ജെന്‍ഡര്‍ ന്യൂട്രല്‍ കാഴ്ച്ചപ്പാടിലൂടെ നോക്കുകയാണെങ്കില്‍ യൂണിഫോമില്‍ ആണ്‍കുട്ടികളനുഭവിക്കുന്ന സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് വലിയൊരു ചോദ്യമാണ്. നിശ്ചിത രീതിയില്‍ ഷാള്‍ ധരിക്കണം, അതല്ലെങ്കില്‍ ചുരിദാറിനു പുറത്ത് കോട്ടിടണം ഇതൊന്നുമല്ലെങ്കില്‍ സ്ലിറ്റിന്റെ നീളം എത്തരത്തിലാവണം എന്നെല്ലാമുള്ള സര്‍ക്കുലറിറക്കി പെണ്‍കുട്ടികളില്‍ ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാ ബോധം സൃഷ്ടിക്കുകയാണ് വിദ്യാലയങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും അധ്യാപകരുമടക്കമുള്ളവര്‍ കാലാകാലങ്ങളായി ചെയ്യുന്നത്. ഇതിനൊരു പരിഹാരമായി കേരളത്തിലെ വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആയുള്ള വസ്ത്രധാരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസ്‌ക്തിയേറുകയാണ്

ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണരീതി സ്‌ക്കൂളുകളില്‍ നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് മാതൃഭൂമി ഓണ്‍ലൈന്‍ തുടങ്ങിവെച്ച "അണിയാം തുല്യതയുടെ യൂണിഫോം" ക്യാമ്പയിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗത്തില്‍ നിന്നായി ഇതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്ന് വരികയാണ്. കാമ്പയിന്റെ ഭാഗമായുള്ള സോഷ്യ മീഡിയ ഇൻഫ്ലുവെൻസേഴ്സിന്റെ ചില പ്രതികരണങ്ങളിലേക്ക്...

jAIBIകുട്ടികള്‍ക്ക് സൗകര്യപ്രദമായ വേഷം തിരഞ്ഞെടുക്കാനുള്ള അവകാശം നല്‍കണം-

ജെയ്ബി. അധ്യാപകന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

ജെന്‍ഡര്‍ വൈവിധ്യങ്ങളെ കുറിച്ച് ചെറിയ ക്ലാസ്സ് തൊട്ട് പഠിപ്പിക്കണമെന്ന് പറയുമ്പോഴും ആണ്‍ പെണ്‍ വ്യത്യാസം വിളിച്ചോതുന്ന വസ്ത്രങ്ങളാണ് അവര്‍ക്ക് നല്‍കുന്നത്. കുട്ടികള്‍ക്ക് സൗകര്യപ്രദമായ വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്‌ക്കൂളുകള്‍ കൊടുക്കണം. ചില എന്‍ജിനിയറിങ്, ടെക്‌നിക്കല്‍ കോളേജുകളില്‍ ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഇത് സജീവമല്ല. ഇതെല്ലാം സമൂഹത്തിന്റെ പൊതു സ്വഭാവത്തിനെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ നടന്നു പോവട്ടെ എന്ന മനോഭാവമാണ് ഭൂരിഭാഗം വിദ്യാഭ്യാസ മേഖലകളും പിന്തുടരുന്നത്.
ഈ സംസ്‌കാരം മാറ്റേണ്ടതാണ്. കുട്ടികള്‍ക്ക് കംഫര്‍ട്ടിബിളായി വേഷം തിരഞ്ഞെടുക്കാനുള്ള അവകാശം നല്‍കണം. പാവാടയിലും പാന്റിലും മാത്രം ഒതുങ്ങുന്ന കാര്യമല്ല അത്. ചിലര്‍ ചോദിക്കും ആണ്‍കുട്ടികള്‍ അങ്ങനെയാണെങ്കില്‍ പാവാട ഇട്ടോട്ടെയെന്ന്.. അങ്ങനെയല്ല പൊതുവായിട്ടുള്ള ന്യൂട്രല്‍ യൂണിഫോം രീതിയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്.

പാവാട ധരിക്കാന്‍ ഒരു ആണ്‍കുട്ടിക്ക് ഇഷ്ടമുണ്ടെങ്കില്‍ അതിന് അവസരം വേണം-
ആര്യന്‍ രമണി ഗിരിജ വല്ലഭന്‍ - സംവിധായകന്‍, അഭിനേതാവ്

Aaryan ramani girija vallabhanജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം രീതി വളരെ പുരോഗമനപരമായ ആശയമാണ്‌. കുട്ടികള്‍ക്ക് ഇഷ്ടമുള്ള യൂണിഫോം ധരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. ആ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കാനുള്ള മനോഭാവം കൂടി ചുറ്റുമുള്ള സമൂഹത്തിന് വേണം. 

പാവാട ധരിക്കാന്‍ ഒരു ആണ്‍കുട്ടിക്ക് ഇഷ്ടമുണ്ടെങ്കില്‍ അതിന് അവസരം വേണം. യൂണിഫോമുകളില്‍ തുല്യമായ നിറവും ഏത് വസ്ത്രം വേണമെന്നത് കുട്ടിയുടെ നിര്‍ണ്ണയാവകാശവുമായി വരണം. മാതൃഭൂമിയുടെ അണിയാം തുല്യതയുടെ യൂണിഫോം എന്ന പുരോഗമനപരമായ ഈ ക്യാമ്പയിന് എല്ലാവിധ ആശംസകളും നേരുന്നു

ഒന്നായ് നടക്കാനാണവര്‍ക്കിഷ്ടം-
പ്രേംകുമാര്‍, ഇടതുപക്ഷ നിരീക്ഷകന്‍

 

premkumarപെണ്‍കുട്ട്യോളും ആണ്‍കുട്ട്യോളും...
ഒപ്പമല്ലാതെയാണ് നമ്മളവരെ നടത്തുന്നത്. 
ഒപ്പമല്ലാതെയാണവരിപ്പോള്‍ നടക്കുന്നത്. 
അവരൊന്നിച്ചൊപ്പം നടന്നേ മതിയാവൂ.
വേഷങ്ങള്‍ അവരെ വേറിട്ട് നടത്തുന്നുണ്ട്.
ഒരേ വേഷമിടാനാണവര്‍ക്കിഷ്ടം...
ഒന്നായ് നടക്കാനാണവര്‍ക്കിഷ്ടം. 
ഒന്നായ് നന്നായ് പഠിക്കാനാണ് പള്ളിക്കൂടങ്ങള്‍.  
ഒരു ചെറിയ വലിയ കാര്യമാണിത്. 
ഒന്നായ് നില്‍ക്കും കേരളമവര്‍ക്കൊപ്പം. 

അഭിവാദ്യങ്ങള്‍...മിടുക്കുള്ള കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് കൂട്ടായ മാതൃഭൂമിക്ക്

ആണ്‍കുട്ടിക്ക് സ്‌കേര്‍ട്ട് ഇട്ടും നടക്കാനാവണം-
പോഡ്കാസ്റ്റര്‍, വിനോദ് നാരായണന്‍ ( വല്ലാത്ത പഹയന്‍)

vinod'പെണ്‍കുട്ടികള്‍ക്ക് പാന്റിടാന്‍ മാത്രമുള്ള സൗകര്യമല്ല ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണമെന്നത്. അത് പൂര്‍ണ്ണമായും ജെന്‍ഡര്‍ ന്യൂട്രലാവില്ല. ഒരു ആണ്‍കുട്ടിക്ക് സ്‌കേര്‍ട്ട് ഇടണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അവനത് ഇട്ടു നടക്കാന്‍ പറ്റണം. എന്നാല്‍ മാത്രമേ ജെന്‍ഡര്‍ ന്യൂട്രലാവുകയുള്ളൂ. നമ്മുടെ മുണ്ട് എന്ന വേഷം ജെന്‍ഡര്‍ ന്യൂട്രല്‍ ആണ്. 

യൂണിഫോം ജെന്‍ഡര്‍ സ്പെസിഫിക് ആയത് ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയെയോ അവരുടെ സ്വാതന്ത്ര്യത്തെയോ പരിമിതപ്പെടുത്തുന്നുണ്ടെങ്കില്‍ യൂണിഫോം ജെന്‍ഡര്‍ ന്യൂട്രല്‍ ആയേ തീരൂ. കാരണം ജെന്‍ഡര്‍ ന്യൂട്രല്‍ ആയിത്തീര്‍ന്നാല്‍ പിന്നെ അത് ആരുടെയും സ്വാതന്ത്ര്യം ഹനിക്കുന്നതാവില്ല. പക്ഷെ പെണ്‍കുട്ടികള്‍ക്ക് പാന്റിടാനുള്ള സൗകര്യം മാത്രമല്ല ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണമെന്നത്. അങ്ങിനെയുള്ളത് കൊണ്ടു മാത്രം ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ലക്ഷ്യം കൈവരിക്കില്ല. ഒരു ആണ്‍കുട്ടിക്ക് പാവാട ഇടണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അവനത് ഇട്ടു നടക്കാന്‍ പറ്റണം. എന്നാല്‍ മാത്രമേ ജെന്‍ഡര്‍ ന്യൂട്രലാവുകയുള്ളൂ. നമ്മുടെ മുണ്ട് എന്ന വേഷം ജെന്‍ഡര്‍ ന്യൂട്രല്‍ ആണ്. 

പെണ്‍കുട്ടിക്ക് പാവാട എന്ന ബാധ്യതയില്‍ നിന്ന് പാന്റിലേക്കോ ട്രൗസറിലേക്കോ മാറല്‍ മാത്രമല്ല ആണ്‍കുട്ടികള്‍ക്ക് പാവാട ധരിക്കാനുള്ള അനുവാദമുണ്ടെങ്കില്‍ , അത് സമൂഹവും സ്‌കൂളും സ്വീകരിച്ചെങ്കില്‍ മാത്രമേ ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയം യാഥാര്‍ഥ്യമാവുകയുള്ളൂ..

ഇനി ആദ്യഘട്ടമെന്ന നിലയ്ക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗകര്യപ്രദമായ വേഷമെന്നത് മാത്രമാണ് ഇപ്പോഴത്തെ ആലോചനയെങ്കില്‍ പാന്റും ഷര്‍ട്ടുമെന്നത് അനുയോജ്യമാവും. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് ജെന്‍ഡര്‍ വേലികെട്ടില്ലാതെ പാവാടയും പെണ്‍കുട്ടികള്‍ക്ക് ജെന്‍ഡര്‍ വേലികെട്ടില്ലാതെ ട്രൗസറോ പാന്റോ ധരിക്കാനും പറ്റണമെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം'.


Shruthyതുല്യതയിലേക്കുള്ള ആദ്യ ചവിട്ട് പടി- 
ശ്രുതി ശരണ്യം  സംവിധായിക

ഇക്വാളിറ്റിയിലേക്കുള്ള ആദ്യ സ്‌റ്റെപ്പിന്റെ ഭാഗമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നത്. അത് അടിച്ചേല്‍പിക്കുന്നതാവരുത്. അവരുടെ കംഫര്‍ട്ട് നോക്കിയാണ് ചെയ്യേണ്ടത്. പാന്റില്‍ കംഫര്‍ട്ട് അല്ലാത്ത പെണ്‍കുട്ടികളുമുണ്ട്. അവര്‍ക്കും ചോയ്‌സ് നമ്മള്‍ കൊടുക്കേണ്ടതുണ്ട്. 

എല്ലാവര്‍ക്കും സൗകര്യപ്രദമായ ന്യൂട്രല്‍ വസ്ത്രധാരണരീതി-
ഉണ്ണി, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ ട്രാന്‍സ്‌ജെന്‍ഡേര്‍സ് എന്നിവര്‍ക്കെല്ലാം സൗകര്യപ്രദമായി ഒരു ന്യൂട്രല്‍ വസ്ത്രധാരണരീതി ഗവേഷണം ചെയ്ത് മനസിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം രീതിയായിരിക്കണം പിന്തുടരേണ്ടത്. കളര്‍ കോഡ് നല്‍കി ഇഷ്ടമുള്ള യൂണിഫോം തിരഞ്ഞെടുക്കാനുള്ള അവകാശവും വേണം. സ്വതന്ത്രമായി വസ്ത്രധാരണരീതി തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കും നല്‍കുകയാണ് ആദ്യം വേണ്ടത്.

Content Highlights: gender neutral uniform