gandhi@150നസ്സ് നിറയെ കവിതയും സംഗീതവും; വയറാകട്ടെ ശൂന്യവും. പട്ടിണിയും പ്രാരബ്ധവും കൊണ്ട് പൊറുതിമുട്ടിയ ആ നാളുകളില്‍ ജീവനൊടുക്കുന്നതിനെ കുറിച്ച് വരെ  ചിന്തിച്ചുപോയിട്ടുണ്ട് രജീന്ദര്‍ കിഷന്‍. പിന്തിരിപ്പിച്ചത് ``അര്‍ദ്ധനഗ്‌നനായ ആ ഫക്കീര്‍'' ആണ്  -- മോഹന്‍ദാസ് കരംചന്ദ് ഗാന്ധി.  

ജീവിക്കാന്‍ വേണ്ടി മുംബൈയിലെ തെരുവുകളില്‍  ഒരിക്കല്‍ തൂവാലയും സോക്സും വിറ്റുനടന്നിരുന്നു കവിയും ഗാനരചയിതാവുമായ രജീന്ദര്‍ കിഷന്‍ -- 1940 കളുടെ തുടക്കത്തില്‍. ഷിംല മുനിസിപ്പല്‍ ഓഫീസിലെ ഗുമസ്തപ്പണിയില്‍ നിന്ന് ലഭിച്ചിരുന്ന മാന്യമായ ശമ്പളം ഉപേക്ഷിച്ച്  സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനായി  ഇറങ്ങിത്തിരിച്ചതിന് വിധി നല്‍കിയ ``ശിക്ഷ.''  ഒഴിഞ്ഞ വയറുമായി  ലക്ഷ്യമേതുമില്ലാതെ അലയുമ്പോള്‍ റോഡരികിലെ  മൈതാനിയില്‍  നിന്ന് യാദൃച്ഛികമായി ആ ശബ്ദം കാതില്‍ വന്നുവീഴുന്നു. പതിഞ്ഞതെങ്കിലും ആത്മവിശ്വാസം സ്ഫുരിക്കുന്ന ശബ്ദം. കോരിച്ചൊരിയുന്ന മഴയില്‍ ആരോ ചൂടിക്കൊടുത്ത  കുടയ്ക്ക്  കീഴെ നിന്ന് പ്രസംഗിക്കുകയാണ് ഗാന്ധിജി. ജീവിതം തന്നെ  സഹജീവികള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയവരെ കുറിച്ച്; പ്രതിസന്ധികളെ പുഞ്ചിരിയോടെ അതിജീവിച്ചവരെ കുറിച്ച്.  പ്രസംഗത്തിനൊടുവില്‍ വിദേശ ശക്തികള്‍ക്കെതിരേ ഊര്‍ജസ്വലമായ  ഒരു സമരാഹ്വാനം: ``ചോഡോ ഹിന്ദുസ്ഥാന്‍ ഹമാരാ..''  അണയാത്ത ആവേശത്തോടെ സദസ്സിലെ പതിനായിരങ്ങള്‍ അത് ഏറ്റുപറയുന്നു....തോരാമഴയിലും ഹര്‍ഷപുളകിതനായി ആ കാഴ്ച്ച കണ്ടുനിന്നു ഇരുപതുകാരനായ കവി. 

ഏഴു  വര്‍ഷം കഴിഞ്ഞ്  ഒരു ജനുവരി 30 ന് ഡല്‍ഹിയിലെ ബിര്‍ളാ ഹൗസ് പരിസരത്ത് മഹാത്മാഗാന്ധി വെടിയേറ്റു വീണ സന്ധ്യയില്‍ രജീന്ദര്‍ കിഷന്‍ എഴുതി: ``ഏക് നയീ ആവാസ് ജോ ആയീ ശുരൂ ഹുയീ ഏക് നയീ ലഡായീ, ഗൂഞ്ജാ  ഫിര്‍ ബാപ്പു കാ നാരാ ചോഡോ ഹിന്ദുസ്ഥാന്‍ ഹമാരാ ചോഡോ ഹിന്ദുസ്ഥാന്‍ ഹമാരാ....'' ഇന്ത്യന്‍ സിനിമയിലെ ഏറ്റവുമാദ്യത്തെ സംഗീത സംവിധായക സഖ്യമായ ഹുസ്ന്‍ലാല്‍-- ഭഗത്റാം സഹോദരര്‍ ആ വരികള്‍ക്ക് ഈണം പകര്‍ന്നു. മുഹമ്മദ് റഫി എന്ന യുവ സംഗീതേതിഹാസം  അതിന് ശബ്ദച്ചിറകുകള്‍ നല്‍കി. പന്ത്രണ്ടു മിനുട്ട് ദൈര്‍ഘ്യമുള്ള ആ ഗാനമാവണം രാഷ്ട്രപിതാവിനെ കുറിച്ചുള്ള എക്കാലത്തെയും  പ്രശസ്തമായ സംഗീത സൃഷ്ടി. ഗാന്ധിജി മരിച്ചു വീണ് 24 മണിക്കൂര്‍ തികയും മുന്‍പ്   ഗാനം എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ മുംബൈയിലെ തെരുവോരത്ത്  നിന്നുകൊണ്ട് താന്‍ കേട്ട ഗാന്ധിവചനങ്ങള്‍ തന്നെയാകണം രജീന്ദര്‍ കിഷന്റെ മനസ്സില്‍.  

``സുനോ സുനോ യെ  ദുനിയാവാലെ ബാപ്പുജി കി അമര്‍ കഹാനി'' എന്ന് തുടങ്ങുന്ന ആ വിഖ്യാത ഗാനത്തില്‍ ഗാന്ധിജിയുടെ ഐതിഹാസിക ജീവിതമുണ്ട്. പോര്‍ബന്ദറിലെ ജനനം മുതല്‍ പ്രാര്‍ത്ഥനായോഗത്തിലെ  അഭിശപ്ത നിമിഷങ്ങള്‍ വരെ നീണ്ട  ചരിത്രപ്രസിദ്ധമായ ഒരു  ജീവിതകഥയുടെ കാവ്യാവിഷ്‌കാരം.  ഗാന്ധിയുഗത്തിന്റെ സമസ്ത ഘട്ടങ്ങളും വഴിത്തിരിവുകളും സ്പര്‍ശിച്ചു പോകുന്നു കിഷന്റെ രചന. ഗാനം  റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍   സംഗീത സംവിധായകരായ ഹുസ്ന്‍ലാല്‍ ഭഗത്റാം ഗായകനായി തിരഞ്ഞെടുത്തത് അന്ന് 24 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരു തുടക്കക്കാരനെ. സിനിമയില്‍ ശ്രദ്ധേയനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ മുഹമ്മദ് റഫി.  പാട്ടിന്റെ വരികളിലൂടെ ഒഴുകിപ്പോകെ,  മഹാത്മജിയുടെ വലിയൊരു ആരാധകനായിരുന്ന റഫി  വികാരാധീനനായി വിതുമ്പിപ്പോയ  കഥ പില്‍ക്കാലത്ത് രജീന്ദര്‍ കിഷന്‍ തന്നെ ഒരു റേഡിയോ അഭിമുഖത്തില്‍ വിവരിച്ചിട്ടുണ്ട്.  മഹാത്മജിയുടെ അന്ത്യ നിമിഷങ്ങള്‍ വിവരിക്കുന്ന  അവസാന ചരണം കേള്‍ക്കുമ്പോള്‍ കിഷന്റെ  വാക്കുകള്‍ എത്ര സത്യസന്ധമായിരുന്നു എന്ന് തിരിച്ചറിയുന്നു നാം. റഫിയെ കരയിച്ച ആ ഭാഗം ഇങ്ങനെ: ``തീസ് ജന്‍വരി ശാം കോ ബാപു ബിര്‍ളാ ഘര്‍ സെ ബാഹര്‍ ആയേ/ പ്രാര്‍ത്ഥനാ അസ്ഥാന്‍ കി ജാനിബ് ധീരേ ധീരേ കദം ബഡായെ/ ലേകിന്‍ ഉസ് ദിന്‍ ഹോനി അപ്നാ രൂപ് ബദല്‍കര്‍ ആയീ/ ഔര്‍ അഹിംസാ കെ സീനേ പര്‍ ഹിംസ നേ ഗോലി ബര്‍സായി/ ബാപ്പു നേ കഹാ രാം രാം ഔര്‍ ജഗ് സെ കിയാ കിനാരാ/ രാം കെ മന്ദിര്‍ മേ ജാ പഹൂംചാ ശ്രീ രാം കാ പ്യാരാ....'' ചന്ദ്രനും താരകളും ഉള്ളിടത്തോളം ബാപ്പുവിന്റെ പേരും ജ്വലിച്ചു നില്‍ക്കും എന്ന പ്രഖ്യാപനത്തോടെയാണ് പാട്ട് അവസാനിക്കുന്നത്.   

ഭജന്‍ ശൈലിയില്‍ മിക്കവാറും ഒരേ താളത്തില്‍, ഒരേ മീറ്ററിലാണ്  ഹുസ്ന്‍ലാലും ഭഗത്‌റാമും ഗാനം ചിട്ടപ്പെടുത്തിയതെങ്കിലും റഫിയുടെ ഭാവദീപ്തമായ ആലാപന  മികവിന്റെ പിന്‍ബലത്തോടെ   `സുനോ സുനോ യെ  ദുനിയാവാലെ'' എളുപ്പം  ജനഹൃദയങ്ങളില്‍ ഇടം നേടി. ലക്ഷക്കണക്കിനാണ് ഗാനത്തിന്റെ ഗ്രാമഫോണ്‍ റെക്കോര്‍ഡ് വിറ്റഴിഞ്ഞത്. പാട്ട് കേട്ട പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ഗാനശില്പികളെ സ്വന്തം വസതിയിലേക്ക് ക്ഷണിച്ചു വരുത്തുക മാത്രമല്ല റഫിയെ  കൊണ്ട് അത് പാടിച്ചു കേള്‍ക്കുകയും  ചെയ്തു. നിറകണ്ണുകളോടെയാണ് പണ്ഡിറ്റ്ജി റഫിയുടെ  ആലാപനത്തില്‍ മുഴുകിയിരുന്നതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്  ഭഗത്‌റാം. ആ വര്‍ഷത്തെ  സ്വാതന്ത്ര്യ ദിനച്ചടങ്ങില്‍   റഫിക്ക് നെഹ്റു വെള്ളിമെഡല്‍ സമ്മാനിച്ചതും  ഇതേ ഗാനാലാപനത്തിന്റെ പേരില്‍ തന്നെ. തീര്‍ന്നില്ല. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക്ക് ദിനാഘോഷ വേളയില്‍ ലഹരാ  തിരംഗ  എന്ന  ഗാനം പാടാനും റഫിക്ക് അവസരം ലഭിച്ചു.   ``സുനോ സുനോ യെ  ദുനിയാവാലെ'' യുടെ  ജനപ്രീതിയോട് കിടപിടിക്കുന്ന മറ്റൊരു ദേശഭക്തി ഗാനമേയുള്ളൂ -- കവി പ്രദീപിന്റെ വരികളില്‍ നിന്ന് സി രാമചന്ദ്ര സൃഷ്ടിച്ച ``ഏ മേരെ വതന്‍ കേ ലോഗോം.'' 1963 ജനുവരി 27 ന്  രാഷ്ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണന്റെയും പ്രധാനമന്ത്രി നെഹ്റുവിന്റെയും സാന്നിധ്യത്തില്‍ ന്യൂഡല്‍ഹി നാഷണല്‍ സ്റ്റേഡിയത്തില്‍ ലതാ മങ്കേഷ്‌കര്‍ വികാരനിര്‍ഭരമായി പാടി അവതരിപ്പിച്ച ഈ ഗാനം നിരവധി വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനാഗീതമാണ് ഇന്നും.

ഗാന്ധിജിയെ സ്തുതിച്ചു കൊണ്ട്  വേറെയും ഗാനങ്ങള്‍ പാടിയിട്ടുണ്ട്  മുഹമ്മദ് റഫി. 1948 ല്‍ തന്നെ പുറത്തുവന്ന `പൂജ്യഗാന്ധിജി' എന്ന സിനിമയിലെ ``സുന്‍ ലി പുകാര്‍ ജോബാപ്പുജി'' (രചന, സംഗീതം: ഹരീന്ദ്രനാഥ് ചതോപാധ്യായ)  ഉദാഹരണം.  ഹിന്ദി സിനിമയിലെ മറ്റു പ്രധാന ഗാന്ധി ഗീതങ്ങള്‍ ഇവയാണ്:  സോനാ ചാന്ദി (1948) യിലെ  പ്യാരേ ബാപ്പുകേ ചരണോം കി ലേ ലോ കസം ( ലതാ മങ്കേഷ്‌കര്‍), ഉദ്ധാറിലെ (1949) കഹാ രാം ഹേ രാം (ലത), ജാഗ്രിതി (1954) യിലെ സബര്‍മതി കേ സന്ത് (ആശ ഭോസ്ലെ), മതലബി ദുനിയ (1961) യിലെ  മേരെ ബാപ്പു സേ യേ കഹന (തലത്ത് മഹമൂദ്), ബാപ്പു നേ കഹാ ഥാ (1962) യിലെ  സത്യമേവ ജയതേ  (മന്നാഡേ, ലത), ഭാരത് കെ ശഹീദിലെ (1972) മോഹനദാസ് കരംചന്ദ് ഗാന്ധി പരം പൂജാരി അഹിംസാ കേ (മഹേന്ദ്ര കപൂര്‍), ഖിഡ്കി (1978) യിലെ ജയ് ബോലോ മഹാത്മാഗാന്ധി കി (സി രാമചന്ദ്ര, ലളിത ദിയല്‍ക്കര്‍). 2006 ല്‍ പുറത്തുവന്ന ലാഗേ രഹോ മുന്നാഭായിയില്‍ ആവണം അവസാനമായി ഈ ജനുസ്സില്‍ പെട്ട ഒരു ശ്രദ്ധേയ ഗാനം നാം കേട്ടത് -- സോനു നിഗം, ശ്രേയ ഘോഷാല്‍ തുടങ്ങിയവര്‍ ശബ്ദം പകര്‍ന്ന ``ബന്ദേ മേ ഥാ ദം വന്ദേ മാതരം..''

എങ്കിലും ``സുനോ സുനോ യെ  ദുനിയാവാലെ'' യുടെ ക്ലാസിക്ക് പരിവേഷത്തിന്  ഇന്നുമില്ല മങ്ങല്‍.  രാഷ്ട്രം ഗാന്ധിവധത്തിന്റെ ആഘാതത്തില്‍ ഞെട്ടിത്തരിച്ചുനില്‍ക്കുമ്പോഴാണ് അത്  പുറത്തിറങ്ങിയത് എന്നതാവാം ഒരു കാരണം. ഒരു തലമുറ മുഴുവന്‍ ആവേശപൂര്‍വം ഏറ്റുപാടിയ ആ ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരാരും ഇന്നില്ല. 1950 കളില്‍ ഹിന്ദി സിനിമയിലെ തിരക്കേറിയ ഗാനരചയിതാവും (യെ സിന്ദഗി ഉസി കി ഹേ, മന്‍ ഡോലെ മേരാ തന്‍  ഡോലെ, ചല്‍ ഉഡ് ജാ രെ പഞ്ചി, ഹം സെ ആയാ ന ഗയാ...) തിരക്കഥാ കൃത്തുമായി പേരെടുത്ത രജീന്ദര്‍ കിഷന്‍ എഴുപതുകളുടെ തുടക്കത്തോടെ സിനിമയില്‍ നിന്ന് മാഞ്ഞു.  1987 ലായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ഇന്ത്യന്‍ ചലച്ചിത്ര ഗാന ചരിത്രത്തിലെ ആദ്യ ഹിറ്റ് കൂട്ടുകെട്ടായ ഹുസ്ന്‍ലാല്‍ --ഭഗത്റാമിന്റെ തിരോധാനം അധികമാരും അറിഞ്ഞതുപോലുമില്ല.  സിനിമാസംഗീതത്തില്‍ പുതിയ പ്രവണതകളും സഖ്യങ്ങളും  രംഗപ്രവേശം ചെയ്തതോടെ ഇരുവര്‍ക്കും അവസരങ്ങള്‍ കുറഞ്ഞു. സിനിമയുടെ പുറമ്പോക്കിലായി പിന്നീടവരുടെ ഇടം. ന്യൂഡല്‍ഹി പഹാഡ് ഗഞ്ചിലെ ഒരു കുടുസ്സു മുറിയിലാണ് ഹുസ്ന്‍ലാല്‍ ശിഷ്ട ജീവിതം കഴിച്ചുകൂട്ടിയത്. കുട്ടികളെ വയലിന്‍ പഠിപ്പിച്ചു കിട്ടുന്ന  തുകയായിരുന്നു  ആകെയുള്ള വരുമാനം. 1968 ഡിസംബറിലെ  ഒരു പ്രഭാതത്തില്‍  ദല്‍ഹി ഗോല്‍  മാര്‍ക്കറ്റിനു സമീപം  ബോധഹീനനായി  കിടന്ന ഹുസന്‍ലാലിനെ അതുവഴി വന്നവരാരോ വെല്ലിംഗ്ടണ്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുന്‍പ് അദ്ദേഹം മരിച്ചു. ഭഗത്‌റാമിന്റെ ഗതിയും  വ്യത്യസ്തമായിരുന്നില്ല.  പ്രായത്തിലും പ്രതിഭയിലും തന്നെക്കാള്‍ ഇളയവരായ  സംഗീത സംവിധായകരുടെ സഹായിയായും വാദ്യകലാകാരനായും കഴിച്ചുകൂട്ടിയ  ഭഗത്റാം 1973 ലാണ്  കഥാവശേഷനായത്. രണ്ടും പ്രാദേശിക പത്രങ്ങളുടെ ചരമക്കോളത്തില്‍ ഒതുങ്ങിപ്പോയ മരണങ്ങള്‍. സിനിമയുടെ തിളക്കം കുറഞ്ഞ മറ്റൊരു വശം. 

പക്ഷേ  ജ്യേഷ്ഠാനുജന്മാര്‍ ചേര്‍ന്ന് സൃഷിച്ച ഗാനം ഇന്നും ജീവിക്കുന്നു;  ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും. ചരിത്രത്തിന്റെ അനിവാര്യമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ. 

സുനോ സുനോ 

Content Highlight: Mahatma gandhi and mohammad rafi