mahatma gandhiആർ.എസ്.എസിന്റെ സർസംഘ് ചാലക് മോഹൻ ഭാഗവത്, മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്ന തലക്കെട്ടിൽ എഴുതിയ ലേഖനം ഏറെ കൗതുകത്തോടെയാണ് വായിച്ചത്. തന്നെ വെടിെവച്ചുവീഴ്ത്തിയ പ്രത്യയശാസ്ത്രത്തിന്റെ പിന്മുറക്കാരെക്കൊണ്ടുപോലും അംഗീകരിപ്പിക്കാൻ പോന്ന ശക്തിയുള്ള ആശയമാണ് മഹാത്മാഗാന്ധി എന്നത് ഭാഗവത് എഴുതിയ വാക്കുകൾ തെളിയിക്കുന്നു. ഒരു ആശയത്തെ കൊന്നു തീർക്കാൻ കഴിയില്ല എന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ആ വാക്കുകൾ. ആരോ എഴുതിെവച്ച വാക്കുകൾ സ്വന്തം പേരിൽ കൂട്ടിയതാണ് ഭാഗവത് എന്നത് അദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ച ഒക്ടോബർ രണ്ടിനുതന്നെ സുനിൽ അംബേദ്കറുടെ പുസ്തകം പ്രസിദ്ധീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗം ബോധ്യപ്പെടുത്തും. ഇന്ത്യ എന്നത് ഹിന്ദു രാഷ്ട്രമാണെന്നും അത് ചർച്ചകൾക്കുപോലും ഇടമില്ലാത്ത ആർ.എസ്.എസിന്റെ നിലപാടാണെന്നും ആണ് അദ്ദേഹം പ്രസംഗിച്ചത്.

ഗാന്ധിജിയുടെ നിലപാടും ആർ.എസ്.എസിന്റെ നിലപാടും കടകവിരുദ്ധമാണ്. വാക്കുകളുടെ കസർത്തുകൊണ്ട് ഗാന്ധിയെ സ്വന്തമാക്കാനുള്ള ബി.ജെ.പി. അജൻഡയുടെ കുഴലൂത്ത് മാത്രമാണ് ആ ലേഖനം. ഭാഗവത് തന്റെ ലേഖനത്തിൽ തന്നെ പരാമർശിച്ചിട്ടുള്ള ഹെഡ്‌ഗേവാർ മുസ്‌ലിമുകളെ യവനസർപ്പങ്ങൾ എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസിനോട് അകന്നത്.

എല്ലാ ജീവജാലങ്ങളെയും ഒന്നായിക്കണ്ട ഗാന്ധിജിയുടെ ഭാരതത്തിൽ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ ഹിന്ദുത്വ വർഗീയശക്തികൾ ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുമ്പോൾ ഒരു അക്ഷരംപോലും അതിനെതിരേ ശബ്ദിക്കാതെയിരുന്ന ആർ.എസ്.എസ്. ഇന്ന് ഗാന്ധിജിയെ പുകഴ്ത്തുന്നതുപോലും ഇരട്ടത്താപ്പാണ്. ഹിന്ദുത്വശക്തികൾ തിമർത്താടുന്ന ഇന്ത്യയിൽ ഗോഡ്‌സെയുടെ പിന്മുറക്കാരായി പ്രവർത്തിക്കുകയും അതിനുള്ള മുഖംമൂടിയായി ഗാന്ധിജിയുടെ അപദാനങ്ങൾ പാടുകയും ചെയ്യുന്ന കാപട്യം ജനങ്ങൾ നന്നായി തിരിച്ചറിയുന്നുണ്ട്. എല്ലാറ്റിനെയും സ്വാംശീകരിക്കുന്ന ഗാന്ധിജിയും തങ്ങളുടേതല്ലാത്ത എല്ലാറ്റിനെയും തള്ളുന്ന 
ഹിന്ദുത്വരാഷ്ട്രീയവും സ്വാഭാവികശത്രുക്കളാണ്. എല്ലാ ദുഷ്‌ചെയ്തികൾക്കും മറയാക്കാൻ ദയവുചെയ്ത് ഗാന്ധിജിയെ ഉപയോഗിക്കരുത്.

 (കോൺഗ്രസ്‌ നേതാവും നിയമസഭാംഗവുമാണ്‌ ലേഖകൻ)