ഹോമോ സെക്ഷ്വല്‍ വിവാഹം ഇന്ന് മലയാളികള്‍ക്ക് അപരിചിതമായ ഒരു പദാവലിയില്ല. അത്തരം വിവാഹങ്ങളും വിവാഹിതരായവരുടെ തുറന്നുപറച്ചിലുകളും കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ മലയാളി കേട്ട് ശീലിച്ചിരിക്കുന്നു. തങ്ങളുടെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് സ്വവർഗ്ഗാനുരാഗ വിവാഹത്തെ പൊതുസമക്ഷത്ത് ചർച്ചയാക്കിയ ദമ്പതിമാരാണ് സോനുവും നികേഷും. നല്ല രീതിയില്‍ ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് അമ്മയോടൊപ്പം ഇരിക്കുന്ന ഫോട്ടോ ഇട്ടതിന്റെ പേരില്‍ ഒരു വര്‍ഷത്തിനിപ്പുറം ഇവർ സൈബര്‍ ആക്രമണം നേരിടുന്നത്. സമൂഹം അംഗീകരിച്ചു തുടങ്ങിയെന്ന ആത്മവിശ്വാസത്തില്‍
ജീവിക്കുമ്പോഴാണ് ഈ ഒരു ദുരനുഭവം. സ്വവര്‍ഗ്ഗാനുരാഗ ജീവിതത്തെ കുറിച്ചും ഭാവിയെ കുറിച്ചുമുള്ള ആശങ്കകള്‍ അവര്‍ പങ്കുവെക്കുകയാണിവിടെ.
വിവാഹതിരായിട്ട് ഒരുവര്ഷത്തിലധികമായില്ലേ. മലയാളീ സമൂഹത്തിലെ സ്വവര്‍ഗ്ഗ ദമ്പതികളായുള്ള ഒരു വര്‍ഷത്തെ ജീവിതം എങ്ങനെ പോകുന്നു.
നികേഷ്: ആളുകള്‍ അംഗീകരിച്ചു തുടങ്ങി. പക്ഷെ വിസിബിലിറ്റി കൂടുംതോറും ഞങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചു വന്നുവെന്നും പറയാം. ട്രാന്‍സ് ജെന്ഡേര്സും സ്വവര്ഗ്ഗാനുരാഗികളുമെല്ലാം ഇപ്പോള്‍ സ്വത്വം വെളിപ്പെടുത്തി സമൂഹത്തില്‍ സാന്നിധ്യമറിയിച്ചു തുടങ്ങി. ആ വിസിബിലിറ്റി ഇപ്പോള്‍ വിര്‍ച്വലായും അല്ലാതെയുമുള്ള ആക്രമണം നേരിടുന്ന അവസ്ഥയിലേക്ക് എല്‍ജിബിടി സമൂഹത്തെ എത്തിച്ചിരിക്കുകയാണ്. അന്ന് വിവാഹകാര്യം പുറത്തു പറഞ്ഞപ്പോള്‍ കൂടുതലും പിന്തുണ കിട്ടിയത് സമൂഹ മാധ്യമങ്ങളില്നിന്നായിരുന്നു. അവിടെനിന്നാണ് ഇപ്പോള്‍ വളരെ അബ്യൂസീവ് ആയ പെരുമാറ്റം ഞങ്ങളിപ്പോൾ നേരിട്ടത്. ഞങ്ങളെ പിന്തുണക്കുന്നവരും ആക്രമണം നേരിടുന്നുണ്ട്.
നിയമപരമായി നേരിടാന്‍ തന്നെയാണോ തീരുമാനം.
നികേഷ്: സെയിം സെക്സ് മാരേജ് നിയമപരമാക്കാന്‍ ഞങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അതിന്റെ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇങ്ങനൊരു ഹോമോഫോബിക് കമന്റ് വരുന്നത്. യാതൊരു പരിചയവുമില്ലാത്തയാളാണ് ഇത്രയും മോശമായ രീതിയില്‍ ഞങ്ങളെ ആക്രമിച്ചത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കാനിരിക്കുകയാണ്.
വിവാഹശേഷം ഞങ്ങളെ മനസ്സിലാക്കി ഞങ്ങളുടെ ജീവിതത്തെ ഉള്‍ക്കൊണ്ട് സ്വര്വര്ഗ്ഗാനുരാഗികളെ കുറിച്ചു മറ്റും കൂടുതലും വായിച്ചും അറിഞ്ഞും അമ്മ സന്തോഷവതിയായി വരികയായിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ ഈ പ്രശ്നം. കൂടുതലും ഫേക്ക് പ്രൊഫൈലില്‍നിന്നാണ് പണ്ട് ആക്രമണങ്ങള്‍ നേരിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഐഡന്റിറ്റി വെളിപ്പെടുത്തി തന്നെയാണ് പലരും ഇത്ര മോശമായ രീതിയില്‍ പ്രതികരിക്കുന്നത്.
ഇത്തരത്തിലുള്ള ആക്രമണം സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ നാള് മുതല്‍ നേരിട്ടുകൊണ്ടിരിക്കുകയായിരിക്കുമല്ലോ, ഒരു പക്ഷെ കുട്ടിക്കാലം മുതല്‍ തന്നെ
നികേഷ്- പതിനൊന്ന് വയസ്സില്‍ തന്നെ എന്നില്‍ വ്യത്യസ്തതകളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ക്ലാസ്സില്‍ കൂടെ പഠിക്കുന്ന ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കുറിച്ചും അവരോട് തോന്നുന്ന ആകര്‍ഷകത്വത്തെ കുറിച്ചും പറയുമ്പോള്‍ ആണ്കുട്ടികളോടായിരുന്നു എനിക്ക് താത്പര്യം. ആരോടും ഇതൊന്നും പങ്കുവെക്കാന്‍ പറ്റുന്ന കാലഘട്ടമോ സാഹചര്യമോ ആയിരുന്നില്ല അന്ന്. ടിവിയില്‍ ആണും പെണ്ണും മാത്രമുള്ള പ്രണയമായിരുന്നു കാണിച്ചിരുന്നതത്രയും. എന്നാല്‍ എനിക്കങ്ങനെയൊരു വികാരമേ ഉണ്ടായിരുന്നില്ല. എന്താണ് എന്നില്‍ സംഭവിക്കുന്നതെന്ന ഭയമായിരുന്നു അന്ന്. ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുട്ടികള്‍ ചെന്ന് അച്ഛനമ്മമാരോട് തുറന്നു പറയുന്ന സാമൂഹിക സാഹചര്യം അന്നുണ്ടായിരുന്നില്ല. കൗമാരപ്രായത്തില്‍ അയല്‍വാസിയുമായി ഞാന്‍ ഇഷ്ടത്തിലായിരുന്നു. നാലഞ്ച് പ്രാവശ്യം കണ്ട് പരിചയപ്പെട്ട് അടുപ്പത്തിലായതാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആര്‍ക്കും അറിവുണ്ടായിരുന്നില്ല ആ ബന്ധം.
സ്വവര്‍ഗ്ഗാനുരാഗമാണ് അഥവാ സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഹോമോ ആണ് എന്ന ബോധ്യത്തോടെ തന്നെയായിരുന്നോ നിങ്ങളുടെ പ്രണയം മുന്നോട്ടു പോയത്.
നികേഷ്- പ്രണയത്തിന്റെ തുടക്കകാലം ഓറിയന്റേഷനെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഗേ എന്താണെന്ന് പോലുമുള്ള അറിവുണ്ടായിരുന്നില്ല. ഞാന്‍ ഹോമോ സെക്ഷ്വലാണെന്നറിയാതെ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. അതോടെ ഞങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. അടുത്തടുത്ത് വീടായതിനാല്‍ തന്നെ ഇരുവരും വീട്ടില്‍ പറയാന്‍ പേടിച്ചു. വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറത്തുള്ള ബോംബ് പൊട്ടുന്ന പ്രതികരണങ്ങളാണുണ്ടായത്. അമ്മക്കും ചേച്ചിമാര്‍ക്കും അളിയന്മാര്ക്കുമെല്ലാം പ്രശ്നമായി. അവനും വീട്ടില്‍ വിവാഹസമ്മര്‍ദ്ദം കൂടി. അങ്ങനെയാണ് ഞങ്ങള്‍ പിരിയുന്നത്. 14 വര്‍ഷം പ്രണയിച്ച് ഒടുവില്‍ വീട്ടുകാര്‍ അംഗീകരിക്കില്ല എന്ന കാരണത്താല്‍ പിരിയേണ്ടി വരുന്നത് കഠിനമാണ്. സാധാരണ ആളുകള്‍ ഇത്തരം സാഹചര്യത്തില്‍ ജീവിതം അവസാനിപ്പിക്കാറാണ് പതിവ്. പക്ഷെ ഞാന്‍ പിടിച്ചു നിന്നു. രണ്ട് വര്‍ഷത്തോളം കടുത്ത വിഷാദത്തിലായിരുന്നു ഞാന്‍.
ഹെറ്റ്റോ സെക്ഷ്വല്‍ ബന്ധത്തിന് നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായി സ്വവര്‍ഗ്ഗാനുരാഗികളില്‍ പലരും ആത്മഹത്യയിലഭയം തേടുന്നുണ്ട്. കുടുംബവും സമൂഹവും ഒപ്പമില്ല. എല്ലാം പങ്കുവെച്ച സ്നേഹിതനെ നഷടപ്പെടുകയും ചെയ്തു.എപ്പോഴെങ്കിലും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നോ....
നികേഷ്-ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും ആത്മഹത്യ ചെയ്യില്ല എന്ന വാശി ഉള്ളിലുണ്ടായിരുന്നു. അവനോടായിരുന്നില്ല, പകരം സമൂഹത്തോടായിരുന്നു വാശിയും ദേഷ്യവും. പിന്നീട് ഹോമോ സെക്ഷ്വല്‍ ആണ് അവസ്ഥയെന്നും ഇത് തികച്ചും സാധാരണമാണെന്നും മനസ്സിലാക്കി തുടങ്ങി. മറ്റു രാജ്യങ്ങളില്‍ സംഭവിച്ചു കൊണ്ടിരുന്ന മുന്നേറ്റങ്ങള്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം ജീവിക്കണമെന്ന പ്രതീക്ഷയുണര്‍ത്തി. ഒപ്പം എൽജിബിടി കൂട്ടായ്മകളും വലിയ പിന്തുണ തന്നു.
സോനുവിനെ കണ്ടുമുട്ടുന്നതെങ്ങനെയാണ്.
നികേഷ്- പ്ലാനറ്റോറിയം എന്ന ഡേറ്റിങ് ആപ്പ് ആയിടക്കാണ് ശ്രദ്ധയില്‍പ്പെടുന്നത്. പങ്കാളി വേണം എന്ന ഉറച്ച ആഗ്രഹത്തിലാണ് ഡേറ്റിങ് ആപ്പിലെത്തിയത്. ഫിസിക്കല്‍ റിലേഷന്ഷിപ്പൊന്നുമില്ലാതെ ഞങ്ങളുടെ ബോണ്ടിങ് സ്ട്രോങ് ആയി. രണ്ട് വീട്ടുകാരെയും പരസ്പരം കൊണ്ടു പോയി പരിചയപ്പെടുത്തി. ജൂലൈ 5, 2018-നാണ് ഞങ്ങള്‍ വിവാഹം കഴിക്കുന്നത്. പക്ഷെ വിവാഹവിവരം വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞില്ല.
ക്ഷേത്രത്തില്‍ വെച്ചായിരുന്നില്ലേ വിവാഹം. അവിടെ രജിസ്റ്റര്‍ ചെയ്തിരുന്നോ.
പൊതുസമക്ഷം വിവാഹതിരായെന്ന് വെളിപ്പെടുത്തുന്ന ആദ്യ ഗേ കപ്പിളാണ് ഞങ്ങള്‍. ക്ഷേത്രത്തില്‍ പോയി മോതിരം മാറി മാലയിട്ട് വിവാഹം ചെയ്തെങ്കിലും നിയമപരമായി ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല. ഐപിസിയുടെ 377ാം വകുപ്പ് ഡിക്രിമിനലൈസ് ചെയ്യുന്നതിനു മുമ്പാണ് ഞങ്ങള്‍ വിവാഹം ചെയ്യുന്നത് അതിനാല്‍ അന്ന ഞങ്ങളുടെ വിവാഹം ക്രിമിനല്‍ കുറ്റമായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ ആരും ഇല്ലാത്ത സ്ഥലത്ത് വെച്ചാണ് മാലയിടുന്നത് . പിന്നീട് രണ്ട് മാസം കഴിഞ്ഞ് 377 ഡിക്രിമിനലൈസ് ചെയ്തു. അന്ന് മുതലാണ് ഞങ്ങള്‍ സ്വയം കല്പിച്ച സ്വത്വ ബോധത്തില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ തുടങ്ങുന്നത്.
സോനുവിന്റെ ജീവിതം എങ്ങനെയായിരുന്നു
സോനു- കാക്കനാട് ബി.പി.ഒയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ആണിനോട് പ്രേമം തോന്നുന്നത് തിരിച്ചറിയുന്നത് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ആണ്കുട്ടികളെല്ലം പെണ്‍കുട്ടികളെ കുറിച്ച് പറയുമ്പോള്‍ എനിക്ക് എന്റടുത്തിരിക്കുന്ന ആണ്കുട്ടികളോടായിരുന്നു ആകര്‍ഷകത്വം. 18 വയസ്സാകുമ്പോള്‍ പെണ്‍കുട്ടികളോട് താത്പര്യം തോന്നുമെന്നും എന്നെപ്പോലെ വേറെ ആരുമില്ലെന്നും ഞാന്‍ കരുതി. ആ തോന്നല്‍ എന്നെ ഇന്ട്രോവെര്ട്ടാക്കി. ഇപ്പോഴും അന്നത്തെ ഉള്‍വലിയലിന്റെ അവശേഷിപ്പുകള്‍ എന്നിലുണ്ട്. ആശുപത്രിയില്‍ പോയി മാറ്റിയെടുക്കാവുന്ന അസുഖമാണെന്നു വരെ ഒരു ഘട്ടത്തില്‍ കരുതിയിരുന്നു. എന്നാല്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വായനയിലൂടെയാണ് ഗേ ആണെന്ന് ഞാന്‍ തിരിച്ചറിയുന്നത്. എന്നാല്‍ വീട്ടുകാരോട് പറഞ്ഞാല്‍ അവര്‍ക്ക് വിഷമമാവില്ലെ എന്നത് സംഘര്‍ഷത്തിലാക്കി. അങ്ങനെയിരിക്കെയാണ് ചേട്ടനെ പരിചയപ്പെടുന്നത്.
29 വയസ്സില്‍ വിവാഹത്തിനുള്ള സമ്മര്‍ദ്ദം വീട്ടില്നിന്നുണ്ടായി. എനിക്ക് പെണ്പിള്ളേരോട് താത്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ അമ്മച്ചി മാനസികമായി തളര്‍ന്നു. ഡോക്ടറെ കണ്ടാല്‍ എല്ലാം ചികിത്സിച്ചു ഭേദമാക്കാം. അവിടെ ഭേദമാവാത്ത അസുഖങ്ങളില്ലെന്നായിരുന്നു അമ്മച്ചി പറഞ്ഞത്. അങ്ങനെ മെഡിക്കല്‍ ട്രസ്റ്റിലെ സൈക്കാട്രിസ്റ്റ് ഡോ. സി.ജെ. ജോണിനെ കണ്ടു. ഡോക്ടര്‍ക്ക് ഞാന്‍ ഗേ തന്നയാണെന്ന് വ്യക്തമായി. ലോകത്ത് ഇത്തരത്തിലുള്ള ആളുകളുണ്ടെന്നും പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ ആ കുട്ടിയുടെ ജീവിതം കൂടി തകരും എന്നെല്ലാം ഡോക്ടര്‍ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി. പിന്നെ ഹെറ്റ്റോ സെക്ഷ്വല്‍ ബന്ധത്തിന് അച്ഛനും അമ്മയും എന്നെ നിര്‍ബന്ധിച്ചതേയില്ല.
സി.ജെ. ജോണിനു പകരം ചികിത്സിച്ചു ഭേദമാക്കാന്‍ നടത്തുന്ന ഡോക്ടര്‍മാരുടെ അടുത്താണ് അച്ഛനും അമ്മയും പോയിരുന്നതെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നില്ലേ.
സോനു- എല്‍ജിബിടി ഗ്രൂപ്പ് വഴിയാണ് ഡോ. സി.ജെ. ജോണിലെത്തുന്നത്. ഡിഗ്രി ഇല്ലാത്ത ഡോക്ടര്‍മാരുടെ അടുത്തേക്കാണ് മിക്ക വീട്ടുകാരും സ്വവര്‍ഗ്ഗാനുരാഗികളായ മക്കളെ കൊണ്ടുപോകുന്നത്. കാരണം ചികിത്സിച്ചു ഭേദമാക്കാം എന്നായിരിക്കും അവര്‍ അവകാശപ്പെടുന്നത്. ഇനി മാറിയില്ലെങ്കിലും പുറത്തുപറഞ്ഞാൽ നാണക്കേടാവുമെന്ന് പേടിച്ച് വീട്ടുകാര്‍ പരാതിക്ക് പോവില്ല

നികേഷിന്റെ വീട്ടില്‍ എത്തരത്തിലുള്ള പ്രതികരണമായിരുന്നു.
നികേഷ്- നാട്ടുകാരോടെന്ത് പറയും ബന്ധുക്കളോടെടെന്ത് പറയും എന്നതായിരുന്നു അമ്മയെ അലട്ടിയ പ്രശ്നങ്ങള്‍. വീട്ടില്‍ ഞാനൊരൊറ്റ മോനാണ്. എനിക്ക് സന്തതി പരമ്പരകളുണ്ടായില്ലെങ്കില് വീടെങ്ങനെ നിലനില്ക്കും എന്നതായിരുന്നു അമ്മയുടെ പേടി. വീട്ടില്‍ തുറന്നു പറഞ്ഞത് തന്നെ എനിക്ക് സ്വതന്ത്രമായി ജീവിക്കാനാണ്. എന്നാല്‍ ചങ്ങലക്കിടല്‍ ആണ് കൂടുതല്‍ സംഭവിച്ചത്. ആരോടും പറയരുതെന്ന് അമ്മ ശട്ടം കെട്ടി. എന്നാല്‍ അമ്മയെ ബോധവത്കരിക്കാനുള്ള ദൗത്യം ഞാന്‍ തുടങ്ങി. വാര്‍ത്തകളും ലേഖനങ്ങളും അമ്മയ്ക്ക് കാണിച്ചു. വേദനയോടെയാണെങ്കിലും പിന്നീടമ്മ അത് ഉള്‍ക്കൊണ്ടു. അതിനിടെയാണ് ഇപ്പോള്‍ അമ്മയെ വരെ കളിയാക്കി കൊണ്ടുള്ള സൈബര്‍ അബ്യൂസ് നേരിടേണ്ടി വന്നത്.
വിവാഹ ശേഷം ബന്ധുക്കളുടെയും സമൂഹത്തിന്റെയും സമീപനത്തില്‍ വല്ല വ്യത്യാസവും
സോനു- നിങ്ങള്‍ക്ക് ഒളിച്ചു ജീവിച്ചാല്‍ പോരായിരുന്നോ എന്ന് പല ബന്ധുക്കളും ചോദിച്ചിട്ടുണ്ട്. വീട്ടുകാരോട് പറയും അവരെ വിഷമിപ്പിക്കും. മറ്റുള്ളവര്‍ക്ക് മറുപടി കൊടുക്കുന്നത് ആലോചിച്ചിട്ടായിരുന്നു വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് തന്നെ. ഞങ്ങളെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വന്നപ്പോള്‍ നാണക്കേടായും തെറ്റായുമാണ് കുടുംബാംഗങ്ങള്‍ക്കും ചില സുഹൃത്തുക്കള്‍ക്കും അനുഭവപ്പെട്ടത്. 377 ഡിക്രിമനലൈസ് ചെയ്തിട്ടും സ്വവര്‍ഗ്ഗാനുരാഗം കുറ്റമായും നാണക്കേടായും അവര്‍ ഇന്നും കാണുന്നുവെന്നത് വിഷമമുണ്ടാക്കുന്നു.
പൊതുവെ ദാമ്പത്യത്തില്‍ പുരുഷനും സ്ത്രീക്കും സമൂഹം കല്പിച്ചിരിക്കുന്ന ചില റോളുകളുണ്ട്. അടി,തുട,നന പാചകം എന്നിവ സ്ത്രീക്കും പുറത്ത് പോയി സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ മറ്റ് കാര്യങ്ങള്‍ പുരുഷന്മാര്ക്കും. എങ്ങനെയാണ് നിങ്ങളുടെ കുടുംബജീവിതം.
താങ്കള്‍ പറഞ്ഞത് പോലെ കുടുംബങ്ങളില്‍ സ്പെസിഫിക് റോളുകള്‍ ഭര്‍ത്താവിനും ഭാര്യയ്ക്കുമുണ്ടാകും. കുട്ടികളെ നോക്കല്‍ അടുക്കള പണി, വൃത്തിയാക്കല്‍ എന്നിവ ഭാര്യക്ക്. ഭര്‍ത്താവിന് പുറത്ത് പോയി പണം സമ്പാദിച്ചു വരുന്നത് . ഞങ്ങളുടെ കുടുംബജീവിതത്തില്‍ എല്ലാം തുല്യമായാണ് പോകുന്നത്. രണ്ട് പേരും സമ്പാദിക്കുന്നു. അടുക്കളയില്‍ പാചകം രണ്ടാളും ഒരുമിച്ച്. വാഷിങ്, ക്ലീനിങ് എന്നിവയെല്ലാം ഒരുമിച്ചാണ് ഞങ്ങള്‍ ചെയ്യുന്നത്. നാട്ടിലെ സാധാരണ ഹെറ്റ്റോ സെക്ഷ്വല്‍ കുടുംബജീവിതവും ഞങ്ങളുടെ ജീവിതവും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതെല്ലാമാണെന്നാണ് കരുതുന്നത്. ഒരാള്‍ വലുത് ഒരാള്‍ ചെറുത് എന്ന ചിന്ത ഹെറ്റ്റോ സെക്ഷ്വല്‍ ബന്ധത്തിലുണ്ട്. ഞങ്ങളുടെ ഇടയില്‍ അതൊന്നുമില്ല.
സ്ത്രീകളെ സംബന്ധിച്ച് വിവാഹ ശേഷം കൂടുമാറ്റം നടക്കുന്നുണ്ട്. ഉദാഹണത്തിന് ഭര്തൃവീട്ടിലാണല്ലോ ഭാര്യയുടെ ശിഷ്ടകാല ജീവിതം. അത്തരത്തിലുള്ള കൂടുമാറ്റം നിങ്ങളിലാര്‍ക്കെങ്കിലും വിവാഹ ശേഷമുണ്ടായിട്ടുണ്ടോ.
നികേഷ്- സോനുവിന്റെ വീട്ടിലോ എന്റെ വീട്ടിലോ അല്ല ഞങ്ങള്‍ താമസിക്കുന്നത്. ഞങ്ങള്‍ വാങ്ങിയ വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. സാധാരണ നാട്ടില്‍ സ്ത്രീകള്‍ മറ്റൊരു വീട്ടിലേക്ക് കൂടുമാറുമ്പോഴുള്ള പ്രശ്നങ്ങളൊന്നും ഞങ്ങള്‍ക്കില്ല.
എനിക്കറിയുന്ന ചില ട്രാന്‍സ്ജെന്‍ഡര്‍ ദാമ്പത്യങ്ങളില്‍ ട്രാന്സ്വുമണായ സ്ത്രീ പൊതുവെ ഹെറ്ററോസെക്ഷ്വല്‍ ബന്ധങ്ങളില്‍ ഭാര്യ ചെയ്യുന്നത് പോലെയുള്ള പാചകവും മറ്റ് വീട്ടുകാര്യങ്ങളും ചെയ്ത് പാട്രിയാര്‍ക്കല്‍ കുടുംബ ഘടന അതേ പടി പേറുന്നത് കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ചോദിക്കാന്‍ കാരണമതാണ്.
നികേഷ് : ട്രാന്‍സ്ജെന്‍ഡര്‍ ബന്ധങ്ങളില്‍ ഒരാള്‍ സ്ത്രീയായും മറ്റൊരാള്‍ പുരുഷനായുമായാണ് ജീവിക്കുന്നത്. അപ്പോള്‍ സമൂഹം പ്രതീക്ഷിക്കുന്ന സ്ത്രീ പുരുഷ റോളുകളിലേക്കെത്താന് അവര്‍ ശ്രമിക്കുകയാണ്. നമ്മുടെ നാട്ടിലെ ട്രാന്‍സ്ജെന്റേഴ്സും അത്തരം ആണ്-പെണ് കല്പിത റോളുകളാണ് തിരഞ്ഞെടുക്കുന്നത്.അതിന്റെ ശരി തെറ്റുകളെ കുറിച്ച് പറയുന്നില്ല. ഞങ്ങളുടെ ജീവിതത്തില്‍ അതില്ല.
ചില സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് സ്ത്രൈണ ഭാവമുണ്ടെന്നതിന്റെ പേരില്‍ നിലവിലുള്ള സ്വവര്ഗ്ഗാനുരാഗികളെല്ലാം സ്ത്രൈണത പുലര്‍ത്തുന്നവരാണെന്ന തെറ്റിദ്ധാരണ സമൂഹത്തിന് ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ.എന്താണ് നിങ്ങള്‍ പൊതു സമൂഹത്തില്‍ നിന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍
സ്ത്രൈണ ഭാവമുള്ളവരാണ് സ്വവര്‍ഗ്ഗാനുരാഗികള്‍ എന്ന തെറ്റിദ്ധാരണ സമൂഹത്തിനുണ്ട്. സ്ട്രേറ്റ് ലോകത്തും പല തരത്തിലുള്ള ആളുകളുണ്ടല്ലോ. അതുപോലെ, ഗേ വിഭാഗത്തിലും വ്യത്യസ്തതകളുണ്ടാവും. പൗരുഷം ഉള്ളവരുണ്ട്. ശബ്ദത്തില്‍ സ്ത്രൈണത ഉള്ളവരുണ്ട്. പക്ഷെ ആത്യന്തികമായി ഗേസ് എല്ലാവരും പുരുഷന്മാരാണ്. വോയ്സില്‍ ഫെമിനിറ്റി ഉണ്ടെങ്കില്‍ പോലും പെണ്ണാണെന്ന് പറഞ്ഞ് കളിയാക്കാനുള്ള അവകാശം ആര്‍ക്കുമില്ല. അവന് ആണാണെന്ന് പറഞ്ഞാല്‍ ആണാണ്. ഗേസിന്റെ കൂട്ടമിരിക്കുമ്പോള് മൂന്ന് പേരുടെവോയ്സ് അല്ലെങ്കില്‍ നടക്കുന്ന രീതി ഫെമിനിന്‍ ആയിരിക്കും. നല്ല മസിലുള്ളവര്‍ വരെ ഉണ്ട്.
ഞങ്ങള്‍ ഇന്നും അഭിമുഖീകരിക്കുന്ന പ്രശ്നം സമൂഹം ഞങ്ങളെ അവരിലൊരാളായി കാണുന്നില്ല എന്നതാണ്. ഗേയാണെന്ന് പറയുമ്പോള്‍ ഞങ്ങളെ മാറ്റിനിര്‍ത്തുന്ന പ്രതീതി ഇപ്പേഴും അനുഭവിക്കുന്നുണ്ട്.
പൊതുവെ ബ്യൂട്ടീഷന് കോഴ്സ് നൃത്തം, മേക്കപ്പ് എന്നിവയാണ് ട്രാന്സ്ജെന്ഡറുകളില് പലരും തിരഞ്ഞെടുക്കുന്ന തൊഴിലായി പൊതുവെ കാണുന്നതും സിനിമകളും മറ്റും കാണിക്കുന്നതും. സ്വവര്‍ഗ്ഗാനുരാഗികളില്‍ അത്തരത്തില്‍ തൊഴില്‍പരമായി ഏതെങ്കിലും മേഖലയോട് താത്പര്യമുണ്ടോ
നികേഷ്- സ്വവര്‍ഗ്ഗാനുരാഗികള്‍ നമ്മുടെ കേരള പോലീസിലുണ്ട്. കളക്ടര്‍, ശാസ്ത്രജ്ഞര്‍. ഡോക്ടര്‍മാര്‍ അങ്ങനെ വിവിധ മേഖലകളിലുള്ളവരുണ്ട്. അധ്യാപകരിലുമുണ്ട്. സിംഗിളായി പുറത്ത് പറയാതെ ജീവിക്കയാണ് ഇവരില്‍ പലരും. മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ ഒരുപാടു പേരുണ്ട്. പക്ഷെ ആരും തുറന്നു പറയുന്നില്ല. മാത്രമല്ല കരിയറിനെ ബാധിക്കുമോ എന്ന ഭയമുണ്ട്. പോലീസ് എന്ന് പറയുമ്പോള്‍ കട്ടിമീശയുള്ള പൗരുഷമുള്ളവരാണെന്നാണല്ലോ പൊതുധാരണ. ഇവരും കട്ടി മീശയുള്ളവരാണെങ്കിലും തുറന്നു പറഞ്ഞാല്‍ റെസ്പക്ട് നഷ്ടപ്പെടുമോ എന്ന ഭയമുണ്ട് അവര്‍ക്ക്. ബഹുമാനവും ആദരവും ലഭിക്കുന്ന ജോലികളിലും സ്ഥാപനങ്ങളിലും എത്തുമ്പോള്‍ ഹോമോ ഐഡന്റിറ്റി പുറത്തു പറയണമെന്ന് പല മീറ്റിങ്ങുകളിലായി ഞാന്‍ ഇവരോട് പറയാറുണ്ട്. എന്നാലേ ഈ തെറ്റിദ്ധാരണകളെല്ലാം മാറൂ. വീട്ടുകാരെയും സമൂഹത്തെും അവര്‍ ഭയപ്പെടുന്നു. കരിയറും പോകുമോ, വില കുറയുമോ എന്ന പേടിയുമുണ്ട്.
ഇത്തരത്തില്‍ നല്ല പൊസിഷനിലുള്ളവര് സ്വത്വം വെളിപ്പെടുത്താത്തത് അച്ചില്‍ വാര്‍ക്കപ്പെട്ട ഒരേ തൊഴില്‍ ചെയ്യുന്നവരാണ് സ്വര്‍ഗ്ഗാനുരാഗികള്‍ എന്ന തെറ്റിദ്ധാരണയ്ക്ക് വലിയ മാറ്റം വരുത്തും.
സോനു- സിനിമകളില്‍ ഗേസിനെ മോശം കാരക്ടേഴ്സ് ആക്കിയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. കുറെ പേരുമായി സെക്സ് ചെയ്യുന്ന ആളുകളായി, കടന്നു പിടിക്കുന്നവരായി, കള്ളന്മാരായി അങ്ങനെയങ്ങനെ
മൂത്തോന് സിനിമ കണ്ടിരുന്നോ...എന്തുതോന്നുന്നു.
നികേഷ് - സ്വവര്‍ഗ്ഗ പ്രണയം മലയാളത്തില്‍ ഇത്രമനോഹരമായി കാണിച്ചിട്ടില്ല. മുമ്പ് കാണിച്ച സിനിമകളെല്ലാം നെഗറ്റീവ് റോളുകളായിരുന്നു. മൂത്തോനില്‍ പ്രണയം മാത്രമല്ല, പ്രണയിച്ച് ഒന്നാകാന്‍ പറ്റാതെ പോകുമ്പോഴുള്ള അവസ്ഥയും അവരനുഭവിക്കുന്ന സംഘര്‍ഷങ്ങളും നന്നായി കാണിച്ചു.
എന്താണ് നിങ്ങളുടെ ആവശ്യങ്ങള്‍
നികേഷ്- സെക്ഷന്‍ 377 ഡിക്രിമിനലൈസ് ചെയ്തത് 2018 സെപ്റ്റംബര്‍ 6-നാണ്. ആ വിധിയിലൂടെ സ്വാതന്ത്ര്യവും സന്തോഷവും എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് ലഭിച്ചു. അതേസമയം, ഞങ്ങളെ പോലുള്ളവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഇനിയുമായിട്ടില്ല. കുഞ്ഞിനെ ദത്തെടുക്കാനുള്ള അവകാശം ലഭിച്ചിട്ടില്ല. എവിടെയും അപ്ലിക്കേഷന്‍ ഫോം ഫില്‍ ചെയ്യുമ്പോള്‍ സിംഗിള്‍ എന്ന കോളത്തില്‍ ഫില്‍ ചെയ്യേണ്ടി വരുന്നു. കാരണം വിവാഹം ഇനിയും നിയമപരമാക്കിയിട്ടില്ല. ഇന്‍ഷുറന്‍സില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ പറ്റുന്നില്ല. എന്റെ സ്വത്തിന്റെ മുകളില്‍ എന്റെ പങ്കാളിക്ക് അവകാശം വരുന്നില്ല. വിവാഹം നിയമപരമാക്കിയാലേ ഇതെല്ലാം ശരിയാവൂ. അത് ലഭിച്ചാല്‍ ബാക്കി അവകാശങ്ങള്‍ പിറകേ ലഭിക്കും. അതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഞങ്ങള്ക്ക്് കുഞ്ഞിനെ ദത്തെടുക്കണമെന്നുണ്ട്. ഇന്‍ഷുറന്‍സില്‍ പങ്കാളിയായി സോനുവിനെ കാണിക്കണമെന്നുണ്ട്. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളാണ് തടഞ്ഞുവെച്ചിരിക്കുന്നത്. മാരേജ് ലീഗലാക്കുക എന്നുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കോടതിയില്‍ ഫൈറ്റ് ചെയ്യാനാണ് തീരുമാനം.
സോനു- സ്കൂളുകളുടെ സിലബസ്സിലും മെഡിക്കല്‍ സയന്‍സിലും എല്‍ജിബിടി വിഷയം ഉള്‍പ്പെടുത്തണം. സിലബസ്സില്‍ ഉള്‍പ്പെടുത്തിയാലേ ഇത്തരത്തില്‍ ഗേയും ലെസ്ബിയനുമെല്ലാമാവുന്നത് സ്വാഭാവികമാണെന്ന് കുട്ടികള്‍ തിരിച്ചറിയൂ. അതു സ്വയം തിരിച്ചറിയാന്‍ ഇവരെ സഹായിക്കും. മാത്രമല്ല ചികിത്സ കൊണ്ട് ഭേദമാക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവുമുണ്ടാക്കും.
കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞല്ലോ. എങ്ങനെ മുന്നോട്ടു പോവാനാണ് ഉദ്ദേശിക്കുന്നത്.
നികേഷ്- അച്ഛനോ അമ്മയോ ഉപേക്ഷിച്ച കുഞ്ഞിനെ ദത്തെടുക്കാനാണ് താത്പര്യപ്പെടുന്നത്. ഞങ്ങളുടെ രണ്ട് പേരുടെയും സ്നേഹം കൊടുത്ത് രണ്ടച്ഛന്മാരായി വളര്‍ത്തും.നിങ്ങള്‍ വളര്‍ത്തിയാല്‍ നിങ്ങളെപ്പോലാവില്ലേ കുട്ടികള്‍ എന്നാണ് പലരും ഇതോടു പ്രതികരിക്കുന്നത്. ഒരാളുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ ജന്മനാ കിട്ടുന്നതാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ അത് നിര്‍ണ്ണയിക്കപ്പെടുന്നു. എന്നാല്‍ നമ്മള് തിരിച്ചറിയുന്നത് കൗമാരപ്രായത്തിലാണെന്ന് മാത്രം.ഞങ്ങള്‍ എടുത്ത് വളര്‍ത്തിയെന്ന് കരുതി ആ കുഞ്ഞ് ഗേയാവില്ല. കുഞ്ഞിന് നല്കാന് പറ്റുന്ന നല്ല ലൈഫ് സ്റ്റൈല്‍ കൊടുത്ത് വളര്‍ത്തണമെന്നേ ആഗ്രഹമുളളൂ.നിങ്ങളുടെ മേല്‍ കുടുംബാംഗങ്ങള്‍ അടിച്ചേല്പിക്കാന് ശ്രമിച്ചപോലെ സെക്ഷ്വല്‍ ഐഡന്റിന്റ് ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളില്‍ അടിച്ചേല്പിക്കില്ല. അത് ആ കുഞ്ഞിന്റെ തീരുമാനമാണ്. നാട്ടുകാരയും വീട്ടുകാരെയും ഭയപ്പെട്ട് ആ ഐഡന്റിറ്റി വെളിപ്പെടുത്താതെ ജീവിക്കുന്ന അനേകം പേരുണ്ട് നമ്മുടെ സമൂഹത്തില്‍.
Published : Aug 23, 2019
content highlights: Gay Couple Sonu Nikesh Interview, Speaks about Cyber attack, Adoption