട്ടും ഇടാനാണു പ്രേരിപ്പിച്ചത്.  എന്റെ അനുഭവത്തില്‍ ചലനസ്വാതന്ത്ര്യവും ആത്മ വിശ്വാസവും നൽകുന്ന വസ്ത്രമാണ് അത്. വസ്ത്രത്തിനനുസരിച്ചു ശരീരത്തിന്റെ ആകൃതിയും നടപ്പു രീതിയുംമാറുമെന്നതു കൊണ്ട് ഒരു പ്രായം കഴിഞ്ഞാൽ വസ്ത്രം ഒരു ശീലമായി മാറും.   നിവര്‍ന്നു നടക്കാനും ഇരിക്കാനും  സഹായിക്കുന്ന വേഷം എന്ന നിലയിൽ കുട്ടികള്‍ക്ക് ആണ്‍-പെണ്‍ വ്യത്യാസമന്യേ പാന്റ്‌സും ഷര്‍ട്ടുമാണ് നല്ല വേഷം എന്നാണ് എന്റെ ബോധ്യം. കുട്ടികള്‍ വലുതാവുമ്പോള്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുള്ള വേഷം തിരഞ്ഞെടുത്തു കൊള്ളും. സ്കൂൾ കുട്ടികൾക്ക് ഒരേ യൂണിഫോം സാധ്യമാകുമ്പോൾ ഞാൻ നന്ദിയോടെ സ്മരിക്കുന്നത് എൻ എ വിനയയെ ആണ്. വിനയ ഇതിനു‌ വേണ്ടി ധാരാളം ശ്രമിച്ചിട്ടുണ്ട്. അതിനും മുൻപേ, കേരള പോലീസിൽ  ഒരേ യൂണിഫോമിനു വേണ്ടി വിനയ ഒറ്റയ്ക്കു തുടങ്ങി വച്ചതും തുടർന്നതുമായ സമരത്തിന്റെ പ്രാധാന്യം ഇപ്പോൾ കൂടുതൽ വ്യക്തമാകുന്നു. 

ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം  എന്നതിനേക്കാള്‍ ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളുടെയും  അസ്ഥി വളർച്ചയെ തടസ്സപ്പെടുത്താത്ത വസ്ത്രം എന്നതാണ് പ്രധാനം. സ്വന്തം ശരീരത്തെപ്പറ്റി അപകർഷബോധം ഇല്ലാതെ നിവര്‍ന്നുനടക്കാന്‍  സ്വാതന്ത്ര്യം നൽകുന്ന വസ്ത്രങ്ങള്‍ ധരിക്കാൻ എല്ലാ കുട്ടികൾക്കും  അവകാശമുണ്ട്.  സ്‌കൂള്‍ ക്ലാസില്‍ അല്ലെങ്കില്‍ പിന്നെവിടെയാണ് സമത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാഠം പഠിപ്പിച്ചു തുടങ്ങുക?

Content Highlights: k r meera reacts on gender nurtral uniform campaign