വിദ്യാലയ പഠനകാലം നല്‍കിയ യോഗ്യതാപത്രങ്ങള്‍ തീയിനിരയാക്കിയിട്ടാണ് വിനായക് നരഹരി ഭാവേ എന്ന ചെറുപ്പക്കാരന്‍ ഗുജറാത്തിലെ ആശ്രമത്തിലെത്തിയത്. മുന്നിലെത്തിയ ഇരുപത്തിയൊന്നുകാരനെ ഗാന്ധിജി ആദ്യം കൊണ്ടു പോയത് അടുക്കളയിലേക്കായിരുന്നു. പച്ചക്കറി നുറുക്കുന്നതിനും  പാചകം ചെയ്യുന്നതിനുമിടയില്‍ യുവാവിനോട് സംസാരിച്ചുകൊണ്ടേയിരുന്നു.യുവാവിന് ലളിത ജീവിത സങ്കല്‍പം പകരുകയായിരുന്നു ഗാന്ധിജി. ഇവിടെ താമസിക്കാന്‍ ഇനിയും താത്്പര്യമുണ്ടെങ്കില്‍ അങ്ങനെയാകാമെന്ന നിശബ്ദസന്ദേശം.

യുവാവ് മടങ്ങിയില്ല. ആശ്രമജീവിതം തുടങ്ങി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഗാന്ധിജി നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പത്രത്തില്‍ വായിച്ച് ആവേശം പൂണ്ടിറങ്ങിയ വിനായക് നരഹരി, വിനോബാ ഭാവെയായും ആചാര്യ വിനോബാ ഭാവെയായും പരിണമിച്ചതിന്റെ തുടക്കം അങ്ങനെയായിരുന്നു. നിരന്തരം നടത്തിയ കത്തിടപാടുകള്‍ക്കൊടുവില്‍ നേരില്‍ വരാന്‍ ഗാന്ധിജി നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു വിനായക് അഹമ്മദാബാദ് നഗരത്തിലെ  ആശ്രമത്തില്‍ 1916 ജൂണ്‍ 7 ന് എത്തിയത്. എന്നാല്‍, തന്റെ കാല്‍പാടുകളിലേക്ക് മടങ്ങിപ്പോകാതെ, ഗാന്ധിജിയുടെ കാലടിപ്പാതകളിലൂടെയായി പിന്നീടുള്ള സഞ്ചാരം.

സഹനങ്ങളുടെ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ഗാന്ധിജി, വിനായക് എന്ന വിനോബായ്ക്ക് എഴുതി : ''എങ്ങനെയാണ് താങ്കളെ പുകഴ്ത്തേണ്ടതെന്ന് എനിക്കറിയില്ല. താങ്കളുടെ മൂല്യം അളക്കാന്‍ ഞാന്‍ യോഗ്യനല്ല. താങ്കളുടെ നേട്ടങ്ങളൊന്നും ഞാന്‍ മൂലമാണെന്ന് കരുതുന്നില്ല. മൂല്യങ്ങള്‍ കൊണ്ട് ഒരു മകന്‍ തന്നെ മറി കടക്കുമ്പോഴാണ് ഒരു അച്ഛന്‍ അച്ഛനാകുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഒരു അച്ഛന്‍ ചെയ്തതിനെ കൂടുതല്‍ മൂല്യവത്താക്കുമ്പോഴാണ് ഒരു മകന്‍ മകനാകുന്നതെന്നും ഞാന്‍ കരുതുന്നു. അച്ഛന്‍ സത്യസന്ധനും ദൃഢമനസ്‌കനും അനുതാപമുള്ളവനും ആണെങ്കില്‍, മകന്‍ അതിന്റെ വര്‍ധിത തലത്തിലായിരിക്കണം. അതാണ് താങ്കള്‍ സ്വയം ചെയ്തത്''.

ഒരു വര്‍ഷമായി ആശ്രമം വിട്ടു നിന്ന തനിക്ക് വിനോബ എഴുതിയ കത്തിനുള്ള മറുപടിയിലാണ് ഗാന്ധിജി ഇങ്ങനെ കുറിച്ചത്. കത്തെഴുത്ത് ചരിത്രം അവിടെ തീരുന്നില്ല. മറുപടിക്കത്തിന്റെ ഉള്ളടക്കം പറഞ്ഞു കൊടുത്ത ശേഷം പേഴ്സണല്‍ സെക്രട്ടറി മഹാദേവ് ദേശായിയോട് മഹാത്മാവ് പറഞ്ഞു :''വിനോബ ഒരു വലിയ മനുഷ്യനാണ്.''

ആചാര്യവിനോബാ ഭാവെയുടെ ജീവചരിത്രം തുടങ്ങുന്നത് അവിടെയാണ്. പണ്ഡിതനും ചിന്തകനും സ്വാതന്ത്ര്യസമര സേനാനിയും ഭൂദാനപ്രസ്ഥാനത്തിന്റെ പ്രയോക്താവുമായി പരിണമിച്ച വിനോബയുടെ പില്‍ക്കാല ജീവിതത്തിന്റെ അടിത്തറ നിര്‍മിച്ചത്  ഗാന്ധിജിയുടെ ആശയത്തണലിലാണ്. ഗാന്ധിജിക്കൊപ്പം വിനോബ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് സ്വാഭാവികമായും നടന്നുകയറി. അഹിംസാ സന്ദേശവുമായി സമരമുഖത്ത് നിറഞ്ഞു. 1920 നും 1930 നും ഇടയില്‍  നിരവധി തവണ  അറസ്റ്റ് ചെയ്യപ്പെട്ടു. 1921 ഏപ്രില്‍ 8 ന്  വാര്‍ധയിലെ ആശ്രമത്തിന്റെ ചുമതലയേറ്റു. 1925 ല്‍ ഗാന്ധിജി നിയോഗിച്ചതിനെത്തുടര്‍ന്ന് വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തു.

ജയില്‍ ജീവിത കാലത്താണ് വിനോബയുടെ വിജ്ഞാനലോകം വിശാലമായത്.മറാത്തി, കന്നഡ, ഗുജറാത്തി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടി. പണ്ഡിതനും ചിന്തകനുമായി രൂപപ്പെടാന്‍ ഇക്കാലം  സഹായിച്ചു. സ്ഥിതപ്രജ്ഞദര്‍ശന്‍ പോലെയുള്ള രചനകള്‍ ജയില്‍ ജീവിതത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആദ്യ സത്യാഗ്രഹിയായി ഗാന്ധിജി തിരഞ്ഞെടുത്തതോടെ ദേശീയ ശ്രദ്ധയിലുമെത്തി.

എന്നാല്‍ സ്വാതന്ത്ര്യസമരചരിത്രത്തിനപ്പുറം വിനോബാ ഭാവയെ പ്രസക്തനാക്കിയത് ഭൂദാന പ്രസ്ഥാനമായിരുന്നു.''പഴയ ആയുധം ഉപയോഗിച്ച് പുതിയ യുദ്ധം ജയിക്കാനാവില്ലെന്ന് കണ്ടെത്തി ''പുതിയ സമരമുഖങ്ങള്‍ അദ്ദേഹം തുറക്കുകയായിരുന്നു. മണ്ണും  നിരന്തര സഞ്ചാരം. നാല്പത് ലക്ഷത്തോളം ഏക്കര്‍ ഭൂമി ഇതിന്റെ ഭാഗമായി വിതരണം ചെയ്തു. പല സര്‍ക്കാരുകളും ഭൂദാന്‍ നിയമങ്ങള്‍ ആവിഷ്‌കരിച്ചു. ഭൂമി അമിതമായി കൈവശം വച്ചു കൊണ്ടിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. 1976 ല്‍ ലാന്‍ഡ് സീലിംഗ് നിയമം നിലവില്‍ വന്നത് ഇതിന്റെ തുടര്‍ച്ചയാണ്.ആകാശവും സ്വന്തമായില്ലാത്തവരുടെ ദുരിതങ്ങളായിരുന്നു വിനോബാ ഭാവെയെ എക്കാലത്തും നോവിച്ചിരുന്നത്. അവര്‍ക്കിടയിലൂടെ നിരന്തരം സഞ്ചരിച്ച് സങ്കടങ്ങളുടെ ആഴമളന്നു. ഭൂദാനപ്രസ്ഥാനത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുകയെന്ന സാമൂഹിക സങ്കല്‍പമായിരുന്നു അടിസ്ഥാനം. ഭൂദാനം തേടി നാല്‍പത്തിനാലായിരം കിലോമീറ്ററോളം സഞ്ചരിച്ചു. ഏറെയും കാല്‍നട യാത്ര. 1951 ഏപ്രില്‍ 18 ന് തെലങ്കാനയില്‍ നല്‍ഗോണ്ട ജില്ലയിലെ പോച്ചംപള്ളി ഗ്രാമത്തിലായിരുന്നു തുടക്കം. ജന്‍മികളില്‍ നിന്ന് ഭൂമി ദാനം വാങ്ങിയ ശേഷം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കാന്‍ തുടങ്ങി. 1951 മുതല്‍ 1969 വരെ 

 ഭൂദാന പ്രസ്ഥാനത്തില്‍ ഒതുങ്ങുന്നില്ല ആചാര്യവിനോബാ ഭാവെയുടെ കര്‍മരംഗം. ഗ്രാമദാനം പദ്ധതി ഉള്‍പ്പെടെയുള്ള സാമൂഹിക ഇടപെടലുകള്‍, തത്വചിന്തകളുടെ വ്യാഖ്യാനങ്ങള്‍, ലോകനാഗരി അക്ഷരമാല, ബ്രഹ്മവിദ്യാ മന്ദിര്‍ പ്രസ്ഥാനം, പുസ്തകരചനകള്‍, പ്രഭാഷണങ്ങള്‍..വിനോഭാവെയുടെ സംഭാവനകള്‍ കാലം കടന്നു നില്‍ക്കുന്നു.വാഴ്ത്തുകള്‍ മാത്രമല്ല,വിമര്‍ശനങ്ങളും ആചാര്യ വിനോബാ ഭാവെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ കാലം ചൊരിഞ്ഞിട്ടുണ്ട്. ഇന്ദിരാ ഭരണത്തെ പിന്തുണച്ച എണ്‍പതുകളില്‍ എതിര്‍പക്ഷ അസ്ത്രങ്ങള്‍ വിനോബാ ഭാവയെ വെറുതെ വിട്ടിട്ടില്ല. അടിയന്തരാവസ്ഥയോടുള്ള വിനോബയുടെ അനുകൂല സമീപനം എതിര്‍പ്പ് രൂക്ഷമാക്കി.

അനുതാപമാണ് ആചാര്യവിനോബാ ഭാവയുടെ ഭാവം. സാധാരണക്കാരുമായുള്ള സമഭാവനയാണ് സ്വഭാവം. ദശകങ്ങള്‍ പിന്നിടുമ്പോഴും ഇത്തരം ചില പ്രതീകങ്ങള്‍ അണയാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്.

content highlights: acharya vinoba bhave Contribution to the society