വസ്തുനിഷ്ഠമായാണ് കോടതികള്‍ കേസുകള്‍ പരിഗണിക്കുന്നതെന്നും അവ പുറപ്പെടുവിക്കുന്ന വിധികള്‍ വസ്തുതയിലും തെളിവുകളിലും ഊന്നിയതാവുമെന്നുമാണ് പൊതുവേയുള്ള സങ്കല്പം. പക്ഷേ, വസ്തുനിഷ്ഠമാകുന്നതിനൊപ്പം ആചാരങ്ങളും ആണധികാര ബോധവും പാട്രിയാര്‍ക്കിയും അങ്ങനെ പുരോഗമനസമൂഹം കുടഞ്ഞെറിഞ്ഞ പല സാംസ്കാരിക മേലാപ്പുകളും ഭാരങ്ങളും പല കോടതിവിധികളിലും നിഴലിക്കാറുണ്ട്. ബലാത്സംഗവുമായി ബന്ധപ്പെട്ട പല കേസുകളുടെ വിധിനിര്ണയത്തിനിടയിലും സ്ത്രീവിരുദ്ധ(misogyny) പൊതുബോധം പകല്‍പോലെ വ്യക്തമാകുന്നത് കാണാം. ബലാത്സംഗത്തിന് വിധേയയായ സ്ത്രീ ഉറങ്ങുന്നതും പൊട്ടിക്കരയാത്തതും ഉത്തമയായ സ്ത്രീക്ക് ചേര്‍ന്നതല്ലെന്ന് നിരീക്ഷിച്ചത് ചെറിയ കോടതികളല്ല. വിവാഹിതയായ സ്ത്രീ സിന്ദൂരം തൊടാതിരിക്കുന്നത് ശരിയല്ലെന്നുള്ള ആണ്‍ബോധത്തില്‍ മാത്രമൂന്നിയ, സംവേദനക്ഷമമല്ലാത്ത നിരീക്ഷണങ്ങളും കോടതികളില്‍നിന്ന് നാം കേട്ടു. രാജ്യത്തെ നീതിന്യായവ്യവസ്ഥ ആണ്‍ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിധിപ്രസ്താവങ്ങളും വൃഥാനിരീക്ഷണങ്ങളും നടത്തുന്നത് എങ്ങനെയെന്നും എന്തുകൊണ്ടെന്നും പരിശോധിക്കപ്പെടേണ്ടതാണ്.
കോടതിയുടെ 'ഭാരതസ്ത്രീ'
ബലാത്സംഗക്കേസില്‍ ബെംഗളൂരുവിലെ സ്ഥാപന ഉടമയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ബലാത്സംഗംചെയ്ത പുരുഷനൊപ്പം ഉറങ്ങുന്നത് ഭാരതസ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ലെന്നാണ് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചത്. വിവാഹവാഗ്ദാനം നല്കി ബലാത്സംഗംചെയ്തു എന്ന യുവതിയുടെ വാദം ഈ ഘട്ടത്തില്‍ അംഗീകരിക്കാന്കഴിയില്ലെന്നാണ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയത്. ബലാത്സംഗം നടന്ന ദിവസം രാത്രി പതിനൊന്നുമണിക്ക് എന്തിനാണ് യുവതി പ്രതിയുടെ ഓഫീസില്‍ പോയതെന്നും പ്രതിക്കൊപ്പം അത്താഴം കഴിച്ചതെന്നും കോടതി ചോദിച്ചു. പ്രതി മദ്യപിച്ചതിനെ സ്ത്രീ എതിര്‍ത്തില്ല (ഒരുമിച്ച് മദ്യം കഴിക്കുന്നത് ബലാത്സംഗത്തിനുള്ള അനുവാദമായി കാണാം എന്ന തരത്തിലുള്ള വ്യാഖ്യാനം). തുടര്‍ന്ന് കാറിലാണ് ഇരുവരും സഞ്ചരിച്ചത്. ആ സമയത്തും പ്രതിയുടെ സ്വഭാവത്തോടുള്ള എതിര്‍പ്പ് യുവതി രേഖപ്പെടുത്തിയില്ല. താന്‍ അപായത്തില്പെട്ടിരിക്കുകയാണെന്ന് പൊതുജനങ്ങളെയോ പോലീസിനെയോ അറിയിക്കാനുള്ള ശ്രമവും യുവതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നുമുള്ള നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയത്. ബലാത്സംഗത്തിനിരയായി അവശയായി ഉറങ്ങിപ്പോയി എന്ന യുവതിയുടെ വാദം 'ഭാരതസ്ത്രീ'ക്ക് യോജിച്ച പ്രവൃത്തിയല്ലെന്നും ബലാത്സംഗമാണ് നടന്നതെങ്കില്‍ സ്ത്രീ ഇങ്ങനെയല്ല പ്രതികരിക്കുകയെ ന്നും പ്രതിക്ക് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.
ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള കുറെ മിത്തുകളുണ്ട് സമൂഹത്തില്‍. അതിനനുസരിച്ചാണ് കോടതി പ്രതികരിച്ചതെന്നുവേണം കരുതാന്‍. ബലാത്സംഗംചെയ്യപ്പെട്ട സ്ത്രീ ആത്മഹത്യചെയ്യുന്നത്, പൊട്ടിക്കരയുന്നത്, അലറിവിളിക്കുന്നത് ഇതെല്ലാമാണ് നിലവിലെ ചില സങ്കല്പങ്ങള്. ഇതില്‍നിന്നല്പം മാറിയാല്‍ സ്ത്രീയുടെ സ്വഭാവശുദ്ധിവരെ ചോദ്യംചെയ്യപ്പെടുകയാണ്. പക്ഷേ, പഴക്കംചെന്ന പാട്രിയാര്‍ക്കല്‍ ബോധങ്ങള്‍ക്കൊപ്പം കോടതി സഞ്ചരിക്കുന്നത് അപകടകരമാണ്.
പ്രതാപ് മിശ്ര കേസ്
വിധികളുടെ ഇത്തരം ക്രൂരചരിത്രങ്ങള് പരിശോധിക്കുമ്പോള്‍ 1977 വരെ പോവേണ്ടതുണ്ട്. പ്രതാപ് മിശ്രയും ഒഡിഷ സര്‍ക്കാരും തമ്മിലുള്ള കേസില്‍ അഞ്ചുമാസം ഗര്‍ഭിണിയായ സ്ത്രീയെ കൂട്ടലാത്സംഗം ചെയ്ത പ്രതികളെ വെറുതേ വിട്ടുകൊണ്ട് കോടതി പറഞ്ഞ കാര്യങ്ങള്‍ ഹീനമെന്നാണ് പിന്നീട് വിലയിരുത്തപ്പെട്ടത്. ഇരുപത്തിമൂന്നുകാരിയായ സ്ത്രീ വെപ്പാട്ടിയാണെന്ന പരാമര്‍ശംവരെ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. വിവാഹിതനായ പുരുഷന്റെ വെപ്പാട്ടിയെപ്പോലെ ജീവിക്കുന്ന സ്ത്രീ ഭര്‍ത്താവിന്റെ സമ്മതത്തോടെ ലൈംഗികന്ധത്തിലേര്പ്പെടുകയായിരുന്നുവെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. പരിക്കുകളില്ലാത്തതിനാലും അലറിക്കരയാതെ തേങ്ങി മാത്രം കരഞ്ഞതിനാലും സ്ത്രീ സമ്മതം നല്‍കിയിരിക്കാമെന്നാണ് കേസ് പരിഗണിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്. മാത്രവുമല്ല ബലാത്സംഗം നടന്നിരുന്നെങ്കില്‍ ആ സമയത്തുതന്നെ ഗര്‍ഭച്ഛിദ്രം നടക്കുമായിരുന്നെന്നും ഏതാനും ദിവസത്തിനുശേഷമല്ല അത് സംഭവിക്കുകയെന്നും നീതിപീഠം നിരീക്ഷിച്ചു. മഥുര കേസ് 1971ല്‍ പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയെ പോലീസുകാര്‍ ബലാത്സംഗംചെയ്ത കേസില്‍ സുപ്രീംകോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിവിധ കോടതികളില്‍ വിചാരണ നേരിട്ട കേസില്‍ ഇരയ്ക്കെതിരായ മനോഭാവമാണ് ഭൂരിഭാഗം കോടതികളും വെച്ചുപുലര്‍ത്തിയത്. പെണ്‍കുട്ടി ലൈംഗികന്ധം ശീലിച്ചയാളാണെന്നും അതിനാല്‍ സമ്മതം നല്കിയിരിക്കാമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. 1979-ല്‍ കേസ് പരിഗണിച്ച മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്റെ പ്രസ്താവനകള്‍ വലിയ എതിര്‍പ്പാണ് പൊതുസമൂഹത്തിലുണ്ടാക്കിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ല, അപായം മുഴക്കിയില്ല, ലൈംഗികന്ധത്തിലേര്‍പ്പെടാന്‍ ആ കുട്ടി പോലീസുകാരെ പ്രേരിപ്പിച്ചതാവാം എന്നുവരെയുള്ള അഭിപ്രായപ്രകടനങ്ങള്‍ പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇത് വലിയ പ്രതിഷേധമാണ്
ഉയര്‍ത്തിയത്.
മഥുര കേസിലെ വിധി കോടതി പുനഃപരിശോധിച്ചില്ലെങ്കിലും ഒരു സ്ത്രീയുടെ സമ്മതമില്ലാതെയാണ് ലൈംഗികബന്ധം നടന്നതെങ്കില്‍ അത് ബലാത്സംഗമായി പരിഗണിക്കാമെന്ന നിയമഭേദഗതി ഇന്ത്യന്‍ നീതിവ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. കസ്റ്റഡിലാത്സംഗത്തിലെ ശിക്ഷ കുറച്ചു കൂടി കഠിനമായതും ഈ സംഭവത്തിനുശേഷമാണ്. ഈ വിധികളുടെ പശ്ചാത്തലത്തിലാണ്, നിര്‍ഭയകേസിനുശേഷം 2013-ല്‍ ഉടച്ചുവാര്‍ക്കപ്പെട്ട ബലാത്സംഗനിര്വചനത്തെ നാം വായിക്കേണ്ടത്. ഒരു സ്ത്രീ ലൈംഗികത്തൊഴിലാളിയായിക്കൊള്ളട്ടെ, മുന്‍
പ് ലൈംഗികന്ധത്തിലേര്പ്പെട്ടയാളായിക്കൊള്ളട്ടെ, ലഹരിയോ വിവാഹവാഗ്ദാനമോ നല്‍കിയുള്ള നിര്‍ബന്ധിത ലൈംഗികന്ധമായിക്കൊള്ളട്ടെ അതെല്ലാം ബലാത്സംഗമായി പരിഗണിക്കാം എന്നതാണ് നിലവിലെ നിയമം. കസ്റ്റഡി റേപ്പുകളില്‍ കനത്ത ശിക്ഷ നല്കുന്ന 1983-ലെ ക്രിമിനല്‍ നിയമഭേദഗതിക്ക് ആധാരമായ കേസാണ് മഥുര കേസ്. ഒരു സ്ത്രീയുമായി ലൈംഗികന്ധത്തിലേര്പ്പെട്ടത് അവരുടെ സമ്മതപ്രകാരമാണോ അല്ലയോ എന്നതിന് ആ സ്ത്രീയുടെ മൊഴി മതി എന്ന നിയമഭേദഗതിയുണ്ടായ താവട്ടെ പ്രതാപ് മിശ്ര കേസിനുശേഷവും. ഉര്‍വശീശാപം ഉപകാരം എന്നതുപോലെ സ്ത്രീവിരുദ്ധ വിധികള്‍ പലപ്പോഴും നിയമഭേദഗതികളിലൂടെ നിയമം ശക്തമാക്കുന്ന അവസ്ഥയിലേക്കെത്തിച്ചുവെന്നും പറയാം.
ചിന്മയാനന്ദ കേസ്
ബലാത്സംഗക്കേസില്‍ മുന്‍ മന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ചിന്മയാനന്ദ-യ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് അലഹാാദ് ഹൈക്കോടതി 2019-ല്‍ പറഞ്ഞതിതാണ്. ''തന്റെ ചാരിത്ര്യത്തിന് ആപത്തുണ്ടായ ഘട്ടത്തില്‍ ഒരു പെണ്‍കുട്ടി ആ സംഭവത്തെ ക്കുറിച്ച് ഒരു വാക്കുപോലും രക്ഷിതാക്കളോടോ കോടതിയോടോ പറയാതെ നിന്നുവെന്നത് അമ്പരപ്പിക്കുന്ന പെരുമാറ്റമാണ്. അത് വാദിഭാഗത്തിന്റെ കഥയിലെ ചാതുര്യം വ്യക്തമാക്കുന്നതാണ്. ചിന്മയാനന്ദ-യ്ക്കെതിരേ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പത്തുമാസത്തോളം അദ്ദേഹത്തിന്റെ സംരക്ഷണയിലായിരുന്നുവെന്നതും അദ്ദേഹവുമൊത്ത് സ്വകാര്യനിമിഷങ്ങള്‍ പങ്കുവെച്ചുവെന്നതും അവിശ്വസനീയവും അസ്വസ്ഥജനകവും ആശങ്കാകുലവുമാണ്.'' ചിന്മയാനന്ദ-യ്ക്കെതിരേ പരാതി നല്കിയ പെണ്‍കുട്ടിയുടെ സ്വഭാവത്തെ സംശയിക്കുന്ന തരത്തിലുള്ള നിരീക്ഷണത്തിലൂന്നിയ വിധിയാണ് പ്രസ്താവിക്കപ്പെട്ടത്. നടന്നത് ബലാത്സംഗമല്ലെന്നും ഒരു സേവനത്തിന് പകരം മറ്റൊരു സേവനമാണെന്നും (Quid pro quo) നിരീക്ഷിച്ചാണ് കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.
ബലാത്സംഗത്തെ സ്ത്രീയുടെ പ്രലോഭനമായി കണ്ടുകൊണ്ടുള്ള കോടതിവിധികളും ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നാണ് സഹപാഠിയെ ബ്ലാക്മെയില്‍ചെയ്ത് ബലാത്സംഗംചെയ്ത മൂന്ന് നിയമവിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടുള്ള 2017-ലെ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിവിധി. അദ്ധം ആണ്‍കുട്ടികള്‍ക്ക് സംഭവിച്ചത് പെണ്‍കുട്ടിയുടെ കുത്തഴിഞ്ഞ പെരുമാറ്റം കണ്ടുകൊണ്ടാണ് എന്ന് പ്രസ്താവിച്ചാണ് കോടതി ജാമ്യംനല്‍കിയത്.
സിന്ദൂരവും വിവാഹമോചനവും
സിന്ദൂരം തൊടാത്തത് സ്ത്രീ വിവാഹം നിരാകരിക്കുന്നതിന് തുല്യമെന്നും അതിനാല്‍ ഭര്‍ത്താവിന് വിവാഹമോചനം നല്‍കണമെന്നും വിധിച്ചത് ഖാപ് പഞ്ചായത്തല്ല; നീതി വ്യവസ്ഥയിലൂന്നി നില്ക്കുന്നകോടതികളിലൊന്നാണ്. 2020 ജൂണിലാണ് ഗുവാഹാട്ടി കോടതി ഇത്തരമൊരു വിചിത്ര വിധി പുറപ്പെടുവിച്ചത്. സ്ത്രീ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും പുരുഷന്റെ സ്വത്തല്ലെന്നുമുള്ള സുപ്രീംകോടതി വിധി നിലവില്‍ വന്നിട്ട് അധികകാലമാകുന്നില്ല അതിനുമുന്‍പേയാണ് ഭര്‍ത്താവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഭാര്യ ജീവിച്ചില്ലെങ്കില്‍ വിവാഹമോചനമാവാം എന്ന സന്ദേശം നല്കുന്ന വിധി പുറത്തുവന്നത്. ഭാര്യയുടെ ഭാഗത്തുനിന്ന് ക്രൂരതകളൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ വിവാഹമോചനം വേണമെന്ന ഭര്‍ത്താവിന്റെ ആവശ്യം കുടുംകോടതി നിരാകരിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും കോടതി വിവാഹമോചനം അനുവദിക്കുകയുമായിരുന്നു. 'സഖ(ആചാരത്തിന്റെ ഭാഗമായി വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന വളകള്‍) ധരിക്കാത്തതും സിന്ദൂരം തൊടാത്തതും സ്ത്രീയെ അവിവാഹിതയായി തോന്നിപ്പിക്കുമെന്നും അത് ഭര്‍ത്താവുമായുള്ള ബാന്ധവത്തിനോടുള്ള നിരാകരണം കൂടിയാണ് കാണിക്കുന്നതെന്നുമുള്ള നിരീക്ഷണങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഒരുപക്ഷേ ഇരുവര്‍ക്കും ഒരുമിച്ച് ജീവിച്ചുപോകാന്‍ ബുദ്ധിമുട്ടുണ്ടാവും. അത് പരിഗണിക്കുന്നതിനു പകരം വിവാഹിതയായ സ്ത്രീ എങ്ങനെ നടക്കണം എന്ത് ധരിക്കണമെന്ന് ശഠിക്കുകയാണ് കോടതി ചെയ്തത്.
ലിംഗപരമായ മുന്‍വിധികള്‍
നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാവിന് അടുത്തിടെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചിരുന്നു. ഒന്നാംപ്രതിയായ കോഴിക്കോട് സ്വദേശിനിയെയാണ് ശിക്ഷിച്ചത്. ബാലനീതി നിയമത്തിലെ 75, 87 വകുപ്പുകള്‍ പ്രകാരം ആയിരം രൂപ പിഴയും കോടതി പിരിയും വരെ കോടതിക്കുമുന്നില്‍ നില്ക്കാനുമായിരുന്നു വിധി. മറ്റ് പ്രതികളായിരുന്ന ഒരു സിദ്ധന്, യുവതിയുടെ ഭര്‍ത്താവ് എന്നിവരെ കോടതി വെറുതേവിട്ടു. ഇവര്‍ക്കെതിരേ ചുമത്തിയ പ്രേരണക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ സാധിക്കാത്തതിനാലാണ് വെറുതേവിട്ടത്.
2016 നവംര്‍ രണ്ടിനായിരുന്നു സംഭവം. കുട്ടിക്ക് അഞ്ചുനേരത്തെ ബാങ്കുവിളിക്കുശേഷമേ (ഒരുദിവസം കഴിഞ്ഞ്) മുലപ്പാല്‍ നല്കാന് പാടുള്ളൂവെന്ന് ഭര്‍ത്താവ് നിര്‍ദേശിച്ചുവെന്നാണ് കേസ്. ഡോക്ടര്‍മാരും പോലീസും ഇടപെട്ടിട്ടും ഇയാള്‍ നിലപാടില്‍ ഉറച്ചുനിന്നു. നവംര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ജനിച്ച കുഞ്ഞിന് മൂന്നാം തിയ്യതി 12.20-നേ മുലയൂട്ടാനാവൂ
എന്ന് സിദ്ധന്റെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞാണ് ഭര്‍ത്താവും ഭാര്യയും നിര്‍ബന്ധം പിടിച്ചത്. കുഞ്ഞിന്റെ ജീവനുപോലും ഭീഷണിയായ സംഭവത്തില്‍ കളക്ടറും പോലീസും ബാലാവകാശ കമ്മിഷനും നേരിട്ട് ഇടപെടുകയായിരുന്നു. പോലീസ് സിദ്ധനെയും യുവതിയുടെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ശിക്ഷ അമ്മയ്ക്ക് മാത്രമായി ഒതുങ്ങിയതാണ് വിധി സംവേദനക്ഷമമല്ലെന്ന(insensitive) നീരീക്ഷണത്തിന് കാരണം. അമ്മയുടെ ബുദ്ധിയില്‍ ഉദിച്ച ആശയമല്ലാതിരുന്നിട്ടും കുടുംവ്യവസ്ഥിതികളില് പൊതുവെ സ്ത്രീകളുടെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയില്ലാത്ത സമൂഹമാണെന്നിരിക്കെയുമാണ് സ്ത്രീയെ മാത്രം ശിക്ഷിച്ചുകൊണ്ടുള്ള ഇത്തരമൊരു കോടതി വിധി.
മനസ്സ് വായിക്കുന്ന ന്യായാധിപര്‍
2016-ലെ രാജ വെഴ്സസ് സ്റ്റേറ്റ് ഓഫ് കര്‍ണാടക കേസില്‍ ഇരയുടെ സ്വഭാവം കേസില്‍ ജഡ്ജി മാനദണ്ഡമാക്കിയിട്ടുണ്ട്. ഇരയുടെ പെരുമാറ്റം ''നിര്‍ന്ധിത ലൈംഗികന്ധത്തിന്(ബലാത്സംഗം എന്നുപോലുമല്ല ഉപയോഗിച്ചത്) വിധേയയാകാന്‍ തയ്യാറാകാത്ത, ഭയചകിതയായ, കഠിനവേദനയനുഭവിച്ച ഒരു ഇരയുടെ പെരുമാറ്റവുമായി ചേര്‍ന്നു നില്ക്കുന്നില്ല എന്നാണ് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചത്. കേസില്‍ നാലുപേരെ കുറ്റവിമുക്തരാക്കികൊണ്ട് കോടതി പറഞ്ഞത് ഒന്നരവര്‍ഷമായി ഭര്‍ത്താവില്‍നിന്ന് അകന്നുകഴിയുന്ന സ്ത്രീ ലൈംഗികന്ധം നിരന്തരം ശീലിച്ചയാളാണെന്നാണ്. ''ദുരിതത്തിലായ, അപമാനിക്കപ്പെട്ട, എല്ലാം തകര്‍ന്ന അവസ്ഥയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനുപകരം, സംഭവസ്ഥലത്തും പരിസരത്തും അവള് താമസിച്ചു...ആത്മവിശ്വാസമുള്ള രീതിയിലുള്ള അര്‍ധരാത്രിയിലെ നീക്കങ്ങളും അത്ര സാധാരണമല്ല''- എന്നാണ് ജഡ്ജി നിരീക്ഷിച്ചത്. നല്ല പെണ്‍കുട്ടികളെല്ലാം ലൈംഗികാതിക്രമത്തിന് ഇരയായാല്‍ എല്ലാം തകര്‍ന്ന അവസ്ഥയില്‍ കഴിയണമെന്നോ ആത്മവിശ്വാസമില്ലാതെ ജീവിക്കണമെന്നോ ആണ് കോടതിപോലും പ്രതീക്ഷിക്കുന്നതെന്ന് ചുരുക്കം. ബലാത്സംഗത്തിനുശേഷം പ്രതികളിലൊരാള്‍ അവള്‍ക്ക് ദോശയും ഇഡ്ഡലിയും കഴിക്കാന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ഇരയുടെ ശരീരത്തില്‍ പരിക്കുകളുടെ അഭാവം പലപ്പോഴും അവളുടെ സമ്മതത്തിന്റെ തെളിവായി കാണപ്പെടുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
എഴുത്തുകാരനും സംവിധായകനും ഉറുദു കഥപറച്ചിലുകാരനുമായ(ദസ്തംഗോയി) മഹമ്മൂദ് ഫറൂഖിയെ ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കിയ 2017-ലെ ഡല്‍ഹി ഹൈക്കോടതി വിധിയും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബലാത്സംഗം നടന്നോ ഇല്ലയോ എന്നത് ആധാരമാക്കിയല്ല ഡല്‍ഹി ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടത് പകരം ബലാത്സംഗശേഷം ഒരു സ്ത്രീ പ്രതികരിച്ച രീതിയെ വിശകലനം ചെയ്തുകൊണ്ടാണ്. കടുപ്പത്തിലുള്ള നോ പറയാത്തത് യെസ് പറയുന്നതിന് തുല്യമാണെന്നും സ്ത്രീകളുടെ ഇത്തരം പെരുമാറ്റങ്ങള്‍ അത്ര അസാധാരണമല്ലെന്നും കോടതിവിധിയില്‍ പറയുന്നു. നോ എന്ന് പറഞ്ഞാലും ജീവന് ഭയന്നാണ് പെണ്‍കുട്ടി പ്രതികരിച്ചതെന്ന് മനസ്സിലാക്കിയാലും കോടതിയുടെ കണ്ണില്‍ പെണ്‍കുട്ടി വേണ്ടരീതിയില്‍ പ്രതികരിച്ചിട്ടില്ല.
വനിതാ ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചായിരുന്നു ഇത്തരം കേസുകള്‍ പരിഗണിച്ചതെങ്കില്‍ ഈ വിധി കള്‍ മറ്റൊരു വിധത്തിലായേനേ എന്ന നിരീക്ഷണമുണ്ട്. ഇവിടെയാണ് നാം നിയമസംവിധാനങ്ങളിലെ പ്രാതിനിധ്യത്തെയും അതിന് കൊണ്ടുവരാനാകുന്ന വലിയ മാറ്റങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത്. പ്രാതിനിധ്യസ്വഭാവം വരുമ്പോഴാണ് പല സ്ഥാപനങ്ങളുടെ നയങ്ങള്‍ക്കും മാറ്റമുണ്ടാവുന്നത്. മാധ്യമപ്രവര്‍ത്തകരില്‍ സ്ത്രീകള്‍ കൂടുമ്പോള്‍ സെന്‍സിറ്റീവ് ആയി വാര്‍ത്തകള്‍ രൂപപ്പെടുന്ന സംസ്കാരത്തിലേക്ക് കുറേയൊക്കെ മുഖ്യധാരാ മാധ്യമങ്ങള്‍ മാറി. സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവ് കോടതി വിധികളില്‍ പലപ്പോഴും പ്രതിഫലിക്കുന്നുണ്ട്.
നിയമരംഗത്തെ സ്ത്രീ പ്രാതിനിധ്യം
1922-ല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നിയമം പ്രാക്ടീസ് ചെയ്യാനുള്ള അവസരം ലഭിച്ചെങ്കിലും 2009-ലാണ് ആദ്യ വനിത അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഉണ്ടാകുന്നത്. ഇതുവരെയും ഒരു വനിത സോളിസിറ്റര്‍ ജനറലോ അറ്റോര്‍ണി ജനറലോ നമുക്കുണ്ടായിട്ടില്ല. 1992-നും 2005-നുമിടയ്ക്ക് സുപ്രീംകോടതിയും ഡല്‍ഹി ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലുമായി ഒരു മുതിര്‍ന്ന വനിതാ അഭിഭാഷകയെ ഉണ്ടായിരുന്നുള്ളൂ. 30 ജഡ്ജിമാരില്‍ രണ്ട് വനിതാ ജഡ്ജിമാര്‍ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും. നിലവിലെ ബാര്‍കൗണ്‍സില്‍ ഭാരവാഹികളില്‍ ഒരു സ്ത്രീ പോലുമില്ല. ഇതുവരെ ഒരു സ്ത്രീപോലും ബാര്‍ കൗണ്‍സിലിന്റെ ചെയര്‍പേഴ്സണോ വൈസ് ചെയര്‍പേഴ്സണോ ആയിട്ടില്ല.
സുപ്രീംകോടതി രൂപപ്പെട്ട് 40 വര്‍ഷത്തിനുശേഷമാണ് ആദ്യ വനിതാ ജഡ്ജി ഇന്ത്യയ്ക്കുണ്ടാവുന്നത്: ഫാത്തിമാ ബീവി. എന്നിട്ടും പരമോന്നത കോടതിയില്‍ ഇതുവരെ ഒരു വനിതാ ചീഫ് ജസ്റ്റിസുണ്ടായിട്ടില്ല. ബാറില്‍നിന്ന് നേരിട്ട് അപ്പോയിന്റ് ചെയ്യപ്പെട്ട ആദ്യ വനിതാ ജഡ്ജിയാണ് ഇന്ദു മല്‍ഹോത്ര. അതും സുപ്രീംകോടതി രൂപപ്പെട്ട് 68 വര്‍ഷത്തിനുശേഷം. ഭരണഘടനാ ശില്പി തന്നെ പറഞ്ഞത് ഒരു സമൂഹത്തിന്റെ പുരോഗതി അവിടെയുള്ള സ്ത്രീകളുടെ പുരോഗതി അനുസരിച്ചാണ് താന്‍ അളക്കുക എന്നാണ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ നാല് ശതമാനം മാത്രമാണ് വനിതാ അഭിഭാഷകരുടെ സാന്നിധ്യം. നിര്‍ഭയ സംഭവത്തിനുശേഷം 2013-ല്‍ റേപ് നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നെങ്കിലും ജെന്‍ഡര്‍ വിഷയങ്ങളില്‍ സംവേദനക്ഷമത കൈവരിക്കാന്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്ക്കുമൊന്നും കഴിഞ്ഞില്ലെന്നാണ് പല വിധികളും വെളിപ്പെടുത്തുന്നത്.
ചുരുങ്ങുന്ന വനിതാ പ്രാതിനിധ്യം ഹൈക്കോടതികളും വനിതാ ജഡ്ജിമാരുടെ എണ്ണവും
അലഹാബാദ് 5
ആന്ധ്രപ്രദേശ് 4
ബോംബെ 8
കല്‍ക്കത്ത 5
ഛത്തീസ്ഗഢ് 2
ഡല്‍ഹി 8
ഗുവാഹത്തി 1
ഗുജറാത്ത് 4
ഹിമാചല്‍ പ്രദേശ് 1
ജമ്മു കശ്മീര്‍ &
ലഡാക്ക് 2
ജാര്‍ഖണ്ഡ് 1
കര്‍ണ്ണാടക 5
കേരള 5
മധ്യപ്രദേശ് 3
മദ്രാസ് 9
ഒഡീഷ 1
പഞ്ചാബ് & ഹരിയാന 9
രാജസ്ഥാന് 2
സിക്കിം 1
തെലങ്കാന 1
ഉത്തരാഖണ്ഡ് 0
ത്രിപുര 0
പട്ന 0
മേഘാലയ 0
മണിപ്പുര്‍ 0
ആകെ 77
(4-09-2020-ലെ കണക്ക്)
Source: Ministry of Law and Justice
(ഒകോടോബർ ലക്കം GK & CurrentAffairs ൽ പ്രസിദ്ധീകരിച്ചത്)