ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും  സോഷ്യലിസ്റ്റ് ലോകത്തിന്റെയും ഇടനാഴികളിലൂടെ കുഞ്ഞനന്തന്‍ നായരെപ്പോലെ സഞ്ചരിച്ച മറ്റൊരാള്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. 1962 ജനുവരി മുതല്‍ 1992 വരെ മൂന്നുപതിറ്റാണ്ട് കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്സ് വാരികയുടെയും ദേശാഭിമാനി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യന്‍ ലേഖകനായി ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിന്‍ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു. 

ലോക സോഷ്യലിസ്റ്റ് നേതാക്കളുമായി അടുത്ത സമ്പര്‍ക്കംപുലര്‍ത്താനും സോവിയറ്റ് യൂണിയനിലെയും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ ജയാപചയങ്ങള്‍ നേരിട്ടുകാണാനും സാധിച്ച വ്യക്തി.

ജര്‍മനിയിലേക്ക്

ബര്‍ലിന്‍ മതിലാണ് കുഞ്ഞനന്തന്‍നായരെ ജര്‍മനിയില്‍ എത്തിച്ചത്. ബര്‍ലിന്‍ നഗരത്തെ നെടുകെ വിഭജിച്ചുകൊണ്ട് ഇരു ജര്‍മനിയെയും വേര്‍തിരിക്കുന്നതിന് 1961 ഓഗസ്റ്റ് 13-ന് അര്‍ധരാത്രിയാണ് പതിനായിരക്കണക്കിന് ജനങ്ങള്‍ ചേര്‍ന്ന് ഈ കൂറ്റന്‍മതില്‍ കെട്ടിപ്പൊക്കിയത്. ഒരു രാജ്യത്തിന്റെ ഭാഗമായി ജീവിച്ച ജനതയെ വന്‍മതില്‍കൊണ്ട് വേര്‍തിരിച്ചതിനെതിരേ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വന്‍ പ്രചാരവേലയാരംഭിച്ചു. ഇതിന്  മറുപടി പറയാനും ഇക്കാര്യത്തില്‍ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ നിലപാട് പ്രചരിപ്പിക്കാനും ഇന്ത്യയില്‍നിന്ന് ഒരാളെ ജര്‍മനിയിലേക്ക് അയക്കണമെന്ന കിഴക്കന്‍ ജര്‍മന്‍ സോഷ്യലിസ്റ്റ് ഭരണത്തലവന്‍ വാള്‍ട്ടര്‍ ഉള്‍ബ്രിറ്റിന്റെ നിര്‍ദേശമനുസരിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയഘോഷിന്റെ ആവശ്യപ്രകാരമാണ് കുഞ്ഞനന്തന്‍ നായര്‍ ബര്‍ലിനിലെത്തുന്നത്. അങ്ങനെയാണ് പി.കെ. കുഞ്ഞനന്തന്‍ നായര്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരാവുന്നത്. 

പതിമ്മൂന്നാം വയസ്സുമുതല്‍ ബാലസംഘത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യസംഘടനയിലും പാര്‍ട്ടിയെ നിയമവിധേയമാക്കിയശേഷം കേന്ദ്രകമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു കുഞ്ഞനന്തന്‍ നായര്‍. 1957-ല്‍ ഇ.എം.എസ്. മുഖ്യമന്ത്രിയായ സമയത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിതലസെക്രട്ടറിയായും 1961-ലെ അമരാവതി സത്യാഗ്രഹകാലത്ത് എ.കെ.ജി.യുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 

സ്റ്റാലിനയച്ച മുങ്ങിക്കപ്പല്‍

2000-'01ല്‍  മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ ചേര്‍ത്ത്  'എഡിറ്റേഴ്സ് ഡെസ്‌ക്' എന്ന പുസ്തകം തയ്യാറാക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ചില അനുഭവങ്ങള്‍ പങ്കുവെച്ചത്. 
ഇതിലൊന്നാണ് 1950 ഡിസംബറില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാല് ദേശീയനേതാക്കളെ (അജയഘോഷ്, എസ്.എ. ഡാങ്കെ, സി. രാജേശ്വരറാവു, എം. ബസവ പുന്നയ്യ) കൊല്‍ക്കത്ത തുറമുഖത്തുനിന്ന്, സ്റ്റാലിന്‍ അയച്ച മുങ്ങിക്കപ്പലില്‍ അതിരഹസ്യമായി സോവിയറ്റ് യൂണിയനിലേക്ക് കൊണ്ടുപോയ സംഭവം. 1948-ലെ കൊല്‍ക്കത്ത തീസീസ് പരാജയപ്പെടുകയും തെലങ്കാന സായുധകലാപം ഇന്ത്യന്‍ സൈന്യം അടിച്ചമര്‍ത്തുകയും ചെയ്തശേഷം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയ പരിപാടി തയ്യാറാക്കുന്നതിന് സോവിയറ്റ് നേതാവ്  സ്റ്റാലിനുമായി ചര്‍ച്ചനടത്തുന്നതിനായിരുന്നു ഈ നേതാക്കളെ കൊണ്ടുപോയത്.    സോവിയറ്റ് യൂണിയന് ഇന്ത്യാസര്‍ക്കാരുമായുള്ള  സൗഹൃദത്തിന് മങ്ങലേല്‍ക്കാതിരിക്കാനാണ് സ്റ്റാലിന്‍ ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചത്. നേതാക്കളെ സോവിയറ്റ്  മുങ്ങിക്കപ്പലില്‍ യാത്രയയക്കാന്‍പോയ രണ്ടുപേരില്‍ ഒരാളായിരുന്നു കുഞ്ഞനന്തന്‍ നായര്‍. മറ്റൊരാള്‍ മറ്റൊരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ നിഖില്‍ ചക്രവര്‍ത്തി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ രഹസ്യങ്ങളിലൊന്നാണ് ഈ സംഭവം. ഒരിക്കല്‍ ഇക്കാര്യം തുറന്നെഴുതാന്‍ അനുമതി തേടിയെങ്കിലും കുഞ്ഞനന്തന്‍നായരെ ഇ.എം.എസ്. വിലക്കുകയായിരുന്നു. പിന്നീട് പൊളിച്ചെഴുത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.