ഗാന്ധി സിനിമയിലെ ഇന്ത്യന്‍ സാന്നിധ്യമായി ഭാനു അതയ്യ നിറഞ്ഞുനിന്നപ്പോള്‍ അധികമാരുമറിയാതെയൊരു മലയാളി ടച്ചും ആ സിനിമയ്‌ക്കൊപ്പമുണ്ടായിരുന്നു. ചിത്രീകരണ-നിര്‍മാണ സമയങ്ങളിലല്ല, പകരം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണെന്ന് മാത്രം. തലശ്ശേരിക്കാരനായ ചിത്രകാരനും പെയിന്ററുമായ പി. ശരത് ചന്ദ്രന്‍. ഗാന്ധിസിനിമയ്ക്കായി തയ്യാറാക്കിയ പോസ്റ്ററുകളിലാണ് ശരത് ചന്ദ്രന്റെ വര്‍ണങ്ങള്‍ വരകള്‍ തീര്‍ത്തത്. 

ഏറെക്കാലത്തെ കാത്തിരിപ്പിനും അധ്വാനങ്ങള്‍ക്കും ശേഷം 1982-ല്‍ അറ്റന്‍ബറോ ഗാന്ധിസിനിമ പൂർത്തിയാക്കുമ്പോള്‍ രാജ്യവ്യാപകമായി സിനിമയുടെ പ്രമോഷനുവേണ്ടി പതിക്കാനുള്ള പോസ്റ്ററുകള്‍ തയ്യാറാക്കുന്നതാരെന്ന ചോദ്യമുയര്‍ന്നു. സാങ്കേതികവിദ്യകള്‍ ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്ത കാലം. സിനിമയുള്‍പ്പെടെയുള്ള കലാരൂപങ്ങളുടെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമാണ് ആശ്രയം. ഗാന്ധിയെപ്പോലെയൊരു ഇതിഹാസ സിനിമയ്ക്ക് അത്രയും ആകര്‍ഷകമായ പോസ്റ്ററായിരിക്കണം വേണ്ടതും. കൃത്യസമയത്തിനുള്ളില്‍ അത് വരച്ചുതീര്‍ക്കാന്‍ കഴിയുന്ന ഒരാളെയായിരുന്നു അറ്റന്‍ബറോ തേടിയത്. അങ്ങനെയൊരാളെ കണ്ടെത്താനുള്ള ദൗത്യം അറ്റന്‍ബറോ ഏല്‍പ്പിച്ചത് ബോംബെയിലെ സോഴ്‌സ് അഡ്വര്‍ടൈസിങ് എന്ന പരസ്യ ഏജന്‍സിയെയായിരുന്നു. അവര്‍ ചെന്നെത്തിയത് ശരത്ചന്ദ്രനിലും.

76-കാരനായ അദ്ദേഹം കോഴിക്കോട്ടെ മുസ്‌കാന്‍ എന്ന വീട്ടിലിരുന്ന് അക്കാലം ഓര്‍മിച്ചെടുത്തു. പ്രശസ്തമായ ഗോള്‍ഡന്‍ ടുബാക്കോ സിഗരറ്റ് കമ്പനിയില്‍ ജോലിചെയ്യുകയായിരുന്ന കാലത്താണ് ഗോള്‍ഡന്‍ ടുബാക്കോയുടെ തന്നെ പരസ്യ ഏജന്‍സികളിലൊന്നായ സോഴ്‌സിന് ഗാന്ധി പോസ്റ്ററുകള്‍ തയ്യാറാക്കാനുള്ള ഓര്ഡര്‍ കിട്ടുന്നത്. ഓര്‍ഡര്‍ കിട്ടിയെങ്കിലും അതിനുപറ്റിയ ആളെ കണ്ടെത്താനാകാതെ സോഴ്‌സും വിഷമിച്ചു നടന്നു ആദ്യം. പിന്നീട് ഇക്കാര്യം അവര്‍ അന്നത്തെ ഗോള്‍ഡന്‍ ടുബാക്കോ ജനറല്‍ മാനേജറായിരുന്ന സേത്തിയോട് പറഞ്ഞു. അന്ന് സേത്തിയാണ് സോഴ്‌സ് അധികൃതരോട് തന്റെ പേര് ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ശരത്ചന്ദ്രന്‍ ഓര്‍മിക്കുന്നു. അമിതാഭ് ബച്ചന്‍ ചിത്രമായ 'ഷോലെ'യുടേതുപോലെ കളര്‍ഫുള്ളായിരിക്കണം പോസ്റ്ററെന്നായിരുന്നു കിട്ടിയ നിര്‍ദേശം. എന്നാലൊരു കളര്‍ പ്രിന്റുപോലും നിര്‍മാതാക്കള് നല്‍കിയിട്ടില്ലായിരുന്നു. 

ബോംബെയില്‍ നടന്ന പ്രിവ്യൂ കാണാനൊരു പാസും നല്‍കി. മുംബൈ ലിബര്‍ട്ടി തിയേറ്ററിന് മുകളിലെ മിനി തിയേറ്ററിലായിരുന്നു പ്രദര്‍ശനം. അന്നത്തെ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും പ്രദര്‍ശനത്തിനെത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയപ്പോള്‍ വര്‍ണം നിറഞ്ഞതൊന്നും മനസ്സിലേക്കെത്തുന്നില്ലായിരുന്നു. അധികം നിറങ്ങള്‍ ചേര്‍ക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ അത്ര കളര്‍ഫുള്‍ മനുഷ്യനായിരുന്നില്ലല്ലോ ഗാന്ധി. പിന്നീടാണ് ജാലിയന്‍ വാലാബാഗും ഗാന്ധിയുടെ പോര്‍ട്രേയ്റ്റും പോസ്റ്ററില്‍ കൊണ്ടുവരാമെന്ന് ചിന്തിക്കുന്നത്. ആശയം വരച്ചുനല്‍കിയപ്പോള്‍ കമ്പനിക്കും ഇഷ്ടമായി. പിന്നീട് മൂന്ന് പോസ്റ്ററുകള്‍കൂടി രൂപകല്പന ചെയ്തു. കമ്പനിക്കും അറ്റന്‍ബറോയ്ക്കും ഇഷ്ടമായതോടെ ശരത്ചന്ദ്രന്റെ വരകളില്‍ ഗാന്ധി വീണ്ടും നിറഞ്ഞു. അതില്‍ ചായം പുരണ്ടു. പിന്നീടുള്ളത് ചരിത്രവും.

ഗാന്ധി പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം