ഗാന്ധിശതാബ്ദി ആഘോഷിക്കപ്പെടുന്ന ഈ അവസരത്തില്‍ രാജ്യത്തിലെ സ്ഥിതിഗതികള്‍ കാണുമ്പോള്‍ വളരെയധികം മനംമടുപ്പും ഹൃദയവേദനയും അനുഭവപ്പെടുന്നു. ഗാന്ധിജി നമ്മെ വിട്ടുപിരിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകഴിഞ്ഞതേയുള്ളൂ. അപ്പോഴേക്കും നാട്ടിലെ സ്ഥിതി എത്ര മാറിപ്പോയി. ഗാന്ധിജി എന്തിനൊക്കെവേണ്ടി ജീവിച്ചുവോ ആ ആദര്‍ശങ്ങളെയൊക്കെ ചവിട്ടിമെതിച്ചും കാറ്റില്‍പ്പറത്തിയും ജീവിക്കുന്ന നാം ഗാന്ധിജിയുടെ ജന്മശതാബ്ദി കൊണ്ടാടിയിട്ടെന്തു കാര്യം. ഇന്നത്തെ ചുറ്റുപാടില്‍ അതൊരു വെറും കാട്ടിക്കൂട്ടലാവുന്നില്ലേ അഥവാ രാജാജി ചൂണ്ടിക്കാണിച്ചതുപോലെ നാം ഗാന്ധിജിയെ എന്നന്നേക്കുമായി വിസ്മരിക്കുന്നതിനുമുമ്പ്  അവസാനമായി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കലാണോ ഇത് ?

സര്‍വോപരി ഗ്രാമീണ ഭാരതത്തിന്റെ സമുദ്ധരണമായിരുന്നു സ്വാതന്ത്ര്യംകൊണ്ട് ഗാന്ധിജി ലക്ഷ്യമാക്കിയിരുന്നത്. ഖാദിയും അയിത്തോച്ചാടനവും മദ്യവര്‍ജനവുമെല്ലാം ഗ്രാമീണരുടെ ഉന്നമനത്തെ ഉദ്ദേശിച്ചുള്ള പരിപാടികളായിരുന്നു. എന്നാല്‍, സ്വതന്ത്ര ഇന്ത്യ ഈ പരിപാടികള്‍ അവഗണിക്കുകയല്ലേ ചെയ്തത്. ഖാദിയും ഗ്രാമവ്യവസായങ്ങളും പ്രോത്സാഹിപ്പിക്കാനും വളര്‍ത്തിക്കൊണ്ടുവരാനും നാം എന്തുചെയ്തു.  അയിത്തം നിയമംമുഖേന കുറ്റകരമാക്കിയിട്ടുണ്ടെങ്കിലും  ജനങ്ങളുടെ മനസ്സില്‍നിന്ന് സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ തുടച്ചുമാറ്റപ്പെട്ടിട്ടില്ല. സാര്‍വത്രികമായി മദ്യവര്‍ജനം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരായ നാം മുമ്പ് അത് നിലവിലുണ്ടായിരുന്ന സ്ഥലങ്ങളില്‍ക്കൂടിയും വേണ്ടെന്ന് വെക്കുകയല്ലേ ചെയ്തത്?  ഇന്നിതാ അവശേഷിച്ച സ്റ്റേറ്റുകളില്‍ക്കൂടിയും മദ്യവര്‍ജനം എടുത്തുകളയാന്‍ പോകുകയാണത്രേ.

ഇന്നു പത്രം നിവര്‍ത്തിയാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് വര്‍ഗീയ സംഘട്ടനങ്ങളെയും രാഷ്ട്രീയകക്ഷികള്‍ തമ്മിലും വിദ്യാര്‍ഥികള്‍ക്കിടയിലുള്ള വിവിധ രാഷ്ട്രീയഗ്രൂപ്പുകള്‍ തമ്മിലുമുള്ള സംഘട്ടനങ്ങളെയും കൊള്ളകളെയും കൊലകളെയുംക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്. ഭാഷയെയും സ്റ്റേറ്റ് വിഭജനങ്ങളെയുംചൊല്ലി നാടെങ്ങും പ്രക്ഷോഭങ്ങള്‍ നടക്കുന്നു. ഈയിടെ തെലങ്കാന സ്റ്റേറ്റിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ കോടിക്കണക്കിന് ഉറുപ്പികയ്ക്കുള്ള പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്. അഹമ്മദാബാദിലെ വര്‍ഗീയലഹളയുടെ രൂക്ഷത ആരെയാണ് നടുക്കിക്കളയാത്തത്?

അഴിമതി

ഭരണരംഗത്ത് അടിമുടി അഴിമതി നടമാടുകയാണ്. കേന്ദ്ര ഗവണ്മെന്റുമുതല്‍  ഗ്രാമപ്പഞ്ചായത്തുകള്‍വരെ ഭരണം ദുഷിച്ചുകഴിഞ്ഞിരിക്കുന്നു. പൊതുജനങ്ങളില്‍നിന്ന് പിഴുതെടുക്കുന്ന പണം  ധൂര്‍ത്തടിക്കാന്‍ ഭരണത്തിലിരിക്കുന്നവര്‍ക്ക് ഒരു മടിയുമില്ല. എന്നിട്ട് സാധാരണ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പണമില്ലെന്നുപറഞ്ഞ് കൈമലര്‍ത്തുകയും. ഭരണകൂടം ജനങ്ങളെ സേവിക്കുന്നിതിനുള്ള ഒരുപകരണമായിട്ടാണ് ഗാന്ധിജി വിഭാവനം ചെയ്തത്, അല്ലാതെ അവരെ ചൂഷണം ചെയ്യുന്നതിനുള്ള  ഉപാധിയായിട്ടല്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസന്മാരാകണം, അവരുടെ യജമാനന്മാരാവരുത്.
നാം ജനാധിപത്യത്തെ പിടിച്ചാണയിടുന്നു. അതേസമയം, ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഭരണഘടനയെയും കോടതികളെയും ധിക്കരിക്കുന്നു. സായുധവിപ്ലവത്തില്‍ വിശ്വസിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ ഈ നാട്ടിലുണ്ട്.  ഗാന്ധിജിയുടെ ആദര്‍ശങ്ങളും പരിപാടികളും ഭരണതലത്തില്‍ മാത്രമല്ല രാഷ്ട്രത്തിന്റെ ഒരു മേഖലയിലും കണികാണാനില്ലെന്നായിരിക്കുന്നു.

വിഭാഗീയ ചിന്തകള്‍

ഇന്ത്യന്‍ രാഷ്ട്രം എന്ന ഒന്ന് നിലവില്‍ ഇല്ലാതായിട്ടുണ്ട്. നാം ഭാഷയുടെയും രാഷ്ട്രീയാദര്‍ശങ്ങളുടെയും വര്‍ഗീയവും മതപരവുമായ പരിഗണനകളുടെയും പേരില്‍ ഛിദ്രിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്ത്യക്കാരനെന്ന നിലയ്ക്ക് ആര്‍ക്കും ചിന്തിക്കാന്‍ സാധിക്കുന്നില്ല.

വര്‍ഗീയവും മതപരവുമായ കലക്കങ്ങളും സംഘട്ടനങ്ങളും ഇപ്പോഴും നാട്ടില്‍ തുടര്‍ന്നുവരുന്നുവെന്നത് വളരെ ഖേദകരമാണ്. സര്‍വധര്‍മസമാനത്വം അംഗീകരിക്കാന്‍ ചിലര്‍ ഇനിയും കൂട്ടാക്കുന്നില്ല. അവരിപ്പോഴും മറ്റു മതസ്ഥരെ സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് സ്വാഭാവികമായി വിവിധ മതസ്ഥര്‍തമ്മില്‍ തെറ്റിദ്ധാരണയും സംഘര്‍ഷവും ഉളവാക്കുന്നു. മതപരിവര്‍ത്തനത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് ഹീനമാണ്. 'എന്റെ മതം മാത്രമാണ് ശ്രേഷ്ഠം  മറ്റെല്ലാം കൊള്ളരുതാത്തതാണ്' എന്ന് അവകാശപ്പെടാന്‍ ആര്‍ക്കും അധികാരമില്ല. എല്ലാ മതങ്ങളും ശ്രേഷ്ഠമാണെന്ന് എല്ലാവരും അംഗീകരിക്കുകയെന്നതാണ് സമുദായ മൈത്രിയുടെ അടിസ്ഥാനം.

ഈ ചുറ്റുപാടില്‍ ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കാനും അദ്ദേഹത്തിന്റെ അനുയായികളെന്ന് അവകാശപ്പെടാനും നമുക്കധികാരമില്ല.  രാഷ്ട്രജീവിതത്തില്‍ ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്കോ അദ്ദേഹത്തിന്റെ നിര്‍മാണ പരിപാടികള്‍ക്കോ യാതൊരുസ്ഥാനവും നല്‍കാതെ ഗാന്ധിജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ അര്‍ഥം എനിക്ക് മനസ്സിലാവുന്നില്ല. സ്വാതന്ത്ര്യസമരത്തിനുവേണ്ടി ഗാന്ധിജിയാല്‍ ഊര്‍ജസ്വലമാക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ജനങ്ങളുടെ ഇടയിലുള്ള സ്വാധീനം ഇന്ന് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കയാണ്. നമ്മുടെ ജീവിതത്തിലും ഭരണതലത്തിലും ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്കും പരിപാടികള്‍ക്കും സ്ഥാനമില്ലാതായതിന്റെ പ്രത്യക്ഷ ഫലങ്ങളിലൊന്നാണിതെന്ന് ഞാന്‍ പറയും..

അനീതിയെ ചെറുക്കുക

ഞാന്‍ ചോദിക്കുന്നു ഇന്നത്തെ ഭരണത്തില്‍ സംതൃപ്തിയുള്ള  ഏതെങ്കിലും ജനവിഭാഗം ഈ നാട്ടിലുണ്ടോയെന്ന്. ഇന്നത്തെ സ്ഥിതിഗതികളില്‍ പ്രതിഷേധമില്ലാത്തവര്‍ ഉണ്ടോ?നാം ഈവക കാര്യങ്ങളെക്കുറിച്ച് നിര്‍ഭയരായി ചിന്തിക്കേണ്ടിയിരിക്കുന്നു. ആ ചിന്തയുടെ ഫലമായി എന്ത് നിഗമനത്തിലേക്കാണോ എത്തിച്ചേരുന്നതും അത് നടപ്പില്‍വരുത്തുന്നതിനുള്ള ധൈര്യവും തന്റേടവും നമുക്കുണ്ടാവണം. നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല. ആ ഭാരം ജനങ്ങള്‍തന്നെ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. സത്യത്തിന്റെയും മനസ്സാക്ഷിയുടെയും വെളിച്ചത്തിലൂടെ മുന്നോട്ടുപോവുക, അനീതിയെ ചെറുക്കുക, നീതിക്കുവേണ്ടി നിര്‍ഭയം പൊരുതുക. ഗാന്ധിജിയോട് നമുക്കുള്ള ആദരം പ്രകടിപ്പിക്കേണ്ടത് അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നു.

1969 ഒക്ടോബര്‍ 2 ന് ഗാന്ധിയുടെ 100ാം ജന്മാവാര്‍ഷിക ദിനത്തിലെ മാതൃഭൂമി പ്രത്യേക പതിപ്പില്‍ എഴുതിയ ലേഖനം

Content Highlight: Gandhi and present society article by K. Kelappan