'അടഞ്ഞിരിക്കുന്ന ആ കണ്ണുകളില്‍ ഈ ലോകത്തിലെ പൂവും പൂമ്പാറ്റകളും ഒളിഞ്ഞിരിക്കുന്നുണ്ട്. പൂട്ടിയിരിക്കുന്ന ചുണ്ടുകളില്‍ കളിയും ചിരിയും ഉണ്ട്. അമ്മേ എന്നൊരു ശബ്ദം ആ തൊണ്ടയില്‍ ഉറങ്ങിക്കിടപ്പുണ്ട്. കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്താല്‍ അവനുണരും. പക്ഷെ കളിയും ചിരിയും കൊഞ്ചലുമൊന്നും ഒരിക്കലുമുണരില്ല. വിഷമഴയില്‍ വാടിയ കുഞ്ഞുങ്ങളെല്ലാം ഇങ്ങനെയാണ്...'

ഉറക്കമില്ലാത്ത രാത്രികളില്‍ അരുണി ചന്ദ്രന്‍ എഴുതി തീര്‍ത്ത പുസ്തകത്തിലെ വരികളാണ് ഇത്. ദുരിതബാധിതരായ മക്കളുള്ള അമ്മമാരുടെ മനസ്സിനേറ്റ മുറിവിന്റെ ആഴമാണ് അവര്‍ തന്റെ പുസ്തകത്തിലൂടെ പങ്കുവച്ചത്. മകനു വന്ന ദുര്യോഗമോര്‍ത്ത് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച അമ്മമാരില്‍ ഒരാളായിരുന്നു  അരുണിയും. പിന്നീട് ദുരിതബാധിതനായ മകന്‍ കുഞ്ഞുണ്ണിയുടെ നിസ്വാര്‍ത്ഥമായ ചിരിയാണ് ജീവിക്കാനുള്ള മരുന്നായതും. 

ഒരമ്മ എന്ന നിലയില്‍ നേരിടേണ്ടി വരുന്ന വേദനകളെ കുറിച്ച് അന്നുമുതല്‍ അരുണി എഴുതാന്‍ തുടങ്ങി. സ്വന്തം വേദനകളെ കടലാസുകളിലേക്ക് പകര്‍ത്തുമ്പോള്‍ പലപ്പോഴും കണ്ണീരു പടര്‍ന്നിരുന്നു. ആ കടലാസുകള്‍ തുന്നിവെച്ച് സ്നേഹവീട് പുറത്തിറക്കിയ പുസ്തകമാണ് 'പേറ്റുനോവൊഴിയാതെ'. കണ്ണീരു വറ്റിയ ഒരമ്മയുടെ വേദന ആദ്യാവസാനം പുസ്തകത്തിന്റെ വരികളില്‍ പെയ്‌തൊഴിയാതെ കിടക്കുന്നുണ്ട്. ഓരോ വാക്കുകളിലും മുറിവേറ്റ അമ്മയുടെ ഹൃദയ മിടിപ്പ് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. 

Aruni
അരുണിയും മകനും

പേറ്റുനോവൊഴിയുന്നതും കാത്ത്

ജനിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് അരുണിക്ക് കുഞ്ഞുണ്ണിയെ കാണാന്‍ സാധിച്ചത്. നിര്‍ത്താതെ കരയുന്ന മകനെ മാറിലേക്ക് ചേര്‍ത്തു പിടിച്ച കുറച്ചു സമയം മാത്രമാണ് അവന്‍ ഉറങ്ങിയത്. ഏങ്ങിയുള്ള കുഞ്ഞുണ്ണിയുടെ നിലവിളി ആശുപത്രിയില്‍ തളം കെട്ടിനിന്നിരുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടില്‍ കുഞ്ഞുകൈകാലുകള്‍ ചുരുട്ടി പിടിച്ചത് ഓര്‍ക്കുമ്പോള്‍ ഇന്നും ഹൃദയം വിങ്ങും. മംഗലാപുരത്തും നാട്ടിലുമായി പിന്നീട് ആശുപത്രിക്കാലമായിരുന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന ചികിത്സകള്‍ പ്രതീക്ഷിച്ച ഫലം കണ്ടില്ല.  

കുഞ്ഞുണ്ണിയെ മണ്ണില്‍ കാലുറച്ച് നടത്താന്‍ ഒരു ചികിത്സക്കും സാധിച്ചില്ല. കേള്‍വിശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. എല്ലാം കാണാമെന്നു മാത്രം. സ്വപ്നങ്ങള്‍പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ന് കുഞ്ഞുണ്ണി. 2013-ലെ ദുരിതബാധിതരുടെ പട്ടികയില്‍ അവന്റെ പേരും ചേര്‍ക്കപ്പെട്ടു. ചെറിയ ശബ്ദം മാത്രമാണ് ഉണ്ടാക്കാന്‍ സാധിക്കുക. ഓരോ ശബ്ദവും ഓരോ ആവശ്യങ്ങളാണ്. അരുണിക്കും ചന്ദ്രനും മാത്രം തിരിച്ചറിയാന്‍ സാധിക്കുന്നവ. മുഴുവന്‍ സമയവും നിഴലായി അവരിലൊരാളെ കുഞ്ഞുണ്ണിക്ക് കണ്ടുകൊണ്ടേ ഇരിക്കണം.     

ദുരിതബാധിതരുടെ കൂട്ടത്തിലെ ഒരു സംഖ്യ മാത്രമാണ് ഭരണകൂടത്തിന് കുഞ്ഞുണ്ണി. അപസ്മാരം വരാതിരിക്കാന്‍ മുതല്‍ ഉറങ്ങാന്‍വരെ മരുന്ന് കഴിക്കണം. മരുന്നിന് മാത്രമാണ് അവനെ വല്ലപ്പോഴുമെങ്കിലും ചിരിപ്പിക്കാന്‍ സാധിക്കുന്നത്. അത്രയ്ക്ക് ഭീകരമായ അവസ്ഥയിലാണ് ദുരിതബാധിതരുടെ നാഡീവ്യവസ്ഥക്ക് തകരാറു സംഭവിച്ചിട്ടുള്ളത്. സമാനമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ് ഒരോ കുട്ടിയുടെ മാതാപിതാക്കളും. ദുരിതബാധിതരായ മക്കളുടെ നിഴലായി ജീവിക്കുന്ന ഓരോ അമ്മയ്ക്കും ഹൃദയം നുറുങ്ങുന്ന കഥകളാണ് പറയാനുള്ളത്. എന്നെങ്കിലും തങ്ങളുടെ പേറ്റുനോവൊഴിയുമെന്ന സ്വപ്നത്തിലാണ് അരുണിയെപോലുള്ള  നൂറു കണക്കിന് അമ്മമാര്‍. 

Endosulfan
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിഷേധത്തില്‍നിന്ന്.

ചികിത്സ നിഷേധിക്കപ്പെട്ടവര്‍

ഗുരുതരമായ ജനിതകവൈകല്യങ്ങളുമായി കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുമ്പോഴും ഭരണകൂടം ദീര്‍ഘ നിദ്രയിലാണ്. ഭരണഘടന അനുശാസിക്കുന്ന ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശമാണ് യഥാര്‍ത്ഥത്തില്‍ അട്ടിമറിക്കപ്പെടുന്നത്. വിഷമഴയുടെ ചൂടേറ്റ് പൊള്ളിപ്പോയവരുടെ കൃത്യമായ കണക്കുകള്‍ പോലും ഇപ്പോഴുമില്ല. കൃത്യമായ വിവരശേഖരണത്തിന് തയ്യാറാവാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 

ഇപ്പോഴും ദുരിതബാധിതരുടെ ലിസ്റ്റിന് പുറത്തുനില്‍ക്കുന്ന മനുഷ്യര്‍ അത്തരം ആരോപണങ്ങള്‍ ശരിവക്കുന്നുണ്ട്. പുറംലോകമറിയാതെ കശുവണ്ടി  തോട്ടങ്ങളില്‍ ഉരുകി തീര്‍ന്നവരുടെ വ്യക്തമായ കണക്കുകളും ലഭ്യമല്ല. അത്തരത്തില്‍ ഉത്തരം കിട്ടാത്ത നൂറു കണക്കിന് ചോദ്യങ്ങളുണ്ട് അതിര്‍ത്തി ഗ്രാമങ്ങളിലെ വിഷമഴയേറ്റ ജീവിതങ്ങള്‍ക്ക്.
 
ആരോഗ്യമേഖല വലിയ തോതിലുള്ള വികാസം പ്രാപിക്കുമ്പോഴും കാസര്‍കോടിന്റെ അതിര്‍ത്തിക്കുള്ളില്‍ അതെല്ലാം അന്യമാണ്. കേരളത്തിലെ 14 മെഡിക്കല്‍ കോളേജുകളില്‍ ഒന്നുപോലും ജില്ലയിലില്ലാത്തത് അവഗണനയുടെ ആഴം വ്യക്തമാക്കുന്നതാണ്. മംഗലാപുരമാണ് കാസര്‍കോട് ജില്ലയുടെ ഏക ആശ്രയം. എന്നാല്‍, കോവിഡ് കാലത്ത് അതിര്‍ത്തികള്‍ അടച്ചപ്പോള്‍ ഇരുപതോളം മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടപെട്ടത്. സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ പ്രജിതയും കവിതയും ജയകൃഷ്ണനും  പാതിജീവനായെങ്കിലും അവശേഷിച്ചേനെ.  

ജീവച്ഛവമായി കിടക്കുന്ന മനുഷ്യരെ കണ്ടപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തക ദയാബായി പറഞ്ഞത്, ഇവിടുത്തെ കാഴ്ചകള്‍ ഹിറ്റ്‌ലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിനെ അനുസ്മരിപ്പിക്കുന്നു എന്നാണ്. ചികിത്സ കിട്ടാതെ വെന്തുരുകുകയാണ് യഥാര്‍ത്ഥത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. മാറാരോഗങ്ങള്‍ക്കൊപ്പം നാഡീവ്യവസ്ഥയെ കൂടെയാണ് തകിടം മറിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യര്‍ വേദനതിന്ന് ജീവിക്കുന്ന നാടായിട്ടും ഇന്നേവരെ ഒരു ന്യൂറോളജിസ്റ്റു പോലും ജില്ലയില്‍ ഇല്ല. രോഗബാധിതരുടെ ദുരിതമിരട്ടിക്കുന്നതിന് പ്രധാന കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്.

നീതിക്കു വേണ്ടിയുള്ള ദുരിതബാധിതരുടെ കാലങ്ങളായുള്ള നിലവിളി കേള്‍ക്കാന്‍ ഇപ്പോഴും ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. കൊറോണക്ക് മുന്നില്‍ നാട് അടച്ചിട്ടപ്പോള്‍ കൂടുതല്‍ മറവിയിലേക്ക് ഈ മനുഷ്യരെ തള്ളിയിടാന്‍ ഭരണകൂടങ്ങള്‍ക്ക് എളുപ്പത്തില്‍ സാധിച്ചു. മരുന്നിനുപോലും നന്നേ പ്രയാസപ്പെട്ടാണ് ഓരോ കുടുംബവും കടന്നുപോകുന്നത്. മിക്ക കുടുംബത്തിന്റെയും ആശ്രയം പെന്‍ഷനായിരുന്നു. അതും മുടങ്ങിയതോടെ പട്ടിണിയുടെ വക്കിലാണ്.  

Dr. Mohankumar
ഡോ. മോഹന്‍കുമാര്‍

ദയനീയമാണ് ഇരകളുടെ അവസ്ഥ: ഡോ. മോഹന്‍കുമാര്‍

1982-ലാണ് ഞാന്‍ പ്രാക്ടീസ് ആരംഭിക്കുന്നത്. കാന്‍സര്‍ ഉള്‍പ്പെടെ മാനസിക പ്രശ്‌നങ്ങളുള്ള ഒട്ടേറെ രോഗികള്‍ ക്ലിനിക്കിന് സമീപം ഉണ്ടെന്ന് ഞെട്ടലോടെയാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. 1997-ല്‍ കേരള മെഡിക്കല്‍ ജേര്‍ണലില്‍ ഇത് പരാമര്‍ശിച്ചിരുന്നു. രാസവസ്തുക്കള്‍ ഉണ്ടാക്കുന്ന ജലമലിനീകരണത്തെ കുറിച്ച് എനിക്ക് സംശയം ഉണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ സ്പ്രെ ചെയ്യുന്നത് കൊണ്ട് തേനീച്ചകള്‍ നശിച്ചു പോകുന്നതായും കര്‍ഷകര്‍ കണ്ടെത്തിയിരുന്നു. 2000 ആയപ്പോഴേക്കും എന്‍ഡോസള്‍ഫാന്‍ ശരിക്കും അപകടകരമായ കീടനാശിനിയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. വിഷം തളിക്കുന്നതിനെതിരെ ഞങ്ങള്‍ പ്രതിഷേധിച്ചു. ഞങ്ങളുടെ ലക്ഷ്യം വിഷം ഏരിയല്‍ സ്‌പ്രേ ചെയ്യുന്നത് നിര്‍ത്തലായിരുന്നു.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചു. അപ്പോഴാണ് യഥാര്‍ത്ഥ വ്യാപ്തി ഞങ്ങള്‍ക്ക് മനസിലായത്. കാസര്‍കോട് മാത്രമല്ല കര്‍ണ്ണാടകയുടെ അതിര്‍ത്തിഗ്രാമങ്ങളിലും ഒട്ടേറെ ഇരകള്‍ ഉണ്ടെന്ന വിവരമാണ് ലഭിച്ചത്. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ ദുരന്തം വാര്‍ത്തയാക്കി. പലവിധ പ്രതിഷേധങ്ങളെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടി വന്നു. രോഗികളുടെ അവസ്ഥ ഇപ്പോഴും വളരെ കഷ്ടമാണ്. വലിയ പിന്നാക്കാവസ്ഥയിലാണ് മിക്ക ഗ്രാമങ്ങളും. സര്‍ക്കാര്‍ അതീവഗൗരവത്തോടെ ഈ വിഷയങ്ങളില്‍ ഇടപെടണം.   

Lathika
ലതികയും മകനും

മുറിപ്പെട്ട ജീവിതങ്ങള്‍

തളിപ്പറമ്പില്‍നിന്നാണ് ലതികയെ പെരിയയിലെ മൊയോലത്തേക്ക് കൃഷ്ണന്‍ കൈപിപിടിച്ചു കൊണ്ടുവന്നത്. വീടിനോട് ചേര്‍ന്ന് പ്ലാന്റേഷന്റെ തോട്ടങ്ങളാണ്. കല്ലുകള്‍ പാകിയ ചെറിയ ഒരു അതിര്‍ത്തി മാത്രമാണ് രണ്ടിനെയും വേര്‍തിരിക്കുന്നത്. കല്ല്യാണം കഴിഞ്ഞ് വരുന്ന സമയത്ത് ചുറ്റും തോട്ടങ്ങളായിരുന്നു. വീട്ടുമുറ്റത്തേക്ക് വരെ കശുമാവിന്‍ ചില്ലകള്‍ പടര്‍ന്നിരുന്നു. അക്കാലത്ത് വലിയ കന്നാസ് ചുമലില്‍വച്ച്  കീടനാശിനികള്‍ സ്പ്രെ ചെയ്യുന്നതും സ്ഥിരം കാഴ്ചയായിരുന്നു. ഹെലികോപ്റ്ററില്‍ സ്േ്രപ ചെയ്യുന്ന സമയത്ത് കിണറും പാത്രങ്ങളും ഓല കൊണ്ട് മൂടും. എങ്കിലും വീടും പരിസരവും എന്‍ഡോസള്‍ഫാനില്‍ നനഞ്ഞു കുതിരും.   

ജനിച്ച് അഞ്ചാം ദിവസമാണ് കുഞ്ഞിനെ കാണാന്‍ സാധിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് കുനിഞ്ഞിന്റെ കാലിന് വ്യത്യാസമുള്ളത് തിരിച്ചറിഞ്ഞത്. സ്വാഭാവികമാണെന്നും ശരിയാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും അസ്വാഭാവികമായ പലതും കാണാന്‍ തുടങ്ങി. നടുക്കുന്ന വേദനയോടെയാണ് എന്‍ഡോസള്‍ഫാന്‍ ഇരയാണ് തന്റെ കുഞ്ഞുമെന്ന് തിരിച്ചറിഞ്ഞത്. 

പ്രായമാകുന്നതിന് അനുസരിച്ച് വൈകല്യങ്ങള്‍ ഓരോന്നായി പ്രകടമായി തുടങ്ങി. സംസാരശേഷി പൂര്‍ണ്ണമായി നഷ്ടപെട്ടു. തുടര്‍ച്ചയായ അപസ്മാരം ജീവന്‍തന്നെ അപകടത്തിലാക്കുന്ന സ്ഥിതി വന്നു. കണ്ണടക്കാതെ അവനെ  നോക്കിയിരിക്കേണ്ട അവസ്ഥ. ഒരു ദിവസം 25 തവണവരെ മോന് അപസ്മാരം വന്നിട്ടുണ്ടെന്ന് പറയുമ്പോള്‍ ലതികയുടെ ശബ്ദം പതറിയിരുന്നില്ല. അത്രമാത്രം ആ അമ്മയുടെ മനസ്സ് ദുരിതങ്ങള്‍ കണ്ടു മരവിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനെന്ന് രേഖപ്പെടുത്താന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. അപ്പോഴേക്കും എണ്ണമറ്റ രോഗങ്ങള്‍ ലതികയെയും കീഴ്‌പ്പെടുത്തിയിരുന്നു. വാല്‍വ് ചുരുക്കവും ആസ്മയും കാരണം ശ്വാസമെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ജീവിക്കാനായി ദിവസവും അഞ്ച് തരം മരുന്ന് അവര്‍ക്കുമുണ്ട്. മകനെപ്പോലെ ലതികക്കും ഒരേ രീതിയില്‍ സംരക്ഷണം ആവശ്യമാണിപ്പോള്‍. മിക്ക ദിവസങ്ങളിലും കൂലിപ്പണിക്കാരനായ കൃഷ്ണന് പണിക്ക് പോകാനാവാത്ത അവസ്ഥയാണ്. ജീവിതം അങ്ങേയറ്റം വഴിമുട്ടിയ അവസ്ഥയാണെന്ന് പറയുമ്പോള്‍ ശ്വാസമെടുക്കാനാവാതെ ലതിക പിടയുന്നുണ്ടായിരുന്നു. 

നാളെ:  ഇനി പ്രസവിക്കില്ലെന്ന് തീരുമാനിക്കേണ്ടി വന്ന അമ്മമാരുണ്ടിവിടെ

Content Highlights: Kasargode Endosulfan Areas Revisited | Vishamazhayettavar Part 02