‘മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം’ എന്ന തലക്കെട്ടിൽ ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത് എഴുതിയ ലേഖനം ഭിന്നാഭിപ്രായങ്ങൾക്ക് വഴിതുറക്കുകയാണ്. സംവാദം തുടരുന്നു

mahatma gandhiഭാരതചരിത്രഗാഥയുടെ ഉത്സവപ്രഭയായി മാറിയ മഹാന്മാരിൽ ഏറ്റവും പ്രമുഖനാണ്‌ മഹാത്മാഗാന്ധിയെന്ന് ആർ.എസ്.എസ്. സംഘ ചാലക് ഡോ. മോഹൻ ഭാഗവത് കണ്ടെത്തി! ആ മഹാത്മാഗാന്ധിക്കെതിരേ ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പ്രമുഖ നേതാക്കൾ പലതരത്തിലുള്ള ആക്രമണം അഴിച്ചുവിട്ടപ്പോൾ അതിനെ വിലക്കാൻ ഒരു വാക്കുപോലും ഉരിയാടാത്ത ‘സർ സംഘ്ചാലക്’ ആണ് അദ്ദേഹം. ഗാന്ധിജിയുടെ മാറിലേക്ക് നിറയൊഴിച്ച ഗോഡ്‌സെ ആണ് യഥാർഥ ദേശസ്നേഹിയെന്ന് പ്രസംഗിച്ച സന്ന്യാസിനിയായ വനിത ഇന്ന് ബി.ജെ.പി. എം.പി. ആണ്. ആർ.എസ്.എസിന്റെ ആശയങ്ങളാൽ പ്രചോദിതരായവരാണ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ച് സായുജ്യം നേടുന്നത്. അപ്പോഴൊന്നും അനങ്ങാതിരുന്ന മോഹൻ ഭാഗവത്, ഗാന്ധിജിയുടെ 150-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് സ്തുതിഗീതങ്ങൾ പാടുമ്പോൾ ആർക്കും അദ്‌ഭുതമുണ്ടാകും.

സംശയംവേണ്ട, ഇത് ആർ.എസ്.എസ്. പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണകൗശലത്തിന്റെ മകുടോദാഹരണമാണ്.  തങ്ങൾ കൊന്നുകുഴിച്ചുമൂടാൻ ശ്രമിച്ചിട്ടും ഉജ്ജ്വലപ്രഭയോടെ ജീവിച്ചിരിക്കുന്ന ഗാന്ധിദർശനങ്ങളെ സ്വന്തം ലക്ഷ്യങ്ങൾക്കുള്ള ഉപകരണമാക്കിമാറ്റുന്ന കൗശലം. ആർ.എസ്.എസ്. ദർശനങ്ങൾക്ക് പൊക്കിൾക്കൊടി ബന്ധമുള്ള ഹിറ്റ്‌ലറൈസ് പ്രചാരണതന്ത്രത്തിൽനിന്ന് കടംകൊണ്ടതാണത്. അതിന്റെ ഗുരുസ്ഥാനീയനായ ജോസഫ് ഗീബൽസ് പഠിപ്പിച്ചത് ലക്ഷ്യം നേടാനായി നിങ്ങൾക്ക് എന്തും പറയാമെന്നാണ്. അങ്ങനെ പറയുമ്പോൾ ഉറച്ചും തറച്ചും പറയണമെന്നുമാത്രം. ആ പാഠം പിൻപറ്റി സർദാർ പട്ടേലിനെയും സുഭാഷ്ചന്ദ്രബോസിനെയും ഭഗത്‌സിങ്ങിനെയുംവരെ കാവിപുതപ്പിച്ചവരാണ് സംഘപരിവാർ ശക്തികൾ. ഇപ്പോഴിതാ കാപട്യം ഒളിച്ചുവെച്ച ആ കാവിപ്പുതപ്പുമായി അവർ മഹാത്മാഗാന്ധിയെയും തേടിയെത്തിയിരിക്കുന്നു. രാഷ്ട്രം എത്തിനിൽക്കുന്ന ആശയ-രാഷ്ട്രീയ ദശാസന്ധിയുടെ വൈപരീത്യമാണിത്.

വിചിത്രവാദങ്ങളുടെ കോട്ട കെട്ടിപ്പൊക്കുമ്പോൾ

1922-ൽ ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ നാഗ്പുരിൽ നടന്ന പ്രതിഷേധയോഗത്തിൽ ഡോ. ഹെഡ്‌ഗേവാർ പ്രസംഗിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻ ഭാഗവത് തന്റെ വിചിത്രവാദങ്ങളുടെ കോട്ട കെട്ടിപ്പൊക്കാൻ ശ്രമിക്കുന്നത്. ഹെഡ്‌ഗേവാർ പിന്നെ എന്തുകൊണ്ട് കോൺഗ്രസ് വിട്ടുവെന്ന് മോഹൻ ഭാഗവതിന് അറിയാത്തതല്ല. അവിടെയാണ് ഇന്ത്യൻ ദേശീയപ്രസ്ഥാനവും തീവ്ര ഹിന്ദുവർഗീയവാദവും തമ്മിലുള്ള വൈരുധ്യം കുടികൊള്ളുന്നത്. മഹാത്മാഗാന്ധിയോട് ഗോഡ്‌സെയ്ക്കുണ്ടായ തീർത്താൽ തീരാത്ത പകയുടെയും കാരണങ്ങൾ അതിൽ കണ്ടെത്താനാവും. ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയപ്രസ്ഥാനം ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പതാകയാണ് ഉയർത്തിപ്പിടിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്താങ്ങിയപ്പോഴും അതാണ് മഹാത്മാഗാന്ധിയെ നയിച്ചത്. ‘ഹിന്ദു - മുസ്‌ലിം ഏക് ഹോ’ എന്ന മുദ്രാവാക്യത്തിലൂടെ ജനതയെ ഒന്നിപ്പിക്കാനാണ് ഗാന്ധിജി ഉഴറിയത്. മതത്തിന്റെപേരിൽ ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് തന്ത്രത്തെ അത് ഭയപ്പെടുത്തും. അതിരറ്റമതാഭിമാനബോധവും അതേ അളവിൽ മുസ്‌ലിം വിരോധവും നെഞ്ചിൽ സൂക്ഷിച്ച വർഗീയവാദികൾക്കും ആ മുദ്രാവാക്യത്തോട് ഭയമായിരുന്നു.

അതുകൊണ്ടാണ് ഇറ്റലിയിൽ മുസ്സോളിനി നടപ്പാക്കിയ ഫാസിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ച് കേട്ടമാത്രയിൽ ഹെഡ്‌ഗേവാർ അതിൽ ആകൃഷ്ടനായത്. സ്വന്തം ശിഷ്യോത്തമനായ ഡോ. മുഞ്ചെയെ ഇറ്റലിയിലേക്ക് പറഞ്ഞയച്ച് മുസ്സോളിനിയെ കണ്ട് ആ മാതൃകയിലൂടെ ആർ.എസ്.എസ്. സ്ഥാപിക്കുന്നതിൽവരെ ചെന്നെത്തി ആ ആശയ അടിമത്തം. അതെങ്ങനെയാണ് ഗാന്ധിയൻ ചിന്താധാരയുമായി എവിടെയെങ്കിലും പൊരുത്തപ്പെട്ടുപോകുന്നത്? ഡോ. ഹെഡ്‌ഗേവാറുമായി ഗാന്ധിജി നടത്തിയതായി പറയപ്പെടുന്ന സംഭാഷണങ്ങളിലെവിടെയെങ്കിലും വംശവിദ്വേഷത്തിന്റെ തണലിൽ മുളപൊട്ടിയ മുസ്‌ലിംവിരോധം ഗാന്ധിജി പങ്കുവെച്ചതായി മോഹൻ ഭാഗവതിനോ അനുയായികൾക്കോ തെളിയിക്കാൻ കഴിയുമോ?

ഡോ. ഹെഡ്‌ഗേവാറിനുശേഷം ആർ.എസ്.എസ്. സംഘചാലക് ആയത് എം.എസ്. ഗോൾവാൾക്കറാണ്. അദ്ദേഹമാണ് ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രധാരകൾക്കു ക്രോഡീകൃതരൂപം നൽകിയത്. ‘We or our nationhood defined’ എന്ന പുസ്തകത്തിലും വിചാരധാരകൾ എന്ന സമാഹാരത്തിലും ആ കാഴ്ചപ്പാടുകൾ വായിക്കാം. വിചാരധാരയുടെ 19, 20, 21 അധ്യായങ്ങളിൽ ഗോൾവാൾക്കർ ഇന്ത്യയുടെ ആഭ്യന്തരശത്രുക്കൾ ആരാണെന്ന്‌ വിവരിക്കുന്നുണ്ട്. അവർ യഥാക്രമം മുസ്‌ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരാണ്. ഈ കണ്ടെത്തലിന് ജർമനിയുടെ ശത്രുക്കൾ ജൂതരും കമ്യൂണിസ്റ്റുകാരുമാണെന്ന് ‘മെയ്‌ൻ കാംഫി’ലെഴുതിയ ഹിറ്റ്‌ലറുടെ നിലപാടുകളുമായുള്ള സാദൃശ്യം ആരെയാണ് അമ്പരപ്പിക്കാത്തത്? 

വിഭജനത്തിന്റെ ദിനങ്ങളിൽ ഡൽഹിയിലെ സംഘശാഖയിൽ ഗാന്ധിജി ചെന്നതിനെക്കുറിച്ചും 1947 സെപ്റ്റംബർ 27-ന്റെ ‘ഹരിജനി’ൽ അതിന്റെ വാർത്ത വന്നതിനെക്കുറിച്ചും മോഹൻ ഭാഗവത് എഴുതുന്നുണ്ട്. ആ ദിനങ്ങളിൽ അഴിഞ്ഞാടിയ വർഗീയഭ്രാന്തിന് അനുകൂലമായി സംസാരിക്കാനല്ല, ചോരപ്പുഴ ഒഴുക്കുന്ന നിലപാടിൽ ദുഃഖമറിയിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. സഹോദരപ്പോരിന് അന്ത്യംകുറിക്കാൻ ശ്രമിച്ച നിസ്സഹായനായ ഒരു മനുഷ്യസ്നേഹിയുടെ ഉത്കടമായ പരിശ്രമങ്ങളെ ആർ.എസ്.എസിനുള്ള പിന്തുണയായി മോഹൻ ഭാഗവത് വ്യാഖ്യാനിക്കുമ്പോൾ ഹാ കഷ്ടം എന്നല്ലാതെ മറ്റെന്തുപറയാൻ സാധിക്കും.

ഗോഡ്സെ ഉണ്ടായതെങ്ങനെ

മോഹൻ ഭാഗവതിന്റെ ലേഖനത്തിൽ 1947 സെപ്റ്റംബർ 27-നുശേഷമുള്ള തീയതികളെപ്പറ്റിയോ സംഭവങ്ങളെപ്പറ്റിയോ പറയാത്തതിൽ അദ്‌ഭുതം വേണ്ട. തങ്ങൾക്കു വേണ്ടതുമാത്രം ആവശ്യമായ രീതിയിൽ പറയുകയും അല്ലാത്തവയ്‌ക്കെല്ലാം നേരെ കണ്ണടയ്ക്കുകയുംചെയ്യുന്നത് ഫാസിസ്റ്റ് പ്രചാരണശൈലിയുടെ ഇളകാത്ത സ്വഭാവമാണ്. ഗാന്ധിസ്മരണയിലെ ഏറ്റവും നടുക്കുന്നദിനം 1948 ജനുവരി 30 ആണ്. ഗാന്ധിജിയെ ഗോഡ്‌സെ വെടിവച്ചുകൊന്ന ദിനം. ആ കൊലപാതകം മനസ്സിന്റെ സമനിലതെറ്റിയ ഒരു ഭ്രാന്തന്റെ പ്രവൃത്തിയായിരുന്നില്ല.

മാസങ്ങൾ നീണ്ടുനിന്ന തയ്യാറെടുപ്പിലൂടെ വിദ്വേഷരാഷ്ട്രീയത്തിന്റെ സ്വയംസേവകനായി മാറിയ ഒരാൾ ബോധപൂർവം ചെയ്ത നരഹത്യയായിരുന്നു. ഗാന്ധിവധക്കേസിന്റെ വിചാരണവേളയിൽ പശ്ചാത്താപത്തിന്റെ കണികപോലുമില്ലാതെ അക്ഷോഭ്യനായി നിന്നുകൊണ്ട് നാഥുറാം വിനായക് ഗോഡ്‌സെ അക്കാര്യം വിവരിക്കുന്നുണ്ട്. ‘

സാങ്കേതികമായി ആ വെടിയുതിർക്കുന്നദിവസം ഗോഡ്‌സെ ആർ.എസ്.എസ്. അംഗമായിരുന്നോ എന്നതിലല്ല, ഗാന്ധിവധത്തിലേക്ക് ഗോഡ്‌സെയെ നയിച്ച ആശയപരിസരം സൃഷ്ടിക്കുന്നതിൽ ആർ.എസ്.എസ്. വഹിച്ച പങ്കിലാണ്‌ സാംഗത്യം.ഗാന്ധിജിയോട് തനിക്ക് വ്യക്തിപരമായി ഒരു വിരോധവുമില്ലായിരുന്നു എന്ന് ഗോഡ്‌സെ പറയുന്നുണ്ട്. എന്നാൽ, അദ്ദേഹം ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഹിന്ദുവിന്റെ ആത്‌മാഭിമാനത്തിന് മുറിവേൽക്കും എന്ന വിചാരധാരയാണ് ഗോഡ്‌സെയെ ചരിത്രംകണ്ട ഏറ്റവും ഹീനമായ ആ രാഷ്ട്രീയക്കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഗോഡ്‌സെസഹോദരങ്ങളുടെ ചിന്തകളെയും പ്രവൃത്തികളെയും എന്നും സ്വാധീനിച്ചത് ആർ.എസ്.എസ്. ആണെന്ന് നാഥുറാം വിനായക് ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്‌സെ തന്നെ വ്യക്തമാക്കിയതാണല്ലോ.

ബാല്യകാലംമുതൽ തങ്ങൾ സ്വന്തം വീട്ടിലേതിനെക്കാൾ സമയം ചെലവഴിച്ചത് ആർ.എസ്.എസ്. കാര്യാലയത്തിലാണെന്ന് അദ്ദേഹംതന്നെ പറയുന്നുണ്ട്. ആ മുറ്റത്തുനിന്ന് പഠിച്ച മുസ്‌ലിം വിരോധത്തിന്റെ കൂർത്തുമൂർത്ത ആശയങ്ങളാണ് ഗോഡ്‌സെയുടെ കൈയിലെ വെടിയുണ്ടയായി മാറിയത്. ആ ആശയങ്ങളോട് സന്ധിയില്ലാതെ പോരാടുകയും മതങ്ങൾക്കതീതമായ ദേശസ്‌നേഹമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹാനായ സാമ്രാജ്യത്വവിരുദ്ധ പോരാളിയാണ് ഗാന്ധിജി. അതുകൊണ്ടാണ് ഗാന്ധിജി ജീവിച്ചിരിക്കാൻ യോഗ്യനല്ലെന്ന് ഗോഡ്‌സെയ്ക്ക് തോന്നിയത്. ഗോഡ്‌സെ സൃഷ്ടിച്ച ആശയങ്ങൾ എത്രയും കൗശലത്തോടെ ഇന്ത്യയ്ക്കുമേൽ പിടിമുറുക്കാൻ ശ്രമിക്കുന്നുവെന്ന് വിളിച്ചുപറയുന്നതാണ് മോഹൻ ഭാഗവതിന്റെ ലേഖനം. 

(സി.പി.ഐ. നേതാവും രാജ്യസഭാംഗവുമാണ്‌ ലേഖകൻ)

content highlights: mahatma gandhi 150th birth anniversary