ഹാത്മാഗാന്ധിയുടെ ജീവിതത്തെ ആധാരമാക്കി വിഖ്യാത ബ്രിട്ടീഷ് സംവിധായകന്‍ റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത സിനിമയാണ് 'ഗാന്ധി'. ലൂയിസ് ഫിഷറിന്റെ 'ദി ലൈഫ് ഓഫ് മഹാത്മാഗാന്ധി' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് അറ്റന്‍ബറോ ഗാന്ധി നിര്‍മിച്ചത്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് 1893-ല്‍ വെള്ളക്കാര്‍ക്ക് മാത്രമായുള്ള റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തതിന് ഗാന്ധിജിയെ ട്രെയിനില്‍ നിന്ന് പുറത്താക്കിയ സംഭവം മുതല്‍ തുടങ്ങി 1948-ല്‍ അദ്ദേഹം വധിക്കപ്പെടുന്നതുവരെയുള്ള പ്രധാനസംഭവങ്ങള്‍ അറ്റന്‍ബറോ ഗാന്ധിയിലൂടെ വെള്ളിത്തിരയിലെത്തിച്ചു.

ബെന്‍ കിങ്സ്ലി ഗാന്ധിയായി വേഷമിട്ട സിനിമ ഇന്ത്യയില്‍ പുറത്തിറങ്ങിയത് 1982 നവംബര്‍ 30-നാണ്. ബ്രിട്ടണില്‍ ഡിസംബര്‍ മൂന്നിനും യു.എസില്‍ ഡിസംബര്‍ ആറിനും സിനിമ പ്രദര്‍ശനത്തിനെത്തി.
ബ്രിട്ടനിലെ സിനിമയുടെ പ്രീമിയര്‍ കാണാന്‍ ചാള്‍സ് രാജകുമാരനും ഡയാനാ രാജകുമാരിയും എത്തിയിരുന്നു.
യു.എസില്‍ ഏതാനുമിടങ്ങളില്‍ മാത്രമാണ് ആദ്യം പ്രദര്‍ശനം നടത്തിയിരുന്നതെങ്കിലും സിനിമ ആഗോള ശ്രദ്ധ നേടിയതോടെ 1983 ജനുവരി മുതല്‍ രാജ്യവ്യാപകമായി പ്രദര്‍ശനങ്ങളൊരുക്കി.

ഓസ്‌കറും ഗാന്ധിയും

1983-ലെ എട്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ഗാന്ധിസിനിമ നേടിയത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം അറ്റന്‍ബറോയും മികച്ച നടനുള്ള പുരസ്‌കാരം ബെന്‍ കിങ്സ്ലിയ്ക്കും ലഭിച്ചു. അതിനുപുറമേ മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ്, കലാസംവിധാനം, ഛായാഗ്രഹണം, വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും ലഭിച്ചു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ഇന്ത്യക്കാരിയായ ഭാനു അത്തയ്യ ജോണ്‍ മോള്ളോയ്‌ക്കൊപ്പം പങ്കിട്ടു. ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയായി ഭാനു അത്തയ്യ. 11 വിഭാഗങ്ങളിലേക്കാണ് ഗാന്ധി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്.

പൂര്‍ത്തിയാകാതെ പാസ്‌കലിന്റെ സ്വപ്നം

ഗാന്ധിയുടെ ജീവിതം സിനിമയാക്കാന്‍ രണ്ടുതവണ ശ്രമങ്ങളുണ്ടായെങ്കിലും അവ പരാജയപ്പെട്ടു. 1952-ല്‍ ഹംഗേറിയന് സംവിധായകനും നിര്‍മാതാവുമായ ഗബ്രിയേല്‍ പാസ്‌കല്‍ ഗാന്ധിയെപ്പറ്റി സിനിമയെടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവുമായി ധാരണയായിരുന്നു.  നെഹ്രു സിനിമ നിര്‍മ്മിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ആ സ്വപ്നം പൂര്‍ത്തിയാക്കാനാകാതെ 1954-ല്‍ പാസ്‌കല്‍ മരണത്തിന്  കീഴടങ്ങി.

ഗാന്ധി സിനിമയായപ്പോള്‍

നീണ്ട 18 കൊല്ലങ്ങള്‍ കൊണ്ടാണ് റിച്ചാര്‍ഡ് അറ്റന്‍ബറോ ഗാന്ധി സിനിമ പൂര്‍ത്തിയാക്കിയത്. 1962-ല്‍ അന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ മോട്ടിലാല്‍ കോത്താരിയില്‍ നിന്ന് അറ്റന്‍ബറോയ്ക്ക് ലഭിച്ച ഫോണ്‍കോളിലാണ് ഗാന്ധി സിനിമയ്ക്ക് വിത്ത് പാകപ്പെടുന്നത്. ഗാന്ധിയെക്കുറിച്ച് അറ്റന്‍ബറോ സിനിമയെടുക്കണമെന്ന ആവശ്യമുന്നയിച്ചത് കോത്താരിയായിരുന്നു. ഇതുപ്രകാരം അറ്റന്‍ബറോ ലൂയിസ് ഫിഷറിന്റെ പുസ്തകം വായിക്കുകയും സിനിമ ചെയ്യാന്‍ സമ്മതമറിയിക്കുകയും ചെയ്യും. 

പിന്നീട് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ സഹായത്തോടെ ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി എന്നിവരുമായി സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചിത്രീകരണത്തിനുള്ള അനുമതി നേടുകയും ചെയ്തു. നിര്‍മാണത്തില്‍ സഹായിക്കാമെന്നും നെഹ്രു വാക്കുനല്‍കി. എന്നാല്‍ 1964-ല്‍ നെഹ്രു അന്തരിച്ചത് തിരിച്ചടിയായി. പിന്നീട് 1976-ല്‍ സിനിമ പുനരാരംഭിക്കുന്നതിനായ 1980-ല്‍ ചിത്രീകരണത്തിനാവശ്യമായ സ്ഥലവും പണവും അറ്റന്‍ബറോയ്ക്ക് സംഘടിപ്പിക്കാനായി. സിനിമാനിര്‍മാണത്തിനായി ദേശീയ ചലച്ചിത്രവികസന കോര്‍പ്പറേഷനില്‍ നിന്നും വാഗ്ദാനം ചെയ്തിരുന്ന അറ്റന്‍ബറോ വാര്‍ണര്‍ സഹോദരന്മാരെ സമീപിച്ചു. എന്നാല്‍ അപ്പോഴേക്കും ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ ഇന്ത്യയില്‍ സിനിമയുടെ ചിത്രീകരണം അസാധ്യമായി. ഒടുവില്‍ ഒരു കോടി ഡോളര്‍ ലഭിച്ചതോടെയാണിത്. സഹനിര്‍മാതാവായിരുന്ന റാണി ദുബേയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ഒടുവില്‍ 1982-ല്‍ സിനിമ വെളിച്ചം കാണുമ്പോള്‍ കോത്താരി, മൗണ്ട് ബാറ്റണ്‍ പ്രഭു, നെഹ്രു എന്നിവര്‍ക്കായാണ് അറ്റന്‍ബറോ സിനിമ സമര്‍പ്പിച്ചത്.

ഗിന്നസ് ബുക്കില്‍ ഗാന്ധി 

സിനിമയില്‍ ഗാന്ധിയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ ചിത്രീകരിക്കുന്ന സീനുകളില്‍ മാത്രം മൂന്ന് ലക്ഷത്തിലേറെ ആളുകളെയാണ് പങ്കെടുപ്പിച്ചത്. ഇക്കാര്യത്തില്‍ സിനിമ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടുകയും ചെയ്തു. ബെന്‍ കിങ്സ്ലി ഗാന്ധിയുടെ ടൈറ്റില്‍ റോളില്‍ അസാധ്യപ്രകടനം കാഴ്ചവെച്ച കിങ്സ്ലിയ്ക്കുമുണ്ട് ഒരിന്ത്യന്‍ ബന്ധം. പകുതി ഇന്ത്യക്കാരനാണ് കിങ്സ്ലി. ഗുജറാത്തുകാരനായ റാഹിംതുള്ള ഹാര്‍ജി ഭാന്‍ജെയുടെയും നടിയും മോഡലുമായ അന്നാ ലിനാമേരിയുടെയും മകനായി ജനിച്ച കിങ്സ്ലിയുടെ യഥാര്‍ഥ പേര് കൃഷ്ണ പണ്ഡിറ്റ് ഭാന്‍ജെയെന്നാണ്.

Content Highlight: gandhi Film  Richard Attenborough