‘ഒരു നല്ല തന്തു, അത് സൗന്ദര്യത്തിന്റെയും എന്നന്നേക്കുമായുള്ള സന്തോഷത്തിന്റെയും കാര്യമാണ്.’ വെളുത്ത മെത്തയിലിരുന്നുകൊണ്ട് സൂക്ഷ്മമായി ചർക്കയിൽ നൂൽ നൂറ്റുകൊണ്ട് അഭിമുഖത്തിൽ ഗാന്ധിജി പറഞ്ഞു.
പൊട്ടിപ്പോയ നൂലുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ‘‘ഇത് വേണമെങ്കിൽ നന്നാക്കാം, പക്ഷേ, ഒരിക്കലും അങ്ങനെ ചെയ്യരുത്. വിളക്കുതിരിയുണ്ടാക്കാൻ ഈ പൊട്ടിയ നൂലുകൾ വിലമതിച്ചതാണ്. ഈ നൂലുകളുപയോഗിച്ച് തലയണ നിറയ്ക്കുകയും ചെയ്യാം. മറ്റുപലതും ചെയ്യാം’’ -പൊട്ടിയ നൂലുകളുടെ ഒരു കൂടമെടുത്ത് കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

കളിമണ്ണിൽതീർത്ത മൂന്ന്‌ കുരങ്ങുകളുടെ പ്രതിമ, കുറച്ചുകടലാസുകൾ, ഒരു കുപ്പി മഷി, കറവീണ ഒരു പെൻ ഹോൾഡർ, ഒരു ചെറിയ കുപ്പിയിൽ കുടിക്കാനുള്ള വെള്ളം, അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഡോളർ വാച്ച് എന്നിവയാണ് മുറിയിലുണ്ടായിരുന്ന മറ്റ് വസ്തുക്കൾ. 

ഡൽഹികലാപം നടക്കുന്ന സമയമായിരുന്നു അത്. കൊൽക്കത്തയിൽനിന്ന് 73 മണിക്കൂർ നിരാഹാരസമരം കഴിഞ്ഞ് കലാപത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൊന്നിൽ ഗാന്ധി ഡൽഹിയിലെത്തി. കലാപം അവസാനിക്കുന്നതുവരെ അവിടെ തുടരാനുള്ള താത്പര്യം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.  

ഡൽഹിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കുക എന്നതിനെക്കാൾ വിശാലമായ ലക്ഷ്യമായിരുന്നു ഗാന്ധിജിക്ക് യഥാർഥത്തിൽ ഉണ്ടായിരുന്നത്. പാകിസ്താനിൽനിന്ന് ഹിന്ദുക്കളും സിഖുകാരും കൂട്ടത്തോടെ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഗാന്ധിജി ഇവിടെയെത്തിയത്. 

‘എനിക്ക് ഇനി സുഹൃത്തുക്കളുണ്ടാവില്ല’ അദ്ദേഹം പറഞ്ഞു. ‘‘അർധരാത്രി ഞാനൊരു പ്രാർഥനായോഗം നടത്തിയേക്കും. പക്ഷേ, ഞാൻ ജീവിച്ചിരിക്കണമെന്നില്ല. ഞാൻ ഓരോ പദ്ധതി തയ്യാറാക്കുമ്പോഴും എന്തോ ചിലത് (അതിനെ ദൈവമെന്നോ പ്രകൃതിയെന്നോ വിളിക്കാം) ഇടപെടുന്നു. ഞാൻ ഒരുതവണ പഞ്ചാബിൽ പോവാൻ പദ്ധതിയിട്ടിരുന്നു. പക്ഷേ, ഞാനിപ്പോൾ ഡൽഹിയിൽത്തന്നെ തുടരണം. 
ഒരു ബക്കറ്റ് വെള്ളവുമായി തീയിലേക്കുപോകുന്ന ഒരാൾ തന്റെ വഴിയിൽ കാണുന്ന എല്ലാ തീയും കെടുത്തണം. ഇവിടെ ഞാനിത് ചെയ്താൽ, വരാനിരിക്കുന്ന വലിയ തീപ്പിടിത്തം ഒഴിവാക്കാനും എനിക്ക് വെള്ളമുണ്ടാകും’’ -ഗാന്ധിജി പറഞ്ഞു. 

അദ്ദേഹം യഥാർഥത്തിൽ ദുർബലനല്ല, മറിച്ച് ബലമുള്ള ഒരു മനുഷ്യനായിരുന്നു. നടക്കുമ്പോൾ തന്റെ അനുയായികളിൽ ആരുടെയെങ്കിലും (പലപ്പോഴും മനുവിന്റെ) ചുമലിൽ കൈവെക്കും. പക്ഷേ, അദ്ദേഹത്തിന്റെ ചുവടിൽ സുനിശ്ചിതമായൊരു വസന്തമുണ്ട്.