ബാലുശ്ശേരി: ബാലുശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍, പെണ്‍ ഭേദമില്ലാതെയുള്ള യൂണിഫോം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു ബുധനാഴ്ച പ്രഖ്യാപിക്കും. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളായതിന്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപക-രക്ഷിതാക്കളും. ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പ് തന്നെ പാന്റ്സും ഷര്‍ട്ടുമണിഞ്ഞ് ഒട്ടേറെ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച സ്‌കൂളിലെത്തി. ചുരിദാറും ഓവര്‍കോട്ടുമെന്ന പഴയ യൂണിഫോമിനെക്കാള്‍ സൗകര്യപ്രദമാണ് പുതിയ വേഷമെന്ന് പെണ്‍കുട്ടികള്‍ ഒന്നായി പറഞ്ഞു. മാതൃഭൂമി ഡോട്ട്‌കോമിന്റെ നേതൃത്വത്തില്‍ 'അണിയാം തുല്യതയുടെ യൂണിഫോം' എന്ന കാമ്പയിന് തുടക്കം കുറിച്ചിരുന്നു. പിന്നാലെയാണ് ചരിത്രതീരുമാനത്തിലേക്ക് ബാലുശ്ശേരി സ്‌കൂളും കടന്നത്.

gender neutral uniform

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനമുള്ള സ്‌കൂളിലെ പ്ലസ് വണ്‍ ബാച്ചിലാണ് ഒരേയൂണിഫോം നടപ്പാക്കിയത്. 60 ആണ്‍കുട്ടികളടക്കം 260 കുട്ടികളാണ് ക്ലാസിലുള്ളത്. സംസ്ഥാനത്ത് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളെക്കുറിച്ചുള്ള ചര്‍ച്ച സജീവമായഘട്ടത്തിലാണ് പി.ടി.എ. ഇത്തരമൊരു തീരുമാനമെടുത്തത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുള്ള നിര്‍ദേശങ്ങളാണ് നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ ആര്‍. ഇന്ദു പറഞ്ഞു. ഫുള്‍ക്കൈ താത്പര്യമുള്ളവര്‍ക്കും ഓവര്‍കോട്ട് വേണ്ടവര്‍ക്കും അതിന് അനുവാദം നല്‍കിയിട്ടുണ്ട്. ശരീരം ഇറുകിയുള്ള തയ്യല്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. ഷാളും മഫ്തയുമടക്കമുള്ള മതപരമായ വേഷങ്ങള്‍ക്കും അനുവാദമുണ്ട്.

ഓണ്‍ലൈന്‍വഴി നടക്കുന്ന പ്രഖ്യാപനച്ചടങ്ങില്‍ കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ., പോലീസില്‍ യൂണിഫോം തുല്യതയ്ക്കുവേണ്ടി പോരാടിയ തൃശ്ശൂര്‍ വനിതാസെല്‍ എസ്.ഐ. വിനയ എന്നിവരും പങ്കാളികളാകും. ജില്ലാപഞ്ചായത്ത് അംഗം പി.പി. പ്രേമ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് എന്നിവര്‍ സ്‌കൂളിലെത്തും.

"രക്ഷിതാക്കളോട് കുട്ടികള്‍ വിയോജിപ്പ് പറഞ്ഞിട്ടില്ല. ഫോണില്‍ പരാതി പറഞ്ഞ ഒരുരക്ഷിതാവിന് പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. കുട്ടികളെല്ലാം ഏറെ സന്തോഷത്തോടെയാണ് മാറ്റത്തെ സ്വീകരിച്ചത്."

ആര്‍. ഇന്ദു, പ്രിന്‍സിപ്പല്‍

കുട്ടികളുടെ പ്രതികരണം

"പുതിയ യൂണിഫോം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മാറ്റത്തിന്റെ തുടക്കക്കാരായതില്‍ സന്തോഷമുണ്ട്."

ശിവനന്ദ, വിദ്യാര്‍ഥിനി

"ആണ്‍കുട്ടികളുടെ വേഷമല്ല പാന്റ്സും ഷര്‍ട്ടും. സ്ത്രീകളും പുരുഷന്മാരും ധരിക്കാറുണ്ട്. മറ്റേതുവേഷത്തെക്കാളും സൗകര്യപ്രദമായ വേഷമാണിത്."

ലുത്ഫിയ ലുഖ്മാന്‍, വിദ്യാര്‍ഥിനി

Content Highlights: balusherry government higher secondary school makes a leap into gender neutral uniform