ദളിത് വിഭാഗങ്ങളും ഭരണഘടനയും പിച്ചിചീന്തപെടുന്ന ഇക്കാലത്തു മൗവിലേക്ക് വരൂ. അടിസ്ഥാന വര്‍ഗത്തിന്റെ മിശിഹ ഡോ. ബാബ സാഹിബ് അംബേദ്കറുടെ ജന്മഭൂമിയിലേക്ക്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് പതിനെട്ട് കിലോമീറ്റര്‍ അകലെയാണ് മൗ അഥവാ ഡോ. അംബേദ്കര്‍ നഗര്‍.
1891ഏപ്രില്‍ പതിനാലിനായിരുന്നു മൗവില്‍ യുഗപുരുഷന്റെ ജനനം. റാംജി മലോജി സാക് പാലിന്റെയും ഭീമാഭായി സക്പാലിന്റെയും പതിനാലാമത്തെ സന്തതി. മധ്യപ്രദേശിനപ്പുറം മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തും കര്‍മ മേഖല വ്യാപിപ്പിച്ച മഹാന്‍. ജാതീയ അടിച്ചമര്‍ത്തല്‍ മറികടന്ന് ഉന്നതങ്ങളില്‍ എത്തിയ ധീരയോദ്ധാവ്. അദ്ദേഹത്തിന്റെ സ്മാരക സൗധമാണ് മൗവില്‍.
അംബേദ്കറുടെ ജന്മശതാബ്ദി വര്‍ഷമായ 1991ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സ്മാരക നിര്‍മണത്തിന് ശിലയിട്ടു. 2008ല്‍ നിര്‍മാണം പൂര്‍ത്തിയായി. നാലര ഏക്കറിലായി രണ്ടു നിലകളില്‍ മാര്‍ബിളില്‍ മഹാസ്മാരകം. ബുദ്ധവിഹാര മാതൃകയില്‍ ആണ് നിര്‍മാണം. അശോകസ്തംഭവും ബുദ്ധമത അടയാളങ്ങളും കാണാം. അംബേദ്കറുടെ ജീവിതത്തോട് ബന്ധപ്പെട്ട പഞ്ചതീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്.
ഭരണഘടന കയ്യിലേന്തി രാജ്യത്തിന് ദിശാബോധം പകരുകയാണ് സ്മാരകത്തിനു മുന്നില്‍ അംബേദ്കര്‍. ഭീം സ്മാരക ചുവരില്‍ ജീവിതചിത്രങ്ങള്‍. ഭരണഘടന രചയിതാവ്, മൂല്യങ്ങളില്‍ അടിയുറച്ച രാഷ്ട്രീയ നേതാവ് , നവോത്ഥാന നായകന്‍, ബുദ്ധമത പ്രചാരകന്‍, ലോകം കണ്ട നിയമജ്ഞന്‍, പല രൂപത്തില്‍ അംബേദ്കര്‍.
ഇവിടെ കാണാം, ഹിന്ദുകോഡ് ബില്‍ ചര്‍ച്ച. പിന്നെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ മാഗ്‌നകാര്‍ട്ടയായ പൂനെ പാക്റ്റും. അസമത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പൗരോഹിത്യ മതത്തെ ഉപേക്ഷിക്കുക ആയിരുന്നു അംബേദ്കര്‍. ധര്‍മ ദീക്ഷയിലൂടെ പുനര്‍ജനി. സ്മാരകത്തിലെ ഓരോ ശില്‍പ ആഖ്യാനങ്ങളും സന്ദര്‍ശകര്‍ക്ക് ഊര്‍ജ്ജം പകരുന്നു. ഭാര്യ രമാ ഭായിയ്‌ക്കൊപ്പം, മഹാര്‍ റെജിമെന്റില്‍, സമതാ സൈനിക ദളില്‍ ഒരാളായി, 1947ലെ ആദ്യ മന്ത്രിസഭയിലെ അംഗമായി. സ്മൃതി പഥങ്ങളില്‍ നിറയുന്നുണ്ട് അംബേദ്കര്‍. ഓര്‍മകളെ ചിതലെടുക്കാതെ പോരാട്ടത്തിന് ഉണര്‍വേകാന്‍ നിധി പോലെ സൂക്ഷിക്കുകയാണ് ഇവിടെ അംബേദ്കറുടെ ചിതാഭസ്മം. ഭീം ജയന്തി ദിനത്തില്‍ ബുദ്ധമത വിശ്വാസികളടക്കം നൂറു കണക്കിന് അംബേദ്കര്‍ അനുകൂലികള്‍ എവിടെയെത്തും. അംബേദ്കറുടെ അനിവാര്യത കാലം വിളിച്ചോതുന്നുണ്ട്. അതിനാല്‍ മൗവില്‍ നിര്‍ഭയം അംബേദ്കര്‍.
Content Highlights: dr ambedkar jayanthi, ambedkar's birthplace mhow ambedkar nagar madhya pradesh