റുതിയില്ലാത്ത ദുരന്തങ്ങളുടെ നാടായി ഒരു ഭൂപ്രദേശത്തെ മനുഷ്യമനസ്സില്‍ അടയാളപ്പെടുത്തേണ്ടി വന്നിട്ടുള്ളത് ലോകത്തുതന്നെ അപൂര്‍വ്വമാണ്. ഇന്നും സപ്തഭാഷാ ഭൂമിയില്‍ മഹാവേദനയുടെ ദുരന്തം പേറി ജീവിക്കുന്ന ആയിരങ്ങളുണ്ട്. കരയാന്‍ പോലും സാധിക്കാതെ മരണത്തിന് കീഴ്പെട്ടുപോയവരും നൂറുകണക്കിനാണ്. 

വലിയ തലയും ചെറിയ ഉടലുമായി ജനിച്ച സൈനബയും തളര്‍ന്നുപോയ ശീലാബതിയും തലയിലെ വൃണങ്ങളില്‍നിന്ന് നീരൊഴുകി പ്രാണന്‍ വെടിഞ്ഞ നവജിത്തിനെയുമൊന്നും ഒരു കാലത്തും മറവിയിലേക്ക് തള്ളിയിടാന്‍ സാധിക്കില്ല. ഇവര്‍ മൂവരും അവശേഷിച്ച ശരീരം കൂടെ മണ്ണില്‍ അലിഞ്ഞ വിഷനാശിനിക്ക് നല്‍കി മരണത്തിലേക്കു പോയവരുടെ പ്രതിനിധികളാണ്. ബാക്കിയുള്ള ആയിരങ്ങള്‍ ജീവിക്കുന്ന സ്മാരകങ്ങളും. 

എന്‍ഡോസള്‍ഫാന്‍ ഒരു നാടിന്റെ വേരറുത്തിട്ടും ഇനിയും ഇരകളെ പരിഗണിക്കാത്ത ഭരണകൂടം നീതികേട് ആവര്‍ത്തിക്കുകയാണ്. പതിറ്റാണ്ടുകളായിട്ടും ആ വേദനക്കൊപ്പം നില്‍ക്കുന്നതില്‍ അവര്‍ അമ്പേ പരാജയപ്പെട്ട സംവിധാനമാണ്. ഇത് ഉണങ്ങാത്ത മുറിവേറ്റ മനുഷ്യ ഇരകളുടെ രക്തസാക്ഷിത്വത്തിന്റെ അടയാളപ്പെടുത്തലാണ്. ഭരണകൂട ഭീകരതയുടെ ആഴവും പരപ്പുമാണ് ഓരോ ഇരകളുടെ ജീവിതവും തുറന്നു കാണിക്കുന്നത്.  

Sheelabathi
ഷീലാബതിയുടെ ചിത്രത്തിനരികില്‍ അമ്മ ദേവകി | ഫോട്ടോ: രാമനാഥ് പൈ\മാതൃഭൂമി

ഞങ്ങളെ ഇഴഞ്ഞ് ജീവിക്കാന്‍ വിട്ടിട്ട് പെന്‍ഷന്‍ പോലും മുടക്കി മുറിവില്‍ ഉപ്പുതേക്കുകയാണ്

കുന്നുകയറി കശുമാവിന്‍ തോട്ടത്തിലൂടെ നടന്നുവേണം ശീലാബതിക്ക് വീട്ടിലെത്താന്‍. അന്ന് സ്‌കൂള്‍ കഴിഞ്ഞ് വരുമ്പോള്‍ ഹെലികോപ്റ്ററില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നുണ്ടായിരുന്നു. കശുമാവിലേക്ക് മഴ പോലെ പെയ്തിറങ്ങിയ കീടനാശിനി ശീലാബതിയെയും നനച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ബോധം നഷ്ടമായി. പുറകില്‍ വന്ന കൂട്ടുകാരികളാണ് വീട്ടില്‍ എത്തിച്ചത്. ദേവകിയമ്മ പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കാണുന്നത് ചലനമറ്റ് കിടക്കുന്ന ശീലാബതിയെയാണ്. സാധ്യമായ എല്ലാ ചികിത്സയും നല്‍കി. ഒന്നും ഫലം കണ്ടില്ല.

ശീലാബതിയെന്ന പൂമരത്തിന്റെ വളര്‍ച്ച മുരടിച്ച് വേരുകള്‍ അറ്റുപോയെന്ന സത്യം അമ്മയറിഞ്ഞത് പിന്നെയും കുറേ നാള്‍ കഴിഞ്ഞാണ്. തോട്ടങ്ങള്‍ക്കുള്ളിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ നടന്നു വേണം ശീലാബതിയുടെ മലമുകളിലെ വീട്ടിലെത്താന്‍. പതിറ്റാണ്ടുകള്‍ ജീവനറ്റതിന് തുല്യമായി കിടന്നത് ആ ഒറ്റമുറി വീട്ടിലെ ഇരുട്ടിലാണ്. ചലനമറ്റ് കിടക്കുമ്പോഴും അവള്‍ക്ക് മുകളിലൂടെ കീടനാശിനി തളിക്കുന്ന ഹെലികോപ്റ്ററുകള്‍ ഇരമ്പിയാര്‍ത്ത് പറക്കുന്നുണ്ടായിരുന്നു. 

മുപ്പത്തിരണ്ട് വര്‍ഷങ്ങളാണ് ആളനക്കമില്ലാത്ത വീട്ടില്‍ പാതിജീവനുമായി കഴിഞ്ഞത്. അമ്മ കൂലിപ്പണിക്ക് പോകുമ്പോള്‍ പൂച്ചയെ അരികില്‍ കെട്ടിയിടും. പാമ്പും മറ്റു ജീവികളും വന്നാല്‍ അനങ്ങാന്‍ പോലും കഴിയാത്ത മകള്‍ക്ക് കാവല്‍പൂച്ചയായിരുന്നു. വിഷമഴ പെയ്യിച്ച ഭരണകൂട ക്രൂരതയുടെ ബാക്കിയാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ജീവിതം നഷ്ടപ്പെട്ടിരുന്നു. താന്‍ മരിച്ചുപോയാല്‍ മകള്‍ക്ക് ആരുണ്ടാകും എന്ന ചോദ്യമാണ് പിന്നീട് ദേവകിയമ്മയെ അലട്ടിയിരുന്നത്. പലരോടായി ആ ചോദ്യം ആവര്‍ത്തിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന് മറുപടി ഏതും ഇല്ലായിരുന്നു. 

വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പെന്‍ഷന്‍ പോലും കിട്ടിത്തുടങ്ങിയത്. അതും ഏറെ മുറവിളികള്‍ക്ക് ശേഷം. തന്റെ ജീവിതത്തില്‍ നഞ്ച് കലര്‍ത്തിയ ഭരണകൂടങ്ങളോട് വിരല്‍ ചൂണ്ടാന്‍ പോലും സാധിക്കാതെ  ശീലാബതി ഓര്‍മ്മയായി. എല്ലാ തരത്തിലും ഒറ്റപ്പെട്ടുപോയ ദേവകിയമ്മയുടെ ജീവന്‍ മാത്രമാണ് മലമുകളില്‍ അവശേഷിക്കുന്നത്. വിഷമഴ ഏല്‍പ്പിച്ച മുറിവുംപേറി നീറി ജീവിക്കുന്ന ആ അമ്മയുടെ നിഴലുപോലും ഭരണകൂട ഭീകരതയുടെ ആഴം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.   

Endosulfan
സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍കോട്ട് ജനുവരിയില്‍ നടത്തിയ കളക്ടറേറ്റ് ഉപരോധം | ഫോട്ടോ: രാമനാഥ് പൈ\മാതൃഭൂമി

വിഷം കൊണ്ടുവന്ന് കണ്ണീരു വറ്റിച്ചവര്‍

ഏഴു ഭാഷയും മനുഷ്യജീവിതത്തിനൊപ്പം 12 നദികളുമൊഴുകുന്ന വൈവിധ്യമായ സംസ്‌കാരങ്ങള്‍ ഇഴ ചേര്‍ന്ന നാടാണ് കാസര്‍കോഡ്. തുമ്പ പൂക്കുന്ന നാട്ടുവഴികളില്‍ കളിച്ചു ചിരിച്ച് ഉല്ലസിച്ചിരുന്ന ഒരു ബാല്യം ആ നാടിനും ഉണ്ടായിരുന്നു. ലാഭക്കൊതി മൂത്ത് വിഷവുമായി ഭരണകൂടം വന്നതോടെയാണ് കാസര്‍കോടിന്റെ ഭൂപടത്തില്‍ രക്തക്കറ പടര്‍ന്നു തുടങ്ങിയത്. അത്രമേല്‍ ആഴത്തില്‍ ആ മണ്ണില്‍ വിഷം അലിഞ്ഞ് ചേര്‍ന്നിരുന്നു. 

കൊല്ലം ജില്ലയില്‍ കശുവണ്ടിയുടെ വിളവ് കുറഞ്ഞതോടെയാണ് കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മറ്റു വഴികള്‍ അന്വേഷിച്ചുതുടങ്ങിയത്. നാടന്‍കൃഷി ചെയ്ത് ശീലിച്ച കാസര്‍കോടിന്റെ മണ്ണിലേക്കാണ് ഒടുവില്‍ പറങ്കിമാവിന്റെ തൈകളുമായി അവര്‍ എത്തിയത്. 1964-ല്‍ പന്ത്രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയില്‍ കൃഷിവകുപ്പ് തൈകള്‍ വച്ച് പിടിപ്പിച്ചു. വടക്ക് എന്‍മകജെ മുതല്‍ തെക്ക് കയ്യൂര്‍ ചീമേനി വരെ. 11 പഞ്ചായത്തുകളിലായി കശുമാവ് തഴച്ചു വളരാന്‍ തുടങ്ങി. തേയിലക്കൊതുക് പോലെയുള്ള കീടങ്ങളും ഒപ്പം പെരുകാന്‍ തുടങ്ങി. 

ആദ്യനാളുകളില്‍ കീടങ്ങളെ തുരത്താന്‍ ഹാന്‍ഡ് പമ്പ് ഉപയോഗിച്ചാണ് കീടനാശിനി പ്രയോഗം നടത്തിയത്. 1978-ല്‍ കൃഷിവകുപ്പ് തോട്ടങ്ങള്‍ പ്ലാന്റേഷന്‍ കോര്‍പറേഷന് കൈമാറിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോകുന്നത്. ആ വര്‍ഷം തന്നെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വിഷം തളിക്കാന്‍ തുടങ്ങി. മാരക പ്രഹരശേഷിയുള്ള കീടനാശിനികള്‍ ഏത് രീതിയില്‍ പ്രയോഗിക്കണമെന്ന ഒരു മാര്‍ഗ്ഗരേഖയും അവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല.

ജനവാസമുള്ള പ്രദേശത്ത് എപ്രകാരം കീടനാശിനി പ്രയോഗം നടത്തണമെന്ന പഠനങ്ങളൊന്നുംതന്നെ നടന്നില്ല. ആകാശമാര്‍ഗ്ഗം കീടനാശിനി തളിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ പറക്കേണ്ട ഉയരത്തിന്റെ അളവുകളും പാലിക്കപ്പെട്ടില്ല. നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ വിഷം മഴപോലെ ഒരു നാടിന്റെ മണ്ണില്‍ അലിഞ്ഞു ചേരുകയായിരുന്നു. കുളങ്ങളിലും തോടുകളിലും കിണറുകളിലുംവരെ കീടനാശിനിയുടെ വലിയ തോതിലുള്ള സാനിധ്യമുണ്ടായിരുന്നു. 22 വര്‍ഷങ്ങളാണ് ഈ വിധം മാരക കീടനാശിനികൊണ്ട് ആ നാടിനെ കുതിര്‍ത്തിയെടുത്തത്.  

ചത്തൊടുങ്ങിയതും ഉണങ്ങാത്ത മുറിവേറ്റതും മനുഷ്യനാണ്

എന്‍മകജെയിലെ കര്‍ഷകനായ ശ്രീപദ്രെയാണ് മൃഗങ്ങളിലും ജീവികളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്. തേനീച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങിയതായിരുന്നു തുടക്കം. തുമ്പിയും പൂമ്പാറ്റയും തുടങ്ങി പ്രദേശത്തെ ചെറുപ്രാണികളും കീടങ്ങളും പാടെ അപ്രത്യക്ഷമായി. ഈ സമയത്താണ് മൂന്ന് കാലുകളുള്ള ഒരു പശുക്കുട്ടി പിറക്കുന്നതും. ജീവജാലങ്ങളില്‍ ജനിതക വൈകല്യങ്ങളും വ്യാപകമായി കണ്ടുതുടങ്ങി.

ഡോ. വൈ. എസ്. മോഹന്‍കുമാറാണ് മനുഷ്യശരീരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗുരുതര സ്വഭാവമുള്ള രോഗങ്ങളെക്കുറിച്ച് പുറത്തുകൊണ്ടുവരുന്നത്. എന്‍മകജെ പഞ്ചായത്തിലെ ചെറിയൊരു ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹം. ഒരുകാലത്തും ഇല്ലാത്ത വിധം വലിയ തോതില്‍ രോഗികള്‍ കൂടി വന്നതോടെ സംശയത്തിന്റെ നിഴല്‍ നീളുകയായിരുന്നു. സ്വര്‍ഗ്ഗയിലായിരുന്നു രോഗികള്‍ കൂടുതല്‍. ജഡാധാരിയുടെ കോപമാണ് രോഗകാരണമെന്ന് പ്രദേശവാസികള്‍ അടക്കം പറഞ്ഞു. അപ്പോഴും രോഗകാരണം തിരഞ്ഞുള്ള ഓട്ടത്തിലായിരുന്നു ഡോ. മോഹന്‍കുമാര്‍. 

കശുമാവിന്‍ തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളിലാണ് അസാധാരണമായ അസുഖങ്ങളും ജീവജാലങ്ങള്‍ക്കിടയിലെ അസ്വസ്ഥതകളും കാണുന്നതെന്ന് ഡോ. മോഹന്‍കുമാറും ശ്രീ പദ്രെയും ഒരേപോലെ കണ്ടെത്തി. പിന്നീട് ഡോ. മോഹന്‍കുമാര്‍ എഴുതിയ ലേഖനങ്ങളാണ് എന്‍ഡോസള്‍ഫാന്റെ ഭീകരത വെളിച്ചത്തു കൊണ്ടുവരുന്നത്. ഭരണകൂടം ആകാശമാര്‍ഗ്ഗം പെയ്തിറക്കിയ വിഷമഴ അപ്പോഴേക്കും ആ നാടിന്റെ വേരറുത്തിരുന്നു.

Bindu
വിതുല്‍രാജിനൊപ്പം അമ്മ ബിന്ദു

 ഇരയുടെ അമ്മമാര്‍ക്ക് ഒരേ മുഖമാണ്

'16 വയസ്സുള്ള എന്റെ മകനെ കണ്ടാല്‍ 8 വയസ്സുപോലും തോന്നിക്കില്ല. അസാധാരണമായ പെരുമാറ്റമാണ് അവന്.  സ്വന്തമായി ശരീരത്തില്‍ മുറിവുണ്ടാക്കും. ഈ മുറിവൊക്കെ ഉണ്ടാക്കി വേദനയില്ലാത്ത ആളെ പോലെ നില്‍ക്കും. മുഴവന്‍ സമയം മോനെ നോക്കണം. രാത്രി ഉറങ്ങിയിട്ട് കാലങ്ങളായി. ഇതിനിടയില്‍ ഞാന്‍ പണിയെടുത്ത് വേണം എല്ലാ ചെലവും നോക്കാന്‍. പലപ്പോഴും പണിക്ക് പോകാന്‍ പറ്റില്ല. ആകെ ഉണ്ടായിരുന്ന പെന്‍ഷന്‍ മുടങ്ങിയിട്ട് ഇപ്പൊ മാസങ്ങളായി. ജീവിതം എല്ലാ രീതിയിലും വഴിമുട്ടി.' ബിന്ദുവിന് ഏറെ പറയാനുണ്ടെങ്കിലും ചങ്കില്‍ എവിടെയോ ശബ്ദം ഉടക്കി. ജീവിതം നിസ്സഹായതയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട ആ അമ്മ കരയാന്‍ പോലുമാകാതെ നിശബ്ദയായി.         

പരിയാരത്തുനിന്ന് പെരിയയിലേക്ക് രാജന്റെ കൈപിടിച്ച് വരുമ്പോള്‍ ബിന്ദു കാണുന്നത്  ഹെലികോപ്റ്ററില്‍ കീടനാശിനി തളിക്കുന്നതാണ്. വലിയ അത്ഭുതത്തോടെയാണ് അന്നത് കണ്ടത്. ദിവസങ്ങള്‍ കഴിയുംതോറും ആദ്യ കാഴ്ചയിലെ അത്ഭുതം ദുരന്തമായി ജീവിതത്തില്‍ ഭവിക്കാന്‍ തുടങ്ങിയിരുന്നു. കുളിക്കാനും മറ്റുമായി ആശ്രയിച്ചിരുന്ന കണ്ണോട്ടുതോട്ടിലെ വെള്ളത്തില്‍ നിറയെ വെളുത്തു കട്ടിയുള്ള പാടകള്‍ വന്നുമൂടി. തെളിഞ്ഞ് കണ്ടിരുന്ന കിണറിലെ വെള്ളവും പതിയെ അവ്യക്തമായി. കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ ചുറ്റുപാടുകള്‍ പാടെ മാറി തുടങ്ങിയിരുന്നു. 

മനുഷ്യരിലേക്കും ഇത് ബാധിക്കുമെന്ന കേട്ടുകേള്‍വിപോലും ബിന്ദുവിന് ഇല്ലായിരുന്നു. ഗര്‍ഭധാരണത്തോടെയാണ്  അതിന്റെ വ്യാപ്തി തിരിച്ചറിയുന്നത്. പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിതുല്‍രാജില്‍ അസാധാരണമായ പെരുമാറ്റം കാണാന്‍ തുടങ്ങി. നിര്‍ത്താതെ കരയുന്നത് പതിവായി. മംഗലാപുരത്തെ ഹോസ്പിറ്റലില്‍നിന്നാണ് ഹൃദയത്തിലെ ദ്വാരം കണ്ടുപിടിച്ചത്. ഒരു കിഡ്നിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരുന്നു. പുട്ടപര്‍ത്തിയിലും കോഴിക്കോടും തിരുവന്തപുരത്തുമായി ചികിത്സയുടെ നാളുകളായിരുന്നു പിന്നീട്. 2010-ലെ ക്യാമ്പില്‍ എന്‍ഡോസള്‍ഫാന്‍ ഇരയാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 

പെന്‍ഷന്‍പോലും മുടക്കി മുറിവില്‍ ഉപ്പ് തേക്കുകയാണ്

ഭര്‍ത്താവ് രാജനെയും അസുഖങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പിന്തുടര്‍ന്നു. രണ്ടര വര്‍ഷത്തോളം അദ്ദേഹത്തെ രോഗം തളര്‍ത്തി. മകനും ഭര്‍ത്താവിനും ഒരുപോലെ പരിചരണം ആവശ്യമായി വന്നു. കരയാന്‍ പോലും മറന്നത് അക്കാലത്താണ്. വൈകാതെ രാജന്‍  മരണത്തിന് കീഴ്‌പ്പെട്ടു. തനിച്ചായ കുടുബത്തിന്റെ ഏക അത്താണി ബിന്ദുവായി. മകളുടെ വിദ്യാഭ്യാസവും മകന്റെ ചികിത്സയും വീട്ടുചെലവുകളും താങ്ങാവുന്നതിലും അപ്പുറമാണ്. 

മുഴുവന്‍ സമയം വിതുല്‍രാജിന് പരിചരണം ആവശ്യമാണിപ്പോള്‍. കണ്ണു തെറ്റിയാല്‍ റോഡിലേക്ക് ഓടുന്നതും അക്രമസ്വഭാവം കാണിക്കുന്നതും പതിവാണ്. മാവേലി സ്റ്റോറിലെ ചെറിയ ജോലിയാണ് ഏക വരുമാനം. പെന്‍ഷന്‍ ഒരു ആശ്വാസമായിരുന്നു. എന്നാലിപ്പോള്‍ കിട്ടിയിട്ട് നാലു മാസത്തോളമായി. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥയാണിപ്പോള്‍. ബിന്ദുവിന് കൂടുതല്‍ സംസാരിക്കാനുണ്ടെങ്കിലും ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ക്ക് മുന്നില്‍ വാക്കുകള്‍ അവസാനിപ്പിച്ചു. സംസാരിക്കാന്‍ പോലും സാധ്യമല്ലാത്തവിധം ജീവിതം അവരെ വരിഞ്ഞു മുറുക്കുന്നുണ്ട്.   

മുറിവില്‍ ഉപ്പ് തേക്കുന്നതിന് തുല്യമാണ് ഈ മനുഷ്യരുടെ പെന്‍ഷന്‍ മുടക്കുന്നത്. ഭരണകൂടമാണ് അക്ഷരാര്‍ത്ഥത്തില്‍ ബിന്ദുവിന്റെ ജീവിതത്തില്‍ നഞ്ച് കലര്‍ത്തിയത്. സമാനദുരിതത്തില്‍ കഴിയുന്ന എണ്ണമറ്റ കുടുംബങ്ങളുണ്ട്. ആയിരത്തില്‍ ഒരാള്‍ മാത്രമാണ് ബിന്ദു. നിസ്സഹായരായ അമ്മമാരുടെ വേദന കേള്‍ക്കാന്‍ ഇനിയെങ്കിലും ഭരണകൂടങ്ങള്‍ തയ്യാറാകണം. അത്രമേല്‍ ആഴത്തില്‍ അവരുടെ ഉള്ളില്‍ സ്വപ്നങ്ങള്‍ പോലും വിഷബാധയേറ്റു കരിഞ്ഞു പോയിട്ടുണ്ട്. 

മുറിവിന്റെ ആഴമളക്കുന്നവര്‍

ദുരിതബാധിതരില്‍ തീര്‍ത്തും അവശത അനുഭവിക്കുന്നവര്‍ക്ക് 2200 രൂപയും കാന്‍സര്‍ പോലെയുള്ള രോഗബാധിതര്‍ക്ക് 1200 രൂപയുമാണ് പെന്‍ഷന്‍ അനുവദിച്ചത്. ഒരേ ആയുധം കൊണ്ട് ഉണ്ടായ മുറിവിനെ അതിന്റെ ആഴം നോക്കി വേര്‍തിരിക്കുന്ന അവസ്ഥ. മുറിവിന്റെ ആഴം നോക്കുന്നവര്‍ പക്ഷെ ആ ജീവിതത്തിനേറ്റ ആഘാതം കാണാന്‍ കൂട്ടാക്കുന്നതേയില്ല. 

ഒരറിയിപ്പും ഇല്ലാതെ 2200 രൂപ നല്‍കിവരുന്നവര്‍ക്ക് 1700 ആയി കുറച്ചത് ഇരകളോട് കാണിക്കുന്ന അവഗണയുടെ ചെറിയ ഉദാഹരണമാണ്. ആശ്വാസകിരണം പദ്ധതിയിലൂടെ കിടപ്പിലായ കുട്ടികളെ പരിചരിക്കുന്ന അമ്മമാര്‍ക്ക് പെന്‍ഷനായി 700 രൂപയും അനുവദിച്ചിട്ടുണ്ട്. അതും കിട്ടുന്നവര്‍ വിരളമാണ്. വര്‍ഷങ്ങളായി കിട്ടാത്തവരാണ് ഏറെ പേരും. 

എട്ടു വര്‍ഷം വര്‍ഷം മുന്‍പുള്ള പെന്‍ഷനാണ് ഇപ്പോഴുമുള്ളത്. വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവുകള്‍ അനുസരിച്ച് ഇന്നേവരെ തുകയില്‍ വര്‍ദ്ധന വരുത്താനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലിസ്റ്റില്‍ ഉള്‍പ്പെട്ട ദുരിതബാധിതരായ 6727 പേര്‍ക്ക് 5 ലക്ഷം വച്ച് കൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവും അട്ടിമറിക്കപ്പെടുകയാണ്. 1446 പേര്‍ക്ക് മാത്രമാണ് ഇതുവരെ 5 ലക്ഷം പൂര്‍ണ്ണമായും ലഭിച്ചത്. 1568 പേര്‍ക്ക് മൂന്നു ലക്ഷവും ലഭിച്ചു. ബാക്കി തുകക്കായി പാതി ജീവനറ്റ കുഞ്ഞുങ്ങളെയും കൊണ്ടു സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് അമ്മമാര്‍. 

3713 പേര്‍ക്ക് ഒരു രൂപപോലും കിട്ടിയില്ല എന്നതും ഭരണകൂടത്തിന് ഇരകളോടുള്ള താല്പര്യത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തങ്ങള്‍ സൃഷ്ട്ടിച്ച വിഷഭൂമിയില്‍ ഇപ്പോഴും ആയിരങ്ങള്‍ നരകയാതന അനുഭവിക്കുന്നുണ്ടെന്ന് ഓര്‍ത്ത് ഭരണകൂടങ്ങള്‍ക്ക് ആശ്വസിക്കാം. അവരുടെ മുറിവിന്റെ ആഴം നോക്കി വിലയിടുന്നവരും സമാന ക്രൂരതയാണ് ആ ജനതയോട് ആവര്‍ത്തിക്കുന്നത്. 


രണ്ടാം ഭാഗം: ചികിത്സ നിഷേധിക്കപ്പെട്ടവരുടെ അവസ്ഥയെ കുറിച്ച് നാളെ.

Content Highlights: Kasargode Endosulfan Areas Revisited | Vishamazhayettavar Part 01