Manu and Gandhijiമഹാത്മാഗാന്ധി തന്റെ ഊന്നുവടികള്‍ (walking sticks) എന്നായിരുന്നു മനു ഗാന്ധിയെയും ആഭയെയും വിളിച്ചിരുന്നത്. മഹാത്മാവിന്റെ അവസാനകാലങ്ങളില്‍ അദ്ദേഹത്തിന്റെഇരുവശത്തും അവര്‍ ഉണ്ടായിരുന്നു; അദ്ദേഹം വെടിയേറ്റുവീഴുമ്പോഴും. ഗാന്ധിയുടെ ബന്ധുകൂടിയായ മനു ഗാന്ധി എഴുതിയ പന്ത്രണ്ട് വാല്യങ്ങളുള്ളഡയറി ഇപ്പോഴും ഡല്‍ഹിയിലെ നാഷണല്‍ആര്‍ക്കൈവ്‌സിലുണ്ട്. അതില്‍ കുറച്ചുഭാഗങ്ങള്‍അടുത്തിടെ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. മനു ഗാന്ധിയുടെ ഈ ഡയറിക്കുറിപ്പുകളിലൂടെ കടന്നുപോവുമ്പോള്‍ ഗാന്ധി എന്ന മനുഷ്യന്റെയുംമഹാത്മാവിന്റെയും ഏറ്റവും അടുത്ത ചിത്രം ലഭിക്കുന്നു. അപൂര്‍വമായ ഒരു സമരകാലത്തിന്റെ നേരനുഭവങ്ങളില്‍ നാം ചെന്നുതൊടുന്നു

ഡോള്‍ഫ് ഹിറ്റ്‌ലറുടെ രഹസ്യപ്പോലീസിന്റെ കണ്ണില്‍പ്പെടാതെ, നെതര്‍ലന്‍ഡ്‌സിലെ ഒളിവിടത്തിലിരുന്ന്, പേടിച്ചുപേടിച്ച്, ആന്‍ഫ്രാങ്ക് എന്ന പതിനഞ്ച് വയസ്സുകാരി പെണ്‍കുട്ടി തന്റെ ഡയറിക്കുറിപ്പുകള്‍ എഴുതുമ്പോള്‍, ഭൂഗോളത്തിന്റെ മറുപാതിയില്‍, ഇന്ത്യയില്‍, അവളുടെ അതേ പ്രായത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയും ഡയറി എഴുതുന്നുണ്ടായിരുന്നു. അവളെഴുതിയ ഡയറിക്കുറിപ്പുകള്‍  ഇന്ത്യ കടന്നുപോന്ന ഒരു മഹത്തായ കാലഘട്ടത്തിന്റെ ആധികാരികമായ അക്ഷരരൂപമാണ്. ആ പെണ്‍കുട്ടിയുടെ പേര്: മൃദുല ഗാന്ധി. എല്ലാവരും അവരെ മനു ഗാന്ധി എന്ന് വിളിച്ചു.

പന്ത്രണ്ടാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട മനു വളരാന്‍ എത്തിപ്പെട്ടത് അച്ഛന്റെ മൂത്ത അമ്മാവനായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ വാര്‍ധ സേവാഗ്രാം ആശ്രമത്തിലായിരുന്നു. അവിടെ അവള്‍ സാമൂഹികസേവനങ്ങളിലേര്‍പ്പെട്ടും നൂല്‍നൂറ്റും പ്രാര്‍ഥിച്ചും പഠിച്ചും ലോകം മുഴുവന്‍ ആദരിക്കുന്ന ബാപ്പുവിനെയും കസ്തൂര്‍ബയെയും ശുശ്രൂഷിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പരശ്ശതം മനുഷ്യരോട് ഇടപഴകിയും വളര്‍ന്നു. പിന്നീട്, ഗാന്ധിക്കും സംഘത്തിനുമൊപ്പം നാഗ്പുരിലെയും പുണെയിലെ ആഗാഖാന്‍ കൊട്ടാരത്തിലെയും ജയിലുകളില്‍ തടവുകാരിയായി പാര്‍ത്തു. ജയിലില്‍വെച്ചുള്ള കസ്തൂര്‍ബാഗാന്ധിയുടെ മരണത്തിന് സാക്ഷിയായി. ജയിലിനുപുറത്ത് ബാപ്പുവിന്റെ യാത്രകളില്‍ അദ്ദേഹത്തിന്റെ ഊന്നുവടികളിലൊരാളായി; വര്‍ഗീയതയുടെയും കലാപത്തിന്റെയും തീയാളുന്ന നവഖാലിയിലെയും (ഇന്നത്തെ ബംഗ്ലാദേശില്‍) കൊല്‍ക്കത്തയിലെയും ഡല്‍ഹിയിലെയും നഗരങ്ങളിലും ചേരികളിലും ഉള്‍ഗ്രാമങ്ങളിലുമലഞ്ഞു. ബാപ്പുവിന്റെ ഉഗ്രമായ ഉപവാസങ്ങള്‍ക്ക് ചാരെ ഉരുകിയുരുകി കാവലിരുന്നു. 1948 ജനുവരി 30-ന് വൈകുന്നേരം ഡല്‍ഹിയിലെ ബിര്‍ലഹൗസിന്റെ പുല്‍പ്പരപ്പില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയുണ്ടകളേറ്റ് ബാപ്പു വീഴുന്നതിന് ഏറ്റവും അടുത്തുനിന്ന് സാക്ഷിയായി. വെടിയേറ്റുവീഴുമ്പോഴും ബാപ്പുവിന്റെ ചുണ്ടുകളില്‍ രാമനാമം ഉണ്ടായിരുന്നു എന്നവള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. അതുകൂടി ബാപ്പു അവളെ ഏല്‍പ്പിച്ച ജോലിയായിരുന്നു. ഒടുവില്‍, യമുനയുടെ തീരത്ത്, മഹാത്മാവിന്റെ ചിതയാറിക്കഴിഞ്ഞപ്പോള്‍, മനു അത്യപൂര്‍വമായ തന്റെ ഓര്‍മകളിലേക്കും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ജാഗരിതമായ ജീവിതത്തിലേക്കും മറഞ്ഞു...

ഡല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ച പന്ത്രണ്ട് വാല്യങ്ങളുള്ള മനു ഗാന്ധിയുടെ ഡയറിക്കുറിപ്പുകള്‍ ഗാന്ധി എന്ന മനുഷ്യനിലേക്കും മഹാത്മാവിലേക്കും വെച്ച മാഗ്നിഫയിങ് ഗ്ലാസാണ്; ഒരു കാലത്തിന്റെ സൂക്ഷ്മമായ കണ്ണാടിയും. ഈ ഡയറിക്കുറിപ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്നിലും പിന്നിലും ചരിത്രം മാന്ത്രികപ്പരവതാനി വിരിക്കുന്നു; അവിടെ വര്‍ത്തമാനകാലത്തിന് അന്യമായ ഒരു കാലഘട്ടവും ഉന്നതശീര്‍ഷരായ മനുഷ്യരും അവരുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം തെളിമയോടെ ഉയിര്‍ത്തെഴുനേറ്റുവരുന്നു.
 
ബാപ്പു പറഞ്ഞു: ഡയറി എഴുതൂ
 
ആശ്രമജീവിതവുമായി ഇണങ്ങിക്കഴിഞ്ഞപ്പോള്‍ ഗാന്ധിതന്നെയാണ് മനുവിനോട് നിത്യവും ഡയറി എഴുതാന്‍ നിര്‍ദേശിച്ചത്. അദ്ദേഹം പറഞ്ഞു: ''വിലമതിക്കാനാവാത്ത മൂല്യമാണ് ജീവിതത്തില്‍ ഡയറിക്ക് ഞാന്‍ നല്‍കുന്നത്. സത്യാന്വേഷണത്തിന് സമര്‍പ്പിക്കപ്പെട്ട ഒരാള്‍ക്ക് ഡയറി അവനവനിലേക്കുള്ള കാഴ്ചയാകുന്നു. അങ്ങനെയുള്ളൊരാള്‍ അതില്‍ സത്യം മാത്രമേ എഴുതൂ...'' ബാപ്പുവിന്റെ നിര്‍ദേശം ശിരസാവഹിച്ച് മനു 1943 ഏപ്രില്‍ 11 മുതല്‍ തന്റെ ഡയറിയെഴുത്ത് ആരംഭിച്ചു. മഹാത്മാഗാന്ധി എന്നാല്‍, പിഴയ്ക്കാത്ത സമയമാണ് എന്നും ആശ്രമത്തിന്റെയും ജയിലറകളുടെപോലും ഘടികാരസൂചി ഗാന്ധിയായിരുന്നു എന്നും മനുവിന്റെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു.
 
രാവിലെ 5.30-ന് പ്രഭാതപ്രാര്‍ഥനയോടെ ആരംഭിക്കുന്ന ഗാന്ധിയുടെ ഒരു ദിവസം രാത്രി ഒന്‍പതുമണിക്ക് അവസാനിക്കുന്നു. ഈ സമയത്തിനിടയില്‍ ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സങ്കീര്‍ണ സമസ്യകള്‍ മുതല്‍ പെണ്‍കുട്ടികളുടെ സാല്‍വാര്‍ കുര്‍ത്തയുടെ ചരട് മുറുക്കിക്കെട്ടിയാല്‍ ശരീരത്തിനുണ്ടാവുന്ന ദോഷം വരെയുള്ള വിഷയങ്ങളില്‍ ഇടപെടുന്നു; ബ്രിട്ടീഷ് വൈസ്രോയിയുമായും മുഹമ്മദലി ജിന്നയുമായും സംസാരിക്കുകയും പലപല എഴുത്തുകുത്തുകള്‍ നടത്തുകയും ചെയ്യുകമുതല്‍ ആശ്രമത്തിലുള്ള ഡോ. സുശീല നയ്യാരുടെ താരന്‍നിറഞ്ഞ തലമുടി വെട്ടിയൊതുക്കിക്കൊടുക്കുകവരെ ചെയ്യുന്നു. ഇവയെല്ലാം ചിട്ടയോടെയും ലളിതമായും മനു തന്റെ ഡയറിയില്‍ എഴുതിയിരിക്കുന്നു.
 
ആഗാഖാന്‍ കൊട്ടാരം ജയിലാക്കിമാറ്റി ഗാന്ധിയെയും കസ്തൂര്‍ബയെയും ബ്രിട്ടീഷ് ഭരണകൂടം അവിടെ അടച്ചപ്പോള്‍ മനുവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഡോ. സുശീല നയ്യാര്‍, മീരാബഹന്‍, പ്യാരേലാല്‍, ഡോ. ഗില്‍ഡര്‍ എന്നിവരായിരുന്നു ആ സംഘത്തിലെ മറ്റുള്ളവര്‍. നിമിഷംപ്രതി പാറാവുകാരാല്‍ നിരീക്ഷിക്കപ്പെടുന്ന ആ ജയിലില്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലത്തെ ഗാന്ധിയും സംഘവും മറ്റൊരു ലോകമാക്കിമാറ്റി. അവിടെ അവര്‍ പ്രാര്‍ഥിച്ചു, ഭക്ഷണം പാകംചെയ്തു, നൂല്‍നൂറ്റു, മൗനവ്രതം ആചരിച്ചു, ഉപവസിച്ചു, ഭജനുകള്‍ പാടി, ഷട്ടില്‍ ബാഡ്മിന്റണും റിങ്ങും  കാരംസും കളിച്ചു, ഉദ്യാനത്തിലൂടെ നടന്നു, വായിച്ചു, പഠിച്ചു.
 
മനു, ബാപ്പുവിന്റെയും കസ്തൂര്‍ബയുടെയും എല്ലാ കാര്യങ്ങളും നോക്കി. ബാപ്പു നിത്യവും അവളെ ഭഗവദ്ഗീതയും വ്യാകരണവും ഇംഗ്ലീഷും ഭൂമിശാസ്ത്രവും മാര്‍ഗോപദേശികയും പഠിപ്പിച്ചു. ഓരോ ദിവസവും അവള്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ വായിച്ച് സൂക്ഷ്മമായ തിരുത്തലുകള്‍ വരുത്തി. കസ്തൂര്‍ബയ്ക്ക്  അവള്‍ രാമായണവും ഭാഗവതവും വായിച്ചുകൊടുത്തു. ഒടുവില്‍ രാത്രി അവള്‍ കസ്തൂര്‍ബയോട് ചേര്‍ന്നുകിടന്നു. 1943 ഏപ്രില്‍ 21-ന്റെ ഡയറിയില്‍ മനു ഇങ്ങനെ എഴുതുന്നു:  'ബാ എന്നെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചു. എന്റെ അമ്മ മരിച്ചിട്ട് നാലുവര്‍ഷം കഴിഞ്ഞിരുന്നു. നാലുവര്‍ഷത്തിനുമുമ്പ് ഞാന്‍ എന്റെ അമ്മയുടെ അടുത്താണ് കിടന്നിരുന്നത്. അമ്മ എന്നെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ച് ഉറക്കും. നാലുവര്‍ഷത്തിനുശേഷം ബാ എന്റെ അമ്മയെപ്പോലെ എന്നെ ചേര്‍ത്തുകിടത്തി ഉറക്കിയപ്പോള്‍ അതെല്ലാം ഞാന്‍ ഓര്‍ത്തുപോയി. സ്നേഹത്തോടെ അവര്‍ തൊട്ടപ്പോള്‍ എന്നില്‍ ആനന്ദം നിറഞ്ഞു. എന്റെ അമ്മയെക്കുറിച്ചുള്ള മങ്ങിത്തുടങ്ങിയ ഓര്‍മകളെ അവ തിരിച്ചുകൊണ്ടുവന്നു. ഞാന്‍ കരഞ്ഞു. ഇന്ന് എന്റെ അമ്മയുടെ താലോലം ഞാന്‍ വീണ്ടും അനുഭവിച്ചു'.
 
കടുത്ത ഹൃദയാഘാതത്തിനുശേഷം കസ്തൂര്‍ബാ ഗാന്ധിയുടെ ആരോഗ്യം തകര്‍ന്നുതുടങ്ങിയതും ആഗാഖാന്‍ കൊട്ടാരത്തില്‍വെച്ചുതന്നെയായിരുന്നു. ഓരോരുത്തരും ഊഴമിട്ട് അവരുടെ രോഗശയ്യയ്ക്ക് കാവലിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഗാന്ധിയും കസ്തൂര്‍ബയും തമ്മില്‍ ലോകത്തെ ഏതു ദാമ്പത്യത്തിലെയുമെന്നപോലെ കുഞ്ഞുകുഞ്ഞു കലഹങ്ങളും പതിവായിരുന്നു. നല്ല മഴപെയ്യുന്ന ഒരുദിവസം കസ്തൂര്‍ബ പുറത്തെ ബെഞ്ചില്‍ വന്നിരുന്നു. അതുകണ്ട ഗാന്ധി പറഞ്ഞു:''അകത്തേക്ക് വരൂ, നീ രോഗംകൂടി കിടപ്പിലാവും''
അപ്പോള്‍ ക്ഷോഭത്തോടെ കസ്തൂര്‍ബ പറഞ്ഞു: ''ഓ, അപ്പോള്‍ നിങ്ങള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ട് അല്ലേ എനിക്കെങ്ങനെയുണ്ട് എന്ന് നിങ്ങള്‍ എന്നോട് ചോദിക്കാറേയില്ല. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ മരിച്ചുപോവേണ്ടതായിരുന്നു. എന്നാല്‍, നിങ്ങള്‍ എന്റെയടുത്തൊന്ന് വന്നതുപോലുമില്ല''
 
ഇതുകേട്ട് നിസ്സഹായനായ ഗാന്ധി പറഞ്ഞു: ''ഞാന്‍ സുശീല(സുശീല നയ്യാര്‍)യെ നിന്റെയടുത്തേക്കയച്ചിരുന്നു. ഞാനും വന്നിരുന്നു. നീ നല്ല ഉറക്കമായതിനാല്‍ വിളിക്കേണ്ട എന്നുവെച്ചു. അകത്തേക്കു വാ, എന്നിട്ട് സംസാരിക്കാം.'' ''എനിക്കൊന്നും സംസാരിക്കാനില്ല''-കസ്തൂര്‍ബയുടെ ദേഷ്യം തീര്‍ന്നിരുന്നില്ല. അതുകേട്ട് ഗാന്ധി മന്ദഹസിച്ചു.(1943 ഒക്ടോബര്‍ 9-ന്റെ ഡയറിക്കുറിപ്പ്)
 
ഒടുവില്‍ കസ്തൂര്‍ബ മരണത്തോടടുത്തു. മക്കളും ബന്ധുക്കളുമെല്ലാം വന്നുകണ്ടു. മൂത്തമകന്‍ ഹരിലാല്‍ മദ്യപിച്ച് കുഴയുന്ന കാലുകളുമായാണ് എത്തിയത്. വേദന സഹിക്കാതാവുമ്പോള്‍ കസ്തൂര്‍ബ പറയും: ''ബാപ്പുജീ, ഇതെന്റെ അവസാന ശ്വാസമാണ്. എനിക്ക് വല്ലാതെ വേദനിക്കുന്നു'' ഭഗവദ്ഗീതയിലെ സ്ഥിതപ്രജ്ഞതയിലേക്ക് സഞ്ചരിക്കുന്ന ഗാന്ധി അതുകേട്ട് പറഞ്ഞു: ''യാത്രയാകൂ ബാ, പക്ഷേ, ശാന്തമായി. അങ്ങനെവേണ്ടേ?'' തുടര്‍ന്ന് അദ്ദേഹം ഗീതയില്‍നിന്നുള്ള ശ്ലോകങ്ങള്‍ ചൊല്ലി.
Manu Gandhi
 
ഒടുവില്‍ 1944 ഫെബ്രുവരി 22-ന് മഹാശിവരാത്രിനാളില്‍ കസ്തൂര്‍ബാഗാന്ധി മരിച്ചു. മരണദിവസം അവര്‍ ഗാന്ധിയെ അദ്ദേഹത്തിന്റെ പതിവു നടത്തത്തിന് വിട്ടില്ല; തന്റെയടുത്തുതന്നെയിരിക്കണം എന്ന് നിര്‍ബന്ധിച്ചു. അല്പം കഴിഞ്ഞപ്പോള്‍ ഗാന്ധിയുടെ മടിയില്‍ തലവെച്ചുകിടന്നു. എല്ലാവരും ചേര്‍ന്ന് ഫോട്ടോ എടുത്തു. ''എന്തോ സംഭവിക്കാന്‍ പോവുന്നു'' -കസ്തൂര്‍ബ പറഞ്ഞു. അടുത്തനിമിഷം അവരുടെ മിഴികളടഞ്ഞു. ഭൗതികതലത്തില്‍ ഭൂമിയിലെ മഹത്തായ ഒരു ദാമ്പത്യത്തിന്റെ ചരടുബന്ധമറ്റു.  ഗാന്ധി പ്രിയപത്നിയുടെ നെറ്റിയില്‍ തന്റെ നെറ്റി ചേര്‍ത്തുവെച്ച് അല്പനേരമിരുന്നു. തുടര്‍ന്ന് മകന്‍ ദേവദാസിനോട് പറഞ്ഞു: ''ഞാന്‍ മഹേദേവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്തതാണ്. ബായുടേത് നീ ചെയ്യണം'' (ആഗാഖാന്‍ കൊട്ടാരത്തിലെ ജയിലില്‍വെച്ചുതന്നെയായിരുന്നു ഗാന്ധിയുടെ സെക്രട്ടറിയും സന്തതസഹചാരിയുമായിരുന്ന മഹാദേവ് ദേശായിയും മരിച്ചത്). ഗാന്ധി സ്വന്തം കൈകൊണ്ട് തുന്നിയ സാരിയുടുത്ത് കസ്തൂര്‍ബ ചിതയില്‍ എരിഞ്ഞടങ്ങി. പിന്നീട് ഗാന്ധി പറഞ്ഞതായി മനു എഴുതി: 'ഞാനിന്ന് ഒരു തകര്‍ന്ന പാത്രമാണ്.'
 
നവഖാലിയിലെ കല്ലും അവസാനത്തെ പിറന്നാളും
 
ജയിലിനുപുറത്തെ ജീവിതത്തില്‍ മനുവിന്റെ അമ്മയാവുന്ന രാഷ്ട്രപിതാവിനെയാണ് ഈ ഡയറിക്കുറിപ്പുകളില്‍ നാം കാണുക. അദ്ദേഹം അവളോട് പറഞ്ഞു: ''എനിക്ക് നിന്റെ അമ്മയാവാന്‍ സാധിക്കില്ലേ? എല്ലാവര്‍ക്കും ഞാന്‍ അച്ഛനാണ്. എന്നാല്‍, നിനക്കുമാത്രം ഞാന്‍ അമ്മയാണ്. അമ്മയില്‍നിന്നാണ് കുട്ടികള്‍ക്കുള്ള യഥാര്‍ഥ വിദ്യാഭ്യാസം ലഭിക്കുന്നത്...'' അമ്മ മരിച്ചതിനുശേഷം പലരും മനുവിനോട് പറഞ്ഞു: ''സഹോദരീ, എന്തൊക്കെ പറഞ്ഞാലും അമ്മ അമ്മയാണ്. അച്ഛന് എപ്പോഴെങ്കിലും അമ്മയുടെ സ്ഥാനത്ത് എത്താന്‍ സാധിക്കുമോ?'' സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മനു എഴുതുന്നു: 'ബാപ്പുവിന്റെ കൂടെ താമസിച്ചിതിനുശേഷം ഇത് തെറ്റാണ് എന്നെനിക്ക് ബോധ്യമായി. ഒരമ്മ ചെയ്യുന്നതെല്ലാം ബാപ്പുവിന് നന്നായി അറിയാമായിരുന്നു.'
 
1944 മുതല്‍ 1948 വരെയുള്ള കാലം ഗാന്ധിക്ക് അലച്ചിലുകളുടേതും ആത്മവേദനകളുടേതുമായിരുന്നു. കൊള്ളിവെപ്പും കൊലയും പടര്‍ന്ന ഇന്ത്യയിലൂടെ അദ്ദേഹം ഉടലും ഉയിരും നൊന്തലഞ്ഞു. ഒപ്പം മനുവുമുണ്ടായിരുന്നു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ ഗാന്ധിക്ക് അധികസമയം ആവശ്യമില്ലായിരുന്നു. രണ്ട് തോള്‍ഭാണ്ഡങ്ങളേ അദ്ദേഹത്തിന് എടുക്കാനുണ്ടായിരുന്നുള്ളൂ. അവയിലുള്ള വസ്തുക്കള്‍ ഇത്രമാത്രം: കുക്കറിനുവേണ്ട നൂലും സൂചിയും, കുക്കിങ്പാന്‍, പച്ചക്കറി മുറിക്കാനുള്ള കത്തി, മണ്‍പാത്രം, മരംകൊണ്ടുള്ള സ്പൂണ്‍, ബക്കറ്റ്, ടംബ്ലര്‍, ഒരു കമോഡ്. രണ്ടാമത്തെ ഭാണ്ഡത്തില്‍ ഓഫീസ് കടലാസുകളും ഭഗവദ്ഗീത, രാമായണം, ഖുര്‍ആന്‍, ഭജനാവലി എന്നിവയുടെ കോപ്പികളും. നെഹ്രുമുതല്‍ പട്ടേല്‍വരെയുള്ളവര്‍ക്കുള്ള കത്തുകള്‍ ആ ഭാണ്ഡത്തിലുണ്ടാവും. അവയിലൊന്ന് നഷ്ടപ്പെട്ടാല്‍മതി ഗാന്ധിയുടെ ജോലി മുഴുവന്‍ മുടങ്ങാന്‍.
 
സോപ്പുപയോഗിക്കാറില്ലായിരുന്ന ഗാന്ധി പകരം മീരാബഹന്‍ നല്‍കിയ പ്രത്യേകതരത്തിലുള്ള ഒരു കല്ലായിരുന്നു ശരീരശുദ്ധിക്കുപയോഗിച്ചിരുന്നത്. നവഖാലിയില്‍, ഒരു ഉള്‍ഗ്രാമത്തില്‍നിന്ന് നാരായണ്‍പുര്‍ എന്ന മറ്റൊരു  ഗ്രാമത്തിലെത്തിയതായിരുന്നു ഗാന്ധിയും സംഘവും. കുളിക്കാന്‍ കയറിയപ്പോള്‍ കല്ല് കാണുന്നില്ല. മനു അത് തൊട്ടുമുമ്പ് അവര്‍ പാര്‍ത്ത ഗ്രാമത്തില്‍വെച്ച് മറന്നുപോയിരുന്നു. ഇതറിഞ്ഞ ഗാന്ധി മനുവിനോട് പറഞ്ഞു:
 ''നീ തന്നെ തിരിച്ചുചെന്ന് അത് എടുത്തുകൊണ്ടുവരിക''
 ''ഒരുപാട് സന്നദ്ധപ്രവര്‍ത്തകര്‍ നമുക്കൊപ്പമുണ്ട്. അവരിലൊരാളെ വിട്ടാല്‍പ്പോരേ?'' -മനു ചോദിച്ചു.
 ''എന്തിന്'' -ഗാന്ധിയുടെ മറുചോദ്യം.
 അപരിചിതമായ വഴിയാണെന്നും എങ്ങും കലാപമാണ് എന്നും അവള്‍ പറഞ്ഞിട്ടും ഗാന്ധിയുടെ മനംമാറിയില്ല. അദ്ദേഹം നിര്‍ദേശിച്ചു:
''നീ തന്നെ പോണം''
 
പനങ്കാടുകളും പരന്ന വയലുകളുമുള്ള അപരിചിത വഴികളിലൂടെ  രാമനാമം ഉരുവിട്ട് ആ  പതിനഞ്ചുകാരി പെണ്‍കുട്ടി നടന്നു. ഒടുവില്‍ മുമ്പ് തങ്ങിയ  ഗ്രാമത്തിലെത്തി അവര്‍ താമസിച്ചിരുന്ന വീടിന്റെ പിറകുവശത്തെ പറമ്പില്‍നിന്നും ആ കല്ല് കണ്ടെടുത്ത് തിരിച്ചുപോന്നു. വഴി നടന്നും പേടിച്ചും തളര്‍ന്ന അവള്‍ നേരെച്ചെന്ന് ബാപ്പുവിന്റെ മടിയില്‍വീണ് പൊട്ടിക്കരഞ്ഞു. അപ്പോള്‍ മനുവിന്റെ മുടിയില്‍ തലോടിക്കൊണ്ട് ഗാന്ധി പറഞ്ഞു:
 
''ഇന്ന് നീ പരീക്ഷയില്‍ ജയിച്ചു. ദൈവം നമുക്കുവേണ്ടി ചെയ്യുന്നതെല്ലാം നല്ലതിനാണ്. ഇവിടെ വന്ന ആദ്യ ദിവസം നീ ഓര്‍ക്കുന്നോ? അന്ന് രാത്രി രണ്ടുമണിവരെ നമ്മള്‍ സംസാരിച്ചു. എന്റെ ത്യാഗസമരത്തില്‍ പങ്കുചേരണമെങ്കില്‍ അസാമാന്യമായ ധൈര്യം വേണം എന്ന് ഞാന്‍ നിന്നോട് അന്ന് പറഞ്ഞിരുന്നു. ഇവിടെ ചെറിയ പിഴവുപോലും വലിയ പരാജയമാവും. നിനക്ക് ഈ നിമിഷം വേണമെങ്കില്‍ തിരിച്ചുപോകാം. എന്നാല്‍, തീര്‍ഥയാത്ര തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ തിരിച്ചുപോക്കില്ല. നഷ്ടപ്പെട്ട ആ കല്ലിന് നന്ദിപറയുക. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കുടിലിലും കൊട്ടാരത്തിലും അത് എന്റെയൊപ്പമുണ്ടായിരുന്നു. ഈ അനുഭവം നിനക്ക് ഒരു പാഠമാവും. ഒരു ചെറിയ വസ്തുപോലും കളയരുത് എന്ന് നീ തിരിച്ചറിയും...''
 
1947 ഒക്ടോബര്‍ രണ്ടിന് ബാപ്പുവിന്റെ അവസാന പിറന്നാളാഘോഷത്തിന് മനുവുമുണ്ടായിരുന്നു. ഡല്‍ഹിയിലെ ബിര്‍ലാ ഹൗസില്‍ പിറന്നാള്‍ദിനം  പുലര്‍ച്ചെ 3.30-ന് എല്ലാവരുമുണര്‍ന്നു, പ്രാര്‍ഥിച്ചു. എല്ലാവരും ഗാന്ധിയെ നമസ്‌കരിച്ചു. അദ്ദേഹം അവരെ അനുഗ്രഹിച്ചു. അപ്പോള്‍ മനു അദ്ദേഹത്തോട് പറഞ്ഞു: ''ഇത് ശരിയല്ല ബാപ്പൂ. സ്വന്തം പിറന്നാളിന് ബാപ്പുവാണ് എല്ലാവരെയും നമസ്‌കരിക്കേണ്ടത്. പക്ഷേ, ഇവിടെ തിരിച്ചാണ്''
 
ചിരിച്ചുകൊണ്ടായിരുന്നു ഗാന്ധിയുടെ മറുപടി:
''ലോകത്തിന്റെ വഴികള്‍ക്ക് എതിരായിരിക്കും മഹാത്മാക്കളുടെ മാര്‍ഗം. നിങ്ങള്‍ എല്ലാവരും ചേര്‍ന്നല്ലേ എന്നെ മഹാത്മാവിന്റെ പീഠത്തിലിരുത്തിയത്? മഹാത്മാവ് ഒരു കള്ളനാണയമാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍, ഒരിക്കല്‍ ലോകം അംഗീകരിച്ചാല്‍ സാധാരണ ഉപചാരങ്ങള്‍ക്കെല്ലാം ഉപരിയായിരിക്കും അയാള്‍.''
ആ പിറന്നാള്‍ ദിനത്തില്‍ ഗാന്ധി പറഞ്ഞു:
''എന്റെ അടുത്ത പിറന്നാളാവുമ്പോഴേക്കും മാറിയ ഇന്ത്യയായിരിക്കും; അല്ലെങ്കില്‍ ഞാനുണ്ടാവില്ല''
 ബാപ്പു അത് പറഞ്ഞത് പുലര്‍ച്ചെ 5.30-നായിരുന്നു എന്ന് മനു ഓര്‍ക്കുന്നു. 'ബാപ്പു എന്റെ അമ്മ' എന്ന പുസ്തകത്തില്‍ പിന്നീട് അവള്‍ എഴുതി:
'മംഗളമുഹൂര്‍ത്തങ്ങളില്‍ അശുഭകരമായ കാര്യങ്ങള്‍ പറയുകയോ കരയുകയോ കോപിക്കുകയോ ചെയ്യരുത് എന്നൊരു വിശ്വാസമുണ്ട്. ആ വിശ്വാസത്തില്‍ എന്തൊക്കെയോ സത്യമുണ്ട് എന്ന് ഞാനിപ്പോള്‍ കരുതുന്നു'
 
Content Highlights: The diary of Manu Gandhi