#ഫ്രാന്‍സിസ് നെറോണ

img

നെഹ്റു എന്ന പേര് യുവകേന്ദ്രത്തോടും ഗാന്ധിയെന്നത് സേവഗ്രാമത്തോടും ചേര്‍ത്ത് വായിച്ചു ശീലിച്ചുപേയ ജനതയാണ് മലയാളികള്‍. എന്തുകൊണ്ടോ യുവജനങ്ങളില്‍ ഒരിടമില്ലാതെ ഗാന്ധിജി അകന്നുമാറി നില്‍ക്കുന്നു. പ്രതിമയിലും ചിത്രത്തിലും സൂക്തങ്ങളിലും ഒരുങ്ങിയ രാഷ്ട്രപിതാവിനെ ഒക്ടോബര്‍ രണ്ടിലെ ജയന്തിദിനത്തില്‍ പോലും യുവാക്കള്‍ സ്മരിക്കുന്നുണ്ടോയെന്നത് ചിന്തിക്കേണ്ടതുണ്ട്. ' എന്റെ സത്യാനേഷ്വണ പരീക്ഷണങ്ങളുടെ' വായനയിലൂടെയാണ് ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് മഹാത്മജി കടന്നുവരുന്നത്. പിന്നീടത് ഒരാവര്‍ത്തിയെങ്കിലും വായിക്കപ്പെടാറുണ്ടോ?

സ്‌കൂള്‍ജീവിതത്തിലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സേവനവാര ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗാന്ധിജിയെ അറിഞ്ഞുതുടങ്ങുന്നത്. ത്യാഗം, സേവനം, പ്രാര്‍ത്ഥന, ആത്മസംയമനം, ഭക്തി, സത്യം, അഹിംസ, എന്നിവയെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള പുണ്യാത്മാവാണ് അദ്ദേഹം. പത്താം ക്ലാസ് കഴിഞ്ഞതോടെ ഗാന്ധിജിയെ ഓര്‍മിക്കുന്നതിനോ പിന്‍തുടരുന്നതിനോ സഹായകരമായ യാതൊന്നുമില്ലാതെ ശിഷ്ട വിദ്യാഭ്യാസകാലം കടന്നുപോയി. രഘുപതി രാഘവ രാജാ റാം എന്ന ഗാനത്തോടെ റേഡിയോയില്‍ തുടങ്ങുന്ന ഗാന്ധിയന്‍ ചിന്തകളിലേക്ക് വല്ലപ്പോഴുമെത്തും...

ഗാന്ധിയന്‍ ആശയങ്ങളുടെ കാതല്‍ സേവനമാണ്. ഈയടുത്തകാലത്തെ പ്രളയകാലം ഗാന്ധിയന്‍ മാര്‍ഗത്തെ അടയാളപ്പെടുത്തിയ ചെറുപ്പക്കാരുടെ ചരിത്രമായിരുന്നു. 'ഏതുദുരിതവും വിവേകമുള്ള മനുഷ്യനെ വിനയത്തിന്റെ തീരത്തെത്തിക്കും' എന്നു പറഞ്ഞത് ഗാന്ധിജിയാണ്. ദുരന്തമുഖം താണ്ടിയെത്തിവരെന്ന നിലയില്‍ വാക്കുകള്‍ ധ്യാനങ്ങളായി മാറുന്നുണ്ട്. 
 
'എന്റെ രാജ്യക്കാര്‍ എന്നുപറയുന്നത് എന്റെ ഏറ്റവും അടുത്ത അയല്‍ക്കാര്‍ തന്നെയാണ്. അവര്‍ നിസ്സഹായരും ദരിദ്രരും  നിഷ്‌ക്രിയരും ആയിരിക്കുമ്പോള്‍ ഞാന്‍ അവരെ സ്‌നേഹിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം'.  സാധാരണ മനുഷ്യനു വേണ്ടി സംസാരിക്കുകയും, അവന്റെ നിര്‍മ്മലതയെ സ്വപ്നം കാണുകയും ചെയ്ത യഥാര്‍ത്ഥത്തിലുള്ള ഗാന്ധിജിയെ നമുക്ക് നഷ്ടപ്പെട്ടു. വിസ്മരിക്കപ്പെട്ട ഇടങ്ങളില്‍നിന്ന് ഉയര്‍ത്തികാട്ടുന്ന രാഷ്ട്രപിതാവാകട്ടെ ഗാന്ധിയില്‍ നിന്ന് അകലെയുമാണ്. ഇടയ്ക്ക് മുടങ്ങുകയോ മാറ്റിവെക്കുകയോ ചെയ്ത സത്യാന്വേഷണ പരീക്ഷണങ്ങളുടെ വായന ഇനിയെന്നാണ് തുടരുക?

'യുവതയ്ക്ക് പ്രചോദനമാകുന്നതും ആ അര്‍ദ്ധനഗ്‌നനായ ഫക്കീറിന്റെ വാക്കുകള്‍ തന്നെ'

#പി.കെ. ഫിറോസ്

imgഗാന്ധിയെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ ' വായിക്കുമ്പോള്‍ മഹാത്മാവിന്റെ സത്യസന്ധതയും ആശയ തെളിമയുമാണ് മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് . അധികാരത്തിന്റെ ഇടനാഴികളില്‍നിന്ന്  അകലം പാലിച്ച് വിഭജനാനന്തര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ പോരാട്ടം തുടര്‍ന്ന മഹാത്മാവിനെ പിന്നീടുള്ള വായനയില്‍ നമുക്ക് കാണാനാവും. തന്റെ രക്തസാക്ഷിത്വം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയെഴുതിയ ഒരു നിസ്വാര്‍ത്ഥമതിയുടെ സ്വന്തം ആദര്‍ശങ്ങളോടുള്ള ആത്മസമര്‍പ്പണമാണ് ആ വ്യക്തിത്വത്തിലേക്കു ഏവരെയും ആകര്‍ഷിച്ചു നിര്‍ത്തുന്നത്.

വെറുപ്പിന്റെ വിത്ത് വിതച്ചു അന്യവത്കരണത്തിന്റെ സാധ്യത തേടുന്ന ഒരു ഭരണകൂടത്തിന്റെ കുടിലതയെ വിമര്‍ശിക്കേണ്ടി വരുമ്പോഴാണ് പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി മരണം വരെ ഉപവാസം പ്രഖ്യാപിച്ച ആ മനുഷ്യന്‍ അവശേഷിപ്പിച്ചു പോയ ശൂന്യത മനസിലാകുന്നത്. 'ഞാന്‍ ഉപവസിക്കുന്നത് ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കും പാകിസ്താനിലെ ഹിന്ദുക്കള്‍ക്കും വേണ്ടിയാണ്. സ്വാഭാവികമായും അത് ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും എതിരെയും പാകിസ്ഥാനിലെ മുസ്ലീംങ്ങള്‍ക്ക് എതിരെയും ആകും' എന്ന വാക്കുകള്‍ ന്യൂനപക്ഷ പ്രീണനമായി മാത്രം മനസിലാക്കിയവരുടെ മതാന്ധതക്ക് ഗാന്ധി വില കൊടുത്തത് സ്വന്തം ജീവനാണ്. ഹിന്ദു മുസ്ലിം മൈത്രിക്ക് ഒരു ആയുസ്സു തന്നെ ഹോമിച്ചയാളുടെ ജീവനാണ് ഹിന്ദു വര്‍ഗ്ഗീയവാദിയുടെ കൈകളാല്‍ നഷ്ടമായത്.

''മതത്തിന്റെ പേരില്‍ കെട്ടഴിച്ചു വിട്ട വന്യമൃഗങ്ങളെ മെരുക്കിയില്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെട്ട് നേടിയ സ്വാതന്ത്ര്യത്തെ അവ ഇല്ലാതാക്കും' എന്ന ഗാന്ധിയുടെ മുന്നറിയിപ്പ് ഇന്ത്യന്‍ സാമൂഹിക, രാഷ്ട്രീയാവസ്ഥ ഏറ്റവും സൂക്ഷ്മമായി മനസിലാക്കിയ ഒരാള്‍ക്കു മാത്രം നല്‍കാന്‍ കഴിയുന്നതായിരുന്നു. ജുനൈദിന്റെയും അഖ്‌ലാഖിന്റെയും പെഹ്ലുഖാന്റെയും രക്തം ഉണങ്ങാത്ത മണ്ണില്‍ കുറ്റബോധത്തോടെ ചുവടു വെക്കുന്ന ഓരോ ഇന്ത്യക്കാരനും ഒട്ടൊരു അത്ഭുതത്തോടെ തന്നെ ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണത്തെ, പ്രവചനാത്മകതയെ വണങ്ങിപ്പോകും. 1947ല്‍ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി മീറ്റിംഗില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ വരികള്‍ എടുത്താല്‍ ' ഇന്ത്യയില്‍ ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട്, ഒരു മുസ്ലിമിന് സുരക്ഷിതമായി താമസിക്കാന്‍ കഴിയാത്തതായി. അതേ സമയം ഇന്ത്യ മുഴുവന്‍ അങ്ങനെ ഒരു അവസ്ഥ നിലനില്‍ക്കുന്നു എന്ന് പറയാനും കഴിയില്ല. 

ഗാന്ധിയില്‍നിന്ന് സ്വീകരിക്കാന്‍ ആഗ്രഹിച്ചത് ലളിതജീവിതം

#ജിന്‍സണ്‍ ജോണ്‍സണ്‍

imgമഹാത്മജിയുടെ ജീവിതരീതി തന്നെയാണ് ഏറ്റവും പ്രധാനം. എങ്ങനെ ലളിതമായി ജീവിക്കാം എന്നതിന് ഇതിനപ്പുറമുള്ള മാതൃകയില്ല.  വസ്ത്രധാരണത്തിലായാലും, കഠിനാധ്വാനത്തിലായാലും മറ്റെന്തും കാര്യത്തിലായാലും ഗാന്ധിയെ നമുക്ക് ജീവിതത്തിലേക്ക് പകര്‍ത്താനാവും. മനുഷ്യന്‍ എന്താണെും അവന്റെ ജീവിതം എങ്ങനെയാണെും ഗാന്ധിക്ക് നന്നായി അറിയാമായിരുന്നു. 

ലളിത ജീവിതം എന്നത് തന്നെയാണ് ഗാന്ധിയില്‍ നിന്ന് സ്വീകരിക്കാന്‍ ആഗ്രഹിച്ച കാര്യം. ഒപ്പം കഠിനാധ്വാനം ചെയ്താല്‍ എന്തും നേടിയെടുക്കാം എന്നതിന്റെ ഉദാഹാരണമാണ് ഗാന്ധിയും അദ്ദേഹത്തിന്റെ ജീവിതവും.

 

ഗാന്ധിസം ഒരു മതമായിരുന്നെങ്കില്‍

#വിനോയ് തോമസ്

imgഅപൂര്‍വ്വ വ്യക്തിത്വമുള്ള ചില മനുഷ്യര്‍ ഭൂമിയില്‍ നിന്നു മറഞ്ഞതിനു ശേഷം എത്ര കാലം കഴിഞ്ഞാലാണ് അവരുടെ പേരില്‍ മതമുണ്ടാകുന്നതെന്ന് കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. ഏതായാലും അത് എഴുപതു വര്‍ഷമല്ല. ചുമ്മാ എനിക്കു തോന്നുന്നത് അത്തരം വ്യക്തികളുടെ മനുഷ്യത്വത്തേക്കുറിച്ച്
ഓര്‍മ്മകളുള്ള എല്ലാവരും ഇല്ലാതായിക്കഴിഞ്ഞാവും മതങ്ങളുടെ സാധ്യതകള്‍ ആരംഭിക്കുന്നത് എന്നാണ്. അങ്ങനെയാണെങ്കില്‍ ഗാന്ധിസത്തെ ഒരു മതമാക്കി മാറ്റാന്‍ ഇനിയും അവസരമുണ്ട്.

പാലിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ആചാരങ്ങളായിരിക്കില്ലേ ഗാന്ധിമതത്തിന്റേതെന്നു ചിലര്‍ക്കു സംശയമുണ്ടാകാം. ഒന്നുമല്ല, മതത്തിന്റെ പേരിലാകുമ്പോള്‍ അതും അതിനപ്പുറത്തേതും സഹിക്കാന്‍ നമ്മള്‍ തയ്യാറാണ്. മാത്രമല്ല ആചരിക്കുന്നു എന്നത് പുരോഹിതന്‍മാരെ ബോധ്യപ്പെടുത്തിയാല്‍
മാത്രം മതിയല്ലോ.

ഇപ്പോഴുള്ള ഏതെങ്കിലും മതക്കാരന്‍ ഗാന്ധിജിയെ അടിച്ചുമാറ്റി തങ്ങളുടേതാക്കി പുതിയ മതമുണ്ടാക്കുമോ എന്നതാണു മറ്റൊരു സംശയം. അതങ്ങനെയേ വരൂ. നിലവിലുണ്ടായിരുന്ന ഏതെങ്കിലും ഒരു മതത്തോടു ബുദ്ധിമാനും നല്ല സംഘാടകനുമായ ഒരാള്‍ക്കു കൊതിക്കെറുവു തോന്നിയപ്പോള്‍ ആരെങ്കിലും ഒരാളെ പിടിച്ചു ദൈവികത്വം കൊടുത്താണു ലോകത്തു പുതിയ മതങ്ങള്‍ ഉണ്ടാക്കിയത്. അതുപോലെ ഒരു ബുദ്ധിമാന്‍ ഏതു മതത്തില്‍ നിന്നുണ്ടായാലും അയാള്‍ക്കു ഗാന്ധിജിയെ ഉപയോഗിക്കാം.

ഇങ്ങനെ ഗാന്ധിസം ഒരു മതമായി മാറിയില്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ അല്ലെങ്കില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ ഗാന്ധി എന്നൊരാള്‍ ഓര്‍മ്മിക്കപ്പെടുമോ എന്നതാണ് എന്റെ ഒരു സംശയം. അവിടെയാണ് കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ മഹാവ്യക്തിത്വങ്ങളെ താരതമ്യപ്പെടുത്തേണ്ടി വരുന്നത്.

മതവും രാഷ്ട്രീയവും ലോകചരിത്രത്തില്‍ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണല്ലോ. ഈ രണ്ടു മേഖലകളില്‍ നിന്നും കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ മഹാത്മാക്കളില്‍ എത്രപേര്‍ ഇപ്പോള്‍ ഗുണാത്മകമായി ഓര്‍മ്മിക്കപ്പെടുന്നു? ചുരുക്കം ചിലരേ ഉള്ളൂ. അവരില്‍ ഒന്നാമതായി എന്റെ മുന്‍പിലേക്കു വരുന്ന മുഖം ഗാന്ധിജിയുടേതു തന്നെയാണ് എന്നത് എന്റെ പരിചയക്കുറവുകൊണ്ടോ ഗാന്ധിജിയോടുള്ള സ്‌നേഹം കൊണ്ടോ ആണെങ്കില്‍ ക്ഷമിക്കണം.

എന്തായാലും ഇരുപതാം നൂറ്റാണ്ടിലെ ലോകനേതാക്കളില്‍ സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞാലും ഓര്‍മ്മിക്കപ്പെടുന്നയാള്‍ ഗാന്ധിജിയാകട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുകയാണ്. അത് ഒരു മതത്തിന്റെയും ദൈവമല്ലാത്ത അവസ്ഥയിലാകട്ടെ എന്നും.
നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കും ഈ ലോകം സ്വച്ഛമായും ലളിതമായും അക്രമരഹിതമായും സുന്ദരമായും നിലനിര്‍ത്തും വിധമുള്ള മറ്റൊരു പുരോഗമനാശയവും ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയം നല്‍കിയിട്ടില്ല എന്നതുതന്നെയാണ്. 

ഈ ക്ഷമ തന്നെയാണ് ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുന്നത്

#വി. നീന

ഇന്ത്യയുടെ പതാകയും പിടിച്ച് മത്സരങ്ങളിലൊക്കെ ഞാനുള്‍പ്പെടെയുള്ള ആളുകള്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കിയത് ഗാന്ധിയാണ്. ജീവിതത്തില്‍ കാര്യങ്ങള്‍ ക്ഷമയോടെ നേരിട്ടാല്‍ വിജയിക്കാം എന്നത് അദ്ദേഹം പഠിപ്പിച്ച് തന്നതാണ്. ക്ഷമയും അഹിംസയിലൂടെയും എന്തും കീഴടക്കാനാവുമെന്നത് നമുക്ക് സ്വാതന്ത്ര്യം നേടിത്തരുമ്പോള്‍ ലോകത്തിന് കാണിച്ച് കൊടുത്തതാണ്. ജീവിതത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ നേടുമ്പോള്‍ ഈ ക്ഷമ തന്നെയാണ് ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുന്നത്.