ബാലുശ്ശേരി: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം മതിയെന്ന തീരുമാനത്തില്‍ ബാലുശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും. മാതൃഭൂമി ഡോട്ട് കോമിന്റെ നേത്യത്വത്തിലാരംഭിച്ച ' അണിയാം തുല്യതയുടെ യൂണിഫോം' എന്ന കാമ്പയിനിനു ശേഷം നിരവധി സ്‌കൂളുകളാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കാനായി മുന്നോട്ടു വരുന്നത്. സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമെന്ന ആശയത്തെ കുറിച്ചുള്ള ചര്‍ച്ച ഉയര്‍ത്തി കൊണ്ടുവരാന്‍ കാമ്പയിന് കഴിഞ്ഞു.

ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂളിന്റെ ഭാഗമായുള്ള ഹയര്‍സെക്കന്‍ഡറി (മിക്സഡ്) ഒന്നാംവര്‍ഷ ബാച്ചിലെ 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും ഇനി പാന്റ്സും ഷര്‍ട്ടും ധരിച്ച് സ്‌കൂളിലെത്തും. സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്.

മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ. പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഒന്നാംവര്‍ഷ ബാച്ചിന്റെ ക്ലാസ് തുടങ്ങുന്നത്. സര്‍ക്കാര്‍ ഈവര്‍ഷം യൂണിഫോം നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മാറ്റത്തിന് വൈകിക്കേണ്ടെന്നാണ് പി.ടി.എ. തീരുമാനം. അടുത്തയാഴ്ചയോടെ പുതിയ യൂണിഫോം നിലവില്‍വരും.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുര്‍ത്തയും പാന്റ്സും എന്ന നിര്‍ദേശത്തിനാണ് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. എന്നാല്‍, നിലവില്‍ സ്‌കൂളിലെത്തിച്ച യൂണിഫോമിനുള്ള തുണി കുര്‍ത്ത തയ്ക്കാന്‍ യോജിച്ചതല്ല. ഇത്തവണ പാന്റ്സും ഷര്‍ട്ടുമാക്കാനും അടുത്ത വര്‍ഷത്തോടെ കുര്‍ത്തയിലേക്കു മാറാനുമാണ് തീരുമാനമെന്ന് പ്രിന്‍സിപ്പല്‍ ആര്‍. ഇന്ദു പറഞ്ഞു.

Content Highlights: gender neutral uniform in balusherry gov.higher secondary school