''നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു വക്കീലിനെ തന്നു ,പകരം ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു മഹാത്മാവിനെയും. '' പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയോട് ഒരു ദക്ഷിണാഫ്രിക്കന്‍ സുഹൃത്താണ് ഇങ്ങനെ പറഞ്ഞത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മഹാത്മാ ഗാന്ധിയാവുന്നതില്‍ ദക്ഷിണാഫ്രിക്കയിലെ ജീവിതം വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അഹിംസയും സത്യാഗ്രഹവും ഗാന്ധിജിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത് ഇവിടെ വെച്ചാണ്.

ഒരു ഗാന്ധി ജയന്തി കൂടി കടന്നു പോകുന്നു എന്നതു കൊണ്ടു മാത്രമല്ല ഗാന്ധിജി ഈ കുറിപ്പിന്റെ പ്രമേയമാവുന്നത്. ജീവിതമുയര്‍ത്തുന്ന പ്രഹേളികകളെ ഇത്രയും ആര്‍ജ്ജവത്തോടെ നേരിടുകയും അത് സത്യസന്ധമായി രേഖപ്പെടുത്തുകയും ചെയ്ത മറ്റൊരു മനുഷ്യനെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതുകൊണ്ടുകൂടിയാണത്.

പിതാവ് മരിക്കുമ്പോള്‍ ഗാന്ധിജി ഭാര്യ കസ്തൂര്‍ബ്ബയ്ക്കൊപ്പം കിടപ്പറയിലായിരുന്നുവെന്ന് നമ്മള്‍ അറിയുന്നത് ഗാന്ധിജി തന്നെ എഴുതിയതുകൊണ്ടാണ്. ചെറുപ്പത്തില്‍ മാംസം കഴിച്ചതിനെക്കുറിച്ചും പിന്നീട് തന്റെ പ്രക്ഷോഭ ജീവിതത്തിനിടയില്‍ മനസ്സിനെ നിയന്ത്രിക്കുന്നതിനായി സ്ത്രീകള്‍ക്കൊപ്പം ഗാന്ധിജി നഗ്നനായി കിടന്നിട്ടുള്ളതിനെക്കുറിച്ചും നമ്മള്‍ അറിയുന്നതും അദ്ദേഹത്തിന്റെ തന്നെ രചനയിലൂടെയാണ്. സ്വയം വിചാരണ ചെയ്യുന്നതിന് ഈ മനുഷ്യന്‍ പുലര്‍ത്തിയ ജാഗ്രത അസൂയാവഹമായിരുന്നു. വചനം മാംസമാകുന്നതെങ്ങിനെയെന്ന് നമ്മോട് പറയുന്ന ജീവിതമാണത്.

ഗാന്ധിജിയുടെ സത്യസന്ധത ഒരേ സമയം മോഹിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്. സ്വന്തം ജീവചരിത്രത്തിന് സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പേരാണ് ഗാന്ധിജി കൊടുത്തത് എന്നതില്‍ വാസ്തവത്തില്‍ അത്ഭുതത്തിന് തീരെ അവകാശമില്ല. മറ്റൊരു പേരും ഈ മനുഷ്യന്റെ ജീവിത കഥയ്ക്ക് ഒരിക്കലും ഇണങ്ങില്ല. ചൊല്ലിനും ചെയ്തിക്കുമിടയില്‍ വാക്കിനും കര്‍മ്മത്തിനുമിടയില്‍ ശരിക്കും അകലം കുറഞ്ഞ ജീവിതമായിരുന്നു ഗാന്ധിജിയുടേത്.
                         
ജാതിക്കെതിരെയുള്ള ഗാന്ധിജിയുടെ പോരാട്ടം സവിശേഷ തലത്തിലായിരുന്നു. തന്റെ ആശ്രമത്തില്‍ വന്നിരുന്ന ബ്രാഹ്മണരടക്കമുള്ള ഉയര്‍ന്ന ജാതിക്കാരോട് ദളിതര്‍ ഉപയോഗിച്ച കക്കൂസുകള്‍ വൃത്തിയാക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടിരുന്നത് ചൂണ്ടിക്കാട്ടി എത്രമാത്രം സമര്‍ത്ഥമായാണ് ഗാന്ധിജി ജാതിയുടെ അസ്ഥിവാരം പൊളിക്കാന്‍ ശ്രമിച്ചിരുന്നതെന്ന് ചരിത്രകാരനായ കെ.എന്‍.പണിക്കര്‍ ഒരു കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജാതിക്കെതിരെയുള്ള ഗാന്ധിജിയുടെ നിലപാടിനെ അംബദ്കര്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട് എന്ന വസ്തുത മറന്നുകൊണ്ടല്ല ഇതെഴുതുന്നത്.

ഗാന്ധിജി അമാനുഷനായിരുന്നില്ല. ശരിയുടെ പാതയിലൂടെ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ സഞ്ചാരം. രാഷ്ട്രപിതാവായി പ്രകീര്‍ത്തിക്കപ്പെട്ടപ്പോഴും സ്വന്തം കുടുംബത്തില്‍ പലപ്പോഴും ഗാന്ധിജി പരാജയമായിരുന്നു. മൂത്ത മകന്‍ ഹരിലാലിന്റെ ജീവിതം കൊടുങ്കാറ്റില്‍പെട്ട വഞ്ചി പോലെ ഉലയുന്നത് ഗാന്ധിജിക്ക് നോക്കിനില്‍ക്കേണ്ടി വന്നു. ഗാന്ധിജിയുടെ സാമ്പത്തിക സിദ്ധാന്തങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ പോലും ഏറ്റെടുത്തില്ല.
                                
മൂന്നു ഭൂഖണ്ഡങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നിരിക്കണം ഗാന്ധിജിയുടെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചതെന്ന് ഒരു ലേഖനത്തില്‍ രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നുണ്ട്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ മൂന്നു വന്‍കരകളിലൂടെയുള്ള ജീവിത യാത്ര ഗാന്ധിജിയെ വ്യത്യസ്ത സംസ്‌കൃതികളിലേക്കും ജീവിതാവസ്ഥകളിലേക്കും കൊണ്ടുപോയി. കടല്‍ കടക്കുന്നവന് ഭ്രഷ്ട് കല്‍പിക്കുന്ന ഒരു സംസ്‌കാരത്തില്‍ നിന്നാണ് ഗാന്ധിജി ഈ യാത്രകള്‍ നടത്തിയത്. മറ്റൊരു കാലാവസ്ഥയില്‍ മറ്റൊരു മണ്ണില്‍ ജീവിതത്തിന്റെ വിചിത്രവും വിസ്മയകരവുമായ അനുഭവങ്ങളിലൂടെ കടന്നു പോവുമ്പോള്‍ പാമ്പ് പടം പൊഴിക്കുന്നതുപോലെ മനസ്സിനു മേലുള്ള ഒരു പാട് കെട്ടുമാറാപ്പുകള്‍ തൂത്തുമാറ്റപ്പെടുന്നു.

വര്‍ഗ്ഗീയതയ്ക്കെതിരെ അതിശക്തമായ നിലപാടെടുക്കാന്‍ ഗാന്ധിജിക്കായതും ഈ ജീവിതാനുഭവങ്ങളുടെ അടിത്തറയില്‍ ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞതു കൊണ്ടാണ്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും യഹൂദരുമൊക്കെയായി ഗാന്ധിജി കൂടുതല്‍ ഇടപഴകുന്നത് ലണ്ടനിലും ദക്ഷിണാഫ്രിക്കയിലും വെച്ചാണ്. ഭഗവദ്ഗീത വായിച്ച അതേ ആവേശത്തോടെയാണ് ബൈബിളും ഖുറാനും വായിച്ചതെന്ന് ഗാന്ധിജി എഴുതിയിട്ടുണ്ട്. ദൈവരാജ്യം നിന്റെയുള്ളിലാണ് എന്ന ടോള്‍സ്റ്റോയിയുടെ ഗ്രന്ഥം ഗാന്ധിജിയെ ആഴത്തില്‍ സ്വാധീനിച്ചു. ഇന്ത്യയിലെ സവിശേഷ സാഹചര്യങ്ങളില്‍ ഭഗവദ് ഗീത കൂടുതല്‍ ശക്തമായി പ്രയോഗിച്ചെങ്കിലും എല്ലാ മതങ്ങളുടെയും സാരാംശം ഒന്നു തന്നെയാണെന്ന് ഗാന്ധിജി വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു.

സ്വന്തം ജീവന്‍ ബലി കൊടുത്താണ് ഗാന്ധിജി ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും നിലനിര്‍ത്തിയത്. 1947 ല്‍ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ പാക്കിസ്താനെപ്പോലെ ഇന്ത്യയും ഒരു മത രാഷ്ട്രമാകുന്നതിന്റെ സാദ്ധ്യതകള്‍ വളരെ വലുതായിരുന്നു. വിഭജനത്തിന്റെ മുറിവില്‍ നിന്ന് ഊതി ജ്വലിപ്പിച്ച വര്‍ഗ്ഗീയതയുടെ കനലുകള്‍ മതേതര ഇന്ത്യയെ ചുട്ടുചാമ്പലാക്കാന്‍ തുടങ്ങുമ്പോഴാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. ഒരു മതമൗലിക വാദിയുടെ കൈകളാലുള്ള ഗാന്ധിജിയുടെ കൊലയാണ് ഇന്ത്യയെ മതേതര രാഷ്ട്രമായി തുടരുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചതെന്ന് ചരിത്രകാരനായ ബിപന്‍ ചന്ദ്ര  കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ഹിന്ദു മതത്തിന്റെ സവിശേഷമായ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഗാന്ധിജി വര്‍ഗ്ഗീയതയ്ക്കെതിരെ പോരാടിയത്. ഭഗവദ് ഗീതയും രാമരാജ്യ സങ്കല്‍പവും ഉയര്‍ത്തിപ്പിടിക്കുന്ന ഗാന്ധിജിയെ എങ്ങിനെയാണ് നേരിടേണ്ടതെന്നറിയാതെ മതമൗലികവാദികള്‍ വിഷമിച്ചു. ഗാന്ധിജിയെ ഈ ലോകത്തു നിന്നും ഇല്ലാതാക്കുക മാത്രമാണ് പ്രശ്നപരിഹാരമെന്ന തീരുമാനത്തിലേക്ക് താന്‍ എത്തുകയായിരുന്നുവെന്ന് ഗാന്ധി വധത്തിനു ശേഷമുള്ള വിചാരണയില്‍ നാഥുറാം ഗോഡ്സെ പറയുന്നുണ്ട്.

ഗാന്ധിജിയുടെ ചോരയിലാണ് സ്വതന്ത്ര ഇന്ത്യ പടുത്തുയര്‍ത്തപ്പെട്ടത്. വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ക്ക് ഈ മണ്ണില്‍ ആകാശത്തോളം വളരാന്‍ കഴിയാത്തതും അതുകൊണ്ടുതന്നെയാണ്. ആരൊക്കെ എങ്ങിനെയൊക്കെ വിമര്‍ശിച്ചാലും തമസ്‌കരിച്ചാലും ഗാന്ധിജിയുടെ പ്രസക്തി ഒരിക്കലും ഇല്ലാതാവുന്നില്ല.

(2012ൽ മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlight:  Gandhi The Word and the Flesh