സ്വപ്നങ്ങളുടെ പുതിയ ചില്ലകളുമായാണ് മോഹനന്റെ കൈപിടിച്ച് അമ്പലത്തറ ബിദിയാലിലേക്ക് സുമതി എത്തിയത്. ചുറ്റിലും പൂത്തും കായ്ച്ചും നിൽക്കുന്ന കശുമാവിൻമരങ്ങൾ കാഴ്ചകൾക്ക് തുടിപ്പേകി. എന്നാൽ സ്വപ്നങ്ങളിൽ രക്തം പടരാൻ അധികകാലം വേണ്ടിവന്നില്ല. ആ പൂക്കൾക്കുള്ളിൽ വേദനയുടെ മഹാമാരി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് സുമതിയും തിരിച്ചറിയുകയായിരുന്നു. 

ജനിച്ച ഉടനെ തുടങ്ങിയ ശ്വാസതടസ്സം മിഥുനെ ഇപ്പോഴും വരിഞ്ഞു മുറുക്കുന്നുണ്ട്. മാറ്റമുണ്ടാവുമെന്ന് ഡോക്റ്റർ പറഞ്ഞെങ്കിലും ഓരോ ദിവസവും സ്ഥിതി കൂടുതൽ വഷളായി. വഴിപാടുകളും പ്രാർഥനയുമായി സുമതി മകനൊപ്പം നിന്നു. എന്നാൽ പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യാവസ്ഥയും ഗുരുതരമായി മാറുകയായിരുന്നു. സംസാരശേഷിയും കേൾവിശക്തിയും കൂടെ ഇല്ലെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നുപോകുന്ന അവസ്ഥയായിരുന്നു. 

നാല് വയസ്സുവരെ മിഥുൻ ഉറങ്ങിയിട്ടില്ല. രാത്രി മുഴുവൻ നിർത്താതെയുള്ള നിലവിളിയാണ്. രാവിലെ അപൂർവ്വമായി കുറച്ചു സമയം ഉറങ്ങും. അവന്റെ ഉള്ളിൽ നിന്നുള്ള നിലവിളി കണ്ട്  മനസ് മരവിച്ചതുകൊണ്ടാകണം സുമതി കരയാൻ മറന്ന മറ്റൊരമ്മയാണ്. ഇനി കരയാൻ സാധിക്കാത്ത വിധം കണ്ണീര് വറ്റിയ ദുരന്തമുഖത്തെ അമ്മമാരുടെ പ്രതിനിധി. 

പിന്നെയും വർഷങ്ങൾ എടുത്താണ് മിഥുനെ ദുരിതബാധിതനായി സർക്കാർ കണക്കാക്കിയത്. മാസത്തിൽ ചുരുങ്ങിയത് എട്ട് ദിവസമെങ്കിലും ആശുപത്രിയിലാണ്. ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകളുമുണ്ടിന്ന്. ദുരന്തത്തിന്റെ ഭീതി എത്രമാത്രമെന്ന് അറിയാൻ ഒരിക്കൽ ആ കണ്ണുകളിലേക്ക് നോക്കിയാൽ മതി. എന്തുനോക്കണം എന്നുപോലും തിരിച്ചറിയാൻ സാധിക്കാതെയുള്ള അവന്റെ കൃഷ്ണമണിയുടെ തിരയലിൽ ഉണ്ട് എൻഡോസൾഫാൻ എന്ന വിപത്തിന്റെ ആഴം. അത്രമാത്രം നാഡീവ്യവസ്ഥയെ കീടനാശിനി തകർത്തെറിഞ്ഞിട്ടുണ്ട്.

മനുഷ്യനെ കാണാത്ത ഭരണകൂട നിസ്സംഗത

മാധ്യമ വാർത്തകളാണ് വിഷമഴയുടെ ദുരിതങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. മാതൃഭൂമിയിലെ ചീഫ് ഫോട്ടോഗ്രാഫർ മധുരാജിന്റെ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ ആ വേദനയുടെ ആഴം തുറന്നുകാണിക്കുന്നതായിരുന്നു. വാർത്തകളാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വി. എസ്‌. അച്യുതാനന്ദനെ ദുരിതബാധിതർക്കിടയിലേക്ക് എത്തിച്ചത്. വിഷമഴയിൽ വെന്തുരുകുന്ന ജീവനുകൾ അദ്ദേഹത്തിന്റെയും കണ്ണുനിറച്ചിരുന്നു.   

ശക്തമായ ഭാഷയിൽ തന്നെ നിയമസഭയിൽ വി.എസ്. ആ മനുഷ്യർക്ക് വേണ്ടി സംസാരിച്ചു. വലിയ തലയുള്ള സൈനബ മുതൽ നൂറുകണക്കിന് ദുരിതബാധിതരുടെ ജീവിതത്തിന് മുന്നിൽ സഭ നിശബ്ദമായി. എന്നാൽ അന്നത്തെ കൃഷിമന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മയും സർക്കാരും അതൊന്നും മുഖവിലക്കെടുക്കാൻ തയ്യാറായിരുന്നില്ല. എങ്കിലും പാതിജീവനറ്റ ആയിരങ്ങളുടെ ദുരിതം കേരളത്തിന്റ മനഃസാക്ഷിക്ക് മുന്നിലേക്കെത്തിക്കാൻ വി.എസിന് അനായാസം സാധിച്ചു. വലിയ പ്രക്ഷോഭങ്ങൾക്കാണ് പിന്നീട് നാട് സാക്ഷിയായത്. 

2001 ഓഗസ്റ്റിൽ എൻഡോസൾഫാൻ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി. എന്നാൽ അതിന്റെ ആയുസ് വെറും ആറ് മാസം മാത്രമായിരുന്നു. വീണ്ടും കാസർകോടൻ ഗ്രാമങ്ങളിൽ മനുഷ്യനാശിനിയുമായി ഹെലികോപ്റ്ററുകൾ വട്ടമിട്ട് പറന്നു. അമ്മമാരുടെ ഗർഭപാത്രത്തിൽ മനുഷ്യഇരകൾ രൂപപ്പെട്ടുകൊണ്ടിരുന്നു. ഭരണകൂടങ്ങളുടെ നിസ്സംഗതയും തുടർക്കഥയായി. സർക്കാരിന് അപ്പോഴും അയ്യായിരത്തോളം ഹെക്റ്റർ  കശുമാവിനെക്കാൾ വലുതല്ലായിരുന്നു വേദന തിന്ന് ക്രൂരമായി മരണപ്പെടുന്ന കുരുന്നുകൾ. 

നിരോധനവും നിലപാടും

എൻഡോസൾഫാന്റെ ലോകത്തെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണെന്നാണ് കണക്കുകൾ പറയുന്നത്. വലിയ അളവിലാണ് രാജ്യത്ത് എൻഡോസൾഫാൻ ഉത്പാദിപ്പിക്കുന്നത്. എക്സൽ ക്രോപ് കെയർ, എച്ച്.ഐ.എൽ, കൊറമാണ്ടൽ ഫെർട്ടിലൈസേഴ്സ് എന്നിവയാണ്‌ ഇന്ത്യയിലെ മുഖ്യ നിർമ്മാതാക്കൾ. ആഭ്യന്തര ആവശ്യത്തിനായി 4,500 ടണ്ണും കയറ്റുമതിക്കായി 4,000 ടണ്ണും  ഉത്പാദിപ്പിക്കുന്നുണ്ട്. ലോകം മുഴുവൻ മനുഷ്യ ഇരകൾ രൂപപ്പെടുമ്പോഴും കീടനാശിനിക്ക് അനുകൂലമായി നിലപാടെടുത്തതിന് പിന്നിലെ കാരണങ്ങളും ഇതൊക്കെയാകണം.

റോട്ടർഡാം, സ്റ്റോക്ഹോം കൺ‌വെൻഷനുകളിലാണ് എൻഡോസൾഫാന് അനുകൂലമായി ഇന്ത്യ നിലപാടെടുത്തത്. എൻഡോസൾഫാൻ നിരോധിക്കുന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും മനുഷ്യരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ല എന്നുമായിരുന്നു വാദം. അപ്പോഴും രാജ്യത്തിന്റെ അങ്ങേയറ്റത്ത് അനുദിനം മനുഷ്യർ വെന്ത് തീരുകയായിരുന്നു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പലകോണുകളിലും അമ്മമാരുടെ മുലപ്പാലിൽ വരെ എൻഡോസൾഫാൻ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പാടെ തള്ളിക്കളഞ്ഞു. 

ഈജിപ്‌ത്‌, മഡഗാസ്‌കർ, കസാഖ്സ്ഥാൻ, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്താൻ, സ്‌പെയിൻ, നിക്കരാഗ്വെ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക്‌, ഫിൻലാൻഡ്‌ എന്നിവിടങ്ങളിലുള്ള സ്ത്രീകളിലെ മുലപ്പാലിലാണ് എൻഡോസൾഫാൻ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്. കീടനാശിനി മാഫിയക്ക് വേണ്ടി യഥാർത്ഥത്തിൽ ഒരു തലമുറയെ തന്നെ വിൽപ്പനച്ചരക്കാക്കി മാറ്റുകയായിരുന്നു.  

വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഭരണകൂടങ്ങൾക്ക് കണ്ണടക്കാൻ സാധിക്കാത്ത അവസ്ഥ വന്നു. കോടതിയും ഗൗര സ്വഭാവത്തോടെ വിഷയത്തെ സമീപിച്ചു. 2011 സെപ്തംബർ 30 ന് എൻഡോസൾഫാൻ  രാജ്യവ്യാപകമായി നിരോധിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. നിലവിലുള്ളത് കർശന ഉപാധികളോടെ കയറ്റുമതി ചെയ്യാനും ഉത്തരവിറക്കി. 

മാരകകീടനാശിനിയുടെ കെടുതികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണെന്നാണ് വിധി പ്രസ്താവിച്ചു കൊണ്ട് കോടതി പറഞ്ഞത്. എച്ച്.എസ്. കപാഡിയ, സ്വതന്ത്രകുമാർ, കെ.എസ്. രാധാകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശവും സ്വാതന്ത്ര്യവും വ്യക്തമാക്കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മുൻ ഉത്തരവുകളുടെ അടിസ്ഥാനത്തിലും മുൻകരുതലിന്റെ ഭാഗവുമായിട്ടായിരുന്നു വിധി. 

തെരുവിലിറങ്ങേണ്ടി വന്ന അമ്മമാർ

കിടപ്പിലായവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും 5 ലക്ഷവും ബാക്കിയുള്ളവർക്ക് 3 ലക്ഷം രൂപയും നൽകണമെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നിർദേശങ്ങൾ. 2010 ഡിസംബർ 31 ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ ഈ നിർദ്ദേശങ്ങൾ സമർപ്പിച്ചു. ഒപ്പം ആവശ്യമായ ചികിത്സാസംവിധാനങ്ങൾ ഒരുക്കണമെന്നും സമഗ്രമായ പഠനം നടത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

ആറ് മാസം കൊണ്ട് നിർദേശങ്ങൾ നടപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ മെല്ലെപ്പോക്ക് നയം തുടർന്നു. ഒടുവിൽ അമ്മമാർ ദുരിതബാധിതരായ മക്കളെയും കൊണ്ട് തെരുവിലിറങ്ങി മുഷ്ടിചുരുട്ടേണ്ടി വന്നു. അടുക്കള ഉപേക്ഷിക്കൽ പോലെയുള്ള സമരരീതികൾ പ്രയോഗിക്കപ്പെട്ടു. 128 ദിവസമാണ്  കാസർകോട് കളക്ടറേറ്റിന് മുന്നിൽ അമ്മമാർക്ക് സമരം ചെയ്യേണ്ടിവന്നത്. 

നീണ്ട ദിനരാത്രങ്ങൾക്ക് ഒടുവിൽ ഒൻപതോളം ഉത്തരവിറങ്ങി. രണ്ടായിരത്തിയഞ്ഞൂറോളം പേർക്കെങ്കിലും സാമ്പത്തിക സഹായം കിട്ടാൻ ഇത് വഴിവച്ചു. നിലയ്ക്കാത്ത പോരാട്ടങ്ങൾക്കാണ് അക്കാലം സാക്ഷ്യം വഹിച്ചത്. നീതിക്കായുള്ള അത്തരം പോരാട്ടങ്ങൾ  ഇന്നും തുടരേണ്ടി വരുന്നു എന്നതാണ് വേദനിപ്പിക്കുന്ന യാഥാർഥ്യം. പാതിജീവനുമായി മല്ലിടുന്ന മക്കളുമായി അമ്മമാർ സമരമുഖത്ത് സജീവമാണ്.     

അധികാരവർഗ്ഗവും നടപ്പാക്കാത്ത വാഗ്ദാനങ്ങളും

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പിണറായി വിജയൻ നയിച്ച നവകേരള യാത്ര തുടങ്ങിയത് ദുരിതബാധിതർക്ക് മധുരനാരങ്ങ കൊടുത്തായിരുന്നു. അധികാരത്തിൽ വന്നാൽ ചേർത്തുപിടിക്കുമെന്ന  ഇടതുപക്ഷത്തിന്റെ വാക്കുകൾക്ക് മുന്നിൽ ദുരിതബാധിതർ കണ്ണിചേർന്നു.  2017 ൽ അധികാരമേൽക്കുന്നത് വരെ ആ വാഗ്ദാനങ്ങൾ അവർക്ക് ഓർമ്മയുണ്ടായിരുന്നു.  

2017 ലെ ക്യാമ്പിൽ 1905 ദുരിതബാധിതരെ കണ്ടെത്തിയെങ്കിലും ലിസ്റ്റ് പുറത്തുവന്നപ്പോൾ 287 ആയി ചുരുങ്ങുകയായിരുന്നു. ദുരിതബാധിതരുടെ എണ്ണം കുറക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങൾ ശരിവെക്കുന്നതായിരുന്നു കണക്കിൽ വന്ന വലിയ വ്യത്യാസം. 2010 ലെ ക്യാമ്പിൽ 4182 പേരെ കണ്ടെത്തിയപ്പോഴാണ് 2017 ൽ അത് 287 ആയി മാറിയത്. ഇതിൽ 2011ലെ ക്യാമ്പിൽ ഉൾപ്പെട്ട 1318 ൽ 610 പേർക്കും സൗജന്യ ചികിത്സയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചതുമില്ല.

ദുരിതബാധിതരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പ്രത്യേക ട്രിബ്യൂണൽ സ്ഥാപിക്കണമെന്നായിരുന്നു പൊതുവിൽ ഉയർന്ന മറ്റൊരു ആവശ്യം. അതേകുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായരെയാണ് നിയോഗിച്ചത്. 'വിഷം തളിക്കുമ്പോൾ മാറി താമസിച്ചൂടായിരുന്നോ' എന്നാണ് അദ്ദേഹം പാതിജീവനേറ്റ മനുഷ്യരെ നോക്കി പറഞ്ഞത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. അദ്ദേഹത്തെ മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അതും ഫലം കണ്ടില്ല. 

റിപ്പോർട്ട്  വന്നപ്പോൾ ട്രിബ്യൂണൽ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമായിഎഴുതി. റിപ്പോർട്ട് ഉടനീളം ദുരിതബാധിതരെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു. എൻഡോസൾഫാൻ ദുരന്തം അട്ടിമറിക്കാനുള്ള ഒരു റിപ്പോർട്ടാണ് ഇതെന്നായിരുന്നു പ്രധാന ആരോപണം. വലിയ പ്രതിഷേധങ്ങളും ഇതിനെതിരെ ഉയർന്നു. 

യഥാർത്ഥത്തിൽ ഇതൊരു തുടക്കം മാത്രമാണ്. ദുരിതബാധിതരുടെ ജീവിതത്തിലുടനീളം ഭരണകൂടം നടത്തിയ വഞ്ചനയുടെ എണ്ണമറ്റ കഥകൾ പറയാൻ സാധിക്കും. അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹാവേദനയെ പോലെ വാക്കുകൾ കൊണ്ട് അനായാസം പറഞ്ഞ് തീർക്കാൻ സാധിക്കുന്നതല്ല അവയൊന്നും. എല്ലാത്തിനുമപ്പുറം വേദനയുടെ മഹാപർവ്വത്തിന് മുകളിൽ ഇരകൾ മരിച്ചു ജീവിക്കുന്നുണ്ട്. ചുവപ്പ് നാടയിൽ ജീവിതം കുരുങ്ങിപോയവർക്ക് വേണ്ടത് ഇനിയും വാഗ്ദാനങ്ങളല്ല. അടിയന്തരമായ ഇടപെടലുകളാണ്.  

ഉറക്കമില്ലാത്ത അമ്മമാരുടെ നാടാണിത്- അമ്പലത്തറ കുഞ്ഞികൃഷ്ണൻ

പുനരധിവാസത്തിന്റെ ആലോചനകളാരംഭിച്ചിട്ട് പത്ത് വർഷത്തോടടുക്കുന്നു. ശാസ്ത്രീയവും പ്രായോഗികവുമായ സമീപനമായിരിക്കണം പുനർനിർമ്മിതിക്ക്. വൈകിപ്പിക്കുന്നത് നീതി നിഷേധത്തിന് തുല്യം. ഞങ്ങൾ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഇട വരുത്തരുത്. കുഞ്ഞുങ്ങൾ (30 വയസായാലും) വീട്ടിലാകുമ്പോൾ അവരെ പരിചരിക്കുക എന്നത് കഠിനമാണ്.  ഭക്ഷണത്തിനുള്ള സമയം പോലും പാലിക്കാനാവില്ല. ഉറക്കമില്ലാത്ത രാത്രികൾ പല അമ്മമാർക്കും പുതിയതല്ല. ചേച്ചിക്കും ചേട്ടന്മാർക്കും വേണ്ടി കല്യാണം ഒഴിവാക്കിയ പെൺകുട്ടിയെയും ഇവിടെ കാണാം.

തങ്ങളുടെ കുഞ്ഞിന് ചികിത്സ കൊടുക്കാൻ കഴിയാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യേണ്ടി വന്ന കുടുംബത്തിന്റെ ദയനീയ ചിത്രവും കാസർകോടിന്റെ മണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല. ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ വേദന മാറ്റാൻ കഴിയാതെ വന്നപ്പോൾ വിദഗ്ധ ചികിത്സയ്ക്ക് മറ്റെവിടെയും കൊണ്ടുപോകാനാവാത്ത നിസ്സഹായവസ്ഥയിൽ മറ്റൊന്നും ആലോചിക്കാതെ മകനെ ഫാനിൽ കെട്ടി തൂക്കി അമ്മയും അച്ഛനും ജനലിൽ സാരിയിൽ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

മകൾക്ക് സംരക്ഷണം നൽകാൻ ആളില്ലാതെ വന്നപ്പോൾ വിഷം വാങ്ങി മകൾക്ക് കൊടുത്ത ശേഷം അമ്മയും ജീവിതമൊടുക്കിയ ദാരുണ സംഭവവും കാസർകോട് തന്നെയാണ് നടന്നത്. മകളെ ബന്ധുവീട്ടിലാക്കി ചികിത്സയ്ക്ക് വേണ്ടി പോയതായിരുന്നു അമ്മ. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ബന്ധുവിന്റെ വിളി വന്നു. 'മോളെ നോക്കാൻ ആരാ ഇവിടെയുള്ളത്?' പിന്നെ താമസിച്ചില്ല ഒരു കുപ്പി വിഷവും ഒരു ബോട്ടിൽ പാനീയവും മതിയായിരുന്നു ആ ജീവിതങ്ങൾ എരിഞ്ഞടങ്ങാൻ .

അമ്മമാർക്ക് ഒരിടം വേണം. കുഞ്ഞിനെ സംരക്ഷിച്ചുകൊണ്ടുതന്നെ ഒരു ജോലിയിലേർപ്പെടാൻ സാധിക്കണം. അതിലൂടെ മാനസിക സംഘർഷങ്ങൾക്ക് അയവ് വരുത്താൻ സാധിക്കും. അത്തരത്തിൽ ഒരു കേന്ദ്രം അനിവാര്യമാണ്. സ്വന്തം വീടുകളിൽ അവർക്കതിന് കഴിയില്ല. സംരക്ഷണം പ്രദാനം ചെയ്യുന്ന സ്ഥലം അനിവാര്യമാണ്. ഒരു പകൽ നേരമെങ്കിലും കഴിയാനുള്ള അവസരമുണ്ടാക്കുക എന്നത് അടിയന്തരമായ ആവശ്യമാണ്. അമ്മമാർക്കൊരു ജോലി, അതിലൂടെ അവരനുഭവിക്കുന്ന ആശ്വാസം വേറിട്ടതായിരിക്കും. അതിനു സാധ്യമായ ക്രിയാത്മക നടപടികൾ വേണം. ഇല്ലെങ്കിൽ ഈ ജീവിതങ്ങളും വീടിന്റെ ചുമരുകൾക്കുള്ളിൽ ഒടുങ്ങേണ്ടി വരും.

ദുരിതബാധിതരായ മനുഷ്യരുടെ നീതിക്കായി പോരാടുന്ന അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ ഇനിയവർക്ക് വേണ്ടത് എന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവിക ജീവിതത്തിലേക്ക് ദുരിതബാധിതരെ എത്തിക്കേണ്ടത് ഓരോ മനുഷ്യന്റെയും ആവശ്യമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ യഥാർത്ഥത്തിൽ ഒരു ജനതയുടെ നിവേദനമാണ്. ഈ പരമ്പരയും ഞങ്ങൾ ആ മനുഷ്യരുടെ പോരാട്ടങ്ങൾക്കൊപ്പം ചേർത്ത് വെയ്ക്കുന്നു. ഭരണകൂടവും പൊതുസമൂഹവും മറവിയിലേക്ക് തള്ളിയിടാൻ ശ്രമിക്കുമ്പോൾ ഒക്കെയും ഇത് ആവർത്തിക്കും. എൻഡോസൾഫാൻ പോരാളി മുനീസ പറഞ്ഞതുപോലെ അവസാന മനുഷ്യനും നീതികിട്ടുന്നതുവരെ ഈ ഓർമ്മപ്പെടുത്തൽ തുടരും.... 

(പരമ്പര അവസാനിച്ചു)