കഴിഞ്ഞ നവംബർ മാസം മാതൃഭൂമി ഡോട്ട്കോം തുടങ്ങിവെച്ച ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ചർച്ച വലിയ രീതിയിലാണ് പൊതുസമൂഹം ഏറ്റെടുത്തത്. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക  രംഗത്തുള്ളവർ വലിയ രീതിയിലാണ് ചർച്ചയെ വരവേറ്റത്. മാത്രമല്ല, ചർച്ചയുടെ ചുവടു പിടിച്ച് ചില സ്കൂളുകൾ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാനുള്ള തീരുമാനങ്ങളും കൈക്കൊണ്ടു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളായിരിക്കുകയാണ് ബാലുശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ. ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പ് തന്നെ പാന്റ്‌സും ഷര്‍ട്ടുമണിഞ്ഞ് ഒട്ടേറെ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച സ്‌കൂളിലെത്തിയിരുന്നു.

 സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

എന്നാൽ, യൂണിഫോം പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പിന്മാറണമെന്നാണ് എസ്.എസ്.എഫ്.(സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍) ബാലുശ്ശേരി ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടത്. മുസ്ലീം ലീഗ് സംഘടനകളും സമാനമായ ആവശ്യവുമായി രംഗത്തു വന്നു.  ഇടതുസര്‍ക്കാര്‍ കുട്ടികളില്‍ പുരോഗമന വാദം അടിച്ചേല്‍പ്പിക്കരുതെന്നാണ് എം.എസ്.എഫ്. മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പറഞ്ഞത്. കുട്ടികള്‍ വ്യത്യസ്തരാണ്. ആ വൈവിധ്യങ്ങളോടെ അവരെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ജൻഡർ ന്യൂട്രൽ യൂണിഫോം അംഗീകരിക്കാനാവില്ലെന്ന് ഹരിത നേതാവ് അയിഷബാനുവും പ്രസ്താവന നടത്തിയിരുന്നു. ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരായ വാദമുഖങ്ങളെന്താണ്? അതിൽ എത്ര മാത്രം യുക്തിയുണ്ട്. ഈ വിഷയത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോമിനു വേണ്ടി ശക്തമായി വാദിച്ച സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപികയുമായ എം. സുല്‍ഫത്തിന്റെ മറുപടികളിലൂടെ പരിശോധിക്കാം 

ayisha banu
ആയിഷാ ബാനു

ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരേ ഹരിത നേതാവ് അയിഷബാനു ഉയർത്തുന്ന വാദങ്ങൾ

 • ഇവിടെ സമത്വം വേണ്ട വിഷയങ്ങള്‍ നിരവധിയുണ്ട് ഉദാഹരണത്തിന്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനം, കുടുബത്തില്‍ നിന്നുള്ള വിവേചനം അങ്ങനെ സമൂഹത്തില്‍ എല്ലാ തട്ടിലും ഈ പ്രശ്‌നം നേരിടുന്നുണ്ട്. നിരവധി പെണ്‍കുട്ടികളാണ് സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നത്. രാഷ്ട്രീയത്തില്‍ വരെ ഈ വിവേചനമുണ്ട്. അതിന് മികച്ച ഉദ്ദാഹരണമാണ് ഇന്നേ വരെ കേരളത്തില്‍ വനിത മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നത്. ചര്‍ച്ച ചെയ്യപ്പേടേണ്ട നിരവധി വിഷയങ്ങള്‍ മുന്നിലുള്ളപ്പോള്‍ യൂണിഫോം എന്ന് വിഷയത്തില്‍ സമത്വം കൊണ്ട് വരണമെന്ന് പറയുന്നത് കൊണ്ട് കാര്യമില്ല.
 • നമ്മള്‍ എന്തിനാണ് ആണുങ്ങളെ പോലെ ആവണമെന്ന് പറയുന്നത്. ആണും പെണ്ണും വ്യത്യസ്തരാണ്. തുല്യനീതി തീര്‍ച്ചയായും നല്‍കണം അതില്‍ തര്‍ക്കമില്ല. പെണ്ണിന്റെ അളവുകോൽ ആണാണെന്ന തരത്തിലുള്ള ധാരണയോട് യോജിക്കാനാവില്ല.
 • പാന്റ്‌സും ഷര്‍ട്ടും ധരിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ എന്ത് ചെയ്യണം? ആണ്‍കുട്ടികൾ ഉപയോഗിക്കുന്ന അതേ വസ്ത്രം തന്നെ വിദ്യാര്‍ത്ഥിനികള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്  വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്.  ഈ ആശയം അംഗീകരിക്കാനാവാത്ത വിദ്യാര്‍ത്ഥിനികളുടെ വസ്ത്രസ്വാതന്ത്ര്യം ആണ് നിഷേധിക്കപ്പെടുന്നത്.
 • ഒരു കളര്‍ കോഡ് കൊടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമാണ് നല്‍കേണ്ടത്. പാന്റ്‌സ് ഇടാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ. ചുരിദാര്‍ വേണ്ടവര്‍ അങ്ങനെ. അല്ലാത്ത തരത്തിലുള്ള അടിച്ചേല്‍പ്പിക്കല്‍ അംഗീകരിക്കാനാവില്ല.മഞ്ചേരി യൂണിറ്റി കോളേജില്‍ ഇത്തരം യൂണിഫോം രീതിയാണ് നടപ്പാക്കുന്നത്. 
 • ജെന്‍ഡര്‍ ഇക്വാലിറ്റിയെ പറ്റിയല്ലാതെ തുല്ല്യനീതിയെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കേണ്ടത്. പെണ്ണ്' എന്ന സ്വത്വത്തെ മുറുകെ പിടിച്ചു ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പഠിപ്പിക്കണം. സമത്വമെന്നത് ആണ്‍വസ്ത്രം പെണ്ണ് ധരിക്കലാണെന്ന് വിചാരിക്കരുത്. അത് വിഡ്ഡിത്തമാണ്.

ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ ആവശ്യകത; സുല്‍ഫത്ത് ടീച്ചറിന് പറയാനുള്ളത്‌ 

sulfath
സുല്‍ഫത്ത്‌
 • എല്ലാത്തരം വിദ്യാര്‍ത്ഥികള്‍ക്കും ഏകീകൃത സ്വഭാവമുള്ള വസ്ത്രധാരണം എന്ന രീതിയിലാണ് യൂണിഫോം നിലവില്‍ വന്നത്. എന്നാല്‍, ഏത് തരം യൂണിഫോം ധരിക്കണമെന്ന് തീരുമാനമെടുക്കാന്‍ കുട്ടികള്‍ക്ക് അനുവാദമില്ല. അധ്യാപരും പി.ടി.എ. അംഗങ്ങളുമാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത്. വ്യവസ്ഥാപിതമായി മുന്നോട്ട് പോയിരുന്ന ആ രീതിക്ക് മാറ്റം കൊണ്ടുവരുന്നതാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന പരിഷ്‌ക്കാരം. ആദ്യത്തേതായിരുന്നു അടിച്ചേൽപിക്കൽ. പകരം ഇപ്പോൾ സംഭവിക്കുന്ന മാറ്റമല്ല.
 • പാന്റ്‌സും ഷര്‍ട്ടും ആണിന്റെ വേഷമാണെന്ന വാദത്തോട് യോജിക്കാനാവില്ല. ഏത് ജെന്‍ഡറിലെ വ്യക്തിയായാലും ജനിക്കുമ്പോള്‍ വസ്ത്രവുമായി വരുന്നില്ല. സമൂഹം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പൊതുസമൂഹത്തില്‍ ആണ്ണും പെണ്ണും ഒരേ പോലെ ധരിക്കുന്ന വേഷമായ പാന്റ്‌സും ഷര്‍ട്ടും യൂണിഫോമായി ധരിക്കുന്നത് അടിച്ചേല്‍പ്പിക്കലാവില്ല.
 • ആണും പെണ്ണും മുണ്ട് മാത്രം ധരിച്ചിരുന്ന കാലമുണ്ടായിരുന്നു. അത്തരം ഏകീകൃത വസ്ത്രം ധരിച്ചിരുന്ന പാരമ്പര്യമാണ് നമുക്ക് ഉണ്ടായിരുന്നത്.  ഇന്ന് നാം സ്വീകരിച്ച വസ്ത്രധാരണ രീതി അന്ന് സാമൂഹികമായി അടിച്ചേല്‍പ്പിച്ചതാണ്. പുരുഷന്‍മാര്‍ പെട്ടെന്ന് തന്നെ തങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രം തിരഞ്ഞെടുത്തപ്പോള്‍ സ്ത്രീകള്‍ പതുക്കെയാണ് തിരഞ്ഞെടുപ്പ് തുടങ്ങിയത്. ആണും പെണ്ണും ജനിതകമായി വ്യത്യസ്തമാണ്. ബാക്കിയെല്ലാം സാമൂഹിക നിര്‍മ്മിതിയാണ്ഇന്നതാണ് ആണിന്റെ വസ്ത്രം എന്നത് സാമൂഹിക നിര്‍മ്മിതിയാണ്
 • മുസ്ലിം ലീഗ് സംഘടനകളാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം രീതിയെ എതിര്‍ത്ത് കൊണ്ട് മുന്നോട്ട് വരുന്നത്. എന്നാല്‍, വൈവിധ്യങ്ങളെ ഏറ്റവുമധികം അവഗണിക്കുന്നവരാണ് ഇവർ. പര്‍ദ്ദ പോലെ വസ്ത്രം സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നവർ ഇത് പറയുന്നത് വൈരുദ്ധ്യമാണ്.
 • സ്ത്രീകള്‍ വാഹനമോടിക്കാന്‍ തുടങ്ങിയപ്പോഴും ഷൂ ധരിക്കാന്‍ തുടങ്ങിയപ്പോഴും ആണാവാന്‍ ശ്രമിക്കുന്നു എന്ന പരാമര്‍ശങ്ങള്‍ പണ്ടു മുതലേയുണ്ട്. അതൊരിക്കലും ആണാവാന്‍ ശ്രമിക്കുന്നതായി കരുതരുത്.
 • കേരളത്തിലെ പല പ്രൊഫണല്‍ കോളേജുകളിലും ( മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ഉള്ളതടക്കം) ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പാന്റ്‌സും ഷര്‍ട്ടുമാണ് യൂണിഫോമായി നല്‍കിയിരിക്കുന്നത്. അവിടെയില്ലാത്തത് ഇവിടെ കൊണ്ടുവരുന്നത് തികച്ചും സ്ത്രീവിരുദ്ധവും കക്ഷി രാഷ്ട്രീയപ്രേരിതവുമാണ്.
 • സ്ത്രീവിരുദ്ധമായ വിവേചനകള്‍ക്ക് ഒരൊറ്റ പരിഹാരം എന്നത് സാധ്യമല്ല. ഈ പ്രശ്‌നത്തിന്റെയെല്ലാം അടിസ്ഥാനം പുരുഷാധിപത്യ സമുഹമാണ്. സമത്വവുമായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മാറ്റം തുടങ്ങേണ്ടത് സ്‌കൂളില്‍ നിന്നാണ്.
 • ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണ രീതി ഒരിക്കലും എല്ലാം തരത്തിലുള്ള ലിംഗവിവേചന പ്രശ്‌നങ്ങളും അവസാനിപ്പിക്കുമെന്ന് ആരും പറയുന്നില്ല. തന്നെ പോലെ തന്നെയാണ് സഹജീവി എന്ന മനോഭാവം വളര്‍ത്താൻ ഈ യൂണിഫോം രീതിക്കാവും.
 • ഇന്ന് സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍വസ്ത്രങ്ങള്‍ ചലന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. അവ മാറ്റി ശാസ്ത്രീയമായുള്ള വസ്ത്രധാരണ രീതിയാണ് കൊണ്ടുവരേണ്ടത്. അത്തരം ആശയത്തിന്റെ ഭാഗമായിട്ടാണ് പാന്റ്‌സും ഷര്‍ട്ടും തീരുമാനിച്ചിട്ടുള്ളത്. ആ സ്ഥാപനമാണ് അത് തീരുമാനിച്ചിട്ടുള്ളത്. തട്ടമിടുന്നതിനോ ഷാള്‍ ഇടുന്നതിനോ ഇവിടെ പ്രശ്‌നമില്ല. ജെന്‍ഡര്‍ ന്യൂട്രല്‍ ഒരിക്കലും മതവിരുദ്ധവുമല്ല. ബാലുശ്ശേരി സ്‌ക്കൂളില്‍ പാന്റ്‌സും ഷര്‍ട്ടും ഏത് രീതിയില്‍ വേണമെങ്കിലും ധരിക്കാന്‍ ഓപ്ഷനുണ്ട്. ഷാള്‍, ഓവര്‍ കോട്ട് എന്നിവ വേണ്ടവര്‍ക്ക് അത് ധരിക്കാം. കൈനീളം, ഷര്‍ട്ടിന്റെ നീളം എന്നിവ ആവശ്യാനുസരണം കൂട്ടാം
 • പാന്റ്‌സും ഷര്‍ട്ടും ഇഷ്ടമില്ലാത്തവര്‍ എന്ത് ചെയ്യുമെന്ന് മറ്റ് യൂണിഫോമുകളുടെ കാര്യത്തിലും ബാധകമാണ്. അവിടെ ചോയ്‌സിന് യാതൊരു പ്രാധാന്യവുമില്ല. ഒരോ കുട്ടിക്കും വൈവിധ്യമുള്ള വസ്ത്രം ധരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന വാദം പാന്റ്‌സും ഷര്‍ട്ടിനും മാത്രം വരുന്നത് പുരുഷാധിപത്യ സമൂഹത്തിന്റെ കണ്ണിലൂടെ നോക്കുന്നത് കൊണ്ടാണ്.
 • തുല്യനീതിയിലേക്ക് എത്തുന്നതിനുള്ള ആദ്യപടിയാണ് ഈ യൂണിഫോം രീതി. ഒറ്റച്ചാട്ടത്തിന് തുല്യത നടക്കാന്‍ പോവുന്നില്ല. ചെറുപ്രായത്തില്‍ തന്നെ തുല്യതയുടെ പാഠങ്ങള്‍ അവരിലേക്ക് എത്തിക്കണം.

Content Highlights: About Gender neutral uniform Haritha leader ayisha bhanu And Activist Sulphath