ഹാത്മാ ഗാന്ധിയുടെ സ്വാധീനം ഇന്നു നാം കാണുന്ന കേരളത്തിന്റെ നിര്‍മ്മാണത്തില്‍ ചെറിയ സ്വാധീനമൊന്നുമല്ല ചെലുത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേരളത്തില്‍ സാമൂഹ്യ പരിവര്‍ത്തനവും സംഭവിക്കുകയായിരുന്നു. കേരളം സഹനസമരപുളകമണിഞ്ഞ ആദിനങ്ങളെക്കുറിച്ച്... ഒരു ജനത മാറ്റത്തിനായി ഒരുമിച്ച് ചിറകുവിരിച്ചതിനെക്കുറിച്ച്... ഗാന്ധിജിയുടെ 150-ാം ജന്മദിനം ആചരിക്കുമ്പോള്‍ ഒരു തിരിഞ്ഞു നോട്ടം. ഉയര്‍ന്ന ക്ലാസ്സുകളിലെ സാമൂഹ്യപാഠ പഠനത്തിന് ഇത്  സഹായകമാവും.

വൈക്കം സത്യഗ്രഹം
കേരളത്തിലെ ഹിന്ദുക്കളില്‍ വലിയൊരുവിഭാഗത്തിന് അക്കാലത്ത്  ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നു.ക്ഷേത്രങ്ങള്‍ നിലകൊള്ളുന്ന പ്രധാന റോഡുകളില്‍ക്കൂടി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല.'അയിത്തജാതിക്കാര്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് ഇത്തരം സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

1924  മാര്‍ച്ച് 30 ന് വൈക്കം സത്യഗ്രഹം ആരംഭിച്ചു.വൈക്കം ക്ഷേത്രമതിലിനു ചുറ്റുമുള്ള നിരത്തില്‍ക്കൂടി എല്ലാവര്‍ക്കും സഞ്ചരിക്കാന്‍ അനുമതി തേടിയായിരുന്നു സത്യഗ്രഹം.മാസങ്ങള്‍ക്കകം ഇത് അഖിലേന്ത്യാ ശ്രദ്ധ ആകര്‍ഷിച്ചു. മാതൃഭൂമി സ്ഥാപകപത്രാധിപര്‍ കെ.പി.കേശവ മേനോനും തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരനേതാവ് ടി.കെ.മാധവനും അറസ്റ്റു ചെയ്യപ്പെട്ടു.പൂജപ്പുര ജയിലില്‍ അടയ്ക്കപ്പെട്ടു. 1925 മാര്‍ച്ചില്‍ മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വൈക്കത്തെത്തി. ആ വര്‍ഷം നവംബറില്‍ സത്യഗ്രഹം വിജയകരമായി അവസാനിച്ചു.നിരത്തുകള്‍ എല്ലാവര്‍ക്കുമായി തുറന്നു കിട്ടി. സത്യഗ്രഹം മാതൃഭൂമിക്കുവേണ്ടി റിപ്പോര്‍ട്ടു ചെയ്തത് കേളപ്പജിയായിരുന്നു.

ഗുരുവായൂര്‍ സത്യഗ്രഹം

1931 മെയ്മാസത്തില്‍ വടകരയില്‍ നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പാസ്സാക്കിയ പ്രമേയമാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിലേക്ക് നയിച്ചത്. എല്ലാ ഹിന്ദുക്കള്‍ക്കും എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം ലഭിക്കണമെന്നുള്ള പ്രമേയം സമ്മേളനത്തില്‍ പാസ്സായി.1931 നവംബര്‍ ഒന്നിന് ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു.സത്യഗ്രഹം തികച്ചും സമാധാനപരമായിരുന്നു.
സത്യഗ്രഹം 10 മാസം പിന്നിട്ടിട്ടും ഫലം കണ്ടില്ല.കേളപ്പജി മഹാത്മജിയുടെ അനുവാദത്തോടെ ഉപവാസസമരം തുടങ്ങി. ഉപവാസം ക്ഷേത്രാധികാരികളില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. കേളപ്പജിയുടെ നിരാഹാരം നിര്‍ത്തിവെയ്ക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. സത്യഗ്രഹം നിര്‍ത്തിവെച്ചു.സത്യഗ്രഹം അതിന്റെ ലക്ഷ്യം കാണാതെയാണ് അവസാനിച്ചതെങ്കിലും അയിത്തോച്ചാടനത്തിനും ക്ഷേത്രപ്രവേശനത്തിനും അനുകൂലമായ വലിയ ചലനം ഭാരതമെങ്ങും സൃഷ്ടിക്കാന്‍ അതിനു കഴിഞ്ഞു.

ഉപ്പുസത്യഗ്രഹം കേരളത്തിലും
1930 മാര്‍ച്ച് 9 ന് വടകരയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കമ്മിറ്റി കേരളത്തിലും ഉപ്പുകുറുക്കി നിയമം ലംഘിക്കണമെന്ന് തീരുമാനമെടുത്തു.30 വോളന്റിയര്‍മാര്‍ പയ്യന്നൂരിലേക്ക് തിരിച്ചു. കെ.കേളപ്പന്‍ ,കുറൂര്‍ നമ്പൂതിരിപ്പാട് ,കെ.മാധവന്‍ നായര്‍, മൊയാരത്ത് ശങ്കരന്‍ നമ്പ്യാര്‍, പി.കെ. കുഞ്ഞിശങ്കരമേനോന്‍ തുടങ്ങിയവരാണ് നേതൃത്വം നല്കിയത്. പയ്യന്നൂര്‍ സത്യഗ്രഹവും തുടര്‍ന്ന് കോഴിക്കോട് നടന്ന സത്യഗ്രഹവും സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി. പലരും സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു. നിസ്സഹകരണം ശക്തമായി. ഏപ്രില്‍ 23-പ്രഭാതത്തിലാണ് പയ്യന്നൂര്‍ കടപ്പുറത്ത് നിയമലംഘനം നടന്നത്,
കേരളത്തില്‍ സ്വാതന്ത്ര്യസമരത്തിന് സ്ത്ീകളുടെ പിന്തുണ കൂടുതലായി ലഭിക്കാന്‍ സത്യഗ്രഹം സഹായിച്ചു.സത്യഗ്രഹം മലബാറിനെ ഇളക്കിമറിച്ചു.ഗാന്ധിജിയെ അറസ്റ്റുചെയ്ത് യര്‍വാദാ ജയിലില്‍ അടച്ചതോടെ ജനരോഷം ആളിക്കത്തി.കേരളത്തില്‍ സമരം ചെയ്തവരെ പോലീസ് അതിക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു.നേതാക്കളെയെല്ലാം അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു.

ക്ഷേത്രപ്രവേശന വിളംബരം

തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീപത്മനാഭദാസ രാജരാജരാമവര്‍മ്മ 1112 തുലാം 27 ന് പുറപ്പെടുവിച്ച വിളംബരമാണിത്.കേരളത്തിന്റെ  സാമൂഹിക-സാംസ്‌ക്കാരിക വികാസചരിത്രത്തിലെ രജതരേഖയാണ്.വിളംബരം ഇങ്ങനെ: 'നമ്മുടെ മതത്തിന്റെ സത്യവും സാധുതയും അഗാധമായി ബോധപ്പെട്ടിട്ടുള്ളതുകൊണ്ടും ദൈവികമായ ഒരു നേതൃത്വത്തേയും ഒരു സര്‍വ്വചുംബിയായ സഹിഷ്ണുതയേയും അടിസ്ഥാനപ്പെടുത്തിയാണ് അത് എന്ന് വിശ്വസിക്കുന്നതുകൊണ്ടും,അതിന്റെ പ്രയോഗത്തില്‍ അത് ഇക്കഴിഞ്ഞ നൂറ്റാണ്ടുകളോളവും മാറിക്കൊണ്ടിരിക്കുന്ന കാലങ്ങള്‍ക്കനുസരിച്ച് അതിനെത്തന്നെ രൂപപ്പെടുത്തീട്ടുണ്ട് എന്ന് മനസ്സിലാക്കീട്ടുള്ളതുകൊണ്ടും ,നമ്മുടെ ഹിന്ദുപ്രജകളില്‍ ഒരാള്‍ക്കുപോലും ആയാളുടെ ജനനമോ ജാതിയോ സമുദായമോ നിമിത്തം ഹിന്ദുമതതത്തില്‍ നിന്നു ലഭിക്കുന്ന ആശ്വാസവും സമാധാനവും നിഷേധിക്കപ്പെട്ടുപോകരുത് എന്നു ഉത്കണ്ഠയുള്ളതുകൊണ്ടും, ഇനിമേലില്‍ നമ്മാലും നമ്മുടെ ഗവര്‍മ്മെണ്ടിനാലും നിയന്ത്രിക്കപ്പെടുന്ന ക്ഷേത്രങ്ങളില്‍ അവയുടെ ശരിയായ അന്തരീക്ഷത്തെ നിലനിര്‍ത്തുവാനും, കര്‍മ്മങ്ങളേയും അനുഷ്ഠാനങ്ങളെയും പാലിക്കാനും ആയി നമ്മാല്‍ നിശ്ചയിക്കപ്പെടുകയോ ചുമത്തപ്പെടുകയോ ചെയ്‌തേക്കാവുന്ന നിശ്ചയങ്ങള്‍ക്കും നനിബന്ധനകള്‍ക്കും വിധേയമായ നിലയില്‍ പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്യുന്നതില്‍ യാതൊരു ഹിന്ദുവിന്റയും പേരില്‍ ജനനമോ മതമോ കൊണ്ടുള്ള യാതൊരു തടസ്സവും ഉണ്ടായിരിക്കാന്‍ പാടില്ല എന്ന് നാം നിശ്ചയിക്കുകയും ഇതിനാല്‍ അത് വിളംബരപ്പെടുത്തുകയും അധികാരപ്പെടുത്തുകയും ശാസിക്കുകയും ചെയ്തിരിക്കുന്നു.'

മഹാത്മാവ് കേരളമണ്ണില്‍
ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗാന്ധിജി അഞ്ചുതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.
1920 ആഗസ്റ്റ് 18-ഖിലാഫത്ത് നേതാവായിരുന്ന ഷൗക്കത്തലിയോടൊപ്പം കേരളത്തിലെത്തിയ ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു.
1925 മാര്‍ച്ച് 8-വൈക്കം സത്യഗ്രഹത്തിന് പരിഹാരം കാണാനായിരുന്നു ഈ സന്ദര്‍ശനം. ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തി.
1927ഒക്ടോബര്‍ 9-കേരളത്തില്‍ വിവിധ സ്വാതന്ത്ര്യസമര പൊതുയോഗങ്ങളില്‍ പങ്കെടുത്തു.
1934 ജനുവരി 10-ഹരിജന്‍ ഫണ്ട് ശേഖരണാര്‍ത്ഥം ഗാന്ധിജി കേരളത്തിലെത്തി.
1937 ജനുവരി 12-ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സന്ദര്‍ശനം. ക്ഷേത്രപ്രവേശന വിളംബരത്തെ ഈ നൂറ്റാണ്ടിലെ മഹാത്ഭുതം എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. അയ്യങ്കാളിയുമായി കൂടിക്കാഴ്ച നടത്തി.

മഹാത്മാഗാന്ധിയും മാതൃഭൂമിയും
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട മാതൃഭൂമി എന്ന പ്രസ്ഥാനം സാമൂഹ്യനവോത്ഥാനത്തിന് പരമ പ്രാധാന്യം നല്കിയിരുന്നു. 1934 ജനുവരി 13 ന് മഹാത്മാഗാന്ധി, മാതൃഭൂമി ഓഫീസിലെത്തി. ടൗണ്‍ഹാളില്‍ കെ.മാധവന്‍ നായരുടെ ഛായാപടം അനാച്ഛാദനം ചെയ്ത ശേഷമാണ് ഗാന്ധിജി മാതൃഭൂമിയിലെത്തിയത്. പ്രൊഫ. മല്ക്കാനിയും സി.ശുക്ലയും ജര്‍മ്മന്‍ പത്രപ്രതിനിധി ബര്‍ട്ട്ബ്യുതൊവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മാതൃഭൂമി ജീവനക്കാര്‍ മഹാത്മാഗാന്ധിക്ക് 111 രൂപയുടെ പണക്കിഴി സമര്‍പ്പിച്ചു. മാതൃഭൂമി കെട്ടിടത്തിന്റെ മുകളില്‍ പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ ഗാന്ധിജി പ്രസംഗിച്ചു.'മാതൃഭൂമിക്ക് ഭാരതത്തിലെ വര്‍ത്തമാനപത്രങ്ങളുടെയിടയില്‍ തനതായ സ്ഥാനമുണ്ട്' എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മറ്റൊരു ദിനപത്രത്തെക്കുറിച്ചും ഗാന്ധിജി ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ഒപീനിയന്‍, യംഗ് ഇന്ത്യ, നവജീവന്‍, ഹരിജന്‍ എന്നീ പത്രികകളുടെ പത്രാധിപര്‍ കൂടിയായിരുന്ന ഗാന്ധിജിയെ മാതൃഭൂമി അതിന്റെ 'സൂപ്പര്‍ എഡിറ്ററാ'യാണ് കരുതിയിരുന്നത്. ഗാന്ധിമാര്‍ഗ്ഗ ദര്‍ശനങ്ങള്‍ക്ക് അത്രമേല്‍ ഈ ദേശീയദിനപത്രം പ്രാധാന്യം നല്കിയിരുന്നു.

-തയ്യാറാക്കിയത്: ഡോ.എബി പി.ജോയി