മഹാത്മാഗാന്ധിയ്ക്ക് കുടുംബമെന്നാല്‍ രാജ്യമായിരുന്നു. എന്നാല്‍, മഹാത്മാവിന്റെ ജീവരക്തമോടുന്ന കുടുംബത്തിലെ പലരും ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലുണ്ട്. ഗാന്ധിയുടെ പ്രപൗത്രനായ ഡോ. ആനന്ദ് ഗോകാനി അതില്‍ ഒരാളാണ്. മഹാത്മാവിന്റെ 150-ാം ജന്മദിന വേളയില്‍ അദ്ദേഹം സംസാരിക്കുന്നു


മുംബൈയിലെ ബോംബെ ഹോസ്പിറ്റലിലെ ചീഫ് ഡയബറ്റോളജിസ്റ്റും എന്‍ഡോക്രൈനോളജിസ്റ്റുമാണ് മഹാത്മാഗാന്ധിയുടെ പ്രപൗത്രനായ ഡോ. ആനന്ദ് ഗോകാനി. ഗാന്ധിയുടെ മകന്‍ രാംദാസ് ഗാന്ധിയുടെ മകള്‍ ഉഷയ്ക്കും ഭര്‍ത്താവ് ഗോകാനിക്കും ജനിച്ച മകന്‍. ഈ രാജ്യം വാനോളം ഉയരുന്നതും സ്വാഭിമാനം നേടുന്നതും കൊതിയോടെ കാത്തിരിക്കുന്നയാള്‍. ചാന്ദ്രയാന്‍ ദൗത്യം പൂര്‍ണമായി വിജയിക്കുന്നതുകാണാന്‍ രാവേറെ ഉറക്കമിളച്ചിരുന്ന് നിരാശനായയാള്‍. ഗാന്ധിമാര്‍ഗസംഘടനകള്‍പോലും സ്വാര്‍ഥത ഉള്‍മുറ്റിയവരുടെ ആവാസകേന്ദ്രമാവുന്നതില്‍ പരിതപിക്കുന്നയാള്‍. സത്യശക്തിയില്‍ രാഷ്ട്രപിതാവിന്റെ ദര്‍ശനം എന്നെങ്കിലും ആസേതുഹിമാചലം ജനഗണമനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് അടിയുറച്ച് വിശ്വസിക്കുന്നയാള്‍. ഡോ. ഗോകാനി സംസാരിക്കുമ്പോള്‍ മഹാത്മാഗാന്ധി തലമുറകള്‍ക്കിപ്പുറവും അദൃശ്യശക്തിയായി തുടരുന്ന അദ്ഭുതം നാം അനുഭവിക്കുന്നു.

രാജ്മോഹന്‍ ഗാന്ധിയും തുഷാര്‍ ഗാന്ധിയും മുതല്‍ സുമിത്രാഗാന്ധി കുല്‍ക്കര്‍ണിയും ഇള ഗാന്ധിയുംവരെ മഹാത്മാഗാന്ധിയുടെ വംശവൃക്ഷത്തില്‍ ഏറെ പ്രശസ്തരായ പതിനാറോളം പേരുണ്ട്. ഗാന്ധി കുടുംബത്തിന്റെ ശബ്ദം രാഷ്ട്രം ശ്രദ്ധിക്കുന്നതായി തോന്നിയിട്ടുണ്ടോ...

രാഷ്ട്രം ഗാന്ധിയെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നത് കറന്‍സി നോട്ടുകളില്‍ മാത്രമാണല്ലോ. നിങ്ങള്‍ പറഞ്ഞ ഈ പിന്മുറക്കാര്‍തന്നെ പലകാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായമുള്ളവരാണ്. ഗാന്ധി നല്‍കിയ മാതൃകയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാത്തവരുമുണ്ട്. രാഷ്ട്രം ഞങ്ങളുടെ ശബ്ദം ശ്രവിക്കേണ്ടതില്ല. രാഷ്ട്രപിതാവിന്റെ വാക്കുകള്‍ക്കാണ് ചെവികൊടുക്കേണ്ടത്. അടിസ്ഥാനപരമായി ഗാന്ധി എല്ലാവര്‍ക്കുംവേണ്ടി പലതും അവശേഷിപ്പിച്ചാണ് കടന്നുപോയത്. തുറന്നാല്‍ പലതും വായിക്കാവുന്ന പുസ്തകംപോലെ. പ്രതീക്ഷിക്കാത്തതു പലതും എടുക്കാവുന്ന മാന്ത്രികപ്പെട്ടിപോലെ. ഗുണപരവും പ്രചോദനദായകവും ചിന്താപരവും കാലാതീതവുമാണ് മിക്ക ഗാന്ധിയന്‍ ദര്‍ശനങ്ങളും. ഗാന്ധി, കുടുംബത്തിനുമാത്രമായി സത്പേരുമാത്രമേ പിതൃസ്വത്തായി അവശേഷിപ്പിച്ചുള്ളൂ. പ്രശസ്തി, ജനപ്രീതി, മമത എന്നിവ ഞങ്ങള്‍ക്ക് ഗാന്ധിയുടെപേരില്‍ ജനങ്ങളില്‍നിന്ന് വേണ്ടുവോളം കിട്ടുന്നുണ്ട്. രാഷ്ട്രം അത്രയും പരിഗണന ഞങ്ങള്‍ക്ക് നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതര്‍ഹിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുമില്ല.

ഗാന്ധിയുടെ 150-ാം ജയന്തിയിലാണ് നാമിപ്പോള്‍. അങ്ങാണ് ഈ ആചരണത്തിന് നേതൃത്വം നല്‍കുന്നതെന്ന് വിചാരിക്കുക. ഗാന്ധിസ്മൃതിയില്‍ അപ്പോള്‍ ആദ്യം എന്തുചെയ്യുമായിരുന്നു...വിദര്‍ഭയിലെ കര്‍ഷകര്‍ക്ക് നിലയ്ക്കാത്ത ജലസേചന സൗകര്യമൊരുക്കി ആഘോഷിക്കുമായിരുന്നു.നമ്മുടെ ഭരണാധികാരികളോട് ഗാന്ധിയുടെ നാലാം തലമുറക്കാരന്‍ എന്തുപറയും...

പറയാനുള്ളതൊക്കെ ഗാന്ധി പറഞ്ഞിട്ടുണ്ടല്ലോ. എന്നിട്ടും ശ്രദ്ധിക്കാത്തവര്‍ ഞാന്‍ പറഞ്ഞാല്‍ ശ്രദ്ധിക്കുമോ? എങ്കിലും പറയാം. വ്യക്തിപരമായ പ്രശസ്തി, സമ്പത്ത്, നേട്ടങ്ങള്‍ എന്നിവയ്ക്കുവേണ്ടിയല്ല നിലകൊള്ളേണ്ടത്. രാഷ്ട്രത്തിന്റെ അഭിമാനം ഉയര്‍ത്തുന്ന നടപടികളുണ്ടാവട്ടെ. ദരിദ്രമായ രാഷ്ട്രമായിരിക്കാം. പക്ഷേ, അതുകൊണ്ട് ദേശാഭിമാനം പാടില്ല എന്നില്ലല്ലോ. വിവിധരംഗങ്ങളില്‍ ഗുണമേന്മയേറിയതും നിലവാരമുള്ളതുമായ സേവനങ്ങള്‍ ഉറപ്പുവരുത്തണം. എല്ലാ രാഷ്ട്രീയകക്ഷികളും ഭരണാധികാരികളും വിവാദങ്ങളും തര്‍ക്കങ്ങളും വിട്ട് ഗുണപരമായ പ്രവര്‍ത്തനത്തിന്റെ പുതിയൊരുതലത്തിലേക്ക് ഉയരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്ന സ്വച്ഛ്ഭാരത് കാമ്പയിനും പാവപ്പെട്ടവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചുനല്‍കുന്നതും മറ്റും ഗാന്ധിമാര്‍ഗദിശയിലുള്ള പ്രവര്‍ത്തനങ്ങളാണെന്ന് വിശ്വസിക്കുന്നുണ്ടോ...

അതെ. ഞാന്‍ അതിനെ അതേനിലയില്‍ത്തന്നെ കാണുന്നു. വിലമതിക്കുന്നു. അത് അല്പംകൂടി ഉയര്‍ന്ന ഒരു തലത്തിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നു. യഥാര്‍ഥ സ്വച്ഛത ആരംഭിക്കേണ്ടത് മനസ്സുകളിലാണ്. വ്യക്തിയില്‍നിന്ന് ഇത് വീട്ടിലേക്കും തെരുവുകളിലേക്കും ഗ്രാമങ്ങളിലേക്കും തുടര്‍ന്ന് രാജ്യമൊട്ടാകെയും വ്യാപിക്കണം. ഒരു കുളത്തിലെ വെള്ളത്തില്‍ വൃത്താകൃതിയിലുണ്ടാവുന്ന തരംഗരൂപത്തിലെ ഓളങ്ങള്‍പോലെ ഇത് വ്യാപിക്കുന്നില്ലെങ്കില്‍ പൂര്‍ണപ്രയോജനമുണ്ടാവില്ല. എത്ര മാലിന്യം നഗരത്തില്‍നിന്ന് നീക്കിയാലും അതിലേറെ അവിടെ അടിഞ്ഞുകൂടും.

മനസ്സുകളില്‍നിന്ന് എല്ലാതരം വിദ്വേഷത്തിന്റെയും വിഷം അകന്നാല്‍ മാത്രമേ ശുദ്ധിയുടെയും ശാന്തിയുടെയും യഥാര്‍ഥ ഉള്‍ദര്‍ശനം പൂര്‍ണ അര്‍ഥത്തില്‍ പ്രസരിക്കൂ. അത്തരം ചിന്തയുള്ളവര്‍ക്ക് വഞ്ചന, അസത്യം, വെറുപ്പ് എന്നിവ കൊണ്ടുനടക്കാനാവില്ല. ഈ നൂറ്റാണ്ടിലും ശൗചാലയങ്ങള്‍ നിര്‍മിക്കാനും വൃത്തിയായി സൂക്ഷിക്കാനും പ്രധാനമന്ത്രി മോദിതന്നെ പറഞ്ഞുതരണമെന്നുവരുന്നത് നമ്മുടെ പൗരബോധമില്ലായ്മയെയും ആരോഗ്യകാര്യങ്ങളിലുള്ള അശ്രദ്ധയെയുമാണ് സൂചിപ്പിക്കുന്നത്.

സിരകളില്‍ ഗാന്ധിരക്തം ഒഴുകുന്ന മനുഷ്യന്‍ ഇപ്പോഴത്തെ രാജ്യാവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു...

കുട്ടികള്‍ പോഷകാഹാരവും നല്ല ചികിത്സയും കിട്ടാതെ മരിക്കുന്നതും യുവജനങ്ങള്‍ തൊഴിലില്ലായ്മമൂലം നരകിക്കുന്നതും എന്നെ വേദനിപ്പിക്കുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം കുറയുന്നതോ സാമ്പത്തികമാന്ദ്യം ഉണ്ടാവുന്നതിലോ ഞാന്‍ വിഷമിക്കുന്നില്ല. രാജ്യം ഇക്കാര്യങ്ങളില്‍ പിന്നാക്കംപോയാലും പിന്നീട് കുതിച്ചുചാട്ടത്തിന് അവസരമുണ്ട്. വളര്‍ച്ചനിരക്കുകള്‍ കുറയുന്നതിനെക്കാള്‍ ആപത്കരമാണ് കലഹത്തിന്റെയും ഭിന്നതയുടെയും മതവിദ്വേഷത്തിന്റെയും അന്തരീക്ഷം വളരുന്നത്. എന്റെ പ്രവര്‍ത്തനരംഗം ഉള്‍പ്പെടുന്ന ചെറിയ പരിതസ്ഥിതിയില്‍ ഇതൊന്നും ബാധകമാവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എനിക്ക് അത്രമാത്രമേ കഴിയൂ എന്നറിയാം.

വലിയ സംഭവങ്ങളുടെ പ്രത്യാഘാതങ്ങള്‍ ചിന്തിച്ച് ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ നവമാധ്യമങ്ങളില്‍ പാഴാക്കുന്നതിന് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മെനക്കെടാറുമില്ല. അതിനെക്കാള്‍ പ്രധാനം ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനമേഖലയില്‍ രാജ്യപുരോഗതിക്കായി ചെയ്യാവുന്നത് ചെയ്യുന്നതാണ്. ഒരു നടപടിയും ഉദ്ദേശിക്കുന്ന ഫലത്തിലെത്തുന്നില്ല എന്നതാണ് ഇപ്പോള്‍ ഭാരതത്തിലെ അവസ്ഥ. സാമ്പത്തികരംഗത്ത് ക്ലീന്‍ സ്ലേറ്റ് കൊണ്ടുവരാന്‍ നോട്ടുമാറ്റംകൊണ്ട് കഴിയുമെന്ന് നാം കരുതി. കോടാനുകോടി ജനങ്ങള്‍ ബാങ്കുകള്‍ക്കുമുന്നില്‍ കഷ്ടപ്പെട്ട് ക്യൂനിന്നു, ദിവസങ്ങളോളം. പൂര്‍ണ പ്രയോജനമുണ്ടായില്ല. കള്ളപ്പണം തടയാന്‍ ഇനിയും ശക്തമായ തുടര്‍നടപടികള്‍ വേണ്ടിയിരിക്കുന്നു.

ഗാന്ധിയന്‍ സംഘടനകള്‍പോലും പരസ്പരം ഭിന്നിക്കുന്നല്ലോ...
 
നിങ്ങളുടെ നിരീക്ഷണം ശരിയാണ്. ബാപ്പു 150-ാം ജയന്തി ആചരണത്തിന് സേവാഗ്രാമില്‍ത്തന്നെ പരസ്പരം തര്‍ക്കിക്കുന്ന മൂന്നു സമിതികളാണുള്ളത്. പരസ്പരം വാശിയോടെ കലഹിക്കുന്ന ഇവര്‍ക്ക് പ്രധാനകാര്യങ്ങളിലൊന്നും യോജിക്കാനാവുന്നില്ല. പണവും സംഭാവനയും ഫണ്ടുമാണ് എല്ലാവരുടെയും ലക്ഷ്യം. ഗാന്ധിയുടെപേരില്‍ എന്തുചെയ്യുന്നതിനും സോദ്ദേശ്യവും ഇച്ഛാശക്തിയുമാണ് വേണ്ടത്. പ്രവര്‍ത്തനം സാര്‍വലൗകിക ദീര്‍ഘവീക്ഷണത്തിലുള്ളതുമാവണം. അതുണ്ടാവുന്നില്ല. 1948-ല്‍ വെടിയേറ്റു മരിച്ചുവീണ മഹാത്മാവിനെ 1957-ല്‍ ജനിച്ച ഞാന്‍ മനസ്സിലാക്കിയത് അതൊരു സമഗ്രജീവിതദര്‍ശനത്തിന്റെ പ്രവൃത്തിരൂപമെന്ന നിലയിലാണ്.

അലോപ്പതി ഡോക്ടറായ അങ്ങേക്ക് ഗാന്ധിയുടെ കാഴ്ചപ്പാടിലുള്ള പ്രകൃതിചികിത്സയെക്കുറിച്ച് എന്താണ് അഭിപ്രായം...

ഗാന്ധി തുറന്നമനസ്സോടെ എല്ലാം പരീക്ഷിക്കുകയായിരുന്നല്ലോ. ഒരേകാര്യത്തില്‍ താന്‍ പല അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അവസാനത്തേതായിരിക്കും കൂടുതല്‍ ശരിയെന്നും ഗാന്ധി പറഞ്ഞിട്ടുണ്ട്. രോഗത്തെയല്ല, രോഗത്തിന്റെ മൂലകാരണത്തെയാണ് ചികിത്സിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ രോഗം വീണ്ടും വരും. Key To Health എന്ന പുസ്തകത്തില്‍ ഇതെല്ലാം ഗാന്ധി എഴുതിയിട്ടുണ്ട്. പ്രകൃതിയുമായി കഴിയുന്നത്ര ഇണങ്ങുക. പ്രകൃതിനിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുക. രുചി, വിശപ്പ്, ക്ഷീണം, വേദന എന്നിവയോട് പ്രകൃതിക്ക് അനുസൃതമായി പ്രതികരിക്കുക. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണരീതി മാറേണ്ടതുണ്ട്. ദഹനശക്തി മാറുന്നതിനാലാണിത്. ആഹാരം തന്നെയാണ് ഔഷധം. പ്രകൃതിതന്നെ എല്ലാ മരുന്നുകളും നല്‍കുന്നുവെന്ന ഗാന്ധിയുടെ കാഴ്ചപ്പാട് ഉദാത്തമാണ്.

യുവാക്കള്‍ക്കായി അങ്ങ് ലോകമെങ്ങും പ്രചോദന പ്രഭാഷണങ്ങള്‍ നടത്താറുണ്ടല്ലോ. എന്ത് സന്ദേശമാണ് പ്രധാനമായും നല്‍കുന്നത്...

ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കുക. കഠിനാധ്വാനവും സത്യസന്ധതയും ലക്ഷ്യബോധവും നിങ്ങള്‍ക്ക് കരുത്തുപകരട്ടെ. നഷ്ടപ്പെടുന്ന സമയം പിന്നെ തിരിച്ചുകിട്ടില്ലെന്ന ബോധ്യം എപ്പോഴുമുണ്ടായിരിക്കുക. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ഫോക്കസ് ചെയ്ത് മുന്നേറുക. പ്രാര്‍ഥനയും തത്ത്വശാസ്ത്രങ്ങളും നിങ്ങളുടെ മനസ്സിന് ഭക്ഷണമാവട്ടെ. കഥകളും ഉപകഥകളുമൊക്കെയായി ഞാന്‍ വിവരിക്കുന്നതിന്റെ സാരമിതാണ്.

കുടുംബം...

ഭാര്യ തേജല്‍. രണ്ടുമക്കള്‍. മൂത്തയാള്‍ കരണ്‍. അഭിഭാഷക ബിരുദമുണ്ട്. ലണ്ടനില്‍ റസ്റ്റോറന്റ് നടത്തുന്നു. ഭാര്യ സുനൈന പഞ്ചാബ് സ്വദേശിനി. രണ്ടാമത്തെ മകന്‍ അര്‍ജുന്‍. ഒപ്താല്‍മിക് സര്‍ജന്‍. ഡെന്റല്‍ സര്‍ജനായ ജയശ്രീയെ നവംബറില്‍ വിവാഹം ചെയ്യും. സഹോദരന്‍ സഞ്ജയ് ഗോകാനി കാനഡയില്‍ താമസിക്കുന്നു. ഞങ്ങളുടെ കുടുംബത്തില്‍ ഭിന്നമതക്കാര്‍ സമഭാവത്തോടെ കഴിയുന്നു. അക്കാര്യത്തില്‍ ഞങ്ങള്‍ ഗാന്ധിമാര്‍ഗത്തിലാണ്.

Content Highlights: Mahatma Gandhi's great grandson Dr.Anand Gokani Interview