യ്യഴിപ്പുഴയ്ക്കപ്പുറം കാണില്ല എന്നു കരുതിയിരുന്ന യുവാവ് യാദൃച്ഛികമായി മുംബൈ മഹാനഗരത്തിലെത്തി. അവിടെ അയാളെക്കാത്ത് ഒരദ്ഭുതമുണ്ടായിരുന്നു -മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി സര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക്്് പോസ്റ്ററുകള്‍ ഒരുക്കുക. ആ പോസ്റ്ററുകള്‍ ഗാന്ധി സിനിമയെ ഇന്ത്യന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ശരത്ചന്ദ്രന്റെ ജീവിതത്തെ ഗാന്ധിചരിത്രത്തിന്റെ ഭാഗവുമാക്കി


1964. നട്ടുച്ചയുദിച്ചുനില്‍ക്കുന്ന തലശ്ശേരിയുടെ തെരുവുകളിലൂടെ സൈക്കിള്‍ ചവിട്ടുമ്പോള്‍ ശരത്ചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെയുള്ളില്‍ വീട്ടിലെത്തി ഊണുകഴിച്ചുമടങ്ങണമെന്നേയുണ്ടായിരുന്നുള്ളൂ. വരുന്നവഴി കവലയിലെ ആല്‍ത്തറയില്‍ക്കണ്ട കൈനോട്ടക്കാരന്‍ വൃദ്ധന്റെയടുക്കല്‍ മടിച്ചുമടിച്ച് കൈനീട്ടുമ്പോള്‍ ശരത്ചന്ദ്രന്റെ വിദൂരസ്വപ്നങ്ങളില്‍പ്പോലും മാറിമറിയാന്‍പോകുന്ന തന്റെ ഭാവിയെക്കുറിച്ചുള്ള ആകാംക്ഷയുണ്ടായിരുന്നില്ല. ചുളിഞ്ഞ നെറ്റിയില്‍ കീറിയ വെറ്റിലയൊട്ടിച്ച, ആ വൃദ്ധനന്ന് പറഞ്ഞ വാക്കുകള്‍ എഴുപത്തേഴാം വയസ്സിലും ശരത്ചന്ദ്രനോര്‍മയുണ്ട്: പത്രത്തില്‍ പേരുവരും, രണ്ടുമാസത്തിനുള്ളില്‍ മറ്റൊരു നാട്ടില്‍ ജോലി ലഭിക്കും. കൈയിലാകെയുണ്ടായിരുന്ന ഒരു രൂപ അയാള്‍ക്കുമുന്നില്‍വെച്ച് തിരിഞ്ഞുനടക്കുമ്പോള്‍ തന്റെ മുഖത്തുവിരിഞ്ഞ ചിരി പരിഹാസത്തിന്റേതായിരുന്നെന്ന് ശരത്ചന്ദ്രന്‍ ഇന്നും ഓര്‍ക്കുന്നു.

എന്നാല്‍, ശരത്ചന്ദ്രന്‍ എന്ന മനുഷ്യനായി കാലം കരുതിവെച്ച നിയോഗം; നിമിത്തങ്ങളായി, മറ്റാര്‍ക്കും മനസ്സിലാക്കാത്ത അദ്ഭുതങ്ങളായി കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കുശേഷം പത്രത്തില്‍ പേരുവന്നു. മാസങ്ങള്‍ക്കുമുമ്പ് പത്രപ്പരസ്യം കണ്ട് 'ഏക് മുസാഫിര്‍, ഏക് ഹസീന' എന്ന ഹിന്ദി ചലച്ചിത്രത്തിനായി ശരത്ചന്ദ്രന്‍ ഡിസൈന്‍ ചെയ്തയച്ച പോസ്റ്റര്‍ രണ്ടാം സമ്മാനത്തിനര്‍ഹമായെന്നായിരുന്നു 'സ്‌ക്രീന്‍' എന്ന സിനിമാസംബന്ധിയായ പത്രത്തില്‍വന്ന ആ വാര്‍ത്ത. ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ നീലമേഘങ്ങള്‍ക്കിടയില്‍നില്‍ക്കുന്ന ജോയി മുഖര്‍ജിയെയും സാധനയെയുമാണ് അന്ന് ശരത്ചന്ദ്രന്‍ വരച്ചത്. 350 രൂപയായിരുന്നു സമ്മാനത്തുക (അത് മേടിച്ചെടുക്കാന്‍ നിര്‍മാതാവിന് വക്കീല്‍ നോട്ടീസയക്കേണ്ടിവന്നെന്നത് മറ്റൊരുകഥ). അതായിരുന്നു സിനിമയുമായുള്ള ശരത്ചന്ദ്രന്റെ ആദ്യ സമാഗമം.

സമ്മാനം കിട്ടിയ തുകയ്ക്ക് വാങ്ങിയ ടിക്കറ്റുമായി അക്കൊല്ലത്തെ ക്രിസ്മസ് രാത്രിയില്‍ ശരത്ചന്ദ്രന്‍ മുംബൈയ്ക്ക് വണ്ടികയറി; പത്തൊമ്പതാം വയസ്സില്‍. അവിടെ, അകന്ന ബന്ധത്തിലുള്ളൊരാള്‍ വാഗ്ദാനംചെയ്ത ചെറിയ സ്‌കെച്ചിങ് ജോലിയില്‍ ഒതുങ്ങിക്കൂടിയ കാലത്ത്, അവിചാരിതമായിപ്പോലും സിനിമ തന്റെ ജീവിതത്തിലേക്കിനി വരാനിടയില്ലെന്ന് ശരത്ചന്ദ്രനുറപ്പിച്ചിരുന്നു. സ്‌കൂളില്‍ കൂടെപ്പഠിച്ചവരും ബന്ധുക്കളുമൊക്കെ നിയമപഠനത്തിലേക്കും വൈദ്യപഠനത്തിലേക്കും തിരിഞ്ഞപ്പോള്‍, ചെറുപ്പത്തില്‍തന്നെ ഉള്ളിലെ ചിത്രകാരനെ തിരിച്ചറിഞ്ഞിരുന്ന ശരത്ചന്ദ്രന്‍ നേരെപ്പോയത് സി.വി. ബാലന്‍ നായരുടെ പ്രശസ്തമായ 'കേരള സ്‌കൂള്‍ ഓഫ് ആര്‍ട്സി'ലേക്കായിരുന്നു.

അന്നത്തെ തലശ്ശേരിയെ കലാകാരന്‍മാരുടെ കേന്ദ്രമാക്കിയ സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ വിദ്യാര്‍ഥിയും അധ്യാപകനുമൊക്കെയായിരുന്ന ഭൂതകാലമായിരുന്നു ശരത്ചന്ദ്രന്റെ ബ്രഷിലെ ചായങ്ങള്‍ക്ക് നിറംനല്‍കിയത്. ബോംബെയിലെ ഗുരു എന്‍.ആര്‍. ഡേ ആയിരുന്നു. ടഗോറിന്റെ ശാന്തിനികേതനില്‍നിന്ന് പരിശീലനം നേടിയ ഡേയുടെ കീഴിലെ പരിശീലനക്കാലമാണ് സിഗരറ്റ് കവറുകള്‍ ഡിസൈന്‍ ചെയ്യുന്നതിലേക്ക് ശരത്ചന്ദ്രന്റെ ശ്രദ്ധതിരിച്ചത്. ഏഴുവര്‍ഷങ്ങള്‍ക്കുശേഷം അക്കാലത്തെ പ്രശസ്തമായ ഗോള്‍ഡന്‍ ടൊബാക്കോ കമ്പനിയിലെ ആര്‍ട്ട് ഡയറക്ടറായി ശരത്ചന്ദ്രന്‍. തലശ്ശേരിയിലെ പഴയ ഗുരുവില്‍നിന്നും അഭ്യസിച്ച ചിത്രംവരയിലെ ജ്യാമിതിയും കണക്കുകളുമൊക്കെ ഡിസൈനില്‍ സൂക്ഷ്മതപുലര്‍ത്താന്‍ കരുത്തായി.

ജീവിതത്തില്‍ ഗാന്ധി, സിനിമവഴി

Poster

സിഗരറ്റ് കവറുകള്‍ വരയ്ക്കുന്നതില്‍ അഗ്രഗണ്യനായിത്തീര്‍ന്ന ശരത്ചന്ദ്രനെത്തേടി അവിചാരിതമായാണ് വീണ്ടും സിനിമയെത്തുന്നത്. ഒരു പരസ്യക്കമ്പനിവഴി ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയുടെ പോസ്റ്റര്‍ ചെയ്യാനുള്ള അവസരം ശരത്ചന്ദ്രന് ലഭിച്ചു. പറഞ്ഞ സമയത്തിനുള്ളില്‍ പോസ്റ്റര്‍ വരച്ചുകൊടുക്കുന്ന ഒരാളെ ജോലിയേല്‍പ്പിക്കണമെന്ന് സോഴ്സ് മാര്‍ക്കറ്റിങ് ഏജന്‍സിയിലെ ശാന്തകുമാര്‍ എന്ന സുഹൃത്ത് പറഞ്ഞപ്പോള്‍, ശരത്ചന്ദ്രന്‍ തന്നെ ആ ജോലിയേറ്റെടുക്കുകയായിരുന്നു. 'ഷോലെ'യുടേതുപോലുള്ള ബഹുവര്‍ണ പോസ്റ്റര്‍ വേണമെന്നായിരുന്നു ലഭിച്ച നിര്‍ദേശം. എന്നാല്‍, സിനിമയുടെ കളര്‍ പാലെറ്റ് മനസ്സിലാക്കാന്‍ അക്കാലത്ത് കളര്‍ ചിത്രങ്ങളുണ്ടായിരുന്നില്ല. സിനിമയുടെ പ്രത്യേക പ്രിവ്യൂവിലേക്കുള്ള പാസ് മാത്രമാണ് ശരത്ചന്ദ്രന് ലഭിച്ചത്.

Gandhiബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിവ്യൂ കണ്ട് മടങ്ങുമ്പോള്‍ ചരിത്രപ്രസിദ്ധമായ ജലിയന്‍വാലാബാഗ് പ്രമേയമാക്കി പോസ്റ്ററൊരുക്കാന്‍ ശരത്ചന്ദ്രനു തോന്നി. അങ്ങനെ ബൈശാഖി ദിനത്തിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് സമീപത്തിരുന്ന് കരയുന്ന കൊച്ചുപെണ്‍കുട്ടിയുടെ ചിത്രമടങ്ങിയ 10ഃ20 വലുപ്പത്തിലുള്ള പോസ്റ്ററും ഗാന്ധിയുടെ കുട്ടിക്കാലവും വിവാഹവുമൊക്കെ ചിത്രീകരിച്ച മറ്റ് മൂന്ന് ചെറിയ പോസ്റ്ററുകളും ശരത്ചന്ദ്രനൊരുക്കി. ഇന്ത്യന്‍ അഭിരുചിക്കിണങ്ങുന്ന പോസ്റ്ററുകള്‍ ആറ്റന്‍ബറോയെ സംതൃപ്തനാക്കി. ഇത്തവണ ശരത്ചന്ദ്രന് പറഞ്ഞ പ്രതിഫലം മുഴുവനും കിട്ടി.

ആ പോസ്റ്ററുകള്‍ ഇന്നെവിടെയുണ്ട്...

കൈകൊണ്ട് വരച്ച് നിറംകൊടുത്ത പോസ്റ്ററുകള്‍ നഷ്ടമായി. കൈയിലാകെയുണ്ടായിരുന്ന കോപ്പികള്‍ കാലത്തെ അതിജീവിച്ചില്ല. മുംബൈയിലെ മഴക്കാലങ്ങളൊലിച്ചുപടര്‍ന്ന ഈര്‍പ്പവും കാലപ്പഴക്കവും അവയെ ദ്രവിച്ച ഓര്‍മകളാക്കിമാറ്റി. അന്ന് വീണ്ടെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടത് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ വിലയേറിയ സ്വത്തുക്കളായിരുന്നെന്ന് മനസ്സിലാക്കാന്‍ വൈകി. പിന്നീടൊരു സിനിമയ്ക്കുവേണ്ടിയും ഞാന്‍ പോസ്റ്റര്‍ തയ്യാറാക്കിയിട്ടില്ല.

എന്നാലൊരിക്കല്‍ മാത്രം ശരത്ചന്ദ്രന്‍ അതേ പോസ്റ്ററുകള്‍ പുനഃസൃഷ്ടിച്ചു. 1982-ലെ ഗാന്ധി സിനിമയ്ക്കുവേണ്ടിയൊരുക്കിയ അതേ പോസ്റ്ററുകള്‍ 2016-ല്‍ ഓര്‍മകളില്‍നിന്നും ശരത്ചന്ദ്രന്‍ വീണ്ടും വരച്ചെടുത്തു, സിനിമാ ആരാധകര്‍ക്കുവേണ്ടി.

Sarat Chandran With his Wife
ശരത്ചന്ദ്രനും ഭാര്യ വിമലയും

എന്നെങ്കിലും ഗാന്ധി സിനിമയുമായി ബന്ധപ്പെട്ടവരെ കണ്ടുമുട്ടിയിരുന്നോ...

ഏജന്‍സിവഴി ഫ്രീലാന്‍സായിചെയ്ത ജോലിയായിരുന്നു അത്. അതിനാല്‍തന്നെ ഞാനാണ് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തതെന്നുപോലും ആരുമറിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഗോള്‍ഡന്‍ ടൊബാക്കോ വിട്ട് ശരത്ചന്ദ്രന്‍ സ്വന്തമായി ഓര്‍ബിറ്റ് എന്ന പരസ്യക്കമ്പനി തുടങ്ങി. പിന്നീട് നഷ്ടത്തിലായപ്പോള്‍ എല്ലാം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തി ഫ്രീലാന്‍സ് ഡിസൈനറായി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ 'മുസ്‌കാന്‍' എന്ന വീട്ടിലിരുന്ന് പഴയ കൈനോട്ടക്കാരന്റെ കഥപറഞ്ഞ് ചിരിക്കുമ്പോള്‍ കൊങ്കണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥയും മെട്രോമാന്‍ ഇ. ശ്രീധരന്റെ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെയായിരുന്ന ഭാര്യ വിമല തിരുത്തും; അതും ഒരു നിമിത്തമായിരുന്നിരിക്കാം.

Content Highlights: Artist Saratchandran, who created posters for Richard Attenborough's Film Gandhi