ഇന്ത്യയിപ്പോള്‍ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണല്ലോ. ഗാന്ധിക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ...
നിശ്ചയമായും. കാരണം ഗാന്ധിയില്‍നിന്ന് നമുക്കിപ്പോഴും പലതും പഠിക്കാനുണ്ട്. ഒരുഭാഗത്ത് ഗാന്ധിയെപ്പറ്റി നിര്‍മിച്ചെടുത്ത വൈകാരികമായ വലിയ ആഖ്യാനങ്ങളുണ്ട്. ഒരുദാഹരണം ഉപ്പുസത്യാഗ്രഹം. അദ്ദേഹം ദണ്ഡി കടപ്പുറംവരെ നടന്നുചെന്ന് ഉപ്പുകുറുക്കി. പെട്ടെന്നെടുത്ത ബുദ്ധിപരമായ തീരുമാനമായിരുന്നു ആ ധാര്‍മികമായ ഇടപെടല്‍ എന്നാണ് ചിത്രീകരിക്കപ്പെട്ടതെങ്കിലും യഥാര്‍ഥത്തില്‍ അതൊരു കൃത്യമായി തയ്യാറാക്കിയ ഗംഭീരമായ ആശയസംവേദന മാര്‍ഗവും കൃത്യതയോടെയും ശ്രദ്ധയോടെയും തയ്യാറാക്കിയ പദ്ധതിയും കൂടിയായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍തന്നെ തെറ്റായ ഉപ്പുനിയമങ്ങള്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധയിലുണ്ടായിരുന്നിട്ടും 1930-ല്‍ ഗാന്ധി അതേറ്റെടുത്തപ്പോള്‍ എങ്ങനെ വലിയ ഉത്തേജനമായി? ഗാന്ധി എങ്ങനെ ആ വിഷയത്തെ കൈകാര്യംചെയ്തു എന്നതാണ് പ്രധാനം. ഉപ്പുനിയമം ലംഘിക്കുന്നതിനുമുമ്പ് ഈ മുന്നേറ്റത്തെ ഏകോപിപ്പിക്കുന്നതിലും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതിലും ആഴ്ചകളോളം നടന്നുകൊണ്ട് സമരാനുകൂലികളുടെ ആവേശം നിലനിര്‍ത്തുന്നതിലും അദ്ദേഹം പുലര്‍ത്തിയ ശ്രദ്ധ ഈ ഉത്തേജനത്തിന് കാരണമായി. ഒരര്‍ഥത്തില്‍ മാധ്യമക്കണ്ണുകളിലൂടെ വികസിപ്പിച്ചെടുത്ത ഒരു രാഷ്ട്രീയ അരങ്ങായിരുന്നു അത്.
ജാതി, മതം, ഭാഷ തുടങ്ങി പലതലത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു രാജ്യത്തുനടന്ന ഈ വലിയ സമരം ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധതന്നെ പിടിച്ചെടുത്തു. ഗാന്ധി ടൈം മാഗസിന്റെ 'മാന്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു. നിയമലംഘനം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം; പ്രാഥമിക ഉപഭോഗവസ്തുവായ ഉപ്പിന്റെ കാര്യത്തില്‍പ്പോലും ബ്രട്ടീഷുകാര്‍ എത്ര അധാര്‍മികമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക കൂടിയായിരുന്നു. നിലവിലുണ്ടായിരുന്ന മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിച്ച് നിരക്ഷരകോടികളെ ഉണര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. അതൊരു ശ്രദ്ധേയമായ നീക്കംതന്നെയായിരുന്നു. ആ തലത്തില്‍ രാഷ്ട്രീയസംവേദനത്തിന്റെ ഒരു ഗൈഡ് ബുക്കാണ് ഗാന്ധി.
ശക്തമായ ഒരു വൈകാരിക പ്രതീകം എന്നതിലുപരി ഇരുപതാം നൂറ്റാണ്ടുകണ്ട കുശാഗ്രബുദ്ധിയായ, അതിസമര്‍ഥനായ, കാര്യപ്രാപ്തിയുള്ള ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവുകൂടിയാണ് ഗാന്ധി. വിശുദ്ധനായ ഒരാളെന്നനിലയില്ല ഞാനദ്ദേഹത്തെ കാണുന്നത്, വിശുദ്ധനെന്ന് സംവേദിക്കപ്പെട്ടാല് ഉണ്ടാകാവുന്ന ഗുണങ്ങളെപ്പറ്റി ബോധ്യമുണ്ടായിരുന്ന സൂക്ഷ്മദൃക്കായ നേതാവായിരുന്നു അദ്ദേഹം. ബൗദ്ധികമായി നോക്കുമ്പോള്‍ അദ്ദേഹം ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ചിന്തകനായിരുന്നില്ല. അത് നിസ്സംശയം ബി.ആര്. അംബേദ്കര്‍ തന്നെയായിരുന്നു.
ഗാന്ധിയെപ്പറ്റി സംസാരിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനിപ്പോള്‍ എതിരാളികളേയില്ല. അടുത്തകാലത്തായി ആ കാലഘട്ടത്തിലെ മറ്റെല്ലാ നേതാക്കളും ചോദ്യംചെയ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ കൊലയ്ക്ക് കാരണമായവര്പോലും ഗാന്ധിയന്‍ പൈതൃകത്തെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഈ വൈരുധ്യത്തെ എങ്ങനെ വിശദീകരിക്കാം...
സ്ത്രീപുരുഷ ഭേദമന്യേ എല്ലാ മഹദ്വ്യക്തികള്‍ക്കും ഇത് സംഭവിക്കാറുണ്ട്. ഗാന്ധി നമ്മുടെ കറന്സിയിലുണ്ട്. വിദേശത്തെ വി.ഐ.പി. അതിഥികള്‍ വരുമ്പോള്‍ അവരെ നമ്മള് ഗാന്ധിസമാധിയിലും ആശ്രമത്തിലും എത്തിക്കുന്നു. പ്രസംഗങ്ങളില്‍ ഗാന്ധിയെ ഉദ്ധരിക്കുന്നു. അല്ലാതെ അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരാന് ആരും തയ്യാറായില്ല; അദ്ദേഹത്തിന്റെ നേരിട്ടുള്ള പിന്തുടര്ച്ചക്കാരനായ നെഹ്രു ഉൾപ്പടെ. ഗാന്ധിയുടെ അവസാനകാലമായപ്പോഴേക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിതന്നെ അദ്ദേഹത്തെ ഒരു ധാര്മികശക്തിയായിമാത്രം കണ്ടുതുടങ്ങി. അധികാരവും സംവിധാനങ്ങളും കൈയിലെത്തിയപ്പോഴേക്കും ഇന്ത്യക്കാര്‍ ഗാന്ധിയെ മറക്കാന്‍ ഇഷ്ടപ്പെട്ടു. ഞാനെന്റെ പുതിയ പുസ്തകമായ The Courtesan, the Mahatma and the Italian Brahmin: Tales from Indian-യിലെ 'What if Gandhi had Lived' എന്ന ലേഖനത്തില്‍ എഴുതിയതുപോലെ 1948-നുശേഷവും അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ തന്റെകൂടി കൂട്ടായ ശ്രമത്തോടെ സൃഷ്ടിക്കപ്പെട്ട രാഷ്ട്രത്തിന്റെ നിലവിലെ അവസ്ഥകണ്ട് നിരാശനായേനെ.
ബ്രട്ടീഷുകാര്‍ മുമ്പ് ചെയ്തതുപോലെ പുതിയ ഭരണാധികാരികളും അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയോ അദ്ദേഹത്തോട് മോശമായി പെരുമാറുകയോ ചെയ്തേനെ. സ്വാതന്ത്ര്യത്തിനുശേഷവും ജനാധിപത്യവിരുദ്ധമായ പഴയ നിയമങ്ങള്‍ നമ്മള് പൊളിച്ചുകളഞ്ഞില്ല. വെളുത്തക്ലാസിനു (White class) പകരം തവിട്ടുക്ലാസ് (Brownclass) ഭരണത്തിലായിട്ടും അധികാരത്തിന്റെ പഴയ ഉപകരണങ്ങള്‍ നിലനിര്‍ത്തി. ഗാന്ധി ഇതൊരിക്കലും അംഗീകരിക്കുമായിരുന്നില്ല.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു യുവ ചരിത്രകാരന് എന്നനിലയില്‍, ഗാന്ധിയുടെ കാലാതീതമായ സംഭാവനയായി താങ്കള്‍ കരുതുന്നതെന്തൊക്കെയാണ്
എല്ലാറ്റിനുമുപരി അസാധാരണമായ ഒരു കൂട്ടിച്ചേര്‍ക്കല്‍ ശക്തിയായി നമുക്കിടയില്‍ അദ്ദേഹം നിലകൊണ്ടു എന്നാണ് ഞാന്‍ കരുതുന്നത്. നേരത്തേ സൂചിപ്പിച്ചതുപോലെ ആശയ വിനിമയത്തിന് പരിമിതമായ സംവിധാനങ്ങള്‍ മാത്രമുണ്ടായിരുന്ന ഒരു കാലത്ത്, ദേശീയോദ്ഗ്രഥനം ചിന്തയില്‍പ്പോലും ഇല്ലാതിരുന്ന, പ്രാദേശികമായ തനതു സംസ്കാരങ്ങളിലൂന്നി തികച്ചും പ്രാദേശികമായി ജീവിച്ചിരുന്ന ഒരു ജനതയ്ക്കുമേല്‍ വലിയൊരു ധാര്മികസ്വാധീനമായി നിലകൊണ്ട്, ഗാന്ധി അവരെ ഏകോപിപ്പിച്ചു. കുറവുകള്‍ പലതുണ്ടെങ്കിലും അദ്ദേഹം അസാധാരണ നേതാവായിരുന്നു.
ഗാന്ധിയുടെ നിലനില്‍ക്കുന്ന വലിയ സംഭാവനയായി ഞാന്‍ കരുതുന്നത്, നെല്ലും പതിരും തിരിച്ചറിയാന്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മളെ ഇപ്പോഴും സഹായിക്കുന്നു എന്നതാണ്. ആ വാക്കുകള്‍ പ്രസംഗങ്ങളില്‍ നിറയ്ക്കുന്നവരെയും അത് ഗൗരവമായി കണക്കാക്കി പ്രവര്‍ത്തിക്കുന്നവരെയും തമ്മില്‍ തിരിച്ചറിയാന്‍ അവ വഴിയൊരുക്കുന്നു. അദ്ദേഹം ഉദ്ദേശിച്ചിരിക്കാനിടയില്ലെങ്കിലും മനുഷ്യരുടെ യഥാര്‍ഥ മുഖം കാണിച്ചുതരുന്ന ഒരു കണ്ണാടിയായി അത് വര്‍ത്തിക്കുന്നു. അസത്യത്തിന്റെ കാലത്ത് സത്യത്തിന്റെ ധാര്മികശക്തിയെപ്പറ്റി ഗാന്ധി നമ്മെ ഓര്മിപ്പിച്ചുകെണ്ടേയിരിക്കുന്നു.
സ്വാതന്ത്ര്യം, ബഹുസ്വരത, മതേതരത്വം, സമത്വം, അക്രമരാഹിത്യം തുടങ്ങി ഗാന്ധി നെഞ്ചോട് ചേര്‍ത്തുപിടിച്ച പല ആശയങ്ങളും ഇന്നിപ്പോള്‍ വലിയ വെല്ലുവിളി നേരിടുകയാണ്. താങ്കള്‍ക്ക് എന്തുതോന്നുന്നു..
പൊതുവേ ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്. ഇന്ത്യ വലിയൊരു രാജ്യമാണ്. ഏതെങ്കിലും ഒരു ഭാഗം കലങ്ങിമറിയുമ്പോഴും ശാന്തമായ മറ്റൊരു ഭാഗംകൂടിയുള്ള ഒരു രാജ്യം. ഒരു ഭാഗത്ത് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരെ വിവാഹം ചെയ്തതിന് ദളിതര്‍ ചുട്ടുകൊല്ലപ്പെടുന്നു. അതേ ഇന്ത്യയില്‍ LGBT വിഭാഗത്തില്‍പ്പെട്ടവരുടെ അസ്തിത്വം ഉറപ്പാക്കപ്പെടുന്നു. ഇതിനിടയിലും അപകടങ്ങള്‍ പലതും കാണാനുണ്ട്. അതെപ്പറ്റിയും നമ്മള് ചിന്തിക്കേണ്ടതുണ്ട്. പല തലത്തിലും ഇടുങ്ങിയ മനഃസ്ഥിതിവെച്ചുപുലര്ത്തുന്ന ഒരു രാജ്യമാണെങ്കിലും വിശാലമായ, പുരോഗമനസ്വഭാവമുള്ള ഒരു സ്വതന്ത്ര ഭരണഘടന നമുക്കുണ്ട്.
തിരഞ്ഞെടുപ്പുകള്‍ മാത്രം കണക്കിലെടുക്കുമ്പോള്‍ ഇതുവരെ നമ്മള് ജനാധിപത്യം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, വ്യക്തിസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു ലിബറല്‍ ജനാധിപത്യം നിലവില്‍വരുമോ എന്ന ചോദ്യം ബാക്കിനില്ക്കുന്നു. എന്നാലും ശുഭാപ്തിവിശ്വാസം നഷ്ടപ്പെടേണ്ടതില്ല എന്നുതന്നെ ഞാന്‍ കരുതുന്നു. എഴുത്തിലൂടെയും കലാപ്രവര്‍ത്തനത്തിലൂടെയും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന പലരെക്കുറിച്ചും നമ്മള് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെയും അവരുടെ പ്രവര്‍ത്തനങ്ങളിലൂടെയും അറിയുന്നുണ്ട്. കേരളം ഒരു മികച്ച മാതൃകയാണ്. ഇവിടെ നിരന്തരം ശക്തമായ സംവാദങ്ങള്‍ നടക്കുന്നുണ്ട്. മികച്ച ബുദ്ധിജീവികള്‍ രംഗത്തുണ്ട്. ഭീഷണിക്ക് കീഴടങ്ങാത്ത ഒരു പൊതുസമൂഹം ഇവിടെ നിലനില്ക്കുന്നു.
വര്‍ത്തമാനകാല ഇന്ത്യയ്ക്ക് ഗാന്ധിയില്‍നിന്ന് എന്തെങ്കിലും ഉള്‍ക്കൊള്ളാനുണ്ടെന്ന് മനു കരുതുന്നുണ്ടോ
നിരന്തരം മുന്നേറാനുള്ള സന്നദ്ധത. അതാണ് ഗാന്ധിയുടെ ശക്തി. അതാണ് ഇപ്പോഴത്തെ പ്രതിപക്ഷ കക്ഷികള്‍ ഉള്‍ക്കൊള്ളേണ്ടത്. സാമൂഹിക മാധ്യമങ്ങളുടെ കാലത്താണ് നമ്മള് ജീവിക്കുന്നത്. ശ്രമിച്ചാല്‍ സ്മാര്‍ട്ട് ഫോണുള്ള ഓരോ യുവതി/യുവാക്കളിലേക്കും നിങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയും. നിങ്ങളുടെ ആശയങ്ങളെ കൃത്യമായും വ്യക്തമായും അവരിലേക്കെത്തിക്കുക. പറയുന്ന കാര്യങ്ങളോട് ചേര്ന്നുനില്ക്കുകയും ചെയ്യണം. ഇന്നലെകളിലെ തെറ്റുകളെ അന്തസ്സോടെ ഏറ്റുപറയുക.
രാഷ്ട്രീയവും ജനാധിപത്യവും എല്ലായ്പ്പോഴും നീണ്ടപോരാട്ടമാണ്. പതിറ്റാണ്ടുകള്‍ കൊണ്ടാണ് ലക്ഷ്യംവെച്ച പലതും ഗാന്ധി നേടിയെടുത്തത്. സാഹചര്യങ്ങള്‍ പലപ്പോഴും എതിരായിരുന്നു. ചിലപ്പോള്‍ അനുകൂലവും. അദ്ദേഹത്തിന്റെ മനസ്സിനുപോലും ചാഞ്ചാട്ടമുണ്ടായിട്ടുണ്ട്. എന്നാലും അദ്ദേഹം മുന്നേറി. നിശ്ചയദാര്‍ഢ്യവും ക്ഷമയും അക്ഷീണ കര്‍മശേഷിയും വിജയംകാണാന്‍ അദ്ദേഹത്തെ സഹായിച്ചു. അക്ഷമരായ ഒരു തലമുറയാണ് നമ്മുടേത്. എന്നാല്‍, ക്ഷമയുടെ ഗാന്ധിയന്‍ മാതൃക നമുക്ക് കൈയെത്തും ദൂരത്തുണ്ട്. മറ്റാരുടെയും താളത്തിന് തുള്ളാതെ ചിന്തിച്ചുകൊണ്ട് അടിമുടി മാറാന്ശ്രമിക്കുക.
രാഷ്ട്രീയനേതാവ് എന്നനിലയില്‍ ഗാന്ധിയെ എങ്ങനെ വിലയിരുത്തുന്നു? അദ്ദേഹം ഒരു വിജയിച്ച നേതാവായിരുന്നോ
ആ തലമുറയിലെ ഏറ്റവും വിജയംകണ്ട രാഷ്ട്രീയനേതാവ് ഗാന്ധിതന്നെയായിരുന്നു. കൃത്യമായി രാഷ്ട്രീയപ്രവര്ത്തനത്തിലേര്പ്പെടാനും അതേസമയം ഒരു മഹാത്മാവാണെന്ന ബോധ്യത്തോടെ ജനങ്ങളോട് ഇടപെടാനും അദ്ദേഹത്തിനു സാധിച്ചു. ചുറ്റുമുണ്ടായിരുന്നവരെയെല്ലാം പലപ്പോഴും അദ്ദേഹം അസ്വസ്ഥരാക്കിയിട്ടുണ്ട്. അപ്പോഴും അവര്‍ക്കാര്‍ക്കും അദ്ദേഹത്തിന്റെ സഹായമില്ലാതെ മുന്നേറാന്‍ കഴിഞ്ഞതുമില്ല. വര്‍ഷങ്ങളോളം അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത വലിയൊരു സാന്നിധ്യമായിത്തന്നെ നിലകൊണ്ടു.
മെച്ചപ്പെട്ട ഒരു ഇന്ത്യന്‍ സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ ഇനിയങ്ങോട്ടും ഗാന്ധിയന്‍ ചിന്തകളെ ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുത്താനാവുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ
ആ ജീവിതത്തിലേക്കുനോക്കി അദ്ദേഹത്തിന്റെ വിജയവും പരാജയവും നമ്മള് മനസ്സിലാക്കേണ്ടതുണ്ട്. ആ വിജയത്തില്‍നിന്ന് പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള വഴികള്‍ നമ്മള്‍ക്ക് കണ്ടെത്താനാകും. ആ പരാജയങ്ങളില്‍നിന്ന് വീണ്ടും പരാജിതരാവാതിരിക്കാനുള്ള പാഠവും നമുക്ക് ഉള്‍ക്കൊള്ളാനാവും. പക്ഷേ, പ്രധാനമായും നമ്മുടെ കാപട്യങ്ങള്‍ക്കുനേരെ പിടിച്ച ഒരു കണ്ണാടിയാണ് ഗാന്ധി. തീര്‍ച്ചയായും അതൊരു പ്രയോജനമുള്ള കണ്ണാടിയാണ്.
അദ്ദേഹം മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന്റെ പരിമിതികള്‍ എന്തൊക്കെയായിരുന്നു? ഗാന്ധി വിമര്ശിക്കപ്പെടേണ്ടത് ഏതുതലത്തിലാണ്
രാഷ്ട്രീയ അസമത്വങ്ങളെ നേരിട്ട അതേ ശക്തിയോടെ സാമൂഹിക അസമത്വങ്ങളെ അദ്ദേഹം നേരിട്ടില്ല എന്ന് കാണാവുന്നതാണ്. വിദേശശക്തിയെ എതിര്‍ക്കുന്നതിനുവേണ്ടി ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കുകയും അതുമൂലം അദ്ദേഹത്തിന് നമ്മുടെ ഇടയിലെ പ്രതിസന്ധികളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാനാവാതെയും വന്നു. അംബേദ്കര്‍ ഇത് അക്കാലത്തുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ ഗാന്ധിയുടെ കണക്കുകൂട്ടല്‍ തെറ്റി.
ഉറപ്പായും ഒരാള്‍ക്കും എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരം തരാനാകില്ല. അതുകൊണ്ടുതന്നെ ഞാനൊരിക്കലും ഗാന്ധിയെ പൂര്‍ണമായും കുറ്റപ്പെടുത്തില്ല.
Content Highlights: Manu S Pillai Interview