“ഏറ്റവും വലിയ പ്രതിഭാശാലിയാണ് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നയാൾ” റാൽഫ് വാൽഡോ എമേഴ്സന്റെ വാക്കുകൾ പൂർണമായും അന്വർഥമാകുന്നത് ഗാന്ധിജിയിലാണ്.
പഴയ സുഹൃത്തിനെയെന്നപോലെയാണ് ഗോപാൽ കൃഷ്ണ ഗോഖലെ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തത്. മിതവാദി ദേശീയ നേതാക്കളിൽ പ്രമുഖനായിരുന്ന ഗോഖലെയുമായുള്ള സൗഹൃദം, ഗാന്ധിയെ സംബന്ധിച്ച് ഒാരോ തവണ മുങ്ങിനിവരുമ്പോഴും നവോന്മേഷം പകരുന്ന ഗംഗാനദിയായിരുന്നു. രാഷ്ട്രീയമേഖലയിൽ ഗോഖലെയെപ്പോലെ ഗാന്ധിയെ സ്വാധീനിച്ചിട്ടുള്ളവർ ചുരുക്കമാണ്. രാഷ്ട്രീയത്തിലും ആത്മീയ മൂല്യങ്ങൾ മുറുക്കിപ്പിടിക്കാൻ ഗോഖലെയുടെ വഴിതന്നെയാണ് ഗാന്ധിജിയും പിന്തുടർന്നത്. തന്റെ ആത്മകഥയിലെ ഏഴ് അധ്യായങ്ങൾ ഗോഖലെക്കായി ഗാന്ധി നീക്കിവെച്ചുവെന്നത് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.1915-ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് തിരിച്ചെത്തിയതിനു ശേഷം തന്റെ രാഷ്ട്രീയഗുരുവും ഉപദേശകനുമായി ഗാന്ധി സ്വീകരിച്ചതും ഗോഖലെയെ ആയിരുന്നു.

“എന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചവരായി മൂന്ന് ആധുനിക വ്യക്തിത്വങ്ങളാണുള്ളത്. റായ്ചന്ദ്ബായ് തന്റെ ജീവിക്കുന്ന ഉദാഹരണത്തിലൂടെ, ടോൾസ്റ്റോയ് അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ (ദൈവരാജ്യം നിങ്ങൾക്കുള്ളിൽതന്നെയാണ്), റസ്കിൻ ‘അൺടു ദി ലാസ്റ്റിലൂടെ’” ഗാന്ധിജി പറഞ്ഞു.

മുംബൈയിൽവെച്ചാണ് ഗാന്ധി റായ്ചന്ദ്ബായിയെ പരിചയപ്പെടുന്നത്.  കണ്ടുമുട്ടിയപ്പോൾ തന്നെ റായ്ചന്ദ്ബായ്‌യിലെ മഹാത്മാവിനെ ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. വ്യാപാരസംബന്ധമായ തിരക്കുകൾക്കിടയിലും ആത്മീയകാര്യങ്ങളിൽ മുഴുകുന്ന റായ്ചന്ദ്ബായി ഗാന്ധിക്ക് അദ്‌ഭുതമായിരുന്നു. ഒരിക്കൽപ്പോലും അദ്ദേഹം തന്റെ സംയമനവും ശാന്തപ്രകൃതിയും ഉപേക്ഷിച്ചിരുന്നില്ല. തികഞ്ഞ സത്യാന്വേഷിയായിരുന്ന റായ്ചന്ദ്ബായിയുമായി വളരെ അടുത്തബന്ധം പുലർത്തിയ ഗാന്ധി, തന്റെ ആത്മീയഗുരുവും വഴികാട്ടിയുമായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ആത്മീയമായി പ്രതിസന്ധി നേരിട്ട അവസരങ്ങളിൽ ഗാന്ധിയുടെ ആശ്വാസം ഈ ആത്മീയാചാര്യനായിരുന്നു.
ഗാന്ധിജി ഏറ്റവുമധികം കാലം തുടർന്ന സൗഹൃദം ടോൾസ്റ്റോയിയുമായുള്ളതാണ്. നിരന്തരം കത്തുകളിലൂടെ സംസാരിച്ചിരുന്ന ഇരുവർക്കും സത്യം, ധാർമികത എന്നീ വിഷയങ്ങളിൽ  ഒരേ കാഴ്ചപ്പാടാണുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയിൽ സത്യാഗ്രഹം ആയുധമാക്കിയ നിലപാടിന്റെ പ്രാധാന്യത്തെക്കുറിച്ച് ടോൾസ്റ്റോയ് ഗാന്ധിക്കെഴുതി. ടോൾസ്റ്റോയ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലെ പ്രവാചകനായിരുന്നെങ്കിൽ, ഗാന്ധി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയുടേതായിരുന്നു.

ബ്രിട്ടീഷ് ചിന്തകനായ ജോൺ റസ്കിന്റെ ‘അൺടു ദിസ് ലാസ്റ്റ്’ എന്ന കൃതിയാണ് ഗാന്ധിയെ ഏറ്റവുമധികം സ്വാധീനിച്ചത്. ‘മാന്ത്രിക ശക്തിയുള്ള വാക്കുകൾ’ എന്നാണ് റസ്കിന്റെ കൃതിയെ ഗാന്ധി വിശേഷിപ്പിച്ചത്. ഡർബനിൽ നിന്ന് ജൊഹാനസ്‌ബർഗിലേക്കുള്ള തീവണ്ടി യാത്രക്കിടെ അടുത്ത സ്നേഹിതനായിരുന്ന പൊള്ളാക് ആയിരുന്നു ഈ പുസ്തകം ഗാന്ധിക്ക് പരിചയപ്പെടുത്തിയത്. കാഴ്ചപ്പാടുകളെ മാറ്റിമറിച്ച ആ പുസ്തകം  ‘സർവോദയ’ എന്നപേരിൽ പരിഭാഷപ്പെടുത്തുന്നിടത്തോളം ഗാന്ധിയെ കൊണ്ടെത്തിച്ചു. 

ഒരു വ്യക്തിയുടെ നന്മ അടിസ്ഥാനമായിരിക്കുന്നത് എല്ലാവരുടെയും ക്ഷേമത്തിലാണ്. ജോലി ചെയ്ത് സമ്പാദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അധ്വാനിച്ചുള്ള ജീവിതം മഹത്തായതാണ്. ഇംഗ്ലണ്ടിൽ വെച്ചാണ് ഗാന്ധി  ആദ്യമായി ഗീത വായിക്കുന്നത്‌. സർ. എഡ്വിൻ അർനോൾഡ് വിവർത്തനം ചെയ്ത ഭഗവദ്‌ഗീത പിന്നീട്  ഗാന്ധിയുടെ വഴികാട്ടിയായിമാറി. ഗീതയുടെ രണ്ടാം അധ്യായത്തിലെ അവസാന പതിനെട്ട് വാക്യങ്ങളായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവ. വിശുദ്ധ ബൈബിളിലെ പുതിയ നിയമവും ക്രിസ്തുവിന്റെ മലമുകളിലെ പ്രസംഗവും ഗാന്ധിയിൽ കരുണയുടെയും മനുഷ്യത്വത്തിന്റെയും മൂല്യങ്ങൾ വിളയിച്ച ചാലകശക്തികളായി മാറി.