കോവിഡ് പിടിമുറുക്കിയ അനുഭവം പങ്കുവെച്ച് മാതൃഭൂമി ഡല്‍ഹി ലേഖകന്‍ പി.കെ.മണികണ്ഠന്‍
ഡല്‍ഹിയില്‍ നിന്നു നാട്ടിലെത്തി 14 ദിവസത്തെ ക്വാറന്റീൻ കാലം കഴിഞ്ഞെങ്കിലും പുറത്തിറങ്ങണമെങ്കില്‍ കോവിഡ് പരിശോധനയുടെ റിപ്പോര്‍ട്ടു വരണമായിരുന്നു. ഫലം അഞ്ചു ദിവസം കഴിഞ്ഞിട്ടും വരാതായപ്പോള്‍ സുഹൃത്തുക്കളില്‍ പലരും പറഞ്ഞു. 'ഇത്രയും വൈകണമെങ്കില്‍ അതു നെഗറ്റീവായിരിക്കും. പോസിറ്റീവായിരുന്നെങ്കില്‍ ഇപ്പഴേ ഫലമറിയിച്ച് അവര്‍ ആശുപത്രിയിലെത്തിച്ചേനെ..'
അടുത്ത ദിവസം, ജൂലായ് ഒന്നിനു രാവിലെ എഴുന്നേല്‍ക്കാന്‍ വയ്യാത്ത തരത്തില്‍ കടുത്ത ക്ഷീണം. ഭയക്കാനൊന്നുമില്ലെന്നു സ്വയം വിശ്വസിച്ചെങ്കിലും ഉച്ച വരെയും റിപ്പോര്‍ട്ടു വന്നില്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും വിവരം ലഭിച്ചിട്ടില്ല. പതിവു പോലെ മറ്റു കാര്യങ്ങളിലേയ്ക്കു കടന്നു. വൈകീട്ട് നാലു മണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഡോക്ടറുടെ വിളി. 'റിസൾട്ട് പോസിറ്റീവാണ്, പേടിക്കണ്ട.' പനിയോ ചുമയോ ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നു പറഞ്ഞു. വൈകുന്നേരമായ സ്ഥിതിക്ക് ഇനി നാളെ രാവിലെ ആശുപത്രിയില്‍ പോയാല്‍ പോരേ എന്നു ഞാന്‍ ചോദിച്ചു. 'ഇല്ല, ഉടന്‍ ആംബുലന്‍സ് വരും, തയ്യാറായി ഇരുന്നോളൂ.'- കോവിഡ് പോസിറ്റീവായവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു പരിചരിക്കുന്ന കേരളത്തിന്റെ കരുതല്‍ ആ വാക്കുകളിലുണ്ടായിരുന്നു.
പിന്നീട്, പോലീസില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ നിന്നും പല തരത്തിലുള്ള അന്വേഷണങ്ങള്‍ തുടരെ തുടരെ വന്നു. എവിടെ നിന്നു വന്നു? എങ്ങനെ? എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തിയത് ഏതു മാര്‍ഗം? വീട്ടില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ? വീട്ടില്‍ നിന്നു പുറത്തിറങ്ങിയോ? തുടങ്ങി ഞാന്‍ വഴി രോഗവ്യാപനം നടന്നിട്ടുണ്ടോ എന്നറിയാനുള്ള ഫോണ്‍ വിളികള്‍. ഭക്ഷണം കഴിക്കാനുള്ള പാത്രം, ഗ്ലാസ്, അലക്കാനും കുളിക്കാനുമുള്ള സോപ്പ്, രണ്ടു ബെഡ് ഷീറ്റ്, അത്യാവശ്യത്തിനു വസ്ത്രങ്ങള്‍, ബ്രഷും പേസ്റ്റും തുടങ്ങിയവയൊക്കെ കൈയില്‍ കരുതാനുള്ള അറിയിപ്പും ഔദ്യോഗികമായി വന്നു. ദേശാന്തരങ്ങളില്ലാതെ ലോകം മുഴുവന്‍ മരണവും ദുരിതവും വിതച്ച ഈ മഹാമാരി എത്ര ദിവസം എന്നെ ആശുപത്രിയില്‍ കിടത്തുമെന്ന് ഒരു പിടിയുമില്ലാത്തതിനാല്‍ ദീര്‍ഘയാത്രയ്ക്കായി ഒരുങ്ങി. വീട്ടില്‍ തൊട്ടതും ഉപയോഗിച്ചതുമായ സാധനസാമഗ്രികളെല്ലാം തിടുക്കപ്പെട്ട്, അതിജാഗ്രതയോടെ അടുക്കിവെച്ചു. കോവിഡ് പോസിറ്റീവായ ഞാന്‍ പെരുമാറിയവയില്‍ വീട്ടിലുള്ളവര്‍ അശ്രദ്ധമായൊന്നു തൊട്ടാല്‍ അവര്‍ക്കു രോഗം വരുമല്ലോ എന്ന പേടി. രോഗത്തെക്കുറിച്ച് വീട്ടുകാരോടും അത്യാവശ്യം കൂട്ടുകാരോടും ഓഫീസിലും മാത്രം വിളിച്ചറിയിച്ചു.ആറു മണിയോടെ ആംബുലന്‍സെത്തി. വീടു പൂട്ടുന്നതിനു മുമ്പ്, ചുവരില്‍ തൂക്കിയിട്ട പ്രിയപ്പെട്ടവരുടെ ചിത്രങ്ങളിലൊക്കെ മാറിമാറി നോക്കി. ഇനി കാണാനാവുമോയെന്ന ചിന്തയില്‍ ഉയര്‍ന്ന നെടുവീര്‍പ്പുകള്‍. മാസ്‌കും കൈയുറയുമൊക്കെ ധരിച്ച് ആംബുലന്‍സില്‍ കയറുമ്പോള്‍ ആളെ തിരിച്ചറിയാന്‍ കഴിയാത്ത മട്ടില്‍ ബഹിരാകാശയാത്രികരെപ്പോലെ തോന്നിച്ച ഡ്രൈവറും സഹായിയും. വാതില്‍ പിടിയില്‍ തൊടാതെ ഞാന്‍ ആംബുലന്‍സില്‍ കയറി. അവര്‍ പുറത്തു നിന്നടച്ചു. സൈറണ്‍ മുഴക്കി വാഹനം കുതിച്ചു നീങ്ങുമ്പോള്‍ അമ്പരപ്പോടെ നോക്കി നില്‍ക്കുന്ന നാട്ടുകാര്‍ ജാലകക്കാഴ്ചകളായി മറഞ്ഞു.
ആംബുലന്‍സിനുള്ളിലെ ഏകാന്തതയ്ക്കിടെ അതില്‍ കിടത്തി വെച്ചിട്ടുള്ള സ്ട്രച്ചര്‍ കണ്ണിലുടക്കി. മൃതദേഹങ്ങള്‍ കിടത്താന്‍ പാകത്തിലുള്ള അതു കണ്ടപ്പോള്‍ തിരിച്ചുള്ള യാത്ര ഇനി അതിലാവുമോ എന്നൊരു തോന്നല്‍. പക്ഷെ, ഭയത്തിനു പിടി കൊടുക്കാതെ, ഒരു രോഗലക്ഷണവുമില്ലാത്ത ഞാന്‍ കോവിഡിനെ പൊരുതി ജയിക്കുമെന്നു മനസിലുറപ്പിച്ചു. അല്പനേരത്തിനകം മറ്റൊരു രോഗിയെയും കൂട്ടി ആംബുലന്‍സ് ആശുപത്രിയിലേക്കു പാഞ്ഞു. രോഗം വന്നാല്‍, ആശുപത്രിയിലേയ്ക്കു പോകാനും അതിനു തയ്യാറെടുക്കാനുമൊക്കെ നാം തനിച്ചായിരിക്കും. അനുഗമിക്കാന്‍ ആരുമില്ലാതെ, ഒന്നു യാത്ര പറയാന്‍ പോലും തൊട്ടടുത്ത് ആളില്ലാതെ, ആശങ്കകളും ദുഃഖവുമൊക്കെ മനസിലൊതുക്കി ഒറ്റയ്ക്കുള്ള ഒരു പുറപ്പെടല്‍.- അതാണ് കോവിഡ് ബാധിച്ച ഒരാളുടെ നിസഹായത.
മരുന്നില്ലെങ്കില്‍ പിന്നെ എന്താണ് ചികിത്സ?
ഒന്നേക്കാല്‍ മണിക്കൂറിനുള്ളില്‍ ശ്രീകൃഷ്ണപുരത്തിനടുത്തുള്ള മാങ്ങോട് മെഡിക്കല്‍ കോളേജിലെത്തി. പുറത്തിറങ്ങിയ ആംബുലന്‍സ് ജീവനക്കാര്‍ വഴി കാട്ടി. ആശുപത്രിയുടെ പരിസരത്തൊന്നും ഒരാളുമില്ല. ശ്മശാന സമാനമായ മൂകത ദുരന്തമുഖത്തെന്ന പോലെ പേടിപ്പിക്കും. റിസപ്ഷനില്‍ അരമണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനു ശേഷം ഏറെ അകലെ നിന്ന് രണ്ടു ജീവനക്കാര്‍ പേരു വിവരങ്ങള്‍ കുറിച്ചെടുത്തു. പിന്നീട്, ആറാം നിലയിലെ കോവിഡ് വാര്‍ഡിലേയ്ക്ക് ഒരു നഴ്സ് കൂട്ടിക്കൊണ്ടുപോയി. അവരും ബഹിരാകാശ യാത്രക്കാരിയെപ്പോലെ.. ലിഫ്റ്റില്‍ നിന്നു പുറത്തിറങ്ങിയാല്‍ വാര്‍ഡിലേയ്ക്കുള്ള വഴി ചൂണ്ടിക്കാണിച്ചു തന്നു. അവര്‍ ഒപ്പം വരില്ല. വരാന്തയിലൂടെ നടന്ന് വാര്‍ഡിലെത്തി. അവിടെയുണ്ട് 14 പേര്‍. ഒരാളൊഴികെ ബാക്കിയെല്ലാം എന്നേപ്പോലെ 40 വയസില്‍ താഴെയുള്ളവര്‍. അകലത്തില്‍ നിരത്തിയിട്ട കിടക്കകളിലൊന്ന് നാം തന്നെ തിരഞ്ഞെടുക്കണം. മറ്റു രോഗങ്ങളെപ്പോലെ ആരും കിടക്കയില്‍ കിടത്താനുണ്ടാവില്ല. അത്യാഹിതഘട്ടത്തിലേ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് രോഗിയുമായി അടുത്ത് ഇടപഴകൂ. സമ്പര്‍ക്കത്തിലൂടെ രോഗം വരാതിരിക്കാനാണ് ഈ ജാഗ്രത. വാര്‍ഡില്‍ ഒരു സൈഡിലുള്ള കിടക്കയില്‍ സ്ഥാനമുറപ്പിച്ചു. വിരിയെല്ലാം വിരിച്ചു ഭദ്രമാക്കി. സാധനങ്ങള്‍ അടുക്കിവെച്ചു. മറ്റു രോഗികളില്‍ ചിലര്‍ വന്നു പരിചയപ്പെട്ടു, ചിലര്‍ സഹതാപം കാട്ടി ചിരിച്ചു. ഒരാള്‍ വന്ന് ആശ്വസിപ്പിച്ചു. പേടിക്കേണ്ട, ഇവിടെയുള്ള ഒരാള്‍ക്കും ഒരു തുമ്മലു പോലുമില്ല. നെഗറ്റീവാവുന്നതു വരെ കിടക്കേണ്ടി വരുമെന്നു മാത്രം. രോഗവിവരമറിഞ്ഞവര്‍ അന്വേഷിച്ചു മൊബൈലില്‍ വിളിക്കാന്‍ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ വാര്‍ഡിലെ കാരണവര്‍ വന്നു ശകാരിക്കുന്ന ഭാഷയില്‍ പറഞ്ഞു. 'നിങ്ങള്‍ വന്നിട്ട് ഒരു മണിക്കൂറായില്ലേ? ആ ആംബുലന്‍സില്‍ വന്നതിന്റെ രോഗാണുക്കളൊക്കെ ശരീരത്തിലുണ്ടാവും. വേഗം കുളിച്ചു വൃത്തിയാവൂ. ഉടുത്ത വസ്ത്രമൊക്കെ അലക്കി ഉണക്കാനിടൂ. ഫോണ്‍ വിളിയൊക്കെ അതു കഴിഞ്ഞിട്ടാവാം.' ഞാന്‍ അതനുസരിച്ചു. അപ്പോള്‍ അയാള്‍ വന്നു പറഞ്ഞു- 'ഇപ്പോ ഇങ്ങക്കൊരു റാഹത്തായില്ലേ? വ്യക്തിശുചിത്വവും ശ്രദ്ധയുമാണ് കൊറോണയെ നേരിടാനുള്ള വഴി.'- ദുബായില്‍ നിന്നെത്തിയ ആ നാല്‍പത്തിയെട്ടുകാരന്‍ ആശ്വാസത്തിന്റെ ഊര്‍ജമായി. ഈ രോഗത്തിനു മരുന്നും ചികിത്സയിലുമില്ലെങ്കില്‍ പിന്നെ, എന്താണ് ആശുപത്രിയിലെ ചികിത്സ?- കോവിഡ് ബാധിച്ചതറിഞ്ഞു വിളിച്ചവര്‍ക്കെല്ലാം അറിയാനുള്ളത് ഇക്കാര്യമായിരുന്നു- എല്ലാ ജില്ലകളിലും രണ്ടു തരം ആശുപത്രികളുണ്ടാവും. ഒന്ന്, ഗുരുതര രോഗലക്ഷണങ്ങളുള്ളവരെ ഓക്സിജന്‍ സപ്പോര്‍ട്ടും വെന്റിലേറ്റര്‍ സൗകര്യവുമൊരുക്കി ചികിത്സിക്കുന്ന ആശുപത്രി. രണ്ടാമത്തേത്, അധികം ലക്ഷണമില്ലാത്തവരെ നെഗറ്റീവാകുന്നതു വരെ കിടത്തി ശുശ്രൂഷിക്കുന്ന ആശുപത്രി. ഇപ്പോഴാവട്ടെ, മൂന്നാംഘട്ടമെന്ന നിലയില്‍ പഞ്ചായത്തു തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. ഇതില്‍ രണ്ടാമത്തേതിലായിരുന്നു ഞാന്‍.
കൃത്യസമയത്ത് ഭക്ഷണം, വിശ്രമം, ഉറക്കം.. ഇതാണ് ആശുപത്രിയിലെ ചികിത്സ. കൂടാതെ, വൈറ്റമിന്‍ ഗുളികകളും ഗ്യാസിനുള്ള ഗുളികയുമൊക്കെ തരും. ദിവസവും രാവിലെ ഡോക്ടര്‍ ഫോണില്‍ വിളിച്ചു വിവരമന്വേഷിക്കും. കുറച്ചു സമയത്തിനു ശേഷം ഒരു ഡോക്ടറും നഴ്സും വാര്‍ഡിനു മുന്നില്‍ വരും. ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നു ചോദിക്കും. ഉണ്ടെങ്കില്‍ അതിനുള്ള മരുന്നു തരും. രോഗികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നം അനുഭവപ്പെട്ടാല്‍ ഉടന്‍ ജില്ലാ ആസ്ഥാനത്തെ കോവിഡ് ആശുപത്രിയിലേയ്ക്കു കൊണ്ടു പോവും. അതാണ് രീതി. ഒരു നിലയില്‍ മൂന്നോ നാലോ വാര്‍ഡുകള്‍. ഓരോ വാര്‍ഡിനു സമീപവും ആറോ എട്ടോ ടോയ്‌ലറ്റുകള്‍. ആളൊന്നിന് ഉപയോഗിക്കാനുള്ള ടോയ്ലറ്റ് എല്ലായിടത്തുമില്ല. വൃത്തിയായി സൂക്ഷിക്കേണ്ടത് രോഗികളുടെ ഉത്തരവാദിത്വം. ആരോഗ്യപ്രവര്‍ത്തകര്‍ അര്‍ധരാത്രിയെത്തി വരാന്തയും ടോയ്ലറ്റും ശുചീകരിക്കും. ആവശ്യമെങ്കില്‍ ബ്ളീച്ചിങ് പൗഡറോ മറ്റോ നമുക്കു തരും. വൃത്തിയാക്കാന്‍ ആരും വാര്‍ഡില്‍ പ്രവേശിക്കില്ല. അതു പ്രായോഗികവുമല്ല. അതിനാല്‍, വാര്‍ഡ് വൃത്തികേടാവാതെ സൂക്ഷിക്കേണ്ടതിലും രോഗികള്‍ ശ്രദ്ധിക്കണം. രോഗികള്‍ക്ക് ആവശ്യത്തിനുള്ള മാസ്‌കും സാനിറ്റൈസറുമൊക്കെ വാര്‍ഡില്‍ വിതരണം ചെയ്യും. രാവിലെ ഒമ്പതു മണിക്കുള്ളില്‍ പ്രഭാതഭക്ഷണം റെഡി. ചായ ഒരു കെറ്റിലിലാക്കി ഒരിടത്തു വെച്ചു തരും. രോഗികള്‍ വരിവരിയായി നിന്ന് ഗ്ലാസില്‍ ചായ എടുക്കണം. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയിലും രാത്രി ഒമ്പതു മണിക്കുള്ളിലും ഭക്ഷണമെത്തും. ആഹാരം മൂന്നു നേരം പൊതികളായി വാര്‍ഡിനു മുന്നിലെ മേശയില്‍ രോഗികളുടെ എണ്ണമനുസരിച്ചു കൊണ്ടു വെയ്ക്കും. വൈകിട്ടു ചായയും ബിസ്‌ക്കറ്റും. അത്താഴത്തിനു മുമ്പായി കഴിക്കാന്‍ ഫ്രൂട്ട്സും വൈകീട്ട് പൊതികളായി എത്തിക്കും. അനാര്‍, നെല്ലിക്ക, പേരയ്ക്ക തുടങ്ങിയവയൊക്കെ വിറ്റാമിന്‍ അംശം കിട്ടാന്‍ രോഗികള്‍ക്കു നല്‍കുന്നു. ഇങ്ങനെ, ആരോഗ്യപ്രദമായ ഭക്ഷണശീലവും ചിട്ടയുമാണ് മുഖ്യകോവിഡ് ശുശ്രൂഷ. രോഗികള്‍ക്ക് ഇടയ്ക്കിടെ കുടിക്കാനായി വരാന്തയില്‍ ഒരിടത്തായി ചൂടുവെള്ളം വരുന്ന വാട്ടര്‍ ഹീറ്ററും സ്ഥാപിച്ചിട്ടുണ്ടാവും.എല്ലാ വിവരങ്ങളും അതാതു സമയത്ത് മൈക്കില്‍ അനൗണ്‍സ് ചെയ്തു രോഗികളെ അറിയിക്കും. വാര്‍ഡിലും വരാന്തയിലും യഥേഷ്ടം രോഗികള്‍ക്കു നടക്കാമെങ്കിലും പുറത്തിറങ്ങാന്‍ അനുവാദമില്ല. ഭക്ഷണവും മറ്റും നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ വരുമ്പോഴല്ലാതെ പുറത്തേയ്ക്കുള്ള വാതില്‍ തുറക്കുകയുമില്ല. ഒരര്‍ഥത്തില്‍ തുറന്ന ജയില്‍ !
പല സാഹചര്യങ്ങളില്‍ നിന്നു വന്ന അപരിചിതരായ മനുഷ്യര്‍. ഒന്നു തൊട്ടാല്‍ മറ്റുള്ളവരിലേക്കു പടരുന്ന വൈറസിനെ ശരീരത്തില്‍ വഹിച്ച് ആശങ്കയോടെ കഴിയുന്നവര്‍. കിടക്കുകയും ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയുമല്ലാതെ മറ്റൊന്നും ചെയ്യാനില്ല. 'ഇങ്ങനെയാണെങ്കില്‍ ഈ ഇരുത്തം വീട്ടിലിരുന്നാ പോരേ?'- വെറുതെയിരുന്നു മടുത്ത ഒരു ചെറുപ്പക്കാരന്‍ എന്റെയടുത്തു രോഷം പങ്കുവെച്ചു. നമ്മുടെയുള്ളില്‍ ആളുകളെ കൊല്ലാന്‍ ശേഷിയുള്ള വൈറസേല്ലേ? ഇത് ഏതു രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. വെറുതെ ഇരിക്കുകയാണെങ്കിലും ആശുപത്രിയില്‍ ഒരു സുരക്ഷിതബോധമുണ്ടല്ലോ. പെട്ടെന്നെന്തെങ്കിലും സംഭവിച്ചാ തന്നെ നമ്മളെ വിദഗ്ധ ചികിത്സയ്ക്കു മറ്റൊരു ആശുപത്രിയിലെത്തിക്കും.ഈയൊരു ആത്മവിശ്വാസമാണ് കേരളത്തിലെ രക്ഷ. - കോവിഡുണ്ടെങ്കില്‍ എകാന്തവാസത്തില്‍ വീട്ടിലിരുന്നാല്‍ മതിയെന്നു നിര്‍ദേശിക്കുന്ന, അത്യാവശ്യഘട്ടങ്ങളില്‍ ചികിത്സ കിട്ടാന്‍ ആരെ വിളിക്കണമെന്നു നിശ്ചയമില്ലാത്ത, ചികിത്സ കിട്ടിയാല്‍ തന്നെ ജീവന്‍ കിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത, ദിനംപ്രതി അമ്പതിലേറെ പേര്‍ കോവിഡ് ബാധിച്ചു മരിക്കുന്ന (ഇപ്പോള്‍ കുറത്തിട്ടുണ്ടെങ്കിലും) ഡല്‍ഹിയിലെ അവസ്ഥ റിപ്പോര്‍ട്ടു ചെയ്ത അനുഭവമുള്ള എനിക്ക് കേരളത്തിലെത്തിയതിന്റെ ആശ്വാസം മാത്രം മതിയായിരുന്നു അയാളോടു തര്‍ക്കിച്ചു ജയിക്കാന്‍.
ജാലകത്തിനിരുപുറം കാഴ്ച പിരിഞ്ഞവര്‍
തക്ക സമയത്തുള്ള ഭക്ഷണവും വിശ്രമവും ഉറക്കവുമാണ് കോവിഡ് മുക്തമാവാന്‍ അവശ്യം വേണ്ടതെന്നിരിക്കേ എല്ലാവരും ചിട്ടയായ ജീവിതം പരിശീലിക്കാന്‍ തുടങ്ങി. നേരം പോവാന്‍ എല്ലാവരുടെയും കൈയില്‍ സ്മാര്‍ട്ട് ഫോണുകള്‍. ഇടയ്ക്കിടെ സുഹൃത്തുക്കളേയും വീട്ടുകാരേയും വിളിച്ചുള്ള സംസാരങ്ങള്‍. അസുഖവിവരമറിഞ്ഞു വിളിച്ചന്വേഷിക്കുന്നവര്‍. വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെയായി നേരം കൊല്ലുന്നവര്‍. ഇടവേളകളില്‍ പരസ്പരം സൊറ പറഞ്ഞിരിക്കും. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ആര്‍ക്കും പരാതിയൊന്നുമില്ല. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പല്ലേ, അതും പാര്‍ട്ടിക്കാരുടെ മനസിലുണ്ടാവുമെന്ന് ചിലര്‍ അര്‍ഥം വെച്ചു പറഞ്ഞെങ്കിലും അവര്‍ക്കും കുറ്റമൊന്നും പറയാനില്ല. വാസം ആറാം നിലയിലായതിനാല്‍ ജനാലകള്‍ വഴിയുള്ള പുറംകാഴ്ചകള്‍ അതിമനോഹരമായി കാണാമായിരുന്നു. ജട പിടിച്ച പോലെ കണ്‍കാഴ്ചയില്‍ തിങ്ങി കാടിന്റെ പച്ചപ്പ്, മഴമേഘങ്ങള്‍ക്കു മുന്നില്‍ കറുത്തും അല്ലാത്ത നേരങ്ങള്‍ സൂര്യശോഭയില്‍ വിളങ്ങിയും പല ഭാവങ്ങളില്‍ നില്‍ക്കുന്ന മലനിരകള്‍. ഇടയ്ക്കിടെ കോരിച്ചൊരിയുന്ന മഴ ജാലകങ്ങള്‍ക്കുള്ളിലൂടെ മനസിലും ശരീരത്തിലും കുളിരുമായി വന്നു. ഇങ്ങനെ, പ്രകൃതിഭംഗിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് മാങ്ങോട്ടെ കോവിഡ് ആശുപത്രി. പലരും പരിതപിച്ച പോലെ, ഏകാന്തവാസത്തിന്റെ വേദന ഞാന്‍ ഒറ്റവരിയില്‍ കുറിച്ചിട്ടു-'ജാലകത്തിനിരുപുറം കാഴ്ച പിരിഞ്ഞ നമ്മള്‍.' പ്രിയപ്പെട്ടവരില്‍ നിന്നും പുറംലോകത്തു നിന്നും കോവിഡിന്റെ തടവറയിലകപ്പെട്ട മനുഷ്യര്‍ക്കുള്ള വിശേഷണം.
കളിചിരികളുമായി ഉത്സാഹത്തോടെയാണ് വാര്‍ഡിലെ ദിവസങ്ങള്‍ മുന്നോട്ടു പോയതെങ്കിലും സ്വകാര്യസംഭാഷണങ്ങളില്‍ ചിലര്‍ സങ്കടങ്ങളുടെ കെട്ടഴിച്ചു. രോഗിയായതിലല്ല, വീട്ടുകാരേയും കൂട്ടുകാരേയും കുറിച്ചു വേവലാതിപ്പെടുന്നവരാണേറെയും. വാര്‍ഡില്‍ സ്ഥിരം വിഷാദഭാവത്തില്‍ നടന്ന പാലക്കാട് മണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരന്‍ സിനിമകളിലെ വേണു നാഗവള്ളിയെപ്പോലെ തോന്നിച്ചു. ഗള്‍ഫില്‍ നിന്നെത്തി സ്വന്തം വീട്ടില്‍ 14 ദിവസത്തെ ക്വറന്റീനിൽ കഴിഞ്ഞതായിരുന്നു. അച്ഛനും അമ്മയുമൊക്കെ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടില്‍ മാറിത്താമസിച്ചു. ക്വറന്റീന്‍ കഴിഞ്ഞ സന്തോഷത്തില്‍ സഹോദരന്റെ വീട്ടിലെത്തി അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. പിന്നീടാണ് പോസിറ്റീവ് റിസള്‍ട്ടു വന്നത്. അതോടെ ആവലാതിയായി. വയസ്സായ രക്ഷിതാക്കളേയും സഹോദരനേയും അവരുടെ വീട്ടുകാരേയും കുറിച്ചുള്ള ആശങ്ക. 'ഓര്‍ക്കുമ്പോള്‍ നെഞ്ചില്‍ ഒരാളലാണ്.'- ഉള്ളിലെ സങ്കടം അയാള്‍ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിച്ചു. നെഗറ്റീവായി ഇനിയെന്നു വീട്ടില്‍ പോവാന്‍ കഴിയുമെന്ന് അയാള്‍ ആത്മഗതം പൂണ്ടപ്പോള്‍ ഞാന്‍ ഇഞ്ചിയിട്ടു വെള്ളം തിളപ്പിച്ച് അതില്‍ മഞ്ഞള്‍പ്പൊടിയിട്ടു കുടിക്കാനുള്ള നാടന്‍വിദ്യ പറഞ്ഞു കൊടുത്തു. അയാളടക്കമുള്ള ചിലര്‍ അത് ആവേശത്തോടെ കുടിക്കുന്നതും കണ്ടു.
ചെന്നൈയില്‍ വിദ്യാര്‍ഥിയായ ചെറുപ്പക്കാരന്‍ കൊറോണ വന്നതിനെക്കുറിച്ചു രക്ഷിതാക്കളോടു തര്‍ക്കിക്കുന്നതു കേട്ടു. ചെന്നൈയില്‍ നിന്നെത്തുമ്പോള്‍ പാലക്കാട് നഗരത്തില്‍ നിന്നു കൂട്ടിക്കൊണ്ടു വരാന്‍ തങ്ങള്‍ വന്നിരുന്നെങ്കില്‍ എന്തു സംഭവിച്ചേനെയെന്ന ആവലാതി പങ്കുവെയ്ക്കുകയാണ് അച്ഛന്‍. അതിനു നിങ്ങള്‍ക്കൊന്നും സംഭവിച്ചില്ലല്ലോ എന്നു തര്‍ക്കിക്കുന്ന മകന്‍. കോയമ്പത്തൂരില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന മധ്യവയസ്‌കന്‍ മകനൊപ്പം കൊറോണ വാര്‍ഡില്‍ നെഗറ്റീവ് റിസല്‍ട്ടു കാത്തിരിക്കുന്നു. രോഗവിവരം തിരക്കിയപ്പോള്‍ നിങ്ങള്‍ക്കെന്നെ അറിയില്ലേ? ഒറ്റപ്പാലത്തിനടുത്ത് പത്തിരിപ്പാല എന്ന പ്രദേശം മുഴുവന്‍ അടച്ചിട്ടതിനു കാരണക്കാരന്‍ ഞാനാണ്.- ചിരിച്ചാണ് മറുപടിയെങ്കിലും അതില്‍ സങ്കടവും കലര്‍ന്നിരുന്നു. കോയമ്പത്തൂരില്‍ നിന്നെത്തി സര്‍ക്കാര്‍ ക്വറന്റീനിൽ 14 ദിവസം കഴിഞ്ഞു. വീട്ടില്‍ പൊയ്ക്കൊള്ളാന്‍ ഡോക്ടര്‍ പറഞ്ഞു. അതനുസരിച്ച് മണ്ണൂരിലെത്തിയ ഇയാള്‍ കൂട്ടുകാരെക്കണ്ടു സംസാരിക്കുകയും കടകളില്‍ പോവുകയുമൊക്കെ ചെയ്തു. പിറ്റേദിവസം റിസല്‍ട്ടു വന്നപ്പോള്‍ പോസിറ്റീവ്. അടുത്തിടപഴകിയ മകനും രോഗം വന്നു. ഇതറിഞ്ഞതോടെ, കൂട്ടുകാരും നാട്ടുകാരുമൊക്കെ ഫോണില്‍ വിളിച്ചു ചീത്ത വിളിക്കാന്‍ തുടങ്ങി. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നു വിശദീകരിച്ചെങ്കിലും അവരാരും അടങ്ങിയില്ല. ഒടുവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വെയ്ക്കേണ്ടി വന്നു. ബോധപൂര്‍വം തെറ്റൊന്നും ചെയ്യാതെ താന്‍ നാട്ടുകാരില്‍ നിന്നനുഭവിക്കേണ്ടി വന്ന വേദന വിവരിച്ച് അയാള്‍ നെടുവീര്‍പ്പിട്ടു. ചിറ്റൂരില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ അമ്മയുടെ സഹോദരന്‍ മരിച്ചതിനാല്‍ വീട്ടുകാരെക്കൂട്ടി മധുരയ്ക്കു പോയതായിരുന്നു. 'തിരിച്ചു വന്നപ്പോള്‍ കോവിഡ് പോസിറ്റീവ്. വൃദ്ധരായ അച്ഛനും അമ്മയും പാലക്കാട് മെഡിക്കല്‍ കോളേജില്‍. സഹോദരന്‍ കോവിഡ് ടെസ്റ്റിനു കാത്തിരിക്കുന്നു. ഭാഗ്യത്തിനു സഹോദരിയെ അന്നൊപ്പം കൂട്ടിയില്ല. ഭാര്യയേയും കുഞ്ഞിനേയും അവരുടെ വീട്ടിലാക്കിയതിനാല്‍ അവര്‍ക്കും ഒന്നും പറ്റിയില്ല-അയാള്‍ സ്വയം സമാധാനിച്ചു. എന്നെപ്പോലെ തന്നെ, എല്ലാവരും കേരളത്തിനു പുറത്തു നിന്നു വന്നു രോഗം സ്ഥിരീകരിച്ചതിനാല്‍ എവിടെ നിന്നു പിടിപെട്ടെന്ന് ആര്‍ക്കും പിടിയില്ല.
പോസിറ്റീവ് സിദ്ധാന്തം!
ഒരാഴ്ചയാവുമ്പോള്‍ വാര്‍ഡിലെ മിക്കവരും നെഗറ്റീവായി വീടുകളിലേയ്ക്കു മടങ്ങുന്നതായിരുന്നു ഓരോ ദിവസത്തേയും കാഴ്ച. രോഗമുക്തി നേടിയവര്‍ക്കുള്ള വ്യവസ്ഥ മാറ്റിയതും സൗകര്യമായി. രോഗം സ്ഥിരീകരിച്ചതിന്റെ ടെസ്റ്റെടുത്ത് പത്തു ദിവസം കഴിഞ്ഞാലാണ് അടുത്ത പരിശോധന. ഈ ആദ്യഫലം തന്നെ നെഗറ്റീവായാല്‍ ആശുപത്രി വിടാമെന്നാണ് പുതുക്കിയ വ്യവസ്ഥ. ബാക്കിയുള്ള ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിഞ്ഞാല്‍ മതി. പിന്നീട്, ഒരാഴ്ച കൂടി പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയണം. ഇതോടെ, രോഗമുക്തരായി വീട്ടിലെത്തുന്നവരുടെ എണ്ണവും കൂടി. വീട്ടിലേയ്ക്കു മടങ്ങുന്നവരെ ഞങ്ങളുടെ വാര്‍ഡിലുള്ളവര്‍ കൈയടിച്ചു യാത്രയയച്ചു. ഇനിയും കാണാം, പക്ഷെ ഇവിടെ വെച്ചല്ല എന്ന കരുതല്‍ വാക്യവും. ഓരോ ദിവസവും രാവിലെ പരിശോധനയ്ക്കു ഹാജരാവേണ്ടവരുടെ പേരുകള്‍ അനൗണ്‍സ് ചെയ്യും. അവര്‍ ഉടന്‍ റെഡിയായി നില്‍ക്കും. പരിശോധനാഫലം രണ്ടു ദിവസത്തിനുള്ളില്‍ വരുന്നതിനാല്‍ എല്ലാവര്‍ക്കും ആശ്വാസം. മണ്ണൂരിലെ ചെറുപ്പക്കാരനും വിദ്യാര്‍ഥിയുമൊക്കെ ഒരാഴ്ചയ്ക്കുള്ളില്‍ നെഗറ്റീവായി ആശ്വാസത്തോടെ മടങ്ങി. എട്ടാം ദിവസം പത്തിരിപ്പാലയിലെ മധ്യവയസ്‌കനും നെഗറ്റീവായി. മകന് പിന്നേയും രണ്ടു ദിവസം കാത്തിരിക്കേണ്ടി വന്നു. പക്ഷെ, പോസിറ്റീവായ മകനൊപ്പം കഴിയാന്‍ നെഗറ്റീവായ അച്ഛനെ അനുവദിക്കാത്തതിനാല്‍ അദ്ദേഹത്തിനു സങ്കടത്തോടെ ഒറ്റയ്ക്കു വീട്ടിലേയ്ക്കു മടങ്ങേണ്ടി വന്നു. ഒപ്പം വന്നവരെല്ലാം ആശുപത്രി വിട്ടപ്പോഴും ഇനിയും നെഗറ്റീവാകാന്‍ കാത്തിരിക്കുന്ന ചിറ്റൂരുകാരന്‍ വാര്‍ഡില്‍ പലപ്പോഴും മുഖം വാടിയിരിക്കുന്നതു കാണാമായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയും പരിശോധനയ്ക്കു പോയി തിരിച്ചു വന്നപ്പോള്‍ അയാളുടെ മുഖം സങ്കടത്താല്‍ വീര്‍പ്പുമുട്ടി. 'അവിടെ ഒന്നര വയസുള്ള കുട്ടിയുണ്ടായിരുന്നു. മൂക്കിലൂടെ സ്രവമെടുക്കുമ്പോഴുള്ള അതിന്റെ കരച്ചില്‍ സഹിക്കാനാവുന്നില്ല. ആര്‍ക്കും ഇങ്ങനെയൊരു അസുഖം വരാതിരിക്കട്ടെ.' - വിഷമത്തിന്റെ കാരണം വാക്കുകളില്‍ നിറഞ്ഞു.
ആശുപത്രിവാസത്തിനിടെ പനിയോ ചുമയോ ശ്വാസംമുട്ടലോ ഒന്നുമുണ്ടായില്ലെങ്കിലും രണ്ടു ദിവസം ശരീരവേദനയും തളര്‍ച്ചയും പിന്നെയുണ്ടായ വയറുവേദനയും തലവേദനയും പതിവായുള്ള കഫക്കെട്ടുമൊക്കെ കോവിഡ് എവിടെയെത്തിക്കുമെന്ന ആശങ്ക എനിക്കുമുണ്ടായിരുന്നു. അസുഖങ്ങള്‍ക്കൊക്കെ അതാതു സമയങ്ങളില്‍ മരുന്നും കിട്ടിക്കൊണ്ടിരുന്നു. എന്നാല്‍, വൈദ്യശാസ്ത്രത്തില്‍ ഇനിയും സമസ്യ പൂരിപ്പിക്കപ്പെടാത്ത, സ്വഭാവം ഇനിയും തിരിച്ചറിയപ്പെടാത്ത അജ്ഞാതവൈറസിനെക്കുറിച്ചുള്ള ആലോചനകള്‍ രാത്രികളില്‍ ഉറക്കം കെടുത്തി. അതു ദു:സ്വപ്നങ്ങളുടെ ഭൂതവേഷങ്ങളാടി മനസിനെ അസ്വസ്ഥമാക്കി. ഏതു നിമിഷവും തീവ്രരോഗിയായി ഓക്സിജന്‍ കുഴലുകള്‍ക്കിടയില്‍ കഴിയേണ്ടി വരുമോയെന്ന ചിന്തയലട്ടി. എന്നാല്‍, മനസു തളര്‍ന്നാല്‍ വൈറസിനു വീര്യം കൂടുമെന്ന തിരിച്ചറിവില്‍ ധൈര്യം വീണ്ടെടുത്തു. വൈറസ് എന്നെ ബാധിച്ചിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ നല്‍കി എന്നെ തളര്‍ത്താന്‍ അതിനായിട്ടില്ലെന്ന തോന്നല്‍ അതിജീവനത്തിന്റെ ആത്മവിശ്വാസം നല്‍കി. നാം പോസിറ്റീവായെങ്കിലേ കോവിഡ് നെഗറ്റീവാകുവെന്ന് സ്വയമൊരു സിദ്ധാന്തമുണ്ടാക്കി സമാധാനിച്ചു. നിരന്തരം രോഗവിവരമന്വേഷിച്ച കൂട്ടുകാരും വീട്ടുകാരും സഹപ്രവര്‍ത്തകരും സഖാക്കളുമൊക്കെ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ ഉറച്ച സ്വരത്തില്‍ ആശ്വസിപ്പിച്ചു. 'ഒന്നും പേടിക്കേണ്ട, എല്ലാം ഒരാഴ്ച കൊണ്ടു മാറും.' 'ഞങ്ങള്‍ക്കാര്‍ക്കും അവിടെ വന്നു കാണാനോ ഒപ്പമിരിക്കാനോ കഴിയില്ലല്ലോ'- കൂട്ടുകാരുടെ സങ്കടം ഇങ്ങനേയും നീണ്ടു. തമാശ മട്ടിലാണു പറഞ്ഞതെങ്കിലും ഒരു കൊറോണ രോഗിയോട് സംസാരിക്കുന്നത് ആദ്യമായിട്ടാണെന്ന അത്ഭുതവും ചിലര്‍ മറച്ചു വെച്ചില്ല. ഒടുവില്‍ എന്റെ പരിശോധനാഫലവും നെഗറ്റീവായി. പിന്നീട് വീട്ടിലേയ്ക്കു മടങ്ങുമ്പോള്‍ വാര്‍ഡില്‍ ബാക്കിയുള്ളത് ചിറ്റൂരിലെ ചെറുപ്പക്കാരനടക്കം മൂന്നു പേര്‍. ആംബുലന്‍സില്‍ മടങ്ങുമ്പോള്‍ ചെറുപ്പക്കാരന്‍ പറഞ്ഞു കേട്ട പിഞ്ചുകുഞ്ഞിന്റെ കരച്ചിലും നെഗറ്റീവാകാതെ മുഖം വാടിയിരിക്കുന്ന അയാളുമൊക്കെയായിരുന്നു മനസില്‍. കോവിഡിന്റെ ദുരിതവും ദു:ഖവും പേറി ഓരോ ആശുപത്രികളിലും ഇങ്ങനെ എത്രയെത്ര മനുഷ്യര്‍! വാര്‍ഡുകളിലെ ചുവരുകള്‍ ചെവിയോര്‍ക്കുന്ന എത്രയെത്ര അടക്കിക്കരച്ചിലുകള്‍! പോരുമ്പോള്‍ മുഖം തിരിച്ചറിയാത്ത സുരക്ഷാവസ്ത്രങ്ങളില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ആശംസ നേര്‍ന്നു. അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു കൂട്ടരാണ് രാപ്പകല്‍ ഭേദമില്ലാതെ, ദിവസവും നൂറു കണക്കിനു കിലോമീറ്ററുകള്‍ താണ്ടി രോഗികളെ ആശുപത്രിയിലും വീട്ടിലുമെത്തിക്കാന്‍ അവിശ്രമം പായുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ഇങ്ങനെ, അറിഞ്ഞും അറിയപ്പെടാതെയും കോവിഡിനെ തോല്‍പിക്കാന്‍ മുന്‍നിരയിലുള്ള എത്രയെത്ര ആരോഗ്യപ്പോരാളികള്‍! ആംബുലന്‍സില്‍ നിന്നിറങ്ങി വീട്ടിലേയ്ക്കു നടക്കുമ്പോള്‍ 'കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകുക, വ്യക്തിശുചിത്വം പാലിക്കുക, ശാരീരികാകലം പാലിക്കുക' എന്നിങ്ങനെ ആശുപത്രി വാര്‍ഡില്‍ ഇടയ്ക്കിടെ അനൗണ്‍സ് ചെയ്തിരുന്ന അറിയിപ്പുകള്‍ മനസില്‍ മുഴങ്ങി.
ഹോം ക്വാറന്റീന്‍ പൂര്‍ത്തിയായി കഴിഞ്ഞ ദിവസം പാലക്കാട്ടു നിന്നും കൗണ്‍സിലിങ് നല്‍കുന്ന ഡോക്ടറുടെ വിളി. പുറത്തിറങ്ങുമ്പോള്‍ നാട്ടുകാരെ അഭിമുഖീകരിക്കാനും അവര്‍ എങ്ങനെ പെരുമാറുമെന്നൊക്കെ ചിന്തിച്ചു മനസില്‍ പേടിയുണ്ടോ എന്നാണ് ചോദ്യം. 'ഏയ് ഇല്ലേയില്ല.'- ഉറച്ച വാക്കില്‍ ഞാന്‍ മറുപടി നല്‍കി. പക്ഷെ, ഈ അജ്ഞാതവ്യാധിയെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ അശ്രദ്ധമായി നാട്ടിലിറങ്ങി നടക്കുന്നവരെക്കുറിച്ചുള്ള പേടി ഏറെയുണ്ടെന്ന് ഞാന്‍ മനസില്‍ പറഞ്ഞു. വിളിച്ച ഡോക്ടറോടു പങ്കുവെയ്ക്കാന്‍ അതെന്റെ മാത്രം പേടിയല്ലല്ലോ!
content highlights : Covid Survivor, Journalist speaks about those hard Covid days