മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ മാതൃഭൂമി ദിനപത്രത്തിൽ ആർ.എസ്.എസ്.  സർസംഘ് ചാലക് മോഹൻ ഭാഗവത് എഴുതിയ ലേഖനം   രാഷ്ട്രീയവിദ്യാർഥിയെന്ന നിലയിൽ വളരെ ആശ്ചര്യവും കൗതുകവുമാണുണ്ടാക്കിയത്.  ലേഖനത്തിലുടനീളം മഹാത്മാ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും പുകഴ്ത്തുന്നുണ്ടെങ്കിലും പരോക്ഷമായി ഗാന്ധിജി ഹിന്ദുത്വ ആശയങ്ങളുടെ വക്താവായിരുന്നുവെന്നും ആർ.എസ്.എസുമായി ചേർന്ന് നടക്കാൻ താത്‌പര്യമുള്ള വ്യക്തിയായിരുന്നുവെന്നും സ്ഥാപിച്ചെടുക്കാനാണ് ശ്രമിച്ചിരിക്കുന്നത്. ജീവിതത്തിലുടനീളവും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു ശേഷവും ഗാന്ധിജിയുടെ ആശയങ്ങളെ ഓരോ നിമിഷവും കൊന്നു കൊണ്ടിരുന്നവർ, ഈയൊരു ലേഖനത്തിലൂടെയും  അതാണ് ചെയ്യുന്നത്. 

ചരിത്രം നമ്മോടു പറയുന്നത്‌

ചരിത്രം നമ്മോടു പറയുന്നത് നേർവിപരീതമാണ്. 1994 ജനുവരി 28-ന് ഫ്രണ്ട്‌ലൈൻ മാഗസിൻ  പ്രസിദ്ധീകരിച്ച  അഭിമുഖത്തിൽ നാഥുറാം ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്‌സെ വ്യക്തമാക്കിയത് താനും നാഥുറാം ഗോഡ്‌സെയും  ആർ. എസ്.എസ്. അംഗങ്ങൾ ആയിരുന്നുവെന്നാണ്. നാഥുറാം ഗോഡ്‌സെ ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗം പ്രവർത്തകനായി പ്രവർത്തിച്ചിരുന്നുവെന്നും ഗോപാൽ ഗോഡ്‌സെ വ്യക്തമാക്കുന്നുണ്ട്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് രണ്ടു പതിറ്റാണ്ടിനുശേഷം, 1970 ജനുവരി 11-ന്   ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്. ‘നെഹ്രുവിന്റെ പാകിസ്താൻ അനുകൂല നിലപാടുകൾക്ക് പിന്തുണ അർപ്പിച്ചാണ് ഗാന്ധിജി സത്യാഗ്രഹം അനുഷ്ഠിച്ചത്. ഇതാണ് ജനരോഷം അദ്ദേഹത്തിന് നേരെ തിരിയാൻ ഇടയാക്കിയത്.’ നാഥുറാം ഗോഡ്‌സെയുടെ നിഷ്ഠുരകൃത്യത്തെ കള്ളക്കഥകളാൽ വെളുപ്പിച്ചെടുക്കാനും ഗോഡ്‌സെയെ ജനവികാരത്തിന്റെ പ്രതിനിധിയാക്കി അവതരിപ്പിക്കാനുമാണ് ആർ.എസ്.എസ്. മുഖപത്രം  ശ്രമിച്ചത്.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം ഇന്നുവരെ അദ്ദേഹത്തിന്റെ ഘാതകരെ  ആരാധിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ഹിന്ദു മഹാസഭ. കഴിഞ്ഞ അഞ്ചുവർഷ ക്കാലത്തെ നരേന്ദ്രമോദി സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ഭയമേതുമില്ലാതെ ഗോഡ്‌സെ സ്തുതി നടത്താനും ഗോഡ്‌സെയ്ക്ക് ക്ഷേത്രങ്ങൾ നിർമിക്കാനും ധൈര്യപൂർവം മുന്നോട്ടുവരാൻ ഇത്തരം സംഘടനകൾക്ക് അവസരം ഒരുക്കിക്കൊടുത്തതാണ്. ഗോഡ്‌സെയുടെ ആശയങ്ങളെ പരസ്യമായി പുകഴ്ത്തുകയും അതിൽ  അഭിമാനിക്കുകയും ചെയ്യുന്ന പ്രജ്ഞാ സിങ് താക്കൂറിനെ ലോക്‌സഭാംഗമാക്കി വിജയിപ്പിച്ചവരാണ് ഇപ്പോൾ മഹാത്മാഗാന്ധിയെ പ്രകീർത്തിച്ചു ലേഖനം എഴുതുന്നത്. മഹാത്മാ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ആശയങ്ങളെയും പരിഹസിച്ച സംഘടനയാണ് ആർ.എസ്. എസ്. ഇന്ത്യാവിഭജനത്തിനു ശേഷം കൊൽക്കത്തയിൽ ഹിന്ദു-മുസ്‌ലിം കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മഹാത്മാഗാന്ധി സമാധാനത്തിന്  ആഹ്വാനം ചെയ്ത്  നിരാഹാര സത്യാഗ്രഹമനുഷ്ഠിച്ചു. ഇതിനെ പരിഹസിച്ച്  ആർ.എസ്.എസ്‌. മുഖപത്രം ഓർഗനൈസർ ‘റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു’ എന്ന തലക്കെട്ടിൽ  ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

ആ ലേഖനത്തിൽ പറയുന്നത്: ‘കൽക്കട്ടയിൽ ഇരുന്ന് മഹാത്മാഗാന്ധി അള്ളാഹു അക്ബർ എന്ന് ഉച്ചരിക്കാൻ ആഹ്വാനം ചെയ്യുകയാണ്. ഹിന്ദുക്കളോടും ഇതുതന്നെ ചെയ്യാൻ ആവശ്യപ്പെടുന്നു. അതേസമയം, പഞ്ചാബിൽ ഇതേ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് അതിഭീകരമായി ഹിന്ദുക്കൾ കൊലചെയ്യപ്പെടുകയാണ്’ എന്നാണ്. ഗാന്ധിജിയുടെ സമാധാനദൗത്യത്തെ പരിഹസിക്കുകയാണ് ഈ ലേഖനത്തിലൂടെ ഓർഗനൈസർ ലക്ഷ്യമിട്ടത്.
ഗാന്ധിജിയുടെ ജീവചരിത്രം എഴുതുന്നതിനായി വിഭജന കാലത്തെ ഡൽഹി പോലീസ് രേഖകൾ പരിശോധിക്കവേ അക്കാലത്തെ ആർ.എസ്.എസ്. പ്രവൃത്തികളെക്കുറിച്ചു പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ രേഖപ്പെടുത്തിയിട്ടുണ്ട്. 1947 ഒക്ടോബറിൽ ഡൽഹിയിൽ നടന്ന ആർ.എസ്.എസിന്റെ ഒരു യോഗത്തെക്കുറിച്ചു ഡൽഹി പോലീസ് റിപ്പോർട്ട് അദ്ദേഹം പ്രതിപാദിക്കുന്നു. അതിൽ ഒരു ആർ.എസ്.എസ്. പ്രവർത്തകൻ പറയുന്നതായി രേഖപ്പെടുത്തിയത്  ഇപ്രകാരമാണ്: ‘‘ഡൽഹിയിൽ മുമ്പ് അരങ്ങേറിയതിനു സമാനമായി വൻ കലാപം സംഘടിപ്പിച്ചാൽ മാത്രമേ മുസ്‌ലിങ്ങളെ പൂർണമായും തുരത്താനാകൂ. മഹാത്മാഗാന്ധി ഡൽഹിയിൽ ഉള്ളിടത്തോളം കാലം ഇത് സാധ്യമല്ല. ഈ പദ്ധതി നടപ്പാക്കാൻ ഗാന്ധിജി ഡൽഹിയിൽനിന്ന് മാറിനിൽക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.’’ മഹാത്മാ ഗാന്ധിയുടെ സമാധാന ദൗത്യങ്ങളെയും മതമൈത്രിയെയും ആർ.എസ്.എസ്. അത്രമാത്രം ഭയപ്പെട്ടിരുന്നു.  

കോൺഗ്രസ് അംഗങ്ങളോട് കോൺഗ്രസിന്റെ അടിസ്ഥാന ആശയസംഹിതകളോട് നൂറു ശതമാനം കൂറുപുലർത്താനും ഹിന്ദു-മുസ്‌ലിം ഐക്യം ഊട്ടിയുറപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന് അദ്ദേഹം പറഞ്ഞു: ‘‘രാഷ്ട്രീയ സ്വയം സേവാ സംഘത്തെക്കുറിച്ചു ഒരുപാട് കാര്യങ്ങൾ ഞാൻ കേൾക്കാനിടയായി. എല്ലാ അക്രമപ്രവർത്തനങ്ങളുടെ പിറകിലും ഈ സംഘടനയുണ്ടെന്നും കേൾക്കുന്നു. ആയിരം വാളുകളെക്കാൾ മൂർച്ചയുള്ളത് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയാണ്. കൊലപാതകക്കൂട്ടങ്ങൾക്ക് ഒരിക്കലും ഹിന്ദു മതത്തെ രക്ഷിക്കാൻ സാധിക്കില്ല. നിങ്ങൾ ഇപ്പോൾ സ്വതന്ത്രരായ ഒരു ജനതയാണ്. നിങ്ങൾ തന്നെ ഈ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണം. നിങ്ങൾ ധൈര്യശാലികളും മാനുഷികസ്നേഹമുള്ളവരുമാണെങ്കിൽ നിങ്ങൾക്കതിനു സാധിക്കും. അല്ലെങ്കിൽ ഈ വിലപ്പെട്ട സ്വാതന്ത്ര്യം നിങ്ങളുടെ കൈയിൽ നിന്ന് വഴുതിപ്പോകും. അത്തരമൊരു ദിനം സംജാതമാകാതിരിക്കട്ടെ  എന്ന് ഞാൻ പ്രത്യാശിക്കുന്നു.’’ ഗാന്ധിജിയുടെ ദുഃസ്വപ്നം ഇന്ന് യാഥാർഥ്യമായിരിക്കുന്നു എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു. ആർ.എസ്.എസിന്റെ അപകടകരമായ പ്രത്യയശാസ്ത്രത്തെ അതിനിശിതമായി വിമർശിച്ച ഗാന്ധിജിയെയാണ് ആർ.എസ്.എസ്. ശിബിരങ്ങൾ സന്ദർശിച്ചുവെന്നും ആർ. എസ്.എസ്. നേതൃത്വത്തെ പുകഴ്ത്തിയെന്നും ചൂണ്ടിക്കാട്ടി തങ്ങളുടെ ആലയത്തിൽ കെട്ടാൻ ശ്രമിക്കുന്നത്.

ആർ.എസ്.എസ്. കാപട്യം

ചരിത്രം മാറ്റിയെഴുതാനും ഓർമകളിൽനിന്ന് തുടച്ചു നീക്കാനും ഒരു  ലേഖനത്താൽ സാധിക്കില്ല. മഹാത്മാഗാന്ധിയുടെ ആശയങ്ങളെയും ആർ.എസ്.എസിന്റെ ആശയങ്ങളെയും ആരു ശ്രമിച്ചാലും ഒരു നുകത്തിൽ കെട്ടാൻ സാധിക്കില്ല. മഹാത്മാഗാന്ധിയുടെ ആശയ ലോകം സമത്വവും സാഹോദര്യവും മതമൈത്രിയും നടമാടുന്ന ഒരു മനോഹര സങ്കല്പമാണ്. ഇന്നു വരെ ഭാരതം മുന്നോട്ടു ഗമിച്ചതും ഈ ആശയങ്ങൾ ഉയർത്തിപ്പിടിച്ചാണ്. അതിനെതിരേ ഒളിഞ്ഞും തെളിഞ്ഞും എതിരായ നിലപാടുകളാണ് ആർ.എസ്.എസ്. എക്കാലവും കൈക്കൊണ്ടിട്ടുള്ളത്. 

ഗാന്ധിജിയുടെ സമത്വസുന്ദരമായ ആശയങ്ങളെ പുൽകുന്നതും തെറ്റ് തിരുത്തി അനുധാവനം ചെയ്യുന്നതും തെറ്റാണെന്നു പറയാനാവില്ല. എന്നാൽ, കഴിഞ്ഞ കാലങ്ങളിൽ തങ്ങൾ ചെയ്ത കാര്യങ്ങൾ തെറ്റാണെന്നും അതിനു മാപ്പുപറയാൻ തയ്യാറാണെന്നും തുറന്നുപറയാനുള്ള ആർജവം ആർ.എസ്.എസ്. കാണിക്കണം. ജീവിച്ചിരുന്ന കാലത്തും രക്തസാക്ഷിയായതിനു ശേഷവും  ഇന്നോളവും മഹാത്മാഗാന്ധിയെ വിടാതെ വിമർശിക്കുന്ന ആർ.എസ്.എസ്. ഇപ്പോൾ ഗാന്ധിസ്തുതിയുമായി മുന്നോട്ടുവന്നത് ഏറ്റവും വലിയ അവസരവാദമായേ കാണാനാവൂ. 

ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ ഒാരോ ഇഞ്ചും വിഭജിക്കാൻ ശ്രമിക്കുകയും ദളിതരെയും ന്യൂനപക്ഷങ്ങളെയും പാവപ്പെട്ട ജനവിഭാഗങ്ങളെയും ദ്രോഹിക്കുന്ന ഒരു ഭരണകൂടത്തിന്  പിന്തുണ നൽകുകയും ചെയ്യുന്ന ആർ.എസ്.എസ്. സത്യത്തിൽ ഈ ലേഖനത്തിലൂടെ ഗാന്ധിയൻ ആശയങ്ങളെ വീണ്ടും കൊല്ലുകയാണ്. ഗാന്ധിജി വിഭാവനം ചെയ്ത സമത്വസുന്ദരവും, മതമൈത്രിയും, വികസനകാഴ്ചപ്പാടും നിറഞ്ഞ ഇന്ത്യയെ സൃഷ്ടിക്കുക എന്നുള്ളതാണ് ഗാന്ധിജിക്കു നൽകാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി. നാട്യങ്ങളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സ്വന്തം വ്യക്തിത്വം ഉയർത്തിക്കാണിക്കാൻ മാത്രമുള്ള 
ഉപകരണമായി ഗാന്ധിജിയെ മാറ്റിയെടുത്ത ഭരണകൂടമാണ് ഇന്നുള്ളത്. രാജ്യത്തെ പ്രബുദ്ധ ജനത ഈ കാപട്യത്തിനെതിരേ  ഉണർത്തെണീക്കുക തന്നെ ചെയ്യും.

(സംഘടനാ ചുമതലയുള്ള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)