കൊച്ചി : ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനായുള്ള ചര്‍ച്ചകള്‍ തുടങ്ങും മുമ്പെ അതിവേഗം ബഹുദൂരത്തില്‍ സഞ്ചരിച്ച ഒരു സ്‌കൂളുണ്ട് കേരളത്തില്‍. എറണാകുളത്തെ വളയൻചിറങ്ങര എല്‍.പി സ്‌കൂള്‍. സ്‌കൂള്‍ പി.ടി.ഐയുടെയും രക്ഷിതാക്കളുടെയും യുക്തിപൂര്‍വ്വവും അവസരോചിതമായ ഇടപെടല്‍ മൂലമാണ് പെൺകുട്ടികളുടെ ചലനങ്ങൾക്ക് തടസ്സം നിൽക്കുന്ന യൂണിഫോം രീതി ഈ സ്കൂളിൽ വേണ്ടെന്ന തീരുമാനം ഈ സ്കൂൾ എടുക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് അസൗകര്യപ്രദമായ യൂണിഫോം രീതികൾ കായികയിനങ്ങളിൽ നിന്ന് ചിലരെയെങ്കിലും പിന്നോട്ടു വലിച്ചിരുന്നു. പാവാട പാറുമെന്ന പേടികൊണ്ട് കഴിവുള്ള ഒരു കുട്ടി പോലും അവരുടെ കഴിവ് പ്രദർശിപ്പിക്കാനാവാതെ തഴയപ്പെടരുത് എന്ന ഒരൊറ്റ കാരണമാണ് സ്കൂളിനെയൊന്നാകെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. 

2019 വരെ പാവാടയായിരുന്നു പെൺകുട്ടികളുടെ വേഷം എന്നാൽ ഇതേ വർഷത്തെ കായികമത്സരവും പെൺകുട്ടികൾ നേരിട്ട ചില ബുദ്ധിമുട്ടുകളുമാണ് ഈ ചരിത്രപരമായ തീരുമാനമെടുക്കാൻ സ്കൂളിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ത്രീഫോർത്തും ഷർട്ടുമാണ് ഇവിടെ വേഷം.

uniform in valayanchirangara lp school
വളയന്‍ചിറങ്ങര എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

നിലവിലെ വേഷമാറ്റത്തെക്കുറിച്ച് പ്രധാനാധ്യാപിക ചുമതല വഹിക്കുന്ന സുമ കെ.പിക്ക്‌ പറയാനുള്ളതിതാണ്...

"2019ലെ കായിക ദിനത്തില്‍ പല പെണ്‍കുട്ടികള്‍ക്കും അവരവരുടെ കഴിവുകള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിയാതിരുന്നത് അധ്യാപകരുടെ ശ്രദ്ധയിലും പെട്ടിരുന്നു. കായികയിനങ്ങളില്‍ ആദ്യത്തെ റൗണ്ടില്‍ പങ്കെടുക്കുന്ന പല പെണ്‍കുട്ടികളും രണ്ടാമത്തെ റൗണ്ടില്‍ പങ്കെടുക്കാന്‍ വിമുഖത കാട്ടി. യഥാര്‍ത്ഥ പ്രശ്നമെന്തെന്ന് മനസ്സിലായത് അവരോട് തുറന്ന് സംസാരിച്ചപ്പോഴാണ്. അസൗകര്യപ്രദമായ വസ്ത്രങ്ങളും മറ്റും ധരിച്ചു കായികയിനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതാണ് പെണ്‍കുട്ടികളെ വലച്ചത്", സുമ ടീച്ചർ പറയുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ ജെന്‍ഡ്രല്‍ ന്യൂട്രല്‍ വസ്ത്രരീതി അവലംബിക്കുന്നതും ഇതാദ്യമാണെന്നാണ് സുമ ടീച്ചർ അവകാശപ്പെടുന്നത്.

valayanchirangara lp school
വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍

"ഉടുപ്പിൽ നിന്നും പാവാടയിൽ നിന്നും ത്രീഫോർത്തിലേക്കുള്ള മാറ്റത്തിന് രക്ഷിതാക്കളും കുട്ടികളും ഒരേ സ്വരത്തിലാണ് പിന്തുണയറിയിച്ചത്. പെണ്‍കുട്ടികള്‍ക്ക് സൗകര്യപ്രദമല്ലാത്ത സ്‌കേര്‍ട്ട്, ഫ്രോക്ക് പോലെയുള്ളവ മാറ്റി ത്രീ ഫോര്‍ത്താക്കി. ആദ്യം പ്രീപ്രൈമറിയിലായിരുന്നു ഇത്തരത്തിലുള്ള മാറ്റം സ്‌കൂള്‍ നടപ്പാക്കിയത്. പിന്നീട് ഒന്ന് മുതല്‍ നാല് വരെയുള്ള പെണ്‍കുട്ടികള്‍ക്കും സമാനമായ വസ്ത്രശൈലി കൊണ്ടുവന്നു. രണ്ട് നിലകളാണ് സ്‌കൂളിനുള്ളത്. അതിനാല്‍ പടികളും മറ്റും കയറുമ്പോള്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന പരിഹാസങ്ങള്‍ക്കും വിരാമമായി. യൂണിഫോമില്‍ വരുത്തിയ മാറ്റം കുട്ടികളിലുണ്ടാക്കിയ സന്തോഷത്തിന് അതിരുകളില്ലായിരുന്നു", മുൻ പ്രധാനാധ്യാപിക സി. രാജി പറയുന്നു. 

ചില രക്ഷിതാക്കളാണ് കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന യൂണിഫോം സമ്പ്രദായം മാറ്റുന്നതിന്റെ ആവശ്യകതയെ കുറിച്ച് ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന് വിഷയം പി.ടി.ഐ കമ്മിറ്റിയിലുമെത്തി.

Studentsരക്ഷിതാക്കളുമായി വിഷയം സംബന്ധിച്ച് ചര്‍ച്ച വന്നപ്പോഴാണ് വ്യാപ്തി സ്‌കൂളിനും മനസ്സിലായത്. 80 ശതമാനം രക്ഷിതാക്കളും തങ്ങള്‍ ഇതാണ് ആഗ്രഹിച്ചിരുന്നതെന്ന് അറിയിച്ചു. എന്നാല്‍ ഇത് നടപ്പാക്കുന്നതും അത്ര എളുപ്പമല്ലായിരുന്നു. വെല്ലുവിളികളും ഒട്ടേറെ.

ആണ്‍കുട്ടികള്‍ക്ക് ട്രൗസറും പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടുമെന്ന നിലയിലായിരുന്നു ഇത്രയും നാള്‍ സൗജന്യമായി യൂണിഫോം ലഭിച്ചു കൊണ്ടിരുന്നത്. ട്രൗസറിനുള്ള തുണി ത്രീ ഫോര്‍ത്തിന് തികയില്ലെന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ അതിനുള്ള ചെലവ് രക്ഷിതാക്കള്‍ തന്നെ ഏറ്റെടുക്കാമെന്ന് അറിയിച്ചു. വളരെ വലിയൊരു മാറ്റത്തിന്റെ തുടക്കം കൂടിയായിരുന്നു ഇത്. ഇപ്പോള്‍ ത്രീ ഫോര്‍ത്തും ഷര്‍ട്ടുമാണ് സ്‌കൂളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വേഷം. നിരവധി സ്‌കൂളുകളാണ് ഇത് എത്തരത്തിലാണ് നടപ്പാക്കിയതെന്ന് അന്വേഷിച്ച് സ്‌കൂളിനെ സമീപിച്ചത്. ഒപ്പം പ്രോത്സാഹങ്ങളുടെ അകമ്പടിയും.

ആണ്‍കുട്ടികള്‍ക്ക് തുണിയുടെ അളവ് കുറച്ചുകൂടി അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിലെ മുന്‍ പ്രധാനധ്യാപികയായ സി.രാജി സര്‍ക്കാരിന് കത്തെഴുതിയിരുന്നു. എന്നാല്‍ കോവിഡിന്റെ വരവ് വിഷയത്തിലൊരു തീരുമാനമുണ്ടാകാന്‍ വൈകി. സി. രാജി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയാണ്. 1995 ല്‍ പഠിച്ചിരുന്ന സ്‌കൂളില്‍ തന്നെ അധ്യാപികയായ നിയമിതയാവുകയും 2008 ല്‍ പ്രധാനധ്യാപികയായ സ്ഥാനകയറ്റം ലഭിക്കുകയും ചെയ്തു. 2021 ല്‍ വിരമിച്ചുവെങ്കിലും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവ സാന്നിധ്യം. സുമ ടീച്ചര്‍ക്കാണ് നിലവില്‍ പ്രധാനധ്യാപികയുടെ ചുമതല.

students in valayanchirangara school
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി വളയന്‍ചിറങ്ങര സ്‌കൂളിലെ വിദ്യാര്‍ഥികള്‍

ചെറിയ ആണ്‍കുട്ടികള്‍ക്ക് 50 സെന്റീമീറ്ററും വലിയ കുട്ടികള്‍ക്ക് 60 സെന്റീമീറ്ററുമാണ് തുണി തയ്ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്. എന്നാല്‍ 80 സെന്റീമീറ്റെങ്കിലും ഇല്ലാതെ ത്രീ ഫോര്‍ത്ത് തയ്ക്കുക സാധ്യമല്ല. " അസൗകര്യമില്ലാത്ത വസ്ത്രമെന്ന നിലയിലാണ് ത്രീ ഫോര്‍ത്ത് കൊണ്ടുവന്നത്. ഗ്രൂപ്പായി തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വസ്ത്രത്തിൽ മാറ്റം വന്നതോടെ പെണ്‍കുട്ടികള്‍ക്ക് താത്പര്യമേറി. ഇതോടെ പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തിലും വലിയ തരത്തിലുള്ള വര്‍ധനയുണ്ടായി. 

2019 ലെ ചരിത്രപരമായ തീരുമാനത്തിന് പിന്നില്‍ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബിനോയ് പീറ്റര്‍, പി.ടി.ഐ പ്രസിഡന്റ് കെ.അശോകന്‍ എന്നിവരുമുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാത്രമല്ല വളയന്‍ചിറങ്ങര എല്‍.പി സ്‌കൂളിനെ വ്യത്യസ്തമാക്കുന്നത്. പ്രീപ്രൈമറി വിഭാഗങ്ങളില്‍ പലപ്പോഴും ഇംഗ്ലീഷ് മീഡിയം പുസ്‌തകങ്ങളാണ് ഫോളോ ചെയ്യാറുള്ളത്. എന്നാല്‍ അക്കാദമിക് കമ്മിറ്റിയുടെ നേത്യത്വത്തില്‍ കുട്ടികള്‍ക്ക് കുറച്ചു സിലബസ്സും എന്നാല്‍ കൂടുതല്‍ കാര്യങ്ങളും വരുന്ന തരത്തിലുള്ള പുസ്‌കതങ്ങളിറക്കി. ഇതിന് ശേഷമാണ് സര്‍ക്കാര്‍ പ്രീപ്രൈമറിക്ക് വേണ്ടി പ്രത്യേക വര്‍ക്ക്ബുക്കുളും മറ്റും തയ്യാറാക്കിയത്. 

Read More: യൂണിഫോമുകളില്‍ പെണ്‍കുട്ടികള്‍ക്ക് തിരഞ്ഞെടുപ്പവകാശം വേണം- ശശിതരൂര്‍

Read More: ആൺകുട്ടികൾക്ക് പാന്റ്, പെൺകുട്ടികൾക്ക് പാവാട; യൂണിഫോമിൽ ജെൻഡർ ന്യൂട്രലാവണ്ടേ കേരളം 

സ്കൂളിലെ പെൺകുട്ടികളോട് സംസാരിച്ചാൽ ഈ മാറ്റം എത്രത്തോളം ആത്മവിശ്വാസം അവർക്ക് നൽകിയെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

"ഒന്നാം ക്ലാസില്‍ ഇവിടേക്ക് വന്നപ്പോള്‍ യൂണിഫോം പാവാടയും ഷര്‍ട്ടുമായിരുന്നു. പിന്നീട് രണ്ടാം ക്ലാസ് എത്തിയപ്പോഴാണ് യൂണിഫോം ത്രീ ഫോര്‍ത്താക്കിയത്. ഓട്ടമത്സരത്തിന് പങ്കെടുക്കുമ്പോള്‍ പാവാട പൊന്തുന്ന പ്രശ്‌നമുണ്ടായിരുന്നു. ഇപ്പോള്‍ ത്രീ ഫോര്‍ത്ത് ആക്കിയപ്പോള്‍ ഓട്ടമത്സരങ്ങള്‍ക്ക് എനിക്ക് പങ്കെടുക്കാന്‍ പറ്റി".

നിവേദിത വി നായര്‍
നാലാം ക്ലാസ്, വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍

 

"പുതിയ യൂണിഫോം രീതി ഞങ്ങള്‍ സന്തോഷത്തോടെയാണ് വരവേറ്റത്. പെണ്‍കുട്ടികള്‍ക്കും വസ്ത്രധാരണത്തിലൊരു സ്വാതന്ത്ര്യം ലഭിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത യൂണിഫോം രീതി മാറ്റിയപ്പോള്‍ ഞങ്ങള്‍ ഒന്നാണെന്ന് തോന്നലുണ്ടായി. ഇത്തരത്തിലൊരു മാറ്റത്തിന് തുടക്കം കുറിച്ച ഞങ്ങളുടെ സ്‌കൂളിനെ കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു."

ശ്രീബാല ബി നായര്‍
നാലാം ക്ലാസ്, വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍

Content Highlights: Gender neutral uniform of valayanchirangara LP school