മതങ്ങൾ സ്വയം ജീർണിക്കുകയും അധികാര രാഷ്ട്രീയവുമായി ചേർന്ന് ജനാധിപത്യത്തെ അപഹസിക്കുകയും ചെയ്യുന്ന കാലമാണ് നമ്മുടേത്. ഇതിനെ നഖശിഖാന്തം എതിർത്ത ഗാന്ധിജിയുടെ നാട്ടിലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നത് ദൗർഭാഗ്യകരം തന്നെ. എന്നാൽ, ഇതിൽ അദ്‌ഭുതത്തിന് അവകാശം ഉണ്ടെന്ന് തോന്നുന്നില്ല. ഗാന്ധിജിയുടെ സ്ഥാനത്ത് ഗോഡ്‌സെയെ ആദരിക്കുന്നതാണല്ലോ ഇന്ത്യയുടെ വർത്തമാനകാല സംസ്കാരം.

പൊരുത്തക്കേടുകൾ

മറ്റുപല വിഷയങ്ങളിലും എന്നപോലെ മതസംബന്ധമായ കാര്യത്തിലും ഗാന്ധിജിയുടെ വീക്ഷണത്തിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി ഒറ്റനോട്ടത്തിൽ നമുക്ക് തോന്നും. മതപരിവർത്തനവും മിശ്രവിവാഹവും പന്തിഭോജനവും ക്ഷേത്രപ്രവേശനവും ജാതിവ്യവസ്ഥയുമൊക്കെ ഇതിൽപ്പെടുന്നു. എന്നാൽ, സൂക്ഷ്മവിശകലനത്തിൽ പൊരുത്തക്കേടുകളെക്കാൾ മാറിമറയുന്ന സാഹചര്യങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണത്തിൽ വരുത്തിയ മാറ്റങ്ങളുടെ അനന്തരഫലമാണ് ഇതെന്ന് നമുക്ക് മനസ്സിലാവും.

മതവും മതപരിവർത്തനവും
എല്ലാമതങ്ങളും തുല്യമാണെന്നും മതവിശ്വാസികൾ പരസ്പരധാരണയിൽ കഴിയണമെന്നുമുള്ള അടിത്തറയിലാണ് അദ്ദേഹം മതസംബന്ധമായ തന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത്. അതേസമയം, മതങ്ങളൊന്നും തെറ്റുകുറ്റങ്ങൾക്ക് അതീതവുമല്ല. ഇതിനർഥം ഒരു മതത്തിനും പരിപൂർണത അവകാശപ്പെടാനില്ലെന്നാണ്. ഈവിധം മതങ്ങൾ അപൂർണമാവുമ്പോൾ മതപരിവർത്തനത്തിന് പ്രസക്തിയില്ലെന്നും യുക്തിക്ക് നിരക്കാത്ത ദൈവവചനങ്ങൾ നിരാകരിക്കണമെന്നും മറ്റൊരു വേളയിൽ ഗാന്ധിജി സൂചിപ്പിക്കുന്നു. എല്ലാ മതങ്ങളും അപൂർണമാവുമ്പോൾ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് മാറിയതുകൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
മിഷനറി പ്രവർത്തനത്തെ വിമർശിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. സ്വന്തം മതത്തിന്റെ മേന്മയിലും സത്യത്തിലും മാത്രം വിശ്വസിക്കുന്നവരാണ് ഇക്കൂട്ടരെന്നും ഈ ഊറ്റംകൊള്ളൽ അപകടമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാൽ, മകൻ ഹരിലാൽ ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അദ്ദേഹം അതിനെ അനുകൂലിച്ചെന്നത് മറ്റൊരുകാര്യം.

മതവിമർശനം

ശ്രദ്ധേയമായ മറ്റൊന്ന് സ്വന്തം മതത്തിന്റെ തിന്മകൾ ചൂണ്ടിക്കാണിച്ച് ഗാന്ധിജി അന്യമതങ്ങളുടെ ന്യൂനതകളെ വിമർശിക്കാൻ തുനിഞ്ഞില്ലെന്നതാണ്. ഒരുവന് അന്യമതങ്ങളെ വിമർശിക്കാൻ അവകാശമില്ലെന്നും എന്നാൽ, സ്വന്തം മതത്തിന്റെ ന്യൂനതകൾ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഹിന്ദു - മുസ്‌ലിം ബന്ധത്തിലെ പൊരുത്തക്കേടിനെക്കുറിച്ചും ഇത്തരമൊരു തുറന്നുപറച്ചിൽ അദ്ദേഹം നടത്തിയിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിന്റെ കാരണം ചർച്ചചെയ്യവേ അദ്ദേഹം ഹിന്ദുക്കളോടായി ചോദിച്ചു: ‘‘ഇംഗ്ലീഷുകാർ ദിനംതോറും ആയിരക്കണക്കിന് പശുക്കളെ കൊല്ലുന്നതിൽ പരാതി ഇല്ലാത്തവർ മുസ്‌ലിങ്ങൾ അത് ചെയ്യുമ്പോൾ രോഷംകൊള്ളുന്നതിൽ എന്തർഥമാണുള്ളത് ?’’ മറുവശത്ത് മുസ്‌ലിങ്ങളോട് പറഞ്ഞത് ഇങ്ങനെയും: ‘‘സംഗീതം അഥവാ ആരതി ഹിന്ദുക്കൾക്ക് വലിയ പ്രാധാന്യമുള്ളതാണ്. അതിനെ വാളുകൊണ്ട് തടയാൻ നിങ്ങൾക്ക് അവകാശമില്ല. ഇരുകൂട്ടർക്കും വേണ്ടത് ആത്മനിയന്ത്രണമാണ്.’’

ഇരുപതാം നൂറ്റാണ്ടിലെ ക്രിസ്തു

മുകളിൽ പറഞ്ഞതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. മതത്തിനോടുള്ള സമീപനത്തിൽ ഗാന്ധിജി ഒരേസമയം യാഥാസ്ഥിതികനും വിപ്ലവകാരിയുമായിരുന്നു. ഒരുവശത്ത് വർണാശ്രമത്തെയും ജാതിവ്യവസ്ഥയെയും ന്യായീകരിച്ചു; മിശ്രവിവാഹത്തോടും പന്തിഭോജനത്തോടും വലിയ പ്രതിപത്തി കാണിച്ചുമില്ല. ഒടുവിൽ ഇതിനെയെല്ലാം തള്ളിപ്പറഞ്ഞു എന്നത് മറ്റൊരു കാര്യം, മറുവശത്ത് ക്ഷേത്രദർശനത്തിലും വിഗ്രഹാരാധനയിലും വിശ്വസിച്ചതുമില്ല. യാഥാസ്ഥിതിക ഹിന്ദുത്വത്തെ അദ്ദേഹം നിശിതമായി എതിർത്തപ്പോഴും താനൊരു സനാതനഹിന്ദുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. രാമചന്ദ്രഗുഹ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഒരുപക്ഷേ, ഇതൊരു തന്ത്രപരമായ നീക്കമാവാം -ഹിന്ദുമതത്തെ പൂർണമായി തള്ളിപ്പറഞ്ഞാൽ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ അണിനിരത്താനാവില്ലെന്ന ബോധം.
മതത്തിനോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിൽ ശരിയും തെറ്റുമുണ്ട്. എന്നാൽ, ഒരു കാര്യം പറയാതെവയ്യ. ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിൽ ഉണ്ടാകുമായിരുന്ന പല
രക്തച്ചൊരിച്ചിലും ഒഴിവാക്കുന്നതിലും ന്യൂനപക്ഷങ്ങൾക്ക് അന്തസ്സോടെ ഇന്ത്യയിൽ ജീവിക്കാൻ കഴിയുന്നതിനും മതനിരപേക്ഷത ഊട്ടി ഉറപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്.

Content Highlight: Gandhi's views on Religion