നിയൊരു ജീവനെക്കൂടി നരകിക്കാന്‍ വിട്ടുകൊടുക്കില്ലെന്ന തീരുമാനമെടുത്ത അമ്മമാരുണ്ട് അതിര്‍ത്തി ഗ്രാമങ്ങളില്‍. പാതിജീവനായി കഴിയുന്ന തങ്ങളുടെ കുഞ്ഞുങ്ങളെ കണ്ട് അത്രമേല്‍ അവര്‍ക്ക്  മനസ്സ് മരവിച്ചിട്ടുണ്ടാകണം. മറ്റൊരു ജീവനെക്കൂടി സമാനരീതിയില്‍  കാണേണ്ടി വരാതിരിക്കാനാണ് പലര്‍ക്കും ഗര്‍ഭഛിദ്രം ചെയ്യേണ്ടി വന്നത്. എന്‍മകജെയിലെയും പെര്‍ളയിലെയും ബോവിക്കാനത്തെയും അമ്മമാര്‍ക്ക് വീണ്ടും പ്രസവിക്കാന്‍ പേടിയായിരുന്നു. നിയമവിരുദ്ധമായ ഗര്‍ഭച്ഛിദ്രത്തിലേക്ക് വരെയാണ് ആ ഭയം പലരെയും എത്തിച്ചിരുന്നത്. 

ഗര്‍ഭിണിയാവാത്തത് ഭാഗ്യമായി കരുതുന്ന ഒരു കൂട്ടം അമ്മമാരെയും വിഷമഴ പെയ്ത മണ്ണില്‍ കാണാന്‍ സാധിക്കും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂളിയാറിലെ പുഞ്ചിരി ക്ലബ്ബ് നടത്തിയ സര്‍വ്വേയിലാണ് ഇതുസംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 120 സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ ഇരുപത് പേരും ഗര്‍ഭഛിദ്രം നടത്തിയിരുന്നു. ഭര്‍ത്താവ് അറിയാതെ പോലും ഗര്‍ഭഛിദ്രം നടത്തിയവരും  അതില്‍പ്പെടും. 

ദുരിതബാധിതരായ മക്കളുള്ള അമ്മമാരുടെ ചിന്തയും പ്രവര്‍ത്തിയും ഈ വിധം  അസാധാരണമാകുന്നെങ്കില്‍ അതവര്‍ക്കേറ്റ ഉണങ്ങാത്ത മുറിവുകൊണ്ടാണ്. വിഷമഴ പെയ്തു തോര്‍ന്ന മണ്ണില്‍ അനേകായിരം അമ്മമാര്‍ വെന്തുനീറുകയാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ട ദുരിതബാധിതര്‍ക്ക് അപ്പുറം അവരുടെ നിഴല്‍ പറ്റി ഈ വിധം ഉരുകിത്തീരുന്ന നിസ്സഹായരായ അമ്മമാര്‍ എല്ലാ കണക്കുകള്‍ക്കും അപ്പുറമാണ്. 
 
നാലു ചുമരുകള്‍ക്ക് പുറത്തുള്ള ഒരു ജീവിതവും ദുരിതബാധിത പ്രദേശങ്ങളിലെ അമ്മമാര്‍ക്ക് സാധ്യമല്ല.  മുഴുവന്‍ സമയവും പാതിജീവനുമായി മല്ലിടുന്ന മക്കളുടെ ഓരത്ത് തന്നെ വേണം. നാട്ടിലെയെന്നല്ല, കുടുംബത്തിനുള്ളിലെയും സകല ആഘോഷങ്ങളും അവര്‍ക്കന്യമാണ്. ചിരിക്കാന്‍ പോലും മറന്ന അമ്മമാര്‍ അവിടങ്ങളില്‍ ഒരു യാഥാര്‍ഥ്യമാണ്. അത്രമാത്രം ആ നാടിന്റെ സൈ്വര്യജീവിതത്തിന് മുകളില്‍ ഭരണകൂടം പെയ്യിച്ച വിഷമഴയുടെ കാര്‍മേഘങ്ങള്‍ പെയ്തു തീരാതെ ഇരുണ്ട് കിടക്കുന്നുണ്ട്. 

Sreedhara
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ശ്രീധരഷെട്ടിയും അമ്മയും | ഫോട്ടോ: മാതൃഭൂമി

കയര്‍ചികിത്സ എന്ന പുതിയ രീതി

ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകളാണ് എല്ലാ കാലത്തും ദുരിതബാധിതര്‍ക്ക് തിരിച്ചടിയാവുന്നത്.  വര്‍ഷങ്ങള്‍ക്കിപ്പുറവും അത് മാറ്റമില്ലാതെ തുടരുകയാണ്. മുന്‍പുണ്ടായിരുന്ന കളക്ടര്‍ സജിത്ത് ബാബു പറഞ്ഞത്, എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും വെള്ളത്തില്‍ കലക്കിയാല്‍ കുടിക്കാമെന്നുമുള്ള അര്‍ത്ഥത്തിലാണ്. ദുരിതബാധിതരായ മനുഷ്യരെ പൈങ്കിളി കഥാപാത്രങ്ങളെന്ന് അവഹേളിച്ചതും ആ നാട് നീറ്റലോടെയാണ് കേട്ടത്. 

ഇത്തരത്തിലുള്ള അവഹേളനങ്ങളാണ് യഥാര്‍ത്ഥത്തില്‍ പാതി ജീവനറ്റ മനുഷ്യര്‍ അഭിമുഖീകരിക്കുന്നത്. ഉരുകിത്തീരുന്നവരുടെ ജീവിതവും വേദനകളും ഭരണകൂടത്തിന് തിരിച്ചറിയാന്‍ സാധിക്കാത്തിടത്തോളം കാലം സാങ്കല്‍പ്പികമായി തോന്നിയേക്കാം. അത് തന്നെയാണ് പ്രാണനറ്റു ജീവിക്കുന്ന ജനതയോട് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന അനീതിയും. 

ദുരിതബാധിതര്‍ അനുഭവിക്കുന്ന അനീതിയുടെ ആഴം എന്‍മകജെയിലെ ശ്രീധരയുടെ ജീവിതവും മരണവും ശക്തമായി അടയാളപ്പെടുത്തുന്നുണ്ട്. അത്ര ദയനീയമായാണ് അവന് മരണത്തിനുമുന്നില്‍  കീഴടങ്ങേണ്ടിവന്നത്. ആവശ്യമായ ചികിത്സ കിട്ടാതെ മരിച്ചവരില്‍ ഒരാളാണ് ശ്രീധര. വേദന സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ കൈകാലുകള്‍ ജനലിനോട് ചേര്‍ത്ത് കെട്ടിയിടാനാണ് പറയുക. പ്രാണന്‍ പോകുന്ന നിലവിളിക്ക് മുന്നില്‍ അത് ചെയ്യാതെ കുടുംബത്തിന് മറ്റ് നിര്‍വാഹമില്ലായിരുന്നു. 

കെട്ടിയ ഒരു കയര്‍ അയഞ്ഞ് പോയാല്‍പോലും വലിയ നിലവിളിയാണ്. ഇനിയും ബലത്തില്‍ കയര്‍ വരിഞ്ഞ് മുറുക്കാന്‍ കരഞ്ഞു കൊണ്ട് പറയും. ആ കിടപ്പിലാണ് ശ്രീധരയെ മരണം കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്രീധരക്ക്  ഭരണകൂടം കൊടുത്തത് കയറുചികിത്സയാണെന്നാണ് അവിടം സന്ദര്‍ശിച്ച എന്‍ഡോസള്‍ഫാന്‍ പീഡിത  മുന്നണി അംഗവും എഴുത്തുകാരനുമായ അംബികാസുതന്‍ പ്രതികരിച്ചത്.  

Ambikasuthan Mangad
അംബികാസുതന്‍ മാങ്ങാട് | ഫോട്ടോ: മാതൃഭൂമി

ഇവിടെ നടന്നത് വ്യോമാക്രമണമാണ്- അംബികാസുതന്‍ മാങ്ങാട്
 
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ രണ്ടു പതിറ്റാണ്ടായി ആവശ്യപ്പെടുന്നത് മൗലികമായി അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളാണ്. പക്ഷെ, അതെല്ലാം ഔദാര്യം എന്ന നിലക്കാണ് ഭരണകൂടങ്ങള്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ കാല്‍നൂറ്റാണ്ടു നീണ്ടുനിന്ന വ്യോമാക്രമണമാണ് ഇവിടെ നടന്നത്. ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന ഒരു കൂട്ടക്കൊല. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഭരണകൂടം ഇവിടെ വിഷം തളിച്ചത്. ജലാശയങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ വരെ ഇത് തളിച്ചു. അതിലൂടെയാണ് കോടാനുകോടി ജീവജാലങ്ങള്‍ നശിച്ചുപോവുകയും ആയിരക്കണക്കിന് മനുഷ്യര്‍ നിത്യദുരിതത്തിലാവുകയും നൂറുകണക്കിന് പേര്‍ മരിച്ചുപോവുകയും ചെയ്തത്. വലിയ കൂട്ടക്കൊലയാണ് ഇവിടെ നടന്നത്. എന്നാല്‍, ഇന്നുവരെ നിയമത്തിന് മുന്നില്‍ ഒരു പ്രതിയെ ഹാജരാക്കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ഇതെല്ലാം നിരന്തരമായി ദുരിതബാധിതരോട് കാണിക്കുന്ന അനീതിയാണ്. 

2013-ല്‍ തറക്കല്ലിട്ട മെഡിക്കല്‍ കൊളേജ് ഇപ്പോഴും സാധ്യമായിട്ടില്ല. ഇവിടെയുള്ള കുഞ്ഞുങ്ങളൊക്കെ മരിച്ചു തീരട്ടെയെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത്രമാത്രം കുഞ്ഞുങ്ങള്‍ മരിച്ചു പോകുന്നുണ്ട്. കൊറോണ കാലത്ത് അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണാനും ആരും തയ്യാറാകുന്നില്ല. എയിംസ് വരുന്ന കാര്യത്തിലും അനിശ്ചിതത്വമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആത്മാര്‍ഥമായി സഹകരിക്കുന്നില്ല.

മുന്‍പ് ഉണ്ടായിരുന്ന കളക്ടര്‍ സജിത്ത് ബാബു ഉള്‍പ്പെടെ ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരവേലകള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നടത്തിയിട്ടുണ്ട്. എന്‍മകജെ എന്ന എന്റെ നോവലിനോട് അദ്ദേഹം പ്രതികരിച്ചത് അതൊരു പൈങ്കിളി നോവലാണെന്നാണ്. ഭാവന അവസാനിക്കുന്ന ഇടത്തുനിന്നാണ് എന്‍മകജെ തുടങ്ങുന്നത്. ഞാന്‍ നേരില്‍ കണ്ട യാഥാര്‍ഥ്യങ്ങള്‍ മാത്രമാണ് ആ നോവല്‍. അദ്ദേഹം ദുരിതബാധിതര്‍ക്ക് ഉണ്ടാക്കിയത് വലിയ പ്രയാസങ്ങളാണ്. ചലനമറ്റു ജീവിച്ച ശീലാബതിയെവരെ പൈങ്കിളി കഥാപാത്രമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു നാടിന് അറിയാം ശീലാബതി ആരാണെന്ന്. അത്തരത്തില്‍ അങ്ങേയറ്റം മനുഷ്യത്വരഹിതമായിരുന്നു കളക്ടറുടെ രീതികള്‍. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കേണ്ട സെല്ലിന്റെ കണ്‍വീനറാണ് ഇദ്ദേഹം എന്നത് മറക്കരുത്. കാടു കയറി നശിച്ചിട്ടും അവര്‍ക്കായി നിര്‍മ്മിച്ച വീടുകള്‍ പോലും കൈമാറുന്നില്ല. ഇതാണ് ആ മനുഷ്യരോട് അധികാരവര്‍ഗ്ഗം കാണിക്കുന്ന അനീതികള്‍. 

Muneesa Ambalathara
മുനീസ അമ്പലത്തറ | ഫോട്ടോ: മാതൃഭൂമി

നെഞ്ചിടിപ്പോടെയാണ് ഞങ്ങള്‍ ജീവിക്കുന്നത്- മുനീസ അമ്പലത്തറ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയും പീഡിത ജനകീയമുന്നണിയുടെ പ്രസിഡന്റുമായ മുനീസ പറയുന്നത്, ഇനിയെന്ത് എന്ന ചോദ്യം വല്ലാതെ മനസ്സിനെ അലട്ടികൊണ്ടിരിക്കുന്നുവെന്നാണ്. കാരണം പെന്‍ഷന്‍ മുടങ്ങുന്നു, സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ല, ആജീവനാന്ത സൗജന്യ ചികിത്സ എന്നുള്ളത് വേണ്ടവിധം സാധ്യമാകുന്നില്ല. പ്രധാന കാരണം ജില്ലയിലെ മെഡിക്കല്‍ സംവിധാനത്തിന്റെ അപര്യാപ്തതയാണ്. ഇപ്പോള്‍ ആകെയുള്ള പ്രതീക്ഷ പൊതുജനങ്ങളിലാണ്. ഞങ്ങള്‍ക്ക് മാത്രമായി ഈ പോരാട്ടങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. എല്ലാവരുടെയും സഹകരണം ആവശ്യമാണ്.

ഇര എന്നനിലയില്‍ പറയാനുള്ളത് ഉദോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അവഗണനകളെ കുറിച്ചാണ്. മനുഷ്യത്വപരമായി ഇടപെടുന്നവര്‍ അപൂര്‍വ്വമാണ്. 2013-ല്‍ ദുരിതബാധിത എന്നനിലയില്‍ ബി.എഡ്. പരിഗണിച്ച് അധ്യാപികയായി ജോലി ലഭിച്ചിരുന്നു. അതിന് പക്ഷെ, ഒരു വര്‍ഷം മാത്രമെ ആയുസ്സ് ഉണ്ടായിരുന്നുള്ളു. പലപ്പോഴും വ്യക്തിഹത്യ വരെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനോടുള്ള ഞങ്ങളുടെ പരാതി പോലും കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. എത്ര അവഗണന നേരിടേണ്ടി വന്നാലും അവസാനത്തെ ദുരിതബാധിതനും നീതി ലഭിക്കും വരെ അവര്‍ക്കൊപ്പം നില്ക്കാന്‍ തന്നെയാണ് തീരുമാനം .

തുടര്‍ പോരാട്ടങ്ങള്‍ക്ക് പൊതുജനം ഞങ്ങളുടെ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. 
ചെറിയ ആവശ്യങ്ങള്‍ പോലും സമരങ്ങളിലൂടെയാണ് നേടിയെടുത്തത്. അതുകൊണ്ട് പോരാട്ടമല്ലാതെ ഇനി മറ്റുവഴികളില്ല. ഏതെങ്കിലും ഭരണകൂടത്തിനൊ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊ എതിരല്ല ഞങ്ങള്‍. പരമോന്നത നീതിപീഠം പറഞ്ഞിട്ടുള്ള ഞങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തുന്നത്. മറ്റെല്ലാവര്‍ക്കും പെന്‍ഷന്‍ വീട്ടുമുറ്റത്ത് എത്തിച്ചപ്പോള്‍ ഞങ്ങളെ അവഗണിക്കുകയാണ് ഭരണകൂടം ചെയ്തത്. അധികബാധ്യത ഉണ്ടാക്കുന്നവരാണ് ഞങ്ങളെന്ന് മുഖത്ത് നോക്കി പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. ദുരിതബാധിതരായ അമ്മമാരുടെ നെഞ്ചിടിപ്പെങ്കിലും കേള്‍ക്കാന്‍ തയ്യാറാകണം. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട് ആ അമ്മമാരുടെ നെഞ്ചകത്ത്. 

 

എണ്ണമില്ലാത്ത മനുഷ്യര്‍ക്കാണ് മുറിവേറ്റത്

വിഷമഴയില്‍ ഉണങ്ങാത്ത പൊള്ളലേറ്റത് അനേകായിരം മനുഷ്യര്‍ക്കാണ്. ദുരിതബാധിതരുടെ ജീവിതത്തിന്റെ ഓരോ താളിലും അത് രക്തം കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ചാവേറുകളാകും ഞങ്ങള്‍ എന്ന് പാതിജീവനറ്റ കൈക്കുഞ്ഞിനെ മാറോട് ചേര്‍ത്ത് അലറിയ ഉമ്മയുടെ മുഖം മനുഷ്യമനസ്സില്‍ ഇപ്പോഴും മായാതെയുണ്ടാകും. ഇനിയും ആ മനുഷ്യര്‍ക്ക് വേണ്ടത് പ്രഖ്യാപനങ്ങളല്ല. നീതിയാണ്. നൂറു ശതമാനം ഭരണകൂടമാണ് അവരുടെ ജീവിതവും ശരീരവും വികലമാക്കിയത്. കൃത്യമായ പരിഹാരം അടിയന്തിരമായി ആ മനുഷ്യര്‍ക്ക് ആവശ്യമാണ്. 
                                                         
തളര്‍ന്നുപോയ കാല്‍ മണ്ണിലൂടെ വലിച്ചിഴച്ചേ നിഷാലിന് മുന്നോട്ട് പോകാന്‍ സാധിക്കു. തന്റെ സ്വാഭാവിക ചലനശേഷി ഇല്ലാതാക്കിയത് എന്‍ഡോസള്‍ഫാന്‍ എന്ന വിഷനാശിനിയാണെന്ന് പറയാന്‍ പോലും അവന്  സാധിക്കില്ല. കാരണം നിഷാലിന്റെ സംസാരശേഷി കൂടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെ എന്‍ഡോസള്‍ഫാന്‍  നശിപ്പിച്ചിരുന്നു. എപ്പോഴും വിറക്കുന്ന ശരീരമാണ് ഷാഹിനയുടെ സ്വപ്നചിറകുകള്‍ അരിഞ്ഞുവീഴ്ത്തിയത്. പാഠപുസ്തകമെങ്കിലും നേരെ പിടിക്കാന്‍ സാധിക്കണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ അത് അസാധ്യമാണെന്ന തിരിച്ചറിവ് മറ്റെല്ലാവരേക്കാളും ഷാഹിനക്കുണ്ട്.

ഇതൊക്കെ കണ്ട്  മനസ് മരവിച്ചവാണ് അതിര്‍ത്തി ഗ്രാമങ്ങളിലെ അമ്മമാര്‍ക്ക് ഗര്‍ഭഛിത്രം ചെയ്യേണ്ടിവന്നത്. ഗര്‍ഭിണിയാവാതിരിക്കാന്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കേണ്ടി വന്നതും മുന്നിലെ കാഴ്ചകളില്‍ മനസ്സു നൊന്താണ്. ഈ വിധം ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപെട്ട ജനതയായി അവരെ മാറ്റിയത് നീതിയില്ലാത്ത ഭരണകൂടമാണ്. ഇത്തരം അനീതികള്‍ രാജ്യത്ത് പലപ്പോഴും ഭരണവര്‍ഗം ആവര്‍ത്തിച്ചിട്ടുമുണ്ട്. 

8,000 മനുഷ്യര്‍ ദാരുണമായി കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്ത ഭോപ്പാല്‍ ദുരന്തം മനുഷ്യനെ തിരിച്ചറിയാന്‍ സാധിക്കാത്ത ഭരണകൂടങ്ങളുടെ മറ്റൊരു ഉദാഹരണമാണ്. പ്രതിയാക്കപ്പെട്ട യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വെറും 25000 രൂപ ആള്‍ ജാമ്യത്തിനാണ് വിട്ടയച്ചത്. പിന്നീട് ഒരിക്കലും അദ്ദേഹത്തെ ഇന്ത്യ കണ്ടിട്ടില്ല. ഒടുവില്‍  പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് കൈകഴുകുകയായിരുന്നു. ഭോപ്പാല്‍ പറയുന്നത് ചരിത്രമാണ്. നമ്മുടെ ഭരണാധികാരികളുടെ വഞ്ചനയുടെ ചരിത്രം. അത് കുറഞ്ഞത് കാസര്‍കോടെങ്കിലും അവര്‍ത്തിക്കപ്പെടാതെ നോക്കേണ്ടത് മനുഷ്യ മനസാക്ഷിയുടെ പ്രശ്‌നമാണ്. 


നാളെ: മരണജീവിതത്തിന്റെ പകര്‍ത്തിയെഴുത്തുകള്‍

Content Highlights: Kasargode Endosulfan Areas Revisited | Vishamazhayettavar Part 03