തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍, ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തില്‍ 167 വര്‍ഷംമുമ്പ് (1853) പിറന്ന ചട്ടമ്പിസ്വാമികള്‍ക്ക് പുതിയ കേരളത്തില്‍ പ്രസക്തിയേറുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെ  കേരളസമൂഹം എത്രകണ്ട് വ്യത്യസ്തവും പ്രതിലോമകരവുമായിരുന്നുവെന്ന്  പരോക്ഷമായ അറിവേ  നമുക്കുള്ളൂ. അന്നത്തെ ജീവിതാവസ്ഥയുടെ വൈകാരികതിക്തതയോ ആചാരാനുഷ്ഠാനങ്ങളുടെ യുക്തിരാഹിത്യമോ  ജാതിയുടെ അടിസ്ഥാനത്തില്‍ അനുഭവിച്ചിരുന്ന അപമാനങ്ങളുടെ അനുഭവതീക്ഷ്ണതയോ പൂര്‍ണമായി സങ്കല്പിക്കുക അസാധ്യം. ജാതിക്കോയ്മയും ചൂഷണവും അയിത്താചരണവും കൊടികുത്തിവാണിരുന്ന  ഒരു ഫ്യൂഡല്‍ സമൂഹത്തിന്റെ അധീശമൂല്യവ്യവസ്ഥയെയാണ് ആത്മീയതയിലൂടെ ചട്ടമ്പിസ്വാമികള്‍ ചോദ്യംചെയ്യുന്നത്.

അതിനുള്ള പാണ്ഡിത്യവും ആത്മശക്തിയും അധികാരവും നിപുണതയും അദ്ദേഹം അതിനകം സ്വായത്തമാക്കിയിരുന്നു. അദമ്യമായ ജ്ഞാനതൃഷ്ണ ഒട്ടേറെ ഗുരുക്കന്മാരുടെ സവിധത്തില്‍ എത്തിച്ചു. കല്ലടക്കുറിശ്ശിയിലെ നാലുവര്‍ഷംനീണ്ട ഗുരുകുലവാസവും തുടര്‍ന്നുള്ള യാത്രകളും മഹാപണ്ഡിതരും സിദ്ധന്മാരുമായുള്ള  സംസര്‍ഗവും  തമിഴ്, സംസ്‌കൃതം  ഭാഷകളിലുള്ള  പ്രാവീണ്യവും വേദ-വേദാന്ത  കലാശാസ്ത്രങ്ങളിലുള്ള പരിശീലനവും കഴിഞ്ഞപ്പോള്‍ കുഞ്ഞന്‍പിള്ള സന്ന്യാസിയായി രൂപാന്തരപ്പെടുകയായിരുന്നു. സന്ന്യാസിയായതുകൊണ്ട് ജീവന്മുക്തനാവുകയല്ല, ജീവന്മുക്തനായതുകൊണ്ട്  സന്ന്യാസിയായിത്തീരുകയായിരുന്നു ചട്ടമ്പിസ്വാമികള്‍.  മരുത്വാമലയിലെ ഏകാന്തതപസ്സില്‍ 'ഏകമേവാദ്വിതീയ'മായ രാജയോഗാനുഭൂതി  അദ്ദേഹത്തിന് സ്വായത്തമായി.  

വേദംപഠിക്കാന്‍ ശൂദ്രനും സ്ത്രീക്കും വിലക്കുണ്ടെന്ന നിലപാടിനെ  വേദത്തിന്റെയും വേദാന്തത്തിന്റെയും പ്രമാണങ്ങള്‍കൊണ്ടുതന്നെ 'വേദാധികാരനിരൂപണ'ത്തില്‍ സ്വാമികള്‍ ഖണ്ഡിച്ചു.  അറിവിന്റെ  കുത്തകയാണ് ബ്രാഹ്മണമേല്‍ക്കോയ്മയ്ക്ക്  ആധാരവും  അടിയാളരുടെ അജ്ഞത ചൂഷണംചെയ്യുന്നതിനുള്ള ആയുധവും.  ഇതിനെയാണ് സ്വാമികള്‍ തകര്‍ത്തത്. വേദം പഠിക്കാന്‍ ശൂദ്രന്  അധികാരമുണ്ടെന്ന് സ്വാമികള്‍ പറഞ്ഞപ്പോള്‍, അറിവുനേടാനുള്ള അവകാശമാണ് അദ്ദേഹം സകലജാതികള്‍ക്കും കല്പിച്ചുകൊടുത്തത്.  സ്വതന്ത്രഭാരതം  വിദ്യാഭ്യാസാവകാശനിയമം പാസാക്കിയത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണെന്നോര്‍ക്കണം.  അറിവ് മൂലധനമായിമാറിയ ഇന്നത്തെ ലോകത്തില്‍ അറിവാര്‍ജിക്കാനുള്ള വിലക്കുകളെ ഒരു നൂറ്റാണ്ടിനുമുമ്പ് യുക്തിപൂര്‍വം നിരാകരിച്ച ചട്ടമ്പിസ്വാമികളുടെ ഈ നിലപാട് കേരളത്തിന്റെ ധിഷണാമണ്ഡലത്തില്‍ തീര്‍ത്ത വിപ്ലവം ചെറുതല്ല.  

ആത്മീയവിഷയങ്ങളില്‍ മാത്രമല്ല, സകല വിജ്ഞാനമേഖലകളിലും പ്രാവീണ്യംനേടിയ അദ്ദേഹം ചരിത്രത്തിലും ഭാഷയിലും സവിശേഷ താത്പര്യം പ്രകടിപ്പിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ യാഥാസ്ഥിതികവിശ്വാസങ്ങളെ ഖണ്ഡിക്കാന്‍ തരിമ്പും മടിച്ചില്ല. കേരളം പരശുരാമസൃഷ്ടിയല്ലെന്നും ബ്രാഹ്മണര്‍ക്കും നമ്പൂതിരിമാര്‍ക്കും ഇവിടെ പ്രത്യേകാവകാശങ്ങളൊന്നുമില്ലെന്നും പറയാന്‍ അദ്ദേഹത്തിന് കൂസലില്ല.  കേരളത്തിന്റെ  ദ്രാവിഡപ്പഴമയില്‍ സ്വാമികള്‍ വിശ്വസിച്ചു, അഭിമാനിച്ചു. കാപട്യങ്ങളില്‍  കെട്ടിപ്പടുത്ത അവകാശവാദങ്ങളെയും പൊങ്ങച്ചങ്ങളെയും  നിരാകരിച്ചു. ആദിഭാഷ, പ്രാചീനമലയാളം എന്നീ  കൃതികളില്‍ ഒരു മികച്ച  ഗവേഷകനെ നമുക്കുകാണാം. പക്ഷേ ചിട്ടയായി പുസ്തകരചന നടത്താനോ അവയൊക്കെ അച്ചടിപ്പിച്ച് പ്രസിദ്ധീകരിക്കാനോ ഒന്നും സ്വാമികള്‍  ഗൗനിച്ചില്ല. ആ വിചാരധാര കൂടുതല്‍ ഗവേഷണം അര്‍ഹിക്കുന്നുമുണ്ട്.

അദ്വൈതാചാര്യന്‍ എന്നനിലയ്ക്ക് ആദിശങ്കരന്റെ  അപ്രമാദിത്വം  അംഗീകരിക്കുമ്പോഴും ആചാര്യന്റെ മായാവാദം അങ്ങനെത്തന്നെ സ്വീകരിക്കാനോ അതിന്റെ  അടിസ്ഥാനത്തില്‍ ചാതുര്‍വര്‍ണ്യത്തിലൂന്നിയ ചൂഷണത്തെ  കണ്ടില്ലെന്നുനടിക്കാനോ ചട്ടമ്പിസ്വാമികള്‍ ഒരുക്കമല്ല.   വേദപ്രോക്തമാണെങ്കില്‍പ്പോലും ജന്തുബലി സ്വാമികള്‍  അംഗീകരിച്ചില്ല. 

ഒരുപാട് ഗൃഹസ്ഥാശ്രമികള്‍ സ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചെങ്കിലും ഒരിടത്തും അധികകാലം തങ്ങാനോ ആശ്രമങ്ങള്‍ സ്ഥാപിക്കാനോ   സംഘടിതപ്രവര്‍ത്തനങ്ങള്‍ നടത്താനോ അവധൂതജീവിതംനയിച്ച സ്വാമികള്‍ തയ്യാറായില്ല.  അദ്ദേഹം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ആ സഞ്ചാരവും ജീവിതചര്യയുമെല്ലാം മഹാസന്ദേശങ്ങള്‍തന്നെയായിരുന്നു.

ഒരു ചെറിയ കാലയളവില്‍ സംഭവിച്ച ആകസ്മികവിപ്ലവമല്ല   കേരള നവോത്ഥാനം. പതിറ്റാണ്ടുകളിലൂടെ  അവധാനതയോടെ ക്രാന്തദര്‍ശികളും മനുഷ്യസ്‌നേഹികളുമായ ആചാര്യന്മാര്‍  പതംവരുത്തിയ  മണ്ണിലുണ്ടായ ഹരിതസമൃദ്ധിയാണത്. ഒരിക്കല്‍ നാം ആട്ടിയകറ്റിയ ജാതി-മത സങ്കുചിത ചിന്തകളും അസഹിഷ്ണുതയും അന്ധവിശ്വാസങ്ങളും  അവയുടെ പ്രേതമുഖങ്ങളുമായി തിരികെവരുകയാണോ എന്ന് സന്ദേഹിക്കേണ്ട ഈ നാളുകളില്‍,  ചട്ടമ്പിസ്വാമികളുടെ ധിഷണാപരമായ  ധീരതയും  നിരങ്കുശമായ മനുഷ്യത്വവും ശ്രീ നാരായണഗുരുദേവന്റെ  പ്രായോഗികവേദാന്തവും കര്‍മവൈഭവവും നമുക്ക് വീണ്ടും ആവശ്യമായി വന്നിരിക്കുന്നു. നവോത്ഥാനത്തിന്റെ  ഉന്മേഷവും ഊര്‍ജവും  മങ്ങിത്തുടങ്ങുമ്പോള്‍  പുനരുത്ഥാനത്തിന്റെ പ്രചോദനംതേടുന്ന കേരളത്തിന് ചട്ടമ്പിസ്വാമികളുടെ ഉജ്ജ്വലജീവിതം ഒരിക്കല്‍ക്കൂടി മാര്‍ഗദീപമാകട്ടെ.

content highlights: Article on Chattambi Swamikal and Kerala Reniassance movement