പ്രസവിച്ച് മൂന്നാം ദിവസം എടുത്തുമാറ്റിയ കുഞ്ഞിനെ തേടി ആറുമാസമായി അലയുകയാണ് തിരുവനന്തപുരംകാരിയായ അനുപമ. അവിഹിത ഗര്‍ഭം പേറിയവളെന്ന സമുഹത്തിന്റെ കല്ലേറുകള്‍ക്കിടയിലും ഈ അമ്മയുടെ കണ്ണുകള്‍ തിരയുന്നത് സ്വന്തം കുഞ്ഞിനെയാണ്. മുന്‍ എസ്.എഫ്.ഐ നേതാവായ അനുപമ എസ്. ചന്ദ്രൻ പേരൂര്‍ക്കട ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ് അജിത്തുമായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹിതരാവാതെ ഗർഭം ധരിച്ചതിന്റെ പേരിൽ കുഞ്ഞിനെ സ്വന്തം വീട്ടുകാര്‍ പ്രസവിച്ച് മൂന്ന് ദിവസം കഴിഞ്ഞതും നിര്‍ബന്ധപൂര്‍വ്വം മാറ്റിയെന്നാണ് അനുപമയുടെ പരാതി.  വിവാഹിതനായ അജിത്തിൽ നിന്ന് ഗർഭം ധരിച്ചതാണ് വീട്ടുകാരുടെ എതിർപ്പിനുള്ള പ്രധാന കാരണം. അതേസമയം അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചതെന്നാണ് മാതാപിതാക്കളുടെ വാദം. എന്നാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്ത് നല്‍കിയതായാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. 

നിലവിലെ വിവാഹബന്ധം വേര്‍പ്പെടുത്തി അനുപമയുടെ അരികിലേക്ക് അജിത്ത് തിരിച്ചെത്തുമ്പോഴേക്കും കുഞ്ഞ് കൈവിട്ടു പോയിരുന്നു. ഇപ്പോൾ അജിത്തിന്റെ സ്വന്തം വീട്ടിലാണ് അനുപമ കഴിയുന്നത്.19-ന് കുഞ്ഞിന് ഒരു വയസ്സാകും. പേരൂർക്കട പോലീസ് മുതൽ ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും സി.പി.എം. ഉന്നത നേതാക്കൾക്കും അനുപമ പരാതി നൽകിയിട്ടുണ്ട്. പക്ഷെ കുഞ്ഞിനെ എങ്ങനെ വീണ്ടെടുക്കാൻ കഴിയുമെന്നറിയാതെ ഉഴറുകയാണ് ഇവർ.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

നടന്ന സംഭവത്തെ കുറിച്ച് അനുപമ പറയുന്നതിങ്ങനെ....

മൂന്നാം ദിവസം എന്റെ കുഞ്ഞിനെ അവര്‍ കൊണ്ടു പോയി

"കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്ന് ദിവസത്തിന് ശേഷം കുടുബസുഹൃത്തായ ഡോക്ടര്‍ രാജേന്ദ്രന്റെ പഴയവീട്ടിലേക്ക് പോവുന്ന വഴിക്ക് കാറില്‍ വെച്ച് കുട്ടിയെ എടുത്ത് മാറ്റുകയായിരുന്നു. ചേച്ചിയുടെ വിവാഹം ഉടന്‍ നടത്തുമെന്നും ഇതിന് ശേഷം അജിത്തിനോടൊപ്പം എന്നെയും കുഞ്ഞിനെയും വിടാമെന്നുമായിരുന്നു പറഞ്ഞത്. കുഞ്ഞിനെ മാറ്റാന്‍ ഒരു തരത്തിലും എനിക്ക് സമ്മതമല്ലായിരുന്നു. സിസേറിയന്‍ കഴിഞ്ഞിരിക്കുന്ന ഞാന്‍ പ്രതിരോധിക്കാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്തു. പക്ഷേ തോറ്റുപോയി. ചേച്ചിയുടെ വിവാഹം കഴിഞ്ഞാല്‍ സ്വപനം കണ്ട ജീവിതം എന്റെ കുഞ്ഞിനോടൊപ്പം ജീവിക്കാം എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോഴാണ് ചതി മനസിലായത്. ഇതോടെ വീട് വിട്ടിറങ്ങുകയായിരുന്നു.

"എന്റെ സമ്മതത്തോടെ കുഞ്ഞിനെ മാറ്റിയെന്നത് കള്ളമാണ്‌.ഗര്‍ഭിണിയാണെന്ന് എട്ടാമത്തെ മാസമാണ് വീട്ടുകാര്‍ അറിയുന്നത്. ബന്ധമുള്ളത് പോലും അവർക്കറിയില്ലായിരുന്നു. വളരെ മോശമായ പെരുമാറ്റമാണ് ഇക്കാലയളവില്‍  വീട്ടുകാരിൽ നിന്നു നേരിട്ടത്", അനുപമ പറയുന്നു.

വീട്ടുതടങ്കലില്‍

പലരും ചോദിക്കുന്നുണ്ട് ഇതുവരെ കുഞ്ഞിനെ അന്വേഷിക്കാത്തത് എന്തു കൊണ്ടാണെന്ന്. വീട്ടില്‍ നിന്ന് ഇറങ്ങുന്നത് വരെ ഞാന്‍ വീട്ടുതടങ്കലിലായ അവസ്ഥയിലായിരുന്നു. പൂമുഖത്തേക്ക് പോവുമ്പോള്‍ വരെ കൂടെ ആരെങ്കിലും ഉണ്ടാവും. കൂട്ടുകാരോടു പോലും സംസാരിക്കാന്‍ പറ്റിയിരുന്നില്ല. ഗര്‍ഭിണിയാണെന്നും പ്രസവിച്ചുവെന്നും കുടുബത്തിലെ ചുരുക്കം ചിലര്‍ക്ക് മാത്രമേ അറിയുകയുള്ളു. ഞാന്‍ കടന്ന് പോയ അവസ്ഥ എനിക്കും ദൈവത്തിനും മാത്രമേ അറിയൂ.

വിവാഹിതനായ ഒരാളെ സ്വികരിക്കാന്‍ മടി

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അജിത്തിനെ പരിചയപ്പെടുന്നത്. അന്ന് അജിത്ത് വിവാഹ ബന്ധം ഒഴിവാക്കുന്ന നടപടികളുമായി മുന്നോട്ട് പോവുന്ന സാഹചര്യത്തിലായിരുന്നു. അജിത്ത് വിവാഹിതനാണെന്നതാണ് വീട്ടുകാരുടെ വലിയ എതിര്‍പ്പിനിടയാക്കിയത്. മാത്രമല്ല വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതും അവര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മകള്‍ എന്ന നിലയില്‍ ഞാന്‍ അവരെ വിഷമിപ്പിച്ചു എന്നത് ഞാന്‍ അംഗികരിക്കുന്നു എന്നാല്‍ എന്റെ കുഞ്ഞിനെ ഒഴിവാക്കാനായി എനിക്ക് കഴിയില്ല

പോലിസ് ഗൗരവമായി പരിഗണിക്കുന്നില്ല

കഴിഞ്ഞ ഏപ്രില്‍ മാസം തുടങ്ങി കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.പോലീസില്‍ നിന്ന് ഇതുവരെ പോസിറ്റിവായി പ്രതികരണം ലഭിച്ചിട്ടില്ല. അച്ഛനോട് വിധേയത്ത്വമുള്ള രീതിയിലാണ് അവരുടെ സംസാരം. ശിശുക്ഷേമ വകുപ്പിനും ബന്ധപ്പെട്ട എല്ലായിടത്തും പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് വിശ്വാസം. കുഞ്ഞിനെ ദത്ത് പോയെന്നാണ് ഇപ്പോള്‍ അറിയാന്‍ പറ്റുന്നത്. 

അബോര്‍ഷന് ശ്രമിച്ചിരുന്നില്ല

ഗര്‍ഭിണിയായ സമയത്താണ് ലോക്ഡൗണ്‍ വന്നത്. അത് കൊണ്ടാണ് ഇറങ്ങിപ്പോവാന്‍ കഴിയാഞ്ഞത്. ഗര്‍ഭകാലത്തൊരിക്കലും ഇത് അബോര്‍ഷന്‍ ചെയ്യാന്‍ തോന്നിയിരുന്നില്ല. അജിത്ത് ഒരിക്കലും ഉപേക്ഷിക്കില്ലെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. ഈ കുഞ്ഞിനെ വേണം എന്ന് തന്നെയായിരുന്നു ഞങ്ങള്‍ രണ്ട് പേരും അഗ്രഹിച്ചത്. അബോര്‍ഷന്‍ ചെയ്യാന്‍ വീട്ടുകാരും നിര്‍ബന്ധിച്ചിരുന്നു. 

ഇങ്ങനെയൊരു ചതി ഞങ്ങള്‍ രണ്ടു പേരും പ്രതീക്ഷിച്ചിരുന്നില്ല

ഗര്‍ഭിണിയായ വിവരം അജിത്തിന് ആദ്യം തന്നെ അറിയാമായിരുന്നു. ലോക്ഡൗണ്‍ പ്രശ്‌നങ്ങള്‍ വന്നതിനാല്‍ ഇറങ്ങിപോവാനായി പറ്റിയില്ല. വീട്ടിലറിഞ്ഞ എട്ടാമത്തെ മാസം മുതല്‍ അജിത്തിനെ വിളിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. ആശുപത്രിയില്‍ പോയപ്പോഴാണ് അജിത്തിനെ വിളിച്ച് കാര്യം പറയുന്നത്. എന്നെ വിളിക്കാന്‍ വന്ന അജിത്തിനോട് ചേച്ചിയുടെ വിവാഹത്തിന് ശേഷം ഒരുമിച്ച് ജീവിക്കാന്‍ വിടാം എന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. ആര്‍ക്കും പ്രശ്‌നമാവേണ്ട എന്ന് കരുതി അജിത്ത് തിരികെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ചേച്ചിയുടെ വിവാഹശേഷം സമാധാനത്തോടെ ജീവിക്കാമെന്ന് തന്നെയാണ് അദ്ദേഹവും കരുതിയത്.

ഇങ്ങനെയൊരു ചതി ഞങ്ങള്‍ രണ്ടു പേരും പ്രതീക്ഷിച്ചിരുന്നില്ല

അജിത്തിന്റെ വീട്ടുകാര്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. സ്വന്തം മകളെപ്പോലെയാണ് അവര്‍ എന്നോട് പെരുമാറുന്നത്. അത് മാത്രമാണ് എന്റെ ഇപ്പോഴത്തെ ആശ്വാസം

ആദ്യം കുഞ്ഞ്, പിന്നീട് വിവാഹം

ഈ ജനുവരിയിലാണ് അവരുടെ മ്യൂച്ചല്‍ ഡിവോഴ്‌സ് കഴിഞ്ഞത്. എന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നും തന്നെ വീട്ടുകാര്‍ തിരിച്ച് തന്നില്ല. അതിനാല്‍ നിയമപരമായി ഞങ്ങള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല കുഞ്ഞിനെ കിട്ടുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. അതിന്റെ ഇടയില്‍ മറ്റൊന്നിന് വേണ്ടിയും കളയാന്‍ സമയമില്ല

എന്റെ മകന്‍ വളരേണ്ടത് എന്നോടൊപ്പം

ശിശുക്ഷേമ കമ്മിറ്റിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ നൽകിയ ഒക്ടോബർ 22-ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച ഒരു കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന നടത്തി ഫലം നെഗറ്റീവായിരുന്നു. 
അന്ന് രണ്ട് ആണ്‍കുഞ്ഞുങ്ങളാണ് അവിടെയെത്തിയത്. മറ്റേ കുഞ്ഞിനെ ദത്തെടുത്ത് പോയി എന്നറിയാം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

ദത്ത് എടുത്ത വീട്ടുകാര്‍ക്ക് അവനെ തിരികെ തരാന്‍ ബുദ്ധിമുട്ടായിരിക്കും എങ്കിലും എന്റെ മകന്‍ എന്നോടൊപ്പമാണ് വളരേണ്ടത്. അല്ലാതെ വേറെയൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. വളര്‍ന്ന് വരുമ്പോള്‍ എന്റെ മകനോട് എല്ലാം പറഞ്ഞ് മനസിലാക്കണം. അവന് എന്നെ മനസിലാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എനിക്ക് എന്റെ കുഞ്ഞിനെ വേണം. എന്റെ കാര്യം വിടൂ, അവന് അവന്റെ അമ്മയെ വേണ്ടേ? അത് ആ കുഞ്ഞിന്റെ അവകാശമല്ലേ..."

അനുപമ വികാരാധീനയായി.

Content Highlights: Child missing case Thiruvanthapuram Anupama And Ajith