Abhinandanപാകിസ്താന്‍ സൈന്യത്തിന്റെ ചോദ്യങ്ങളോരോന്നിനോടും പതറാതെ, സ്വസ്ഥമായും ശാന്തമായുമാണ്  വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ മറുപടി നല്‍കിയത്. പേര് വെളിപ്പെടുത്തിയെങ്കിലും മറ്റ് വിവരങ്ങളൊന്നും അദ്ദേഹം പാകിസ്താന്‍ സൈന്യവുമായി പങ്കുവെച്ചില്ല. ഇവയൊന്നും വെളിപ്പെടുത്താനാവില്ല എന്ന് പാകിസ്താന്‍ കസ്റ്റഡിയിലിരുന്ന് കൊണ്ട് സധൈര്യം പറഞ്ഞ അഭിനന്ദിന്റെ മടങ്ങിവരവിനായുള്ള പ്രാര്‍ഥനയിലാണ് രാജ്യമൊന്നാകെ.

മിഗ് 21 വിമാനം തകര്‍ന്ന് പാകിസ്താന്‍ പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റും  തമിഴ്‌നാട് സ്വദേശിയുമായ അഭിനന്ദന്‍ വർത്തമന്റെ നിരവധി വീഡിയോകളാണ്  ഇതിനോടകം പാകിസ്താനിലെ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇത് അഭിനന്ദിന്റേത് തന്നെയാണോ എന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ച് ജില്ലയിലും അതിര്‍ത്തി ലംഘിച്ചെത്തിയ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന തുരത്തിയിരുന്നു. ഇതിനിടെയാണ്  മിഗ് 21 വിമാനം തകര്‍ന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ കാണാതാവുന്നത്. പൈലറ്റിനെ കാണാതായ വിവരം ഇന്ത്യ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ പാക് മാധ്യമങ്ങള്‍  പൈലറ്റിന്റെ വീഡിയോ പുറത്തു വിട്ടിരുന്നു.

മുഖത്ത് നിന്ന് ചോരവാര്‍ന്നൊലിക്കുന്ന രീതിയിലുള്ള വീഡിയോയാണ് ആദ്യം പുറത്ത് വിട്ടിരുന്നത്. ആള്‍ക്കൂട്ടം പൈലറ്റിനെ അക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.ഈ വീഡിയോ പുറത്ത് വരുമ്പോള്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ കാണാതായ വിവരം സ്ഥിരീകരിച്ചിരുന്നില്ല.

കൈകാലുകള്‍ കെട്ടിയിട്ട് കണ്ണുകെട്ടിയ അവസ്ഥയില്‍ അഭിനന്ദന്‍ സംസാരിക്കുന്ന വീഡിയോയാണ് പാകിസ്താന്‍ രണ്ടാമതായി പുറത്ത് വിട്ടത്.  ഈ വീഡിയോ പുറത്തുവന്നതോടെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ജനീവ കരാറിന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്നും വ്യക്തമാക്കി. എന്നാല്‍ കൈകാല്‍ കെട്ടി, കണ്ണുകെട്ടിയ അവസ്ഥയിലും പതറാതെ പാകിസ്താന്‍ മേജറിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന അഭിനന്ദിനെയാണ് കണ്ടത്. 

അഭിനന്ദന്റെ കണ്ണുകെട്ടിയ വീഡിയോയിലെ സംഭാഷണം ഇങ്ങനെ

പാകിസ്താൻ സൈന്യം കാമറക്കു പിറകിൽ നിന്ന്: ഒന്നു കൂടി പറയൂ

വിങ് കമാൻഡർ അഭിനന്ദൻ: ഞാന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍, എന്റെ സര്‍വ്വീസ് നമ്പര്‍ 27981. ഞാന്‍ പൈലറ്റാണ്. ഞാന്‍ ഹിന്ദു മത വിശ്വാസിയാണ് . 

പാകിസ്താൻ പട്ടാള ഉദ്യോഗസ്ഥർ: ഒകെ

അഭിനന്ദൻ: വേറെ എന്താണ് അറിയേണ്ടത്. എനിക്ക് ഒരു വിവരം അറിയാൻ കഴിയുമോ. നിലവില്‍ ഞാന്‍ പാക് ആര്‍മിയുടെ കൈവശമാണോ

മറുപടി നൽകും മുമ്പെ വീഡിയോ കട്ടായി.

വേറെ എന്താണ് അറിയേണ്ടതെന്നും നിലവില്‍ താന്‍ പാക് ആര്‍മിയുടെ കൈവശമാണോ എന്നുമെല്ലാം പതർച്ചയേതുമില്ലാതെയാണ് അഭിനന്ദന്‍ ചോദിക്കുന്നത്.

1949ലെ ജനീവ ധാരണയനുസരിച്ച് അഭിനന്ദന് യുദ്ധത്തടവുകാരനെന്ന പരിഗണനയാണ് പാകിസ്താന്‍ നല്‍കേണ്ടത്. കുറ്റവാളികളെ പ്പോലെ പാര്‍പ്പിക്കരുത്, സ്വന്തം രാജ്യത്തേക്ക് എത്രയും വേഗം മടക്കി അയക്കണം, നിയമനടപടികള്‍ യുദ്ധക്കുറ്റവാളി എന്ന നിലയില്‍ മാത്രം, മാനുഷിക പരിഗണന ഉറപ്പാക്കുക, അക്രമം പീഡനം ഭീഷണി അപമാനിക്കല്‍ എന്നിവയില്‍ നിന്ന് സുരക്ഷ, സുരക്ഷിതമായ താമസൗകര്യം, ഭക്ഷണം, വസ്ത്രം, ശുചിത്വം , വൈദ്യസഹായം എന്നിവയാണ് ജനീവ ധാരണയനുസരിച്ച് യുദ്ധതടവുകാരുടെ അവകാശങ്ങള്‍.

abhinandan

ചോരയൊലിക്കുന്ന വീഡിയോ പുറത്തുവിട്ട പാകിസ്താന്‍ നടപടി ജനീവ കരാര്‍ ലംഘനമാണെന്ന ഇന്ത്യയുടെ ആരോപണത്തിനു പിന്നാലെ വിങ് കമാന്‍ഡർ അഭിനന്ദിന് ചായകൊടുത്ത് അദ്ദേഹത്തെ സ്വസ്ഥനാക്കി ചോദ്യം ചെയ്യുന്ന വീഡിയോയാണ് പിന്നീട് പാകിസ്താന്‍ പുറത്തു വിട്ടത്. സംഭാഷണത്തിലെ ചില ഭാഗങ്ങൾ

പാകിസ്താൻ മേജർ:  ഇന്ത്യയില്‍ എവിടെയാണ്.

അഭിനന്ദൻ: മേജര്‍ ഇത് ഞാന്‍ പറയാന്‍ പാടുള്ളതാണോ. ഇത്രയേ പറയാനാവൂ. ഞാന്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളയാളാണ്.

മേജർ: താങ്കള്‍ വിവാഹിതനാണോ.

അഭിനന്ദൻ: അതെ

മേജർ: ചായ ഇഷ്ടപ്പെട്ടെന്ന് കരുതുന്നു

അഭിനന്ദൻ:ചായ ഗംഭീരമായിരിക്കുന്നു.

മേജർ: ഏത് എയര്‍ക്രാഫ്റ്റഫാണ് താങ്കള്‍ പറപ്പിക്കുന്നത്.

അഭിനന്ദൻ: മേജര്‍ എന്നോട് ക്ഷമിക്കൂ. ഇത് ഞാന്‍ വെളിപ്പെടുത്താന്‍ പാടുള്ളതല്ല. പക്ഷെ തകർന്ന ഭാഗങ്ങൾ നിങ്ങൾ ഇതിനോടകം പരിശോധിച്ചല്ലോ. അതിൽ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

മേജർ: എന്താണ് താങ്കളുടെ ദൗത്യം 

അഭിനന്ദൻ:എന്നോട് ക്ഷമിക്കൂ. അത് വെളിപ്പെടുത്താനുള്ള ബാധ്യത എനിക്കില്ല.

(വീഡിയോയുടെ ആധികാരികത ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല)

ചെന്നൈയ്ക്കടുത്ത് സേലയൂരിലെ ഡിഫന്‍സ് കോളനിയില്‍ താമസിക്കുന്ന റിട്ട. എയര്‍ മാര്‍ഷല്‍ സിങ്കക്കുട്ടി വര്‍ത്തമന്റെ മകനാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍. 

തിരുവണ്ണാമല സ്വദേശിയായ സിങ്കക്കുട്ടി വര്‍ത്തമന്‍ വ്യോമസേനയില്‍നിന്ന് വിരമിച്ചതിനുശേഷം സേലയൂരിലെ കോളനിയിലാണ് താമസിക്കുന്നത്. 2004-ലാണ് അഭിനന്ദന്‍ വ്യോമസേനയില്‍ ചേര്‍ന്നത്.

content highlights: Abhinandan videos in custody of Pakistan, brave pilot wing commander