സ്ത്രത്തില്‍ മാത്രമല്ല എല്ലായിടങ്ങളിലും ലിംഗസമത്വവും ലിംഗനീതിയും നടപ്പാക്കപ്പെടണമെന്നും അതുകൊണ്ടു തന്നെ സ്‌കൂളുകള്‍ പരിവര്‍ത്തനത്തിന്റെ ഇടമാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത്തരം പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും മന്ത്രി പരഞ്ഞു. മാതൃഭൂമി ഡോട്ടോകോമിന് നല്‍കിയ വാട്‌സാപ്പ് ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പുരോഗമന സര്‍ക്കാരിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ആവില്ലെന്നും ക്ലാസ് റൂമുകളിലും അധ്യാപക പരിശീലന പദ്ധതിയിലും പാഠ്യപദ്ധതിയിലും അഭിലഷണീയമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും ശിവന്‍കുട്ടി അറിയിച്ചു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മുന്‍നിര്‍ത്തിയുള്ള മാതൃഭൂമി ഡോട്ട്‌കോമിന്റെ അണിയാം തുല്യതയുടെ യൂണിഫോം എന്ന കാമ്പയിനുള്ള അഭിനന്ദനവും മന്ത്രി അറിയിച്ചു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group


സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കൊണ്ടുവരാനായി മാതൃഭൂമി ഉയര്‍ത്തിക്കൊണ്ടുവന്ന അണിയാം തുല്യതയുടെ യൂണിഫോം എന്ന കാമ്പയിന് വലിയ സ്വീകാര്യതയാണ് കേരളീയ സമൂഹത്തില്‍ നിന്ന് ലഭിച്ചത്. താങ്കളും ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും അനുകൂലമായ നിലപാടാണ് വിഷയത്തില്‍ എടുത്തത്. പാവാടയും ഷാളും ഉള്‍പ്പെടുന്ന യൂണിഫോം പെണ്‍കുട്ടികളുടെ വലിയൊരു ജീവിത കാലഘട്ടത്തിലെ (16 വര്‍ഷത്തോളം) സ്വതന്ത്ര ചലനത്തിനും ആത്മവിശ്വാസത്തിനും ഭംഗം വരുത്തുന്നുണ്ട്. എന്താണ് ഇതൊഴിക്കാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍?

ഈ വിഷയത്തില്‍ ഒരു ക്യാമ്പയിന്‍ നടത്താനുള്ള മാതൃഭൂമിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. സമൂഹത്തിലെ ലിംഗവിവേചനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത് ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാം എന്ന് കരുതുവാന്‍ കഴിയുമോ? പല കാര്യങ്ങളിലും ഫ്യൂഡല്‍ മനോഭാവം വച്ചു പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ അത്തരം നിലപാടുകളെ തിരുത്താനുള്ള നിരന്തരമായ സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങളാണ് ഉണ്ടാകേണ്ടത് . ഇത്തരം മുന്നേറ്റങ്ങള്‍ പല കാലങ്ങളിലും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ പ്രയോജനം നമ്മള്‍ക്കെല്ലാം ലഭിച്ചിട്ടുമുണ്ട്. ഇനിയും പലതും തിരുത്തേണ്ടതുണ്ട്. അതിന് സഹായകമായ  ഒരു കാല്‍വെപ്പാണ് ഇതെല്ലാം എന്നുതന്നെയാണ് കരുതുന്നത്.

വസ്ത്രത്തില്‍ മാത്രമല്ല, എല്ലായിടങ്ങളിലും അവസരങ്ങളിലും ലിംഗസമത്വവും ലിംഗനീതിയും നടപ്പാക്കപ്പെടണം. അത്തരം നിലപാടുകള്‍ രൂപീകരിക്കുന്ന ഇടങ്ങളായി വിദ്യാലയങ്ങള്‍ മാറണം. സിദ്ധാന്തത്തില്‍ മാത്രം പോര, പ്രായോഗികമായും വേണം. എല്ലാ അറിവുകളുടെയും തുടക്കം സ്‌കൂള്‍ വിദ്യാഭ്യാസം തന്നെയാണ്. അതുകൊണ്ടു തന്നെ സ്‌കൂളുകള്‍ പരിവര്‍ത്തനത്തിന്റെ ഇടമാകണം. അത് സംഭവിക്കാതെ തരമില്ല. അതിനുള്ള പദ്ധതികള്‍  തീര്‍ച്ചയായും ഉണ്ടാകും.

ലിംഗസമത്വത്തോട് പ്രതിബദ്ധതയുള്ള സര്‍ക്കാരും പാര്‍ട്ടിയും ആണ് നമ്മുടേത്. അതിന് ആവശ്യമായ മാറ്റങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള സര്‍ക്കാരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. പാഠപുസ്തകം അടക്കം ജീവിതത്തെ സ്വാധീനിക്കുന്ന മറ്റെന്തായാലും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും അവരുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരും . കാലാകാലങ്ങളായി നിലനിന്നുപോരുന്ന വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കുമ്പോള്‍തന്നെ പൊതുബോധത്തില്‍ മാറ്റംവരുത്താന്‍ ഉതകുന്ന തരത്തില്‍ വിദ്യാഭ്യാസമേഖലയിലായാലും മറ്റു മേഖലകളിലായാലും നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുക തന്നെ ചെയ്യും.

gender neutral uniform

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഡിസൈന്‍ ചെയ്യാന്‍ ഡിസൈനുകളെയും ഡിസൈനര്‍മാരെയും ക്ഷണിച്ചുകൂടെ?

ഇക്കാര്യത്തില്‍ പലതും ചെയ്യാന്‍ കഴിയും. അതില്‍ പലതും സാമൂഹികമായി ഉരുത്തിരിഞ്ഞുവരേണ്ടതാണ്. പുരോഗമനപരമായ കാര്യങ്ങള്‍ നമുക്ക് പ്രോത്സാഹിപ്പിക്കാം. സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന നിലപാടുകളെയെല്ലാം അഭിമുഖീകരിച്ചേ പുരോഗമന നിലപാടുകള്‍ സ്ഥായിയായി നിലനില്‍ക്കൂ എന്നത് കേരളത്തിന്റെ വികാസചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിലും സാമൂഹികമായ സംവാദങ്ങള്‍ നടക്കട്ടെ.  ലിംഗസമത്വം എന്ന ആശയത്തെ മുന്‍നിര്‍ത്തി നിരവധി ആശയങ്ങള്‍ പലഘട്ടത്തിലും ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ അവയൊക്കെ പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പാക്കപ്പെട്ടോ എന്ന പരിശോധനയും പ്രധാനമല്ലേ? ഓരോ കാല്‍വെപ്പും സൂക്ഷിച്ചു വേണം എന്നാണ് കരുതുന്നത്.  

മെഡിക്കല്‍ വിദ്യാര്‍ഥികളോട് ലെഗ്ഗിങ്സ് ധരിക്കരുതെന്ന് പല കോളേജുകളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത്തരം ജെന്‍ഡര്‍ ഇന്‍സെന്‍സിറ്റീവ് നിലപാടെടുക്കുന്ന കോളേജുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കേണ്ടതില്ലേ?

ഇക്കാര്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുരോഗമനപരമായ നിരവധി നടപടികള്‍ എടുക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

അധ്യാപകര്‍ക്ക് സാരി നിര്‍ബന്ധമല്ലെന്ന ഉത്തരവില്‍ വ്യക്തത വരുത്തി അടുത്തിടെ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അഭിനന്ദനാര്‍ഹമായ നടപടിയാണത്. എന്നാല്‍ ടിടിസി /ബി.എഡ് പഠന കേന്ദ്രങ്ങളില്‍ ഇപ്പോഴും സാരിയാണ് യൂണിഫോം. ഇത് താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. ഇവിടെയും മാറ്റം കൊണ്ടുവരേണ്ടതല്ലേ..?

2006-11 ഘട്ടത്തിലുണ്ടായിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് ഇക്കാര്യം നടപ്പിലാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുവാന്‍ ഒരുത്തരവ് അടുത്ത ദിവസങ്ങളിലായി ഉണ്ടായി. ഒരു മാറ്റം വരുന്നുവെങ്കില്‍ അത് ഒരിടത്ത് മാത്രം നടപ്പാവും എന്നല്ല. ശീലങ്ങള്‍ കൈവെടിയാന്‍ പലര്‍ക്കും പ്രയാസം കാണും. അത് ആചാരത്തില്‍ ആയാലും അനുഷ്ഠാനത്തില്‍ ആയാലും ഭക്ഷണത്തില്‍ ആയാലും  വസ്ത്രധാരണത്തില്‍ ആയാലും. എന്നാല്‍ മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പുരോഗമനപരമായ കാഴ്ചപ്പാട്. സമൂഹത്തിന്റെ പുരോഗമനപരമായ മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കും, അതിന് സഹായകമാകും ഇപ്പോള്‍ നടക്കുന്ന സംവാദങ്ങള്‍ .

 

uniform in valayanchirangara lp school
വലിയ ചർച്ചയ്ക്ക് ഹേതുഹായ വളയന്‍ചിറങ്ങര എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ധരിക്കുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം

കോഴിക്കോട് കോര്‍പറേഷനിലെ മിക്ക പൊതുവിദ്യാലയങ്ങളും ഗേള്‍സ് ഓണ്‍ലിയോ ബോയ്സ് ഓണ്‍ലിയോ ആണ്. ബഹുസ്വരവും മിശ്ര സ്വഭാവമുള്ളതുമായ ഒരു സമൂഹത്തില്‍ ഇടപഴകി ജീവിച്ചാണ് കുട്ടികള്‍ വ്യക്തിത്വമാര്‍ജ്ജിക്കേണ്ടത്. കേരളത്തില്‍ ധാരാളമായി ഇത്തരം ഗേള്‍സ് ഓണ്‍ലി ബോയ്സ് ഓണ്‍ലി സ്‌കൂളുകള്‍ ഉണ്ട്. ഇതില്‍ എന്ന് ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം?

അക്കാര്യം ഞാന്‍ നേരത്തെ പറഞ്ഞു കഴിഞ്ഞു. ഓരോ കാലത്തുമുള്ള മാറ്റങ്ങള്‍ ആ കാലത്തിന്റെ പൊതുബോധത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ഉണ്ടാകുന്നതാണ്. ഇന്നലെകളിലെ ശരി ഇന്നും ശരിയാകണമെന്നില്ല. ഗേള്‍സ് ഒണ്‍ലി, ബോയ്‌സ് ഒണ്‍ലി സ്‌കൂളുകള്‍ സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണ്. ഇന്നോ ഇന്നലെയോ ഉണ്ടായതല്ല ഇതൊന്നും. എന്നുവെച്ച് ഇനിയും കാലങ്ങളോളം ഇത് തുടരണം എന്നുമില്ല. സമൂഹത്തിന്റെ ആകമാനമുള്ള മാറ്റങ്ങള്‍ക്കൊപ്പം ഇക്കാര്യങ്ങളിലും മാറ്റം ഉണ്ടാകും.

ലിംഗനീതിയെക്കുറിച്ചുള്ള അവബോധം മുമ്പത്തെക്കാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക കാലത്ത് സ്ത്രീകളെ വീട്ടിലിരിക്കുന്നവരും പാചകം ചെയ്യുന്നവരുമായി ചിത്രീകരിക്കുന്ന ചിത്രങ്ങളും നഴ്സറി പാട്ടുകളും പാഠപുസ്തകത്തിലൂടെ നല്‍കുന്നത് തടയേണ്ടതല്ലേ. നയം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചതാണ്. പക്ഷെ ഇതെല്ലാം എന്ന് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം?

ഇക്കാര്യങ്ങളില്‍ താമസിയാതെ മാറ്റമുണ്ടാകണം എന്നാണ് നാമെല്ലാവരും  ആഗ്രഹിക്കുന്നത്. എല്ലാ തലങ്ങളിലും ലിംഗ സമത്വം, ലിംഗാവബോധം, ലിംഗ നീതി എന്നിവയില്‍ അധിഷ്ഠിതമായ മാറ്റങ്ങള്‍ ഉണ്ടാകാനാവശ്യമായ സാമൂഹിക സാംസ്‌ക്കാരിക മുന്നേറ്റങ്ങളും അവയെ പ്രോത്സാഹിക്കുന്ന സക്രിയങ്ങളായ സംവാദങ്ങളും ആണ് ഉണ്ടാകേണ്ടത്. സമൂഹ വിരുദ്ധമായ പലതരം മൂല്യങ്ങളും നിലപാടുകളും തിരുത്തിത്തിരുത്തിയാണ് കേരളം ഇന്നത്തെ കേരളമായത്. അനഭിലഷണീയമായ പലനിലപാടുകളും മൂല്യങ്ങളും ഇനിയും തിരുത്താനുണ്ടാകും. അതൊക്കെ തിരുത്തി മുന്നേറാനുള്ള കരുത്ത് നമുക്കുണ്ട്.  അതിന് കാലങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരില്ല എന്നാണ് കരുതുന്നത്.

ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഇടകലര്‍ത്തിയിരുത്തേണ്ടതിന്റെ പ്രാധാന്യവും അധ്യാപകര്‍ ഉപയോഗിക്കുന്ന ഭാഷയിലെ ജെന്‍ഡര്‍ ഇന്‍സെന്‍സിറ്റിവിറ്റിയുമടക്കം അധ്യാപകര്‍ക്കും സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കും അടിയന്തര പരിശീലനമോ ക്ലാസ്സുകളോ ആവശ്യമാണ്. ഇത്തരം കാര്യം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ഒരു പുരോഗമന സര്‍ക്കാരിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ആവില്ല. ക്ലാസ് റൂമുകളിലും അധ്യാപക പരിശീലന പദ്ധതിയിലും പാഠ്യപദ്ധതിയിലും അഭിലഷണീയമായ മാറ്റങ്ങള്‍ കൊണ്ടുവരണം എന്നാണ് ഉദ്ദേശിക്കുന്നത്.

Read More About the campaign : അണിയാം തുല്ല്യതയുടെ യൂണിഫോം

content highlights: Education minister V Sivankutty interview on Gender neutral Uniform