കോഴിക്കോട്: ഗാന്ധിജിയുടെ ചിതാഭസ്മ പ്രതിഷ്ടയില്‍ എന്നും തിരിതെളിയിച്ചാണ് എരഞ്ഞിപ്പാലം വി.ആര്‍ നായനാര്‍ ബാലികാസദനത്തിന്റെ ഓരോ ദിവസവും ആരംഭിക്കുന്നത്. മലബാറിലെ പ്രധാന സാമൂഹ്യപ്രവര്‍ത്തകനും സ്വാതന്ത്രസമര സേനാനിയുമായിരുന്ന വി.ആര്‍ നായനാരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി ഇവിടെ സംഭവിച്ച ചിതാഭസ്മ പ്രതിഷ്ട ഇന്നും ദീപ്തസ്മരണകളോടെ നിറഞ്ഞ് പ്രകാശിക്കുന്നു. 

നായനാര്‍ ബാലികാസദനത്തില്‍ ഗാന്ധിജിയുടെ ചിതാഭസ്മ പ്രതിഷ്ഠ നടന്നതിന് പിന്നില്‍ ആര്‍ക്കും അത്ര അറിയാത്ത ഒരു കഥയുണ്ട്. അത് ഇങ്ങനെയായിരുന്നു. വി.ആര്‍ നായനാരുടെ സമൂഹ്യസേവനത്തില്‍ ഏറെ തത്പരനായ ഗാന്ധിജി പണ്ട് അദ്ദേഹത്തിന് ഒരു വാക്ക് കൊടുത്തു. കേരളത്തിലെത്തുമ്പോള്‍ ബാലികാസദനം സന്ദര്‍ശിക്കാമെന്നും പറ്റുമെങ്കില്‍ ഒരു ദിവസമെങ്കിലും താമസിക്കാമെന്നും. അതിനായി വലിയ ഒരുക്കങ്ങളും ഇവിടെ നടന്നു. പക്ഷെ വി.ആര്‍ നായനാര്‍ക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിന് മുന്നെ ഗാന്ധിജി കൊല്ലപ്പെട്ടു. 

ഈ  സ്വപ്നത്തെക്കുറിച്ചറിഞ്ഞ കേ.കേളപ്പനാണ് ചിതാഭസ്മത്തില്‍ നിന്ന് കുറച്ചെടുത്ത് ബാലികാസദനത്തിലെ പാരിജാതത്തിന്‍ ചുവട്ടില്‍ പ്രതിഷ്ഠിച്ചത്. അന്നുമുതല്‍ ഈ ചിതാഭസ്മ പ്രതിഷ്ഠ പ്രകാശം  കെടാതെ കാത്ത് സൂക്ഷിച്ച് വരുന്നുണ്ട് ബാലികാസദനം അധികൃതര്‍. ഒരു പക്ഷെ ചരിത്രത്തില്‍ ഇടം നേടാതെ പോയ സംഭവം. 

കാലം മാറി ബാലികാസദനം ഇന്ന് ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന നിരവധി കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭയ കേന്ദ്രമാണ്. മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല ഇവരെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ കുട്ടികള്‍ക്കായി ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ബാലികാസദനം സൊസൈറ്റി അംഗം അഭിലാഷ് ശങ്കര്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

നിരവധി നിയമക്കുരുക്കില്‍ പെട്ട് ബാലികാസദനത്തിന്റെ പ്രവര്‍ത്തനം ഇടയ്ക്ക് നിലച്ചുപോയിരുന്നുവെങ്കിലും 2015-ല്‍ പ്രവര്‍ത്തനം ഊരാലുങ്കല്‍ സൊസൈറ്റി ഏറ്റെടുത്തതോടെയാണ് വീണ്ടും സജീവമായത്. 

ചിത്രങ്ങള്‍ വരച്ചും വസ്ത്രങ്ങള്‍ നെയ്തും ശില്‍പ്പങ്ങളുണ്ടാക്കിയും ഇവര്‍ ഇന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ഗാന്ധി പ്രതിമയില്‍ വിളക്ക് തെളിയിച്ച്  പ്രാര്‍ഥിച്ച് കൊണ്ട് ഓരോ ദിവസവും തുടങ്ങുന്ന ഇവര്‍ക്ക് ഗാന്ധി  മാഹാത്മാവ് മാത്രമല്ല. ഇവരുടെ ദൈവവും ശക്തിയുമാണ്.