ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം ആലിനു ചേര്‍ന്നൊരു കുളവും വേണം എന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള വാമൊഴി ഗാനത്തെ തിരുത്തിയെഴുതിയിരിക്കുകയാണ് സിനിമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശ്രുതി ശരണ്യവും ഗായകന് സൂരജ് സന്തോഷും ചേർന്ന്. ആ തിരുത്തെഴുത്തിനെ ഒരു വലിയ വിഭാഗം അഭിനന്ദിച്ചപ്പോള്‍ വലിയ വിമര്‍ശനവും ചില കോണുകളില്‍ നിന്ന് ശ്രുതിക്ക് നേരിടേണ്ടി വന്നു. മറ്റുള്ളവര്‍ രചിച്ച പാട്ടുകള്‍ മാറ്റിയെഴുതുന്നതാണോ സര്‍ഗ്ഗാതമകത എന്ന തരത്തിലുള്ള ചില ചോദ്യങ്ങളും ഇതിന്റെ ഭാഗമായി ഉയര്‍ന്നു. തുടർചർച്ചകളുടെ ഭാഗമായി "ശ്രുതി നമ്പൂതിരി" എന്ന പേരിലെ അരാഷ്ട്രീയത ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ താൻ ജാതിവാൽ ഉപേക്ഷിക്കുന്നുവെന്നും ഇനി ശ്രുതി ശരണ്യമാണ് പേരെന്നുമുള്ള ബോൾഡ് ആയ പ്രഖ്യാപനവും ശ്രുതിയുടെ ഭാഗത്തുനിന്നുണ്ടായി.
"നമ്പൂതിരിയാണെന്ന പേര് കൊണ്ട് മാത്രം അർഹിക്കാത്ത പരിഗണന കിട്ടിയിട്ടുണ്ട്. ആ ബോധ്യത്തിൽനിന്നു തന്നെയാണ് ആ വാൽ ഉപേക്ഷിച്ചതും" എന്നാണ് ശ്രുതി പറയുന്നത്. ഇത്തരത്തിൽ തിരുത്തെഴുത്തിനെ കുറിച്ചും പേര് മാറ്റത്തിനെകുറിച്ചുമുള്ള മാതൃഭൂമി ഡോട്ടകോമിനോട് മനസ്സുതുറക്കുകയാണ് ശ്രുതി ശരണ്യം.
ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം എന്ന പാട്ടിന്റെ തിരുത്തിയെഴുത്തിലേക്ക് നയിച്ചത്
ആലായാല്‍ തറ വേണം എന്ന ഒറിജിനല്‍ വരികള്‍ സൂരജ് മുമ്പ് മസാല കോഫിക്ക് വേണ്ടി അവതരിപ്പിച്ചിരുന്നു. പിന്നീട് സ്വന്തം യുട്യൂബ് ചാനലിനു വേണ്ടി പാട്ട് വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങി. ഇനി ചെയ്യുവാണേല് ആ രചനയാകെ തിരുത്തി എഴുതണം എന്ന് സൂരജിനോട് അന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് തിരുത്തിയെഴുത്ത് ഗൗരവമായെടുക്കുന്നത്.
പണ്ടേ, എക്സിസ്റ്റന്‍ഷ്യല്‍ ഡെലീമ്മ വരുമ്പോഴെല്ലാം വരികളുടെ പ്രശ്നങ്ങള്‍ ചിന്തിച്ചിരുന്നു. അതിനകത്ത് പറയുന്ന മൂല്യങ്ങള്‍ വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഷയിലുള്ളതാണ്. അത് തിരുത്തേണ്ടതാണെന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു. അന്ന് തിരുത്തിയെഴുതുമ്പോള്‍ എഴുതിയത് ആരാണ് എന്ന് അറിയില്ലായിരുന്നു. ഇത് എഴുതിയത് വടക്കാഞ്ചേരി നമ്പൂതിരിയാണ് എന്ന വിവരം ഇന്നാണറിയുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ വെച്ചെഴുതിയ കവിതയാണത്. കവി ഒളപ്പമണ്ണയുടെ അമ്മാവനായിരുന്നു വടക്കാഞ്ചേരി നമ്പൂതിരി . കാവാലവും ഒളപ്പമണ്ണയും വലിയ സുഹൃത്തുക്കളായിരുന്നു. അങ്ങനെ ഒളപ്പമണ്ണയില്‍ നിന്നാണ് കാവാലം ഈ കവിതയെ കുറിച്ചറിയുന്നതും അദ്ദേഹം സംഗീതം നല്കി ഇറക്കുന്നതും. ഒളപ്പമണ്ണയുടെ മകനാണ് ഇക്കാര്യം എന്നെ വിളിച്ചു പറയുന്നത്. ഒളപ്പമണ്ണയുടെ അമ്മാവനാണ് ഇതെഴുതിയതെങ്കിലും ഒളപ്പമണ്ണ വിപ്ലവകവിയായിരുന്നു. "നിനക്കെന്തിനാണ് കിലുങ്ങുന്ന വളകള്‍", "അകത്തമ്മയായി എന്തിനിരിക്കുന്നു അടുക്കളപ്പുറത്തേക്കിറങ്ങൂ " എന്ന വിപ്ലവകരമായ വരികളാണ് ഒളപ്പമണ്ണ എഴുതിയത്.. നൂറ് വര്‍ഷത്തെ പഴക്കമെങ്കിലും ആലായാല്‍ തറവേണം എന്ന കവിതയ്ക്കുണ്ടാവും. കാലം മാറി, മൂല്യം മാറി, അപ്പോള്‍ തിരുത്തി വായിക്കപ്പെടേണ്ടതുണ്ട്.
പാടിപ്പതിഞ്ഞ ഗാനത്തെ തിരുത്തിയെഴുതിയതില്‍ നേരിട്ട വിമര്‍ശനങ്ങൾ
"സ്വന്തമായി എഴുതാന്‍ കഴിവില്ലാത്തവര്‍ മോഷ്ടിച്ച് എഴുതും" എന്ന് വരെ ആളുകള്‍ അപഹസിച്ചിരുന്നു. എന്നാൽ ഇതിനെയെങ്ങനെയാണ് മോഷണമെന്ന് വിളിക്കാനാവുക. തിരുത്തെഴുത്തിനെ മോഷണമെന്ന സംഗതിയുമായി താരതമ്യം ചെയ്താണോ കാണേണ്ടത്. മോഷണവും തിരുത്തും രണ്ടല്ലേ. ആലപ്പുഴയില്‍ മരണപ്പാട്ട് പാടുന്ന ഒരു വിഭാഗമുണ്ട്. അതിലെ പാട്ടൊക്കെ കാവാലം തിരുത്തിയെഴുതിട്ടുണ്ട്. ആരും കോപ്പിറൈറ്റ് എടുക്കാത്തിടത്തോളം കാലം തിരുത്തിയെഴുതാമെന്നാണ് ഞാന്‍ കരുതുന്നത്. മാവേലി നാട് വാണീടും കാലം എന്ന പോപ്പുലര്‍ ഗാനം സഹോദരന് അയ്യപ്പന് തിരുത്തിയെഴുതിയിട്ടുണ്ട്. തിരുത്തിയെഴുത്ത് മോഷണമാണെന്ന് ഞാന്‍ കരുതുന്നില്ല. തിരുത്തെഴുത്ത് മോഷണമല്ല എന്ന് തിരുത്തിയെഴുതേണ്ട കാലം കഴിഞ്ഞു.
എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം വേറിട്ട വായനയായിരുന്നു. മഹാഭാരതത്തിന്റെ തിരുത്തിയെഴുത്തായിരുന്നു അത്. അങ്ങനെ നോക്കുമ്പോൾ തിരുത്തി വായനകളും തിരുത്തി എഴുത്തുമൊക്കെ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഭഗവത്ഗീത, ഖുര്‍ആന്‍, രാമായണം... അങ്ങനെ എന്തെടുത്താലും തിരുത്തിയെഴുത്തുണ്ടാവും.
മൂല്യങ്ങള്‍ തമ്മിലുള്ള കലഹം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. മൂല്യങ്ങളെ തിരുത്തിയെഴുതേണ്ടതുണ്ട്. മൂല്യങ്ങളെ തിരുത്തി വായിക്കുമ്പോള്‍ എതിര്‍പ്പ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഞാന്‍ അതിനെ പോസിറ്റീവ് ആയാണ് എടുക്കുന്നത്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്കേ നാം മറുപടി പറയേണ്ടതുള്ളൂ.
തിരുത്തിയെഴുത്തിന് പ്രേരിപ്പിച്ച വരികള്‍
പൂമാനിനിമാര്‍കളായാല്‍ അടക്കം വേണം എന്ന വരിയോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. പൂമാനായാല്‍ ഗുണം വേണം, മാംഗല്യത്തിന് സ്വര്‍ണ്ണേ നല്ലൂ, കുലത്തിങ്കല്‍ സീത നല്ലൂ, യുദ്ധത്തിങ്കല്‍ രാമന് നല്ലൂ എന്നതെല്ലാം അരാഷ്ട്രീയമാണ്. തിരുത്തിയെഴുതേണ്ടത് തന്നെ. ഒരു കാലത്ത് പൗരുഷത്തിന്റെ അടയാളമായിരുന്നല്ലോ പടക്ക് പോയിരുന്നോര് എന്നത്. യുദ്ധം ചെയ്തോരെല്ലാം തോല്‍വിയാണ്. യുദ്ധം തന്നെ തോൽവിയാണ് എന്നാണ് എന്റെ അഭിപ്രായം. അതാണ് അങ്ങനെ തിരുത്തി എഴുതിയത്.
തിരുത്തിയെഴുതിയ വരികളില്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്
"പൗരനായാല്‍ ബോധം വേണം, പാരില്‍ സമാധാനം വേണം" എന്നത് ഇഷ്ടപ്പെട്ടത് തന്നെ. നാടായാല്‍ നല്ല നയങ്ങളാണ് വേണ്ടത്. പൗരനായാല്‍ ബോധമാണ് വേണ്ടത്. പാരില്‍ വേണ്ടത് സമാധാനവുമാണ്. ആ രീതിയില്‍ ഞങ്ങള്‍ തിരുത്തിയെഴുതിയതും പകര്‍ന്നതും നല്ല മൂല്യങ്ങളാണ്. യുദ്ധം ചെയ്തോരെല്ലാം തോല്‍വി എന്ന മൂല്യമാണ് ഞാന്‍ എന്റെ കുട്ടികള്‍ക്ക് പകര്‍ന്ന് നല്കാന് ആഗ്രഹിക്കുന്നത്. അല്ലാതെ യുദ്ധത്തിന്റെ കേമത്തമല്ല. തിരുത്തി എഴുതേണ്ടതും വായിക്കപ്പെടേണ്ടതും ആവശ്യകതയാണെന്ന് തോന്നി. അല്ലാതെ ഒരു വിഭാഗത്തെയോ അവരുടെ മതവിഭാഗത്തെയോ വ്രണപ്പെടുത്താനുള്ളതൊന്നും ചെയ്തിട്ടില്ല.
പ്രതികരണങ്ങള്‍
കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് വിമര്‍ശനം കൂടുതലും വന്നത് എന്റെ പേരുമായി ബന്ധപ്പെട്ടാണ്. തിരുത്തെഴുത്തിനു ശേഷം ഞാന്‍ "ശ്രുതി നമ്പൂതിരി" എന്ന ജാതിവാല് എന്തിന് ഉപയോഗിക്കുന്നു എന്ന ചോദ്യങ്ങളുയർന്നു. അതില്‍ ഞാനെന്തു കൊണ്ട് അശ്ലീലം കാണുന്നില്ല എന്ന ചോദ്യവുമുണ്ടായി. അതിന്റെ മറുപടിയായാണ് ശ്രുതി നമ്പൂതിരിയില്‍ നിന്ന് ശ്രുതി ശരണ്യത്തിലേക്കുള്ള പേര് മാറ്റം ഞാന്‍ പ്രഖ്യാപിച്ചത്. അത് തിരുത്തണമെന്ന് എനിക്ക് മുമ്പും തോന്നിയിട്ടുണ്ടെങ്കിലും സാങ്കേതികമായ ഒരു പാട് കാരണങ്ങളാല്‍ കൊണ്ടു നടന്നില്ല. അല്ലാതെ അതിന്റെ രാഷ്ട്രീയം അറിയാഞ്ഞിട്ടല്ല.
ശ്രുതിക്ക് "നമ്പൂതിരി" എന്ന വാല് ഉള്ളതുകൊണ്ട് കല്പാത്തി അഗ്രഹാരത്തിനകത്ത് സ്വീകരണം കിട്ടിയിട്ടുണ്ട്. അത്തരത്തിൽ ജാതിവാലിന്റെ പ്രിവിലജുകൾ ഉണ്ടായിട്ടുണ്ട്. അതിനി എനിക്ക് വേണ്ട.
ജാതി വാലിന്റെ അപകടം ഡല്‍ഹിയില്‍ നിന്നാണ് അനുഭവിക്കുന്നത്. ഞാനും സുഹൃത്തുക്കളും വാടകയ്ക്ക് വീടന്വേഷിച്ചു നടന്നപ്പോൾ സൗത്ത് ഇന്ത്യൻ എന്നത് ഡിസ്ക്വാളിഫിക്കേഷൻ ആയ ഇടങ്ങളിൽ ശ്രുതി നമ്പൂതിരി എന്നത് ക്വാളിഫിക്കേഷനാണ്. നമ്പൂതിരിയാണെന്ന പേര് കൊണ്ട് മാത്രം അർഹിക്കാത്ത പരിഗണന കിട്ടിയിട്ടുണ്ട്. ആ ബോധ്യത്തിൽനിന്നു തന്നെയാണ് ആ വാൽ ഉപേക്ഷിച്ചതും. ഇതെല്ലാമാണ് വാസ്തവമെന്നിരിക്കെ ഞാനെന്റെ സോഷ്യല്‍ കാപിറ്റല്‍ ബില്‍ഡ് ചെയ്യാനാണ് പേര് മാറ്റിയതെന്ന് പല ലിബറലുകളും വിമര്‍ശിക്കുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്.
തിരുത്തിയെഴുതേണ്ടതുണ്ട് നഴ്സറി ഗാനങ്ങളും
അച്ഛന് തന്നൊരുടുപ്പീട്ട് അമ്മ തൊടീക്കും പൊട്ടിട്ട് എന്ന ഗാനം നിർഗുണ സ്വഭാവമുള്ളതല്ല. അത്തരം നഴ്സറി ഗാനങ്ങള്‍ തിരുത്തിയെഴുതേണ്ടതുണ്ട്. അച്ഛന് ഉടുപ്പ് വാങ്ങിത്തരാന്‍ സാമ്പത്തിക ശേഷി ഉള്ളവനായും അമ്മ പൊട്ടു തൊടീക്കുന്നവളായുമാണ് അടയാളപ്പെടുത്തുന്നത്. ഒരു കുടുംബത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ ആണിക്കല്ല് അച്ഛനാണെന്നാണ് ഈ നഴ്സറി ഗാനങ്ങൾ കൊച്ചു കുട്ടികളോട് സംവദിക്കുന്നത്. നഴ്സറി ഗാനങ്ങള്‍ അടക്കം വാമൊഴി ചിന്തയുടെ ഭാഗമായ പലതും തിരുത്തിയെഴുതേണ്ടതുണ്ട്.
നേരിട്ട പരിഹാസങ്ങള്‍
"ആയിരം പാദസരങ്ങള്‍ കിലുങ്ങിയില്ല, ആലുവാ പുഴ ഒഴുകിയില്ല, ഞാനും കവിയായി" എന്ന ചില വിമർശനങ്ങൾ ഞാൻ കണ്ടു. ആ തിരുത്തെഴുത്തിൽ കൊണ്ടു വന്ന രാഷ്ട്രീയത്തെയോ അതിന്റെ ള്ളടക്കത്തെയോ കാണാതെയാണ് ഇങ്ങനുള്ള വിമര്‍ശനം അവര്‍ ഉന്നയിക്കുന്നത്. ആയിരം പാദസരങ്ങള്‍ കിലുങ്ങിയില്ല, ആലുവാ പുഴ ഒഴുകിയില്ല എന്ന ലാഘവത്തോടെയാണോ പൂമാനിനിമാര്‍കളായാല്‍ അടക്കം വേണം, മംഗല്യത്തിന് സ്വര്‍ണ്ണം നല്ലൂ എന്ന ടെക്സ്റ്റിനെ നാം വായിക്കേണ്ടത്' , ശ്രുതി ചോദിക്കുന്നു.
ഒപ്പം കലയ്ക്കപ്പുറമുള്ള ഇത്തരം ചില തിരുത്തിയെഴുത്തിനെ കുറിച്ചും ചില നിരീക്ഷണങ്ങൾ ശ്രുതി പങ്കുവെച്ചു.
തിരുത്തെഴുത്ത് കലയില്‍ മാത്രമല്ല, ജീവിതമുടനീളം നാം കലഹിക്കുന്നുണ്ട്
എന്റെ മക്കളെ നോക്കാതെ ജോലി ചെയ്ത് ഞാൻ നടക്കുന്നു എന്ന് ആക്ഷേപ സ്വരത്തിലുള്ള വിമർശനങ്ങൾ ഞാന്‍ കേള്‍ക്കാറുണ്ട്. അതിന്റെ പേരിൽ ഇപ്പോഴും എതിര്‍പ്പ് നേരിടുന്നുണ്ട് പലരിൽ നിന്നും. 'കുട്ടികളോടുള്ള എന്റെ ചുമതല നിര്‍വ്വഹിക്കുന്നില്ല' എന്ന പരാതി വരെ കേള്‍ക്കേണ്ടി വരാറുണ്ട്. എല്ലാം ഒരു സത്രീ അവര്‍ക്കിഷ്ടപ്പെട്ട മേഖലയില്‍ വ്യാപൃതയാവുന്നു, അവർക്കിഷ്ടപ്പെട്ട തൊഴിലിനെ പുല്കുന്നു എന്നുള്ളതുകൊണ്ട് മാത്രമാണങ്ങനെ കേള്‍ക്കേണ്ടി വരുന്നത്.
ആണുങ്ങള് ചെയ്യുമ്പോള്‍ അവരുടെ ജോലിയില്‍ എക്സല്‍ ചെയ്യലാവുകയും പെണ്ണുങ്ങള് ചെയ്യുമ്പോള്‍ കുട്ടികളെ നോക്കാതിരിക്കലും ആവുകയാണ്. എന്റെ ഭര്‍ത്താവ് വിദേശത്ത് പണിയെടുക്കുന്നയാളാണ്. അയാളോട് ആ ചോദ്യം ചോദിക്കുന്നില്ല. ഞാന്‍ എന്റെ കുട്ടികളെ എന്റെ മാതാപിതാക്കളെ ഭദ്രമായി ഏല്പിച്ചാണ് എന്റെ ജോലി ചെയ്യുന്നത്. പക്ഷെ ഒരു നല്ല അമ്മയല്ലെന്ന ചോദ്യം ചെയ്യപ്പെടല്‍ ഞാന്‍ നേരിടുകയാണ്.
ആലായാൽ തറവേണം എന്ന പദ്യം തിരുത്തെഴുത്തിൽ വായിക്കാം
ആലായാല്‍ തറ വേണോ
അടുത്തൊരമ്പലം വേണോ
ആലിന് ചേര്‍ന്നൊരു കുളവും വേണോ
കുളിപ്പാനായ് കുളം വേണോ
കുളത്തില്‍ ചെന്താമര വേണോ
കുളിച്ചാല്‍ പിന്നകംപുറം ചിന്തകള്‍ വേണോ
നാടായാല്‍ നൃപന് വേണ്ടാ
അരികെ മന്ത്രിമാര്‍ വേണ്ടാ
നാടു നന്നാവാന്‍ നല്ല നയങ്ങള്‍ വേണം
പൂവായാല്‍ മണം വേണോ
പൂമാനെന്ന ഗണം വേണോ
പൂമാനിനി മാര്‍കളായാല്‍
അടക്കം വേണ്ടാ
യുദ്ധം ചെയ്തോരെല്ലാം തോല്‍വി
കുലം വേണ്ടോരെല്ലാം
തോല്‍വി
ഊണുറക്കമുപേക്ഷിപ്പോര്‍ ഉലകിലുണ്ടേ
പടയ്ക്കൊരുങ്ങുന്നോര്‍വേണ്ടാ
പൊരുതല്‍ പൊരുകിനാവാം
പൊരുത്തത്താല്‍ ഒരുമയാല്‍
പൊറുതി വേണം
മാനുഷനു മാമൂല് വേണ്ടാ
മംഗല്യത്തിന് സ്വര്‍ണ്ണേ വേണ്ടാ
മങ്ങാതിരിപ്പാന്‍ നിലപാടൊന്നു വേണം
പൗരനായാല്‍ ബോധം വേണം
പാരില്‍ സമാധാനം വേണം
പ്രജയെന്നും രാജനെന്നും പദവി വേണ്ടാ
content highlights: Aalayaal Thara venam song, rewriting the lyrics, Interview with Shruthi Sharanyam