ഗരമധ്യത്തിലെ ഫ്ളാറ്റില്‍ യുവതിയെ മാസങ്ങളോളം പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചത് ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. തുടര്‍ന്ന് പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ മറ്റൊരു യുവതി കൂടി പരാതി നല്‍കി. ഇത്തരം എത്രയോ സംഭവങ്ങള്‍ പരാതിക്കാരില്ലാത്തതിനാല്‍ കുഴിച്ചു മൂടപ്പെടുന്നു

അകലങ്ങളിലെ അഗ്നിബാധകളും ദുരന്തങ്ങളും വര്‍ത്തകളായെത്തുമ്പോള്‍, ഇതൊന്നും എന്നെയോ കുടുംബത്തെയോ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ എന്നാശ്വസിക്കുന്ന മനോഭാവം ശരാശരി മലയാളി വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരിക്കുന്നു. ഒളിച്ചോട്ടങ്ങളുടെയും ലൈംഗിക കുറ്റകൃത്യങ്ങളുടെയും അഗമ്യഗമനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകള്‍ അസ്വസ്ഥതാജനകങ്ങളാണ്. മൂന്ന് പതിറ്റാണ്ട് കാലത്തെ നിരീക്ഷണങ്ങളും മനഃശാസ്ത്ര ചികിത്സാനുഭവങ്ങളും പ്രജ്ഞയിലെത്തിച്ച നേര്‍ക്കാഴ്ചകള്‍ പങ്കുവെക്കുകയും വിശകലനം ചെയ്യുകയുമാണിവിടെ. 

വിദ്യാലയത്തിലേക്ക് പോകുമ്പോള്‍ ഇടത്താവളത്തില്‍ കയറി യൂണിഫോം മാറ്റിയ ശേഷം കമിതാവിനോടൊപ്പം സായാഹ്നം വരെ ബൈക്കില്‍ കറങ്ങുന്ന പെണ്‍കുട്ടി, വെള്ളിയാഴ്ചകളില്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി ഒരു നാള്‍ സ്നേഹിതനോടൊപ്പം ചെലവഴിച്ചു ശനിയാഴ്ചയോടെ വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍, വേണാട് എകസ്പ്രസില്‍ കൊല്ലത്തുനിന്നു കയറി എറണാകുളത്തിറങ്ങി സമയം പങ്കിട്ടശേഷം, ഒരു മണിക്കൂര്‍ കഴിഞ്ഞെത്തുന്ന പരശുറാം പിടിച്ചു തൃശൂരിനു യാത്ര തുടരുന്ന എഞ്ചിനീറിങ് വിദ്യാര്‍ഥിനി... എന്നിങ്ങനെ ഈ കാഴ്ചകള്‍ നീളുന്നു.

അസ്വീകാര്യമായ ലൈംഗിക വാസനകളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ തുടങ്ങിയിട്ട് നാളേറെയായി. അത്തരക്കാരുടെ വ്യക്തിത്വം അപഗ്രഥിക്കുക, പ്രവചിക്കുക, തടയുക, കൂടാതെ ദുരന്തങ്ങള്‍ക്കിരയായവരെ ശുശ്രൂഷയിലൂടെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്നിങ്ങനെ ഗവേഷണത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്. എന്നാല്‍ പഠനങ്ങള്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ പലതും സാമാന്യധാരണകളുമായി പൊരുത്തപ്പെട്ടു പോകുന്നവയല്ല. 

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് മുതിരുന്ന പുരുഷന്മാര്‍ അസാധാരണമായ ആസക്തി പുലര്‍ത്തുന്നവരാണെന്ന വിശ്വാസം ശരിയല്ല. ഏറെപ്പേരും കഴിവുകുറവുള്ളവരും രൂഢമൂലമായ അപകര്‍ഷതാബോധം പുലര്‍ത്തുന്നവരുമാണ്. പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനുള്ള ത്വരയാണ് ഇവരില്‍ മുന്നിട്ടു നില്‍ക്കുന്നത്. പ്രതികാരചിന്തയാല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. 

പക തീര്‍ക്കാനായി സ്നേഹിതനെക്കൊണ്ട് സ്വന്തം അമ്മയെ അപമാനിപ്പിച്ച മകന്‍ ഒരു വാര്‍ത്തയായി കുറേനാള്‍ മുമ്പ് നമ്മളെ പിന്തുടര്‍ന്നു. പിടിക്കപ്പെടുകയില്ല എന്നുറപ്പുള്ള പക്ഷം എന്തും ചെയ്യാന്‍ തയ്യാറുള്ള ക്രിമിനല്‍ പ്രേരണയാണ് മറ്റൊന്ന്. ധര്‍മാധര്‍മങ്ങളെപ്പറ്റിയോ മറ്റുള്ളവരുടെ മനോനിലയെപ്പറ്റിയോ ഒരു തരിമ്പും ഇവര്‍ ഓര്‍ക്കാറില്ല. ഇത്തരക്കാരുടെ മുമ്പില്‍ അനുകൂല സാഹചര്യങ്ങളില്‍ ചെന്നുപെട്ടാല്‍ ആക്രമണം നടന്നത് തന്നെ. ദില്ലിയില്‍ ബസ്സില്‍ നടന്ന ദുരന്തവും സൗമ്യ വധക്കേസും ഇക്കൂട്ടത്തില്‍പ്പെടുത്താം.

മദ്യവും മയക്കുമരുന്നുമാണ് ഇനിയൊരു വില്ലന്‍. തലച്ചോറിന്റെ പ്രത്യേകതകള്‍മൂലം ചെറിയ അളവിലുള്ള ലഹരി ഉപയോഗം പോലും വ്യക്തിയുടെ വിവേചനപ്രക്രിയയെ തകര്‍ക്കുകയും, ആളെ മൃഗതുല്യനാക്കുകയും ചെയ്യുന്നു. തകര്‍ന്ന കുടുംബബന്ധങ്ങള്‍ കുറ്റവാസനകളെ ഊട്ടി വളര്‍ത്തുന്നതായി കാണാറുണ്ട്. 

പങ്കാളിയുടെ വേദനയും രോദനവും കൊണ്ടുമാത്രം തൃഷ്ണ ഉണരുന്ന സാഡിസ്റ്റുകളാണ് ഇനിയൊരുകൂട്ടര്‍. ലൈംഗിക അതിക്രമത്തെപ്പറ്റിയുള്ള ചില കണ്ടെത്തലുകള്‍ കൂടി ശ്രദ്ധിക്കാം. അപരിചതരായ പുരുഷന്മാരില്‍ നിന്നുള്ള ആക്രമണങ്ങള്‍ പത്തു ശതമാനമേ വരൂ, എണ്‍പതു ശതമാനാം കേസുകളിലും വില്ലന്‍ ഇരയ്ക്കു മുന്‍പരിചയമുള്ള ആള്‍ തന്നെ. 

സുന്ദരികളായ യുവതികളാണ് ആക്രമണത്തിന് ഇരയാവുന്നത് എന്ന സാമാന്യധാരണയും ശരിയല്ല. ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ലൂയിസ് ഗാരവിറ്റോ, 1992നും 99-നുമിടയില്‍ പീഡനത്തിലൂടെ കൊലപ്പെടുത്തിയത് മുന്നൂറോളം കുട്ടികളെയാണ്, ഏറെയും ആണ്‍കുട്ടികള്‍. 

ഭക്ഷണത്തിലൂടെ കൊടുക്കാവുന്ന റോഹിപ്നോല്‍ (റേപ്പ് ഡ്രഗ്) പോലെയുള്ള മരുന്നുകള്‍ ഇരയുടെ പ്രതിഷേധം കുറക്കുകയും നടന്നതെല്ലാം ഓര്‍ക്കാനാവാത്ത വിഭ്രാന്തിയിലേക്കു നയിക്കുകയും ചെയ്യും. ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന റേപ്പ് ഡ്രഗ് പാര്‍ട്ടിക്കിടയിലും മറ്റും പാനീയത്തില്‍ അറിയാതെ കലര്‍ത്തിക്കൊടുക്കുന്ന മദ്യം തന്നെയാണ്. കഞ്ചാവ് ചേര്‍ത്ത സിഗററ്റിന്റെ പുകയും ഇതേ ഫലം ചെയ്യുന്നു.

കമിതാക്കള്‍ക്ക് എന്തെങ്കിലും ചര്‍ച്ച ചെയ്യാനുള്ള പക്ഷം പാര്‍ക്ക്, ബീച്ച് പോലുള്ള പൊതുസ്ഥലങ്ങളില്‍ പോവുകയാണ് അഭികാമ്യം. മറ്റുള്ളവര്‍ കാണുമെന്ന പേടിയില്‍ ഹോട്ടല്‍ മുറികളും കൂട്ടുകാരുടെ വീടും തെരഞ്ഞെടുത്ത ശേഷം പിന്നീട് ദുഃഖിച്ചിട്ടു കാര്യമില്ല. ഇത്തരം രഹസ്യസമാഗമങ്ങളില്‍ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായ സംഭവങ്ങള്‍ വളരെയുണ്ട്.

നമ്മുടെ കുട്ടികള്‍, ആണ്‍ പെണ്‍ ഭേദമെന്യേ സുരക്ഷിതരാണോ? എന്തൊക്കെയാണ് അവരുടെ സുരക്ഷിതത്വത്തിനു വിള്ളല്‍ വീഴ്ത്തിയത്? ഇതില്‍ മുതിര്‍ന്നവരുടെ പങ്കെന്താണ്? 

കുട്ടികളുടെ എല്ലാ ദുഃശീലങ്ങളുടെ പിന്നിലും രക്ഷകര്‍ത്താവിന്റെ കൈകള്‍ അവരറിയാതെ പ്രവര്‍ത്തിച്ചിട്ടുണ്ടാവും. മക്കള്‍ മുഴുവന്‍ സമയവും ടി.വിക്ക് മുമ്പിലാണെന്നു പരാതി പറയുന്ന മാതാപിതാക്കളുണ്ട്. ചെറുപ്പത്തില്‍ കുഞ്ഞുങ്ങളെ അടക്കിയിരുത്താനായി ടി.വി. പ്രവര്‍ത്തിപ്പിച്ചു, അതിന്റെ മുന്നിലിരുത്തി ഭക്ഷണം നല്‍കിയവരാണിവര്‍!

അടുത്ത പടിയാണ് മൊബൈല്‍ ഫോണ്‍. അത്യാവശ്യമുള്ളപ്പോള്‍ മാത്രം ഫോണ്‍ കുട്ടികളുടെ കയ്യില്‍ കൊടുക്കുക. പ്രൊജക്റ്റ് ചെയ്യാനും മറ്റും ഇത് അത്യാവശ്യമാണെന്നുള്ള കുട്ടികളുടെ ന്യായവാദത്തില്‍ വീഴാതിരിക്കുക. അവര്‍ മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ മാത്രം ഫോണ്‍ ഉപയോഗിക്കട്ടെ. ഇയര്‍ഫോണ്‍ വെച്ചുള്ള ഫോണ്‍ വിളി വേണ്ടേ വേണ്ട. 

വീട്ടില്‍ ഇടപഴകുന്ന ട്യുഷന്‍ മാസ്റ്റര്‍, ഡ്രൈവര്‍, പാല്‍ക്കാരന്‍, വേലക്കാര്‍ തുടങ്ങിയവരുമായുള്ള കുട്ടികളുടെ ഇടപെടല്‍ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. പെണ്‍കുട്ടികളുടെ കൂട്ടുകാരുമായും അവരുടെ കുടുംബവുമായും നിരന്തരബന്ധം പുലര്‍ത്തുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് ധാര്‍മികപഠാനത്തിനും, യോഗ, വ്യായാമം എന്നിവക്കും പ്രത്യേകം സമയം നിഷ്‌കര്‍ഷിക്കണം.വാതിലുകള്‍ ബന്ധിച്ചിരുന്നുള്ള പഠിത്തവും അസമയത്തുള്ള കമ്പ്യൂട്ടര്‍ ഉപയോഗവും അനുവദിക്കരുത്. 

വീട്ടിലുള്ള കുട്ടികള്‍ ഒന്നിച്ചിരുന്നു പഠിക്കുകയും ആഹാരം കഴിക്കുകയും ഉറങ്ങുകയും ചെയ്യട്ടെ. പെണ്‍കുട്ടികള്‍ ആരോടൊക്കെയാണ് കൂടുതല്‍ ഇടപഴകുന്നത്, എല്ലാ ദിവസവും ഒരേ പ്രൈവറ്റ് ബസില്‍ തന്നെയാണോ യാത്ര ചെയ്യുന്നത്, അതിലെ ജോലിക്കാരുമായി കൂടുതല്‍ അടുക്കുന്നുണ്ടോ എന്നൊക്കെ അറിയണം. മക്കളുമായി നല്ല സൗഹൃദം സ്ഥാപിക്കുകയും, അവര്‍ക്കു എന്ത് പ്രശ്നം ഉണ്ടായാലും തുറന്നു പറയാനുള്ള ആദ്യത്തെയാള്‍ മാതാപിതാക്കള്‍ ആയിത്തീരുകയും വേണം. 

ഇതൊക്കെ ഒരു ദിവസം കൊണ്ട് സാധിക്കുന്ന കാര്യമല്ലെന്നോര്‍ക്കണം. കുട്ടികളെ കുറ്റപ്പെടുത്തുന്ന ശീലം ഒഴിവാക്കി അവരുടെ ചെറിയ നേട്ടങ്ങളില്‍പോലും അഭിനന്ദിക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ അഭിമാനപൂര്‍വം അവതരിപ്പിക്കുകയും വേണം. അങ്ങനെ കുറേശ്ശയായി വിശ്വാസം നേടിയെടുക്കാനാവും. ആവര്‍ത്തിച്ചുള്ള ഉപദേശങ്ങള്‍ കുട്ടികളില്‍ വെറുപ്പുണ്ടാക്കും. ഒരു പ്രാവശ്യം പറയുകയും പിന്നീട് നിരീക്ഷിക്കുകയും ചെയ്യുക. സ്‌കൂളിലെ പെണ്‍കുട്ടികളുടെ വൈറലായിത്തീര്‍ന്നിട്ടുള്ള ചില വീഡിയോകളില്‍ തരിമ്പും കൂസലില്ലാതെ അവര്‍ മാതാപിതാക്കളോടുള്ള അമര്‍ഷം തുറന്നുകാട്ടുന്നതായി തോന്നിയിട്ടുണ്ട് .

കൂട്ടികളുടെ മുറി, കിടക്ക, ബാഗ് എന്നിവ ഇടയ്ക്കു പരിശോധിക്കുന്നത് നല്ലതാണു. പല പെണ്‍കുട്ടികള്‍ക്കും കാമുകന്മാര്‍ ഒന്നിലേറെ മൊബൈല്‍ ഫോണുകള്‍ സമ്മാനിച്ചതായി കണ്ടിട്ടുണ്ട്. വീട്ടില്‍നിന്നു പണമോ സ്വര്‍ണമോ അപ്രത്യക്ഷമാവുന്നതും നിസാരമായി കാണരുത്. വഴിവിട്ട ബന്ധങ്ങളിലേക്കുള്ള പ്രധാന പാത ഫോണ്‍ തന്നെയാണ്. 

ആണ്‍കുട്ടികളുടെ കാര്യത്തിലും ഇതൊക്കെ നോക്കേണ്ടതുണ്ട്. അപരിചിതരായുള്ളവരുമായുള്ള ഇടപാടുകളോ നിങ്ങള്‍ക്കറിയാത്ത പണമോ കണ്ടാല്‍ അന്വേഷണം നടത്തണം. പ്രായക്കൂടുതല്‍ ഉള്ളവരുമായുള്ള ചങ്ങാത്തങ്ങളും ശ്രദ്ധിക്കണം. ലഹരിമരുന്ന് സംഘങ്ങള്‍, സ്വവര്‍ഗ രതിക്കാര്‍ തുടങ്ങിയവര്‍ ആണ്‍കുട്ടികളെ സ്വാധീനിക്കുന്നത് മൊബൈല്‍, ബൈക്ക് എന്നിവ കാട്ടി ആകര്‍ഷിച്ചാണ്.

ധാര്‍മികമൂല്യങ്ങളില്‍ നിഷ്‌കര്‍ഷത പുലര്‍ത്തുന്ന അന്തരീക്ഷം വീട്ടിലും സ്‌കൂളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. സ്വന്തം അഭിപ്രായങ്ങളിലുറച്ചു നില്കാനുള്ള ആത്മധൈര്യം കുട്ടികള്‍ക്ക് ലഭിക്കുന്നത് സുരക്ഷിതത്വ ബോധത്തില്‍നിന്നാണ്. ആവശ്യമുള്ളിടത്തു അറത്തുമുറിച്ചു നോ പറയാനവര്‍ക്ക് കഴിയണം, കടന്നുകയറ്റത്തെ പ്രതിരോധിക്കാനും പ്രതികരിക്കാനുമുള്ള പരിശീലനവും നല്‍കണം. 

അതിക്രമത്തിനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നെങ്കിലുമുണ്ടായാല്‍ മാതാപിതാക്കളോടോ അധ്യാപകരോടോ മറ്റു മുതിര്‍ന്നവരോടോ പരാതിപ്പെടാനുള്ള സ്വാതന്ത്ര്യം അവര്‍ക്കു എപ്പോഴുമുണ്ടായിരിക്കണം. നേരിടേണ്ടി വന്ന വൈഷമ്യത്തെപ്പറ്റി സങ്കടം പറയുമ്പോള്‍, 'നിന്നോടു മാത്രം എന്താ? വേറെയും എത്രയോ പേര്‍ ആ വഴി പോകുന്നു?' തുടങ്ങി കുറ്റപ്പെടുത്തുന്ന പ്രതികരണങ്ങള്‍ മുതിര്‍ന്നവര്‍ ഒരിക്കലും ഉപയോഗിക്കരുത്. 

സ്‌കൂളുകളില്‍ മനഃശാത്രജ്ഞന്റെ സേവനം ലഭ്യമാക്കുകയും അത്യാവശ്യമാണ്. നിങ്ങളുടെ കുട്ടി ബുദ്ധിപരമായി ഭിന്നതയുള്ള ആളാണെങ്കില്‍ മുമ്പ് പറഞ്ഞ കരുതലുകള്‍ ഇരട്ടിയാക്കണം.
ബാല്യത്തിലോ കൗമാരത്തിലോ വഴിവിട്ട ലൈംഗിക ബന്ധങ്ങളില്‍ വീണുപോയ കുട്ടികളില്‍, ആണ്‍-പെണ്‍ ഭേദമെന്യേ പില്‍ക്കാലത്തു ഗൗരവമുള്ള മാനസിക പ്രശനങ്ങള്‍ ഉദയം ചെയ്യുന്നു. 

അപകര്‍ഷതാബോധം, ആത്മനിന്ദ, കുറ്റബോധം, സംശയശീലം, ദാമ്പത്യ ലൈംഗിക പ്രശ്നങ്ങള്‍ എന്നിങ്ങനെ പലതും. വിഷാദരോഗവും ആത്മഹത്യാ പ്രവണതയുമാണ് ഏറ്റവും ഗുരുതരം. ഇത്തരക്കാരെ കൈകാര്യം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കാനുണ്ട്. കുറ്റപ്പെടുത്തുകയോ പോലീസ് മുറയില്‍ ചോദ്യം ചെയ്യുകയോ അരുത്. സഹതാപം ചൊരിയാനോ ഉപദേശങ്ങള്‍ നല്‍കാനോ ഉള്ള സമയമല്ല അത്. 

അടിയന്തര വൈദ്യസഹായവും ആത്മഹത്യ തടയാനുള്ള മുന്‍കരുതലുകള്‍ക്കുമാണ് പ്രസക്തി. അവരെ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും, പറയുന്ന കാര്യങ്ങള്‍ വികാരക്ഷോഭം കൂടാതെ ക്ഷമയോടെ കേട്ടിരിക്കുകയും വേണം. അടിയന്തരഘട്ടം കഴിഞ്ഞാല്‍, മനഃശാസ്ത്ര ചികിത്സ ആരംഭിക്കാം. കൊഗ്നിറ്റീവ് തെറാപ്പി ഏറെ ഫലപ്രദമാണ്. ചിലപ്പോള്‍ ഔഷധങ്ങളും വേണ്ടി വന്നേക്കാം. എല്ലാത്തിനും രഹസ്യസ്വഭാവം ഉണ്ടെന്നു ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തുകയും വേണം.

ഒരു കഥയെപ്പറ്റിക്കൂടി കൂടി പറഞ്ഞു അവസാനിപ്പിക്കാം. പുലി വരുന്നേ.. എന്ന കഥ എല്ലാവരും കേട്ടിട്ടുള്ളതാണ്. ആവര്‍ത്തിച്ചു കള്ളം പറഞ്ഞാല്‍ ആപത്തു വരുമ്പോള്‍ രക്ഷിക്കാന്‍ ആളുണ്ടാവില്ല എന്നാണല്ലോ ഗുണപാഠം. എന്നാല്‍, വരാന്‍ സാധ്യതയുള്ളത് സാക്ഷാല്‍ പുലിയാണെങ്കില്‍ മൂന്നല്ല, മുപ്പതു തവണ ഒരാള്‍ കള്ളം പറഞ്ഞാലും അടുത്ത തവണയും നിലവിളി കേട്ടാല്‍ ഓടിയെത്തുന്നവനാണ് രക്ഷകന്‍. അല്ലാതെ സ്വന്തം ഈഗോ മുറുകെപ്പിടിച്ചു ചടഞ്ഞിരിക്കുന്നനല്ല. ഇവിടെ പുലികള്‍ പതുങ്ങിയിരിക്കുന്നു, സംരക്ഷണത്തിനായി ജാഗരൂകരായി കാത്തിരുന്നേ മതിയാവൂ.

(സീനിയര്‍ കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖകന്‍)