സ്വന്തമായി ഒരു ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാതിരുന്ന ഗാന്ധിജിയുടെ ‘സമ്പത്തി’ന്‌ അനന്തരാവകാശവും പറഞ്ഞ്‌ പല പല കോണുകളിൽനിന്ന്‌ ആളുകൾ തള്ളിക്കയറിവരുന്ന ദൃശ്യം കാണാൻ കൗതുകമുണ്ട്‌! നൂറ്റിയമ്പതാം ജന്മദിനത്തിൽ അനുകൂലികളും പ്രതികൂലികളും ഇക്കാര്യത്തിൽ മത്സരിക്കുന്നു. ആ മനുഷ്യനെ വേണ്ടാത്ത ആരുമില്ല എന്നായിരിക്കുന്നു. ഇതൊരു ദുരന്തമാണ്‌; ഗാന്ധിജി ജീവിച്ചിരിക്കുമ്പോൾ നേരിട്ടതിനെക്കാൾ വലിയ പ്രതിസന്ധി.
ആ ജീവിതത്തിലെ പ്രതിസന്ധികളിൽ ഏറ്റവും പ്രധാനം ഇന്ത്യാവിഭജനമായിരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോൾ സ്വന്തം പക്ഷത്തുള്ളവരും എതിർപക്ഷത്തുള്ളവരും ഒരുപോലെ ആ മനുഷ്യൻ പറയുന്നത്‌ കേൾക്കാതെയായി.
‘എനിക്കാരുണ്ട്‌?’ എന്ന്‌ അദ്ദേഹം അക്കാലത്ത്‌ ആവർത്തിച്ചുചോദിക്കുന്നുണ്ട്‌. ‘എനിക്ക്‌ അനുയായികളോ ശിഷ്യന്മാരോ ഉണ്ടെന്ന്‌ പറയാതെ’ എന്ന്‌ മറ്റുള്ളവരെ വിലക്കുന്ന ഗാന്ധിജി, എന്റെ മൃതദേഹത്തിൽ ചവിട്ടിമാത്രമേ നിങ്ങൾക്കീരാജ്യം വിഭജിക്കാൻ കഴിയൂ എന്ന്‌ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.

എന്തിന്‌ ഗാന്ധിജിയെ കൊന്നു?

കഷ്ടം, ‘രാഷ്ട്രവിഭജനത്തിന്‌ ഉത്തരവാദി’ എന്ന്‌ ആരോപിച്ചാണ്‌  ഹിന്ദുരാഷ്ട്രവാദിയായ നാഥുറാം വിനായക്‌ ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചുകൊന്നത്‌. ‘മുസ്‌ലിം പക്ഷപാതി’യും ‘മുസ്‌ലിം പ്രീണനക്കാരനു’മായ ആ നേതാവ്‌ ജീവിച്ചിരുന്നാൽ ഇന്ത്യ ഒരിക്കലും ഹിന്ദുരാഷ്ട്രമായിത്തീരുകയില്ല എന്ന തീർപ്പിൽനിന്നാണ്‌ ആ വധഗൂഢാലോചന രൂപംകൊണ്ടത്‌. ഹിന്ദുമഹാസഭയുടെയും ആർ.എസ്‌.എസിന്റെയും പ്രമുഖപ്രവർത്തകനായിരുന്ന ഗോഡ്‌സെ ആ ഹീനകൃത്യം ചെയ്യുമ്പോൾ ഹിന്ദുമഹാസഭയുടെ മുഖ്യപത്രത്തിന്റെ പത്രാധിപരായിരുന്നു. ഹിന്ദുരാഷ്ട്രവാദത്തിന്റെ പ്രമുഖനേതാവ്‌ വി.ഡി. സവർക്കർ ഗൂഢാലോചനയിൽ പങ്കെടുത്തവകയിൽ ഒമ്പതാംപ്രതിയായിരുന്നു. തെളിവില്ലാത്തതുകൊണ്ട്‌ അദ്ദേഹത്തെ വെറുതെ വിട്ടു.

താൻ എന്തിന്‌ ഗാന്ധിജിയെകൊന്നു എന്ന്‌ വിനായക്‌ ഗോഡ്‌സെ രേഖപ്പെടുത്തിയിട്ടുണ്ട്‌. കോടതിയിൽ എഴുതിക്കൊടുത്ത സുദീർഘമായ മൊഴി പിൽക്കാലത്ത്‌ അനുജൻ ഗോപാൽ ഗോഡ്‌സെ ‘വൈ ഐ അസാസിനേറ്റഡ്‌ ഗാന്ധി’ എന്ന തലക്കെട്ടിൽ പുസ്തകാകൃതിയിൽ പ്രസിദ്ധീകരിച്ചത്‌ ഇപ്പോഴും പുസ്തകശാലകളിൽ വാങ്ങാൻ കിട്ടും. അതിൽ സംശയരഹിതമായി രേഖപ്പെടുത്തിയിരിക്കുന്ന കാര്യം ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള പ്രധാന തടസ്സം ഗാന്ധിജിയാണെന്നാണ്‌. വിഭജനംവഴി മുസ്‌ലിങ്ങൾക്ക്‌ ഒരു മതരാഷ്ട്രവും ഹിന്ദുക്കൾക്ക്‌ ഒരു മതേതരരാഷ്ട്രവും കിട്ടി എന്നതാണ്‌ പരാതി; അതിനുകാരണം ഗാന്ധിജിയാണെന്നും.
ഗാന്ധിവധത്തിൽ ഹിന്ദുരാഷ്ട്രവാദത്തിന്‌ നേരിട്ട്‌ ഉത്തരവാദിത്വമുണ്ട്‌ എന്നർഥം. കൊലനടത്തുമ്പോൾ സാങ്കേതികമായി ഗോഡ്‌സെ സംഘത്തിൽ അംഗമല്ലാഞ്ഞിട്ടും കേന്ദ്രസർക്കാർ അന്ന്‌ ആർ.എസ്‌.എസിനെ നിരോധിക്കാൻ കാരണം അതാണ്‌. ശ്രദ്ധിക്കുക, നിരോധനംകൊണ്ടുവന്നത്‌ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ വല്ലഭ്‌ഭായ്‌ പട്ടേലാണ്‌.  ജവാഹർലാൽ നെഹ്രുവിനെ താഴ്‌ത്തിക്കെട്ടാൻവേണ്ടി കൂറ്റൻ പ്രതിമവഴിയുംമറ്റും സംഘപരിവാർ ഉയർത്തിക്കാട്ടുന്ന അതേ പട്ടേൽ!

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ആർ.എസ്‌.എസ്‌. ഒരു നിരോധനവും നേരിട്ടിട്ടില്ല എന്നോർക്കണം. അന്ന്‌ ഉത്തരേന്ത്യയിൽ ഒരു ജില്ലയിൽ സംഘത്തിന്റെ പ്രവർത്തനം തടഞ്ഞതുമാത്രമാണ്‌ ഇപ്പറഞ്ഞതിന്‌ അപവാദം.
പിൽക്കാലത്ത്‌ ഗാന്ധിനിന്ദയിൽ അഭിരമിച്ചുകൊണ്ടിരുന്ന കൂട്ടരാണ്‌ ഹിന്ദുരാഷ്ട്രവാദികൾ. അത്‌ ‘പാകിസ്താന്റെ രാഷ്ട്രപിതാവ്‌’  മുതലായ പരിഹാസപ്പേരുകളിലൂടെയും ഫോട്ടോയിലേക്ക്‌ വെടിവെക്കുക മുതലായ ഹീനകൃത്യങ്ങളിലൂടെയും ദശകങ്ങളായി തുടർന്നുപോരുന്നു. അതിനൊപ്പം കൊലയാളിയായ ഗോഡ്‌സെ പൂജ്യപദവിയിലേക്ക്‌ ഉയർന്നുയർന്നുപോവുകയാണ്‌. ഗോഡ്‌സെ പ്രതിഷ്ഠകളെപ്പറ്റിയും പ്രതിമകളെപ്പറ്റിയും നാം ഇടക്കിടെ കേൾക്കുന്നുണ്ടല്ലോ. ‘ഇനി ഇന്ത്യയിൽ ശക്തിപ്പെടാൻപോകുന്നതും ഗോഡ്‌സെയുടെ അനുയായികളാകാം’ എന്ന്‌ അരനൂറ്റാണ്ടുമുമ്പ്‌ എം. ഗോവിന്ദൻ ദീർഘദർശനം ചെയ്തത്‌ സത്യമാവുകയാണ്‌.
മേൽപ്പഞ്ഞ ഗാന്ധിനിന്ദ നടത്തുന്നവരിൽ ചിലർ വലിയ ഭൂരിപക്ഷത്തോടെ നമ്മുടെ പാർലമെന്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നതിന്‌ ഒരർഥമേയുള്ളൂ, ബി.ജെ.പി. എന്ന പാർട്ടിയും അവരുടെ അണികളും ഈ നിന്ദയിൽ നേരിട്ട്‌ പങ്കാളികളാണ്‌.

ഈ പശ്ചാത്തലത്തിലാണ്‌ ആർ.എസ്‌.എസിന്റെ ഇപ്പോഴത്തെ പരമോന്നത നേതാവ്‌ മോഹൻ ഭാഗവത്‌ മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ ലേഖനം ഞാൻ കാണുന്നത്‌. ഗാന്ധിപാരമ്പര്യം സംഘത്തിന്‌ അവകാശപ്പെട്ടതാണ്‌ എന്ന്‌ പ്രഖ്യാപിക്കുന്ന ആ കപടലേഖനം ചരിത്രത്തെ അവഹേളിക്കുന്നതിന്റെ മുന്തിയ മാതൃകയാണ്‌. ‘സർവധർമസമഭാവം’ എന്ന പഴയപ്രയോഗം ഉപയോഗിച്ചുകൊണ്ട്‌ എല്ലാ മതങ്ങൾക്കും തുല്യമായ സ്ഥാനമുള്ള രാഷ്ട്രമാവണം ഇന്ത്യ എന്ന്‌ ആവർത്തിച്ചുപ്രഖ്യാപിച്ച ഗാന്ധിജിയെ ഹിന്ദുരാഷ്ട്രവാദം എങ്ങനെ അംഗീകരിക്കും? ‘എന്റെ രാഷ്ട്രത്തെപ്പറ്റി എന്റെ മതമോ എന്റെ മതത്തെപ്പറ്റി എന്റെ രാഷ്ട്രമോ എന്നോട്‌ ഒന്നും പറഞ്ഞുപോകരുത്‌. മതം എന്റെ വ്യക്തിപരമായ കാര്യം മാത്രമാണ്‌’ എന്ന്‌ ശക്തമായി നിലപാട്‌ വ്യക്തമാക്കിയ ഗാന്ധിജിയെ മതരാഷ്ട്രവാദികൾ എങ്ങനെ ഉൾക്കൊള്ളും? മതനിരപേക്ഷമായ ഇന്ത്യൻ ദേശീയതയുടെ പ്രതീകമായിരുന്ന ഗാന്ധിജി മതനിഷ്ഠമായ ഹിന്ദുദേശീയതയുടെ ആളുകൾക്ക്‌ എങ്ങനെ ദഹിക്കും? 

ഇത്‌ രണ്ടാംവധം

രണ്ടാംഗാന്ധി വധമായിട്ടാണ്‌ ഈ ‘പൂജാലേഖന’ത്തെ മനസ്സിലാക്കേണ്ടത്‌. ആ രാഷ്ട്രീയ ചിന്തകന്റെ നിലപാടുകളാണ്‌ ഇവിടെ വധിക്കപ്പെടുന്നത്‌. സത്യം, ദയ, നീതി തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രം എന്ന താത്‌പര്യത്തിൽ ഗാന്ധിജി ഉപയോഗിച്ച ‘രാമരാജ്യം’ എന്ന സങ്കല്പവും സംഘത്തിന്റെ ‘ഹിന്ദു രാഷ്ട്രം’ എന്ന ലക്ഷ്യവും ഒറ്റയൊന്നാണ്‌ എന്ന്‌ പറയുന്നതിന്റെ ആമുഖമാണിത്‌. ഇന്ത്യയ്ക്ക്‌ പുറത്ത്‌ ഗാന്ധിജിക്ക്‌ കൈവന്നുകൊണ്ടിരിക്കുന്ന സർവസ്വീകാര്യതയിൽ പങ്കുവേണം എന്നമോഹം കൂടി അതിന്റെ പിറകിലുണ്ട്‌. ഇന്ത്യ ഹിന്ദുരാഷ്ട്രം ആണെന്നും അഹിന്ദുക്കൾ ഇവിടത്തെ രണ്ടാംകിട പൗരന്മാരാണെന്നും സത്യമായും വിശ്വസിക്കുന്ന മോഹൻ ഭാഗവതിന്റെ ഈ ലേഖനം ഫാസിസം സത്യം വളച്ചൊടിക്കുന്നതിൽ കാണിക്കുന്ന മിടുക്കിന്റെ ആവിഷ്കാരമാണ്‌. ഗാന്ധിജിയുടെ അനുകൂലികളെയും പ്രതികൂലികളെയും ഒരുപോലെ വിഭ്രമിപ്പിക്കുന്ന മട്ടിൽ വസ്തുതകൾക്ക്‌ ദുർവ്യാഖ്യാനം നൽകാനുള്ള പരിശ്രമമാണ്‌ ഈ ലേഖനത്തിൽ നടത്തുന്നത്‌. പുകമറ സൃഷ്ടിക്കുക എന്നതാണ്‌ ഗൂഢലക്ഷ്യം. ഈ ലേഖനത്തിൽ പറയുന്നതാണ്‌ വാസ്തവമെങ്കിൽ ഞാൻ ചോദിക്കട്ടെ: സംഘത്തിന്റെയും ഗാന്ധിജിയുടെയും വഴികൾ ഒന്നാണെങ്കിൽ പിന്നെ എന്തിനാണ്‌ ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചുകൊന്നത്‌? പിന്നെ എന്തിനാണ്‌ ഗോഡ്‌സെ ആ വകയിൽ തൂക്കിലേറി ബലിദാനിയായിത്തീർന്നത്‌?
നൂറ്റിഅമ്പതാം ജയന്തി ആഘോഷങ്ങൾക്ക്‌ നടുവിൽ ഇങ്ങനെയൊരു പ്രാർഥന എഴുതിത്തൂക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
‘ദൈവമേ, അനുകൂലികളിൽ നിന്ന്‌ ഗാന്ധിജിയെ കാത്തുകൊള്ളണമേ! പ്രതികൂലികളെ അദ്ദേഹം സ്വയം നേരിട്ടുകൊള്ളും’.

(എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമാണ്‌ ലേഖകൻ)