ലണ്ടനിലെ മുഷിഞ്ഞ  തെരുവില്‍വെച്ചാണ് ചാര്‍ളി ചാപ്ലിന്‍ മഹാത്മാഗാന്ധിയെ ആദ്യമായും അവസാനമായും കണ്ടത്. ഗാന്ധിയോട് എന്തുപറയണം എന്നറിയാതെ മഹാനടന്‍ ആശങ്കയോടെയിരുന്നു. ഒടുവില്‍, അവര്‍ യന്ത്രങ്ങളെക്കുറിച്ചും  യന്ത്രവത്കരണത്തെക്കുറിച്ചും സംസാരിച്ചു


ര്‍ച്ചിലിനോടൊപ്പമുള്ള എന്റെ വാസത്തിന് തൊട്ടുപിറകെയാണ് ഞാന്‍ ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടുന്നത്. രാഷ്ട്രീയത്തില്‍ പുലര്‍ത്തുന്ന തീക്ഷ്ണമായ കൗശലവും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇച്ഛാശക്തിയുംമൂലം അദ്ദേഹത്തെ ഞാന്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ലണ്ടന്‍ സന്ദര്‍ശനം ഒരു അബദ്ധമായിരുന്നെന്ന് ഞാന്‍ കരുതി. ആ രംഗത്തില്‍ അദ്ദേഹത്തിന്റെ ഐതിഹാസിക പ്രാമുഖ്യം അലിഞ്ഞുപോയി; ഭക്തിപ്രകടനം ഹൃദയഹാരിയായതുമില്ല. ഇംഗ്ലണ്ടിലെ തണുത്ത് ഈറനായ കാലാവസ്ഥയില്‍, തന്റെ പരമ്പരാഗത വേഷമായ വസ്ത്രം വലിച്ചുവാരിയുടുത്ത് വന്നതുതന്നെ ഒരു അനൗചിത്യമായി തോന്നിച്ചു.

അകലെനിന്നു കാണുമ്പോള്‍ ഒരാളുടെ വശ്യമായ ഗൗരവഭാവം മഹത്തരമാണ്. അദ്ദേഹവുമായി ഒരു അഭിമുഖത്തിന് താത്പര്യമുണ്ടോയെന്ന് എന്റെ നേര്‍ക്കൊരു ചോദ്യംവന്നു. തീര്‍ച്ചയായും, ഞാന്‍ സന്തോഷവാനായി.
ഈസ്റ്റ് ഇന്ത്യാ റോക്ക് റോഡില്‍നിന്ന് അകലെയായി, ചേരിപ്രദേശത്തെ ലളിതവും അനാഡംബരവുമായ ഒരു ചെറുഗൃഹത്തില്‍വെച്ചായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച. തെരുവിലാകെ ജനം തിങ്ങിനിറഞ്ഞു. വീടിന്റെ രണ്ടുനിലകളിലും പത്രപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും തിക്കിത്തിരക്കി. മുകളിലത്തെ നിലയില്‍ മുന്‍ഭാഗത്തായി ഏകദേശം പന്ത്രണ്ട് ചതുരശ്രയടി വലിപ്പമുള്ള ഒരു മുറിയില്‍വെച്ചായിരുന്നു അഭിമുഖം നടന്നത്.
മഹാത്മാ അപ്പോഴും എത്തിച്ചേര്‍ന്നിരുന്നില്ല. എന്താണ് അദ്ദേഹവുമായി സംസാരിക്കുകയെന്ന് അവിടെ കാത്തിരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. അദ്ദേഹം അനുഭവിച്ച കാരാഗൃഹവാസത്തെക്കുറിച്ച്, നിരാഹാര സമരത്തെക്കുറിച്ച്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെക്കുറിച്ച് -ഒക്കെ ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു. കൂടാതെ യന്ത്രങ്ങളുടെ അമിതോപയോഗത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പിനെക്കുറിച്ച് അവ്യക്തമായും എനിക്ക് അറിയാമായിരുന്നു.

അവസാനം അദ്ദേഹം എത്തിയപ്പോള്‍ അവിടെ ജയഘോഷം മുഴങ്ങി. ഉടുവസ്ത്രത്തിന്റെ ഞൊറികള്‍ തെറുത്തു വാരിപ്പിടിച്ചുകൊണ്ട് ടാക്‌സിയില്‍നിന്ന് അദ്ദേഹം ഇറങ്ങിയപ്പോള്‍ ആര്‍പ്പുവിളികളുയര്‍ന്നു. ജനം തിങ്ങിനിറഞ്ഞ ചേരിത്തെരുവിലൂടെ, ആഹ്ലാദാരവങ്ങളുടെ അകമ്പടിയോടെ ആ പരദേശി വീട്ടിലേക്ക് കയറിവരുന്നത് അസാധാരണമായ ഒരു ദൃശ്യമായിരുന്നു. മുകളിലത്തെ നിലയിലെത്തിയ അദ്ദേഹം ജനാലയ്ക്കല്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കി. എന്നിട്ട് എന്നെ ആംഗ്യംകാട്ടി വിളിച്ചു. തുടര്‍ന്ന് ഞങ്ങളിരുവരും താഴെ കൂടിനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനുനേരെ കൈവീശിക്കാണിച്ചു.

ഞങ്ങള്‍ സോഫയിലിരുന്നു. പെട്ടെന്ന് ക്യാമറയിലെ ഫ്‌ലാഷ്ലൈറ്റുകള്‍ ആ മുറിയെ ആക്രമിക്കാന്‍ തുടങ്ങി. മഹാത്മാവിന്റെ വലതുഭാഗത്തായാണ് ഞാന്‍ ഇരുന്നത്. എനിക്ക് ഇത്തിരിയെങ്കിലും അറിവുള്ള ഒരു വിഷയത്തെക്കുറിച്ച് ബുദ്ധികൗശലത്തോടെ എന്തെങ്കിലും പറഞ്ഞേ തീരുവെന്ന ആയാസകരവും ഭീഷണവുമായ മുഹൂര്‍ത്തം ആഗതമായിരിക്കുന്നു. ഏതോ നീണ്ട കഥ വിസ്തരിച്ചു പറഞ്ഞുകൊണ്ടിരുന്ന ദുശ്ശാഠ്യക്കാരിയായ ഒരു യുവതിയാണ് എന്റെ വലതുഭാഗത്ത് ഇരുപ്പുണ്ടായിരുന്നത്. അവര്‍ പറഞ്ഞതില്‍ ഒരു വാക്കുപോലും കേട്ടില്ലെങ്കില്‍പ്പോലും സമ്മതഭാവത്തില്‍ ഞാന്‍ തലകുലുക്കി.

ആ സമയത്തൊക്കെ എന്താണ് ഗാന്ധിയോട് സംസാരിക്കുക എന്ന് അദ്ഭുതത്തോടെ ആലോചിക്കുകയായിരുന്നു ഞാന്‍. ഞാനാണ് സംസാരം തുടങ്ങിവെക്കേണ്ടത് എന്നെനിക്കറിയാമായിരുന്നു. അല്ലാതെ, എന്റെ കഴിഞ്ഞ സിനിമ താന്‍ എത്രത്തോളം കണ്ടാസ്വദിച്ചുവെന്നും മറ്റും പറഞ്ഞുകൊണ്ട് -അദ്ദേഹം സിനിമ കണ്ടിട്ടുണ്ടോയെന്ന കാര്യംപോലും എനിക്ക് സംശയമായിരുന്നു - മഹാത്മാവ് സംസാരിക്കും എന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ഒരു ഇന്ത്യന്‍ വനിതയുടെ ആജ്ഞാശക്തിയുള്ള സ്വരം വാചാലയായ യുവതിയെ തടസ്സപ്പെടുത്തി: ''മിസ്, ദയവുചെയ്ത് നിങ്ങളുടെ സംസാരം ഒന്നവസാനിപ്പിച്ച് ഗാന്ധിയോട് സംസാരിക്കാന്‍ മിസ്റ്റര്‍ ചാപ്‌ളിനെ അനുവദിക്കാമോ?''
ജനനിബിഡമായ മുറി വേഗം നിശ്ശബ്ദമായി. മഹാത്മാവിന്റെ പ്രതീക്ഷാനിര്‍ഭരമായ ഭാവം അദ്ദേഹത്തിന്റെ യഥാര്‍ഥ മനോവികാരം പ്രകടമാക്കുന്നതല്ലായിരുന്നു. സകല ഇന്ത്യക്കാരും എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നതായിത്തോന്നി. അതുകൊണ്ട് ഞാന്‍ തൊണ്ട ശുദ്ധമാക്കിയിട്ട് പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള അഭിലാഷങ്ങളോടും പോരാട്ടത്തോടും എനിക്ക് സ്വാഭാവികമായിത്തന്നെ അനുഭാവമുണ്ട്. എന്നിരുന്നാലും യന്ത്രവത്കൃതമായ നൂല്‍നൂല്‍പ്പുയന്ത്രത്തോട് അങ്ങയുടെ നീരസം എന്നെ ഒട്ടൊക്കെ സംശയാലുവാക്കുന്നു.

ഞാന്‍ സംസാരം തുടരവേ മഹാത്മാവ് തലകുലുക്കിക്കൊണ്ട് പുഞ്ചിരിച്ചു. ഞാന്‍ പറഞ്ഞു: ''സര്‍വോപരി, പരോപകാരതത്പരതയോടെ, നിസ്വാര്‍ഥമായിട്ടാണ് യന്ത്രം ഉപയോഗിക്കപ്പെടുന്നതെങ്കില്‍ അത് അടിമത്തത്തിന്റെ ബന്ധനത്തില്‍നിന്ന് മനുഷ്യനെ മോചിപ്പിക്കാന്‍ സഹായകമായിത്തീരണം, കുറഞ്ഞ ജോലിസമയം പ്രദാനം ചെയ്യുകയും മനഃസ്വാസ്ഥ്യത്തോടെ ജീവിതമാസ്വദിക്കാനുള്ള സമയം നല്‍കുകയും ചെയ്യുന്നതാവണം.''
''എനിക്ക് മനസ്സിലാകുന്നുണ്ട്'' -ശാന്തഭാവത്തില്‍ അദ്ദേഹം പറഞ്ഞു, ''എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുമുമ്പായി ഇന്ത്യ ആദ്യം ഇംഗ്ലീഷ് ഭരണത്തില്‍നിന്നും സ്വയം മുക്തമാക്കണം. യന്ത്രസംവിധാനം ഞങ്ങളെ ഇംഗ്ലണ്ടിന്റെ ആശ്രിതരാക്കിമാറ്റി. ആ ആശ്രിതത്വത്തില്‍നിന്നും ഞങ്ങളെ മോചിപ്പിക്കാനുള്ള ഏകമാര്‍ഗം യന്ത്രസംവിധാനം ഉത്പാദിപ്പിച്ച എല്ലാ വസ്തുക്കളും ബഹിഷ്‌കരിക്കുകയെന്നതാണ്. സ്വയം പരുത്തിനൂല്‍ നൂറ്റ് സ്വന്തം വസ്ത്രം നെയ്യുകയെന്നത് ഓരോ ഇന്ത്യക്കാരന്റെയും രാജ്യസ്‌നേഹപരമായ കടമയാക്കി ഞങ്ങള്‍ മാറ്റിയത് അതിനാലാണ്. ഇംഗ്ലണ്ടിനെപ്പോലെ സുശക്തമായ ഒരു രാഷ്ട്രത്തെ ആക്രമിക്കുന്നതിനുള്ള ഞങ്ങളുടെ രീതിയാണിത്. തീര്‍ച്ചയായും മറ്റുചില കാരണങ്ങളുമുണ്ട്. ഇംഗ്ലണ്ടിലേതില്‍നിന്നും വ്യത്യസ്തമായ കാലാവസ്ഥയാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ ശീലങ്ങളും ആവശ്യങ്ങളുമെല്ലാം വിഭിന്നമാണ്. 

ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥ കഠിനാധ്വാനവും പങ്കാളിത്തപൂര്‍ണമായ സമ്പദ്വ്യവസ്ഥയും അനിവാര്യമാക്കുന്നു. ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വ്യവസായമാണ് നിങ്ങള്‍ക്ക് ആവശ്യം. ഞങ്ങള്‍ ഭക്ഷിക്കാന്‍ വിരലുകളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ബഹുവിധമായ വ്യത്യസ്തതകളിലേക്ക് അത് പരിവര്‍ത്തിതമാകുന്നു''.

യാഥാര്‍ഥ്യബോധവും മാനസികപക്വതയുമുള്ള ഒരു ക്രാന്തദര്‍ശി വൈപരീത്യത്തോടെ സ്വാംശീകരിച്ചതും പ്രാവര്‍ത്തികമാക്കാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുള്ളതും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ തന്ത്രപൂര്‍വം കൈകാര്യം ചെയ്യേണ്ടതുമായ ഒരു ലളിത ദൃഷ്ടാന്തപാഠം എനിക്ക് മനസ്സിലായി. പരമമായ സ്വാതന്ത്ര്യം അനാവശ്യകാര്യങ്ങളില്‍നിന്നും ഒരുവനെ മോചിപ്പിക്കാനുള്ളതാണെന്നും അക്രമം അവസാനം അതിനെത്തന്നെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെല്ലാം ഒഴിഞ്ഞുപോയി. തങ്ങളുടെ പ്രാര്‍ഥന കണ്ടുകൊണ്ടിരിക്കാന്‍ താത്പര്യമുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. മഹാത്മാ നിലത്ത് ചമ്രംപടിഞ്ഞിരുന്നു. മറ്റുള്ള അഞ്ചാളുകള്‍ അദ്ദേഹത്തിന് ചുറ്റുമായി നിലത്തിരുന്നു. കൗതുകകരമായ ഒരു കാഴ്ചയായിരുന്നു അത്. ലണ്ടനിലെ ചേരികളുടെ ഹൃദയഭാഗത്തായി ഒരു മുറിയില്‍ ആറു മനുഷ്യര്‍ നിലത്ത് പടിഞ്ഞിരിക്കുന്നു. മേല്‍ക്കൂരയ്ക്ക് പിന്നിലായി കുങ്കുമസൂര്യന്‍ വേഗത്തില്‍ അസ്തമിക്കാന്‍ തയ്യാറെടുക്കുന്നു. വിരസമായ സ്വരത്തില്‍ അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നതും നോക്കിക്കൊണ്ട് ഞാന്‍ ഒരു സോഫയിലിരുന്നു.

തീക്ഷ്ണമായ നിയമജ്ഞാനമുള്ള മനസ്സും രാഷ്ട്രീയയാഥാര്‍ഥ്യത്തെ സംബന്ധിച്ച് അഗാധബോധ്യവുമുള്ളയാള്‍ അത്യന്തം പ്രായോഗികമതിയായ ഈ മനുഷ്യനെ നോക്കിക്കൊണ്ടിരിക്കവേ, ഈ ഗുണങ്ങളെല്ലാം ഒരു സമൂഹപ്രാര്‍ഥനയില്‍ അലിഞ്ഞുപോകുന്നതുപോലെ തോന്നി. ഏന്തൊരു വിരോധാഭാസം എന്ന് ഞാന്‍ ചിന്തിച്ചു.

Content highlights: Charlie chaplin