തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം അനുവദിച്ച എറണാകുളം ജില്ലയിലെ വളയന്‍ചിറങ്ങര എല്‍പി സ്‌കൂളിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ത്രീഫോര്‍ത്തും ഷര്‍ട്ടുമാണ് വളയന്‍ചിറങ്ങര സ്കൂളിലെ വേഷം. ഇത് കയ്യടി അര്‍ഹിക്കുന്ന തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.

'അണിയാം തുല്യതയുടെ യൂണിഫോം' എന്ന പേരില്‍ മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് വളയന്‍ചിറങ്ങര എല്‍പിസ്‌കൂളില്‍ ലിംഗതുല്യ വസ്ത്രങ്ങള്‍ കുട്ടികള്‍ക്ക് അനുവദിച്ച നടപടി വാര്‍ത്തയായത്. ഇത് കാണാനിടയായ മന്ത്രി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്‌കൂളിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

Valayanchirangaraജന്റര്‍ ന്യൂട്രല്‍ യൂണിഫോമിനായുള്ള ചര്‍ച്ചകള്‍ മാതൃഭൂമി ഡോട്ട് കോം തുടങ്ങിവെക്കുന്നതിന് ഏറെ മുമ്പ് തന്നെ വളയന്‍ ചിറങ്ങര സ്‌കൂള്‍ ഈ വിപ്ലവകരമായ തീരുമാനം നടപ്പാക്കിയിരുന്നു. പെണ്‍കുട്ടികള്‍ നേരിട്ട ചില ബുദ്ധിമുട്ടുകളെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. 

പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ലിംഗസമത്വവും ലിംഗാവബോധവും ലിംഗനീതിയും മുന്‍നിര്‍ത്തിയുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി പാഠപുസ്തകങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടും. നമ്മുടെ സമൂഹത്തില്‍ ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് കരുതുന്നത് എന്നും പാഠപുസ്തകങ്ങളിലും  വാക്കുകളിലും മാത്രമല്ല ചിന്തകളിലും സംസ്‌കാരത്തിലും വസ്ത്രധാരണത്തിലും ഇക്കാര്യങ്ങള്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Gender Neutral Uniform kerala, Minister V Sivankutty, Gendera neutrality, Sex Education, Equality