ഹാത്മാഗാന്ധിയും രബീന്ദ്രനാഥ ടാഗോറും തമ്മിലുള്ള ബന്ധം അത്രമേല്‍ ആത്മാര്‍ഥവും ആര്‍ദ്രവും ആഴത്തിലുള്ളതും പരസ്പരാദരങ്ങളാല്‍ പൂരിതവുമാണ്. അവയെല്ലാം 1940 ഫെബ്രുവരി 15-ന് എഴുതിയ ഈ കവിതയിലുമുണ്ട്


ഗാന്ധി മഹാരാജിനെ പിന്തുടരുന്ന ഞങ്ങളില്‍
പൊതുവായി ഒന്നുണ്ട് 
പിച്ചച്ചട്ടിയില്‍നിന്നും കൈയിട്ടുവാരി 
ഞങ്ങള്‍ പേഴ്സ് നിറയ്ക്കാറില്ല 
പണക്കാരന്റെ ഹുങ്കിനുമുന്നില്‍ മുട്ടുമടക്കാറുമില്ല 
ഓങ്ങിയ വടിയും ചുരുട്ടിയ മുഷ്ടിയുമായി ഉപദ്രവിക്കാന്‍ അവര്‍ വരുമ്പോള്‍ ഞങ്ങള്‍ ചിരിച്ചുകൊണ്ടു പറയും: 
നിങ്ങളുടെ ചുവപ്പിച്ച നോട്ടങ്ങള്‍ 
കുഞ്ഞുങ്ങളെ ഉറക്കത്തില്‍നിന്നും ഞെട്ടിച്ചേക്കാമെന്നല്ലാതെ 
ഭയത്തെ നിരസിച്ചവരെ എങ്ങനെ ഭയപ്പെടുത്താനാണ്? 
ഞങ്ങളുടെ സംഭാഷണങ്ങള്‍ നേരേചൊവ്വേയുള്ളതാണ്, 
ശിക്ഷാനിയമത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള 
വളച്ചൊടിച്ച അര്‍ഥങ്ങളും നാട്യങ്ങളുമില്ല, 
അവ വഴിതെറ്റിക്കാതെ തീര്‍ഥാടകരെ 
ജയില്‍പ്പടികളിലേക്കു നയിക്കുന്നു 
ജയിലറകളിലേക്കുള്ള പാതകള്‍ അങ്ങനെ നിറയുമ്പോള്‍, 
അവരുടെ അപമാനത്തിന്റെ കറകള്‍ മാഞ്ഞുപോകും, 
കാലങ്ങളായി പിണഞ്ഞ ചങ്ങലകള്‍ അഴിഞ്ഞുവീഴും, 
അപ്പോള്‍ അവരുടെ മൂര്‍ധാവില്‍ ഗാന്ധിജിയുടെ 
അനുഗ്രഹമുദ്രകള്‍ പതിയും

- രബീന്ദ്രനാഥ ടാഗോര്‍


സ്വതന്ത്രപരിഭാഷ : ഹരിലാല്‍ രാജഗോപാല്‍

Content Highlights: Gandhi Maharaj; Rabindranath Tagore's poem on Gandhiji