വിഷവാതക ദുരന്തത്തിന് 37 വര്‍ഷങ്ങള്‍ക്കിപ്പുറവും അതുണ്ടാക്കിയ അലയൊലികള്‍ ഭോപ്പാലില്‍ കെട്ടൊടുങ്ങിയിട്ടില്ല. ആരുടെയോ അശ്രദ്ധ വിളിച്ചു വരുത്തിയ ദുരന്തത്തില്‍ നീറിപ്പുകഞ്ഞത് നിഷ്‌കളങ്കമായ മനുഷ്യജീവനുകളാണ്. മൂന്ന് ദശാബ്ദങ്ങള്‍ക്കിപ്പുറവും ദുരന്തത്തിന് ഇരയായവര്‍ക്ക് നീതി ഇന്നും തീണ്ടാപ്പാടകലെയാണ്. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡില്‍ (യു.സി.ഐ.എല്‍.) നിന്നും അര്‍ധരാത്രിയോടെ ചോര്‍ന്ന വിഷവാതകം കെടുത്തിയത് അനേകമായിരം പേരുടെ പ്രതീക്ഷകള്‍ കൂടിയാണ്. അന്ന് ഭീതി പടര്‍ത്തിയ വിഷപ്പുകയില്‍ ഇന്നും ശ്വാസം മുട്ടി കഴിയുകയാണ് റൈസാ ബി. ദുരന്തത്തെ പഴിച്ചു കൊണ്ട് മുറിക്കകത്ത് അടച്ചിരിക്കാന്‍ റൈസ ബീക്ക് കഴിഞ്ഞില്ല. കാരണം വിഷപ്പുക കെട്ടൊടുങ്ങിയപ്പോഴേക്കും റൈസയുടെ ഭര്‍ത്താവും, മകളും ഭര്‍തൃപിതാവും മണ്ണോടലിഞ്ഞിരുന്നു. ഭോപ്പാല്‍ ഗ്യാസ് പീഠിത് മഹിള ഉദ്യോഗ് സംഗതന്‍ എന്ന സംഘടനയുടെ സ്ഥാപക കൂടിയായ റൈസാ ബി ഇന്നും നീതിക്കായുള്ള പോരാട്ടത്തിലാണ്. 

disability of children
ഭോപ്പാലില്‍ വിഷവാതക ചോര്‍ച്ചയ്ക്ക് ശേഷമുണ്ടായ കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും അംഗവൈകല്യം നേരിടേണ്ടി വരുന്നു | Photo-Gettyimage

1984 ഡിസംബര്‍ 2-ന് രാത്രി കീടനാശിനി നിര്‍മാണശാലയായ യു.സി.ഐ.എല്ലില്‍നിന്നു മീഥൈല്‍ ഐസോസയേനറ്റ് ശേഖരിച്ച ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് വിഷവാതകം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയായിരുന്നു.  ഭോപ്പാലിലെ 54 മുനിസിപ്പില്‍ വാര്‍ഡുകളിലെ 36 എണ്ണവും വിഷവാതകത്താല്‍ മൂടി. ദുരന്തത്തിന് ശേഷം താന്‍ അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യങ്ങളെ കുറിച്ചുള്ള അനുഭവം മാതൃഭൂമി ഡോട്ട് കോമുമായി പങ്ക് വെയ്ക്കുകയാണ് റൈസാ ബി. 

Raeesa
റൈസാ ബി.| ഫോട്ടോ: മാതൃഭൂമി

ദുരന്തത്തെ അതിജീവിച്ചവരുടെ വാക്കുകള്‍ക്ക് സര്‍ക്കാര്‍ നാളിതുവരെ ചെവി കൊള്ളാത്തത് പ്രതിഷേധാത്മകമാണെന്ന് റൈസാ ബി പറഞ്ഞു. റൈസാ ബി ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ വഞ്ചിക്കപ്പെട്ടു. ഇത് സംബന്ധിച്ചുള്ള കേസുകള്‍ ഇപ്പോഴും ഭോപ്പാല്‍ ഹൈക്കോര്‍ട്ട്, ജബല്‍പുര്‍ ഹൈക്കോര്‍ട്ട്, സുപ്രീം കോടതി എന്നിവിടങ്ങളായി നടക്കുകയാണ്.

ദുരന്തം വരുത്തിയ വിനകളില്‍ നീതി നിഷേധിക്കപ്പെടാതിരിക്കാന്‍ ഇരകളെ സമരപ്പന്തലിലേക്ക് നയിച്ചതില്‍ മുഖ്യ പങ്ക് വഹിക്കുകയും ഈ വര്‍ഷത്തെ പദ്മശ്രീ അവാര്‍ഡിന് അര്‍ഹനാവുകയും ചെയ്ത അബ്ദുള്‍ ജബ്ബാര്‍ മരിച്ചതോടെ ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി നിലവില്‍ കേസുകള്‍ നടത്തുന്നത് എന്‍.ഡി. ജയപ്രകാശാണ്. വാതക ചോര്‍ച്ചയെ കുറിച്ച് ആദ്യം പഠനം നടത്തിയ സംഘടനയായ ഡല്‍ഹി സയന്‍സ് ഫോറം അംഗമായ ജയപ്രകാശ് കോട്ടയം പുതുപ്പള്ളി സ്വദേശി കൂടിയാണ്. 

ലംഘനങ്ങള്‍ മറനീക്കി പുറത്തുവന്നപ്പോള്‍

ഡല്‍ഹി സയന്‍സ് ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇരട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ (ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി) ഒന്നും യുസിഐഎല്‍ പാലിച്ചിരുന്നില്ല. ഫാക്ടറിയില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് വിഷ വസ്തുക്കളെ നിര്‍വീര്യമാക്കാനുള്ള ശേഷിയോ കഴിവോ ഇല്ലാതിരുന്നത് ദുരന്തത്തിന് ആക്കം കൂട്ടി. മൂന്ന് സെമി അണ്ടര്‍ഗ്രൗണ്ടുകളിലായി ശേഖരിച്ചിരുന്ന 80 ടണ്ണോളം വരുന്ന മീഥൈല്‍ ഐസോസയേനറ്റ് ടാങ്കുകളിലൊന്നിലുണ്ടായ ചോര്‍ച്ചയാണ് ദുരന്തം വിതച്ചത്. വാതക ചോര്‍ച്ചയുണ്ടായാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ടിയിരുന്ന ഫ്ളെയര്‍ ടൗവര്‍, സ്‌ക്രബര്‍, റെഫ്രിജേഷന്‍ സിസ്റ്റം എന്നിവ പ്രവര്‍ത്തന രഹിതമായിരുന്നു. 

union carbide factory
ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി പരിസരം വീക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ | Photo-Gettyimage

എതിര്‍ സ്വരങ്ങള്‍ക്ക് പൂട്ട് വീണപ്പോള്‍

ഡല്‍ഹി സയന്‍സ് ഫോറം ദുരന്തത്തെ പറ്റി ആഴത്തിലൊരു പഠനം നടത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഈ ദൗത്യം 500-ഓളം വോളണ്ടയിര്‍മാരുടെ സഹായത്തോടെ ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്സ്) ഏറ്റെടുത്തു. ദുരന്തത്തിനിരയായ 25,500 ഓളം വീടുകളില്‍ അവര്‍ പഠനങ്ങള്‍ നടത്തി വിവരങ്ങള്‍ ശേഖരിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കി. വിവരങ്ങളുടെ ശേഖരണം പൂര്‍ത്തിയാക്കിയപ്പോഴേക്കും പഠനത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും ശേഖരിച്ച വിവരങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ വിവരശേഖരണം നടത്തിയ ടിസ്സിന് പോലും അപ്രാപ്യമായിരുന്നു. അതോടെ ദുരന്തത്തെ തുടര്‍ന്നുണ്ടായ എതിര്‍ സ്വരങ്ങള്‍ക്ക് പൂട്ട് വീണു. മുമ്പിലുണ്ടായിരുന്ന ഒരു വഴി അടഞ്ഞതോടെ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇരയായവരോട് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള ഉപാധി മുമ്പോട്ട് വെച്ചു. എന്നാല്‍ വ്യക്തിഗത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പത്ത് ലക്ഷത്തോളം പേരാണ് നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിച്ചെത്തിയത്.

ദുരന്തത്തിന് ശേഷം പ്രദേശത്ത് താമസത്തിനെത്തിയവര്‍ പോലും നഷ്ടപരിഹാര തുക ആവശ്യപ്പെട്ടത് സര്‍ക്കാരിന്റെ കണക്കിലെ പാകപ്പിഴകള്‍ മൂലമാണ്.

അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സന്ദര്‍ശം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ശവശരീരങ്ങളുടെ കണക്കുകള്‍ തിട്ടപ്പെടുത്താതെ​ മൃതദേഹങ്ങള്‍ മാറ്റി. അതിനാല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കണക്ക് ഇപ്പോഴും അവ്യക്തമാണ് . ഇതിനു ശേഷമാണ് സര്‍ക്കാര്‍ ഒരു ലക്ഷം വീടുകളിലേക്ക് സൗജന്യ റേഷന്‍ അനുവദിച്ച് തുടങ്ങിയത്. ഇതോടൊപ്പം ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ജീവിതമാര്‍ഗമായി തയ്യല്‍കേന്ദ്രങ്ങളും നിര്‍മ്മിച്ചു നല്‍കി. എന്നാല്‍, ഈ പദ്ധതികള്‍ക്ക് ഒരു വര്‍ഷത്തിലേറെ ആയുസ്സ് ഉണ്ടായിരുന്നില്ല. ഇതാണ് ഭോപ്പാല്‍ ഗ്യാസ് പീഠിത് മഹിളാ ഉദ്യോഗ് സംഗതന്‍ എന്ന പ്രസ്ഥാനരൂപീകരണത്തിലേക്ക് വഴിതെളിച്ചത്. 

കണക്കുകള്‍ മാറി മറിഞ്ഞപ്പോള്‍

വളരെ കഷ്ടപ്പെട്ടാണ് അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയ പ്ലാന്റിലുള്ള യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ അന്വേഷണം നടത്താനുള്ള അനുമതി സി.ബി.ഐ. നേടിയത്. എന്നാല്‍, 1989 ഫെബ്രുവരി 14-ന്‌ ഒരു ഒത്തുതീർപ്പ് ശ്രമം സുപ്രീം കോടതിയില്‍ നടന്നു. നഷ്ടപരിഹാരമായി 300  കോടിക്ക് പകരം യൂണിയന്‍ ഓഫ് ഇന്ത്യ 47 കോടി ഒത്തുതീർപ്പിനായി ആവശ്യപ്പെടുകയും വാതകചോര്‍ച്ചയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ സുപ്രീം കോടതി എഴുതിത്തള്ളുകയും ചെയ്തു. ആറു ലക്ഷത്തോളം പേരാണ് ഈ സമയത്ത് നഷ്ടപരിഹാര തുകയ്ക്ക് അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ ആധികാരികമായ രേകളില്ലാതെ  സര്‍ക്കാര്‍ 3,000 മരണം സംഭവിച്ചതായും 1,02,000 പേര്‍ക്ക് പരിക്കേറ്റതായും അറിയിച്ചു. 

ഇത്തരം അനേകം അനീതികളുടെ വിപരീതഫലമാണ് ഭോപ്പാല്‍ ഗ്യാസ് പീഠിത് മഹിളാ ഉദ്യോഗ് സംഗതന്‍ എന്ന സംഘടന. 30-ഓളം വോളണ്ടിയറി ഓര്‍ഗനൈസേഷന്‍ സംഘടനയുടെ കീഴിലുണ്ട്. ഡല്‍ഹി സയന്‍സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ദുരന്തവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ സുപ്രീം കോടതി വീണ്ടും പ്രാബല്യത്തിലാക്കി. തുടര്‍ന്ന് 40 അതിവേഗ കോടതികള്‍ രൂപം കൊള്ളുകയും 12 വര്‍ഷത്തോളം കേസുമായി ബന്ധപ്പെട്ട് വിശകലനങ്ങള്‍ നടക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാരിന്റെ കണക്കുകളും അതിനനുസരിച്ച് മാറി മറിഞ്ഞു. 3,000 മരണമെന്നത് 5,295 ന് മുകളിലേക്കെത്തുകയും 1,02,000 പേര്‍ക്ക് പരിക്കെന്നത് 5,73,000 കടക്കുകയും ചെയ്തു. എന്നാല്‍ ഇരയായവരുടെ എണ്ണം ഇപ്പോഴും പുകമറയിലാണ്. 25,000 ഓളം മരണങ്ങള്‍ നടന്നതായി കണക്കാക്കപ്പെടുന്നു. മരണത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരം 5,295 പേര്‍ക്ക് മാത്രമാണ് ലഭിച്ചത്. ഗുരുതരമായ പരിക്ക് മൂലം മരണമടഞ്ഞവരെ പോലും പരിക്കേറ്റ് വിഭാഗത്തില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്.

സേവനം പണക്കാര്‍ക്ക് മാത്രമാക്കിയ ആശുപത്രി

2000-ത്തിന്റെ തുടക്കത്തില്‍ വാതക ചോര്‍ച്ചയ്ക്ക് ഇരയായവരെ ചികിത്സിക്കാനുള്ള മികച്ച സൗകര്യങ്ങളുള്ള ഒരേ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റലായിരുന്നു ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍. വാതക ചോര്‍ച്ചയ്ക്ക് ഇരയാകാത്തവരും ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെ അതുവരെ ദുരന്തത്തിനിരയായവര്‍ക്ക്‌ സൗജന്യ ചികിത്സ നല്‍കിയിരുന്ന ആശുപത്രി അതോടെ പണക്കാര്‍ക്ക് മുന്‍തൂക്കം നല്‍കി തുടങ്ങി. ഇത് സംബന്ധിച്ച് ഫോറത്തിന്റെ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് മൗനം മാത്രമായിരുന്നു ആശുപത്രിയുടെ മറുപടി. 

ശേഷം സര്‍ക്കാര്‍ ആശുപത്രി ഏറ്റെടുത്തെങ്കിലും അവിടെയുണ്ടായിരുന്ന മിക്ക ഡോക്ടര്‍മാരും മറ്റിടങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു.കോവിഡ് മഹാമാരിയുടെ വരവോടെ ആശുപത്രി കോവിഡ് ആശുപത്രിയാക്കി സര്‍ക്കാര്‍ മാറ്റി. ഇതോടെ വാതക ചോര്‍ച്ചയ്ക്ക് ഇരയായവരുടെ ചികിത്സയും മറ്റും ദുരിതത്തിലായി. എന്നാല്‍ ജയപ്രകാശിന്റെയും മറ്റ് ആക്ടിവിസ്റ്റുകളുടെയും മറ്റും സമയോചിതമായ ഇടപെടല്‍ മൂലം സര്‍ക്കാര്‍ കോവിഡ് ചികിത്സാ സേവനങ്ങള്‍ അവിടെനിന്നു മാറ്റി. 

File Photo: PTI
വിഷവാതക ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിക്കുന്നു | Photo-PTI

ഭീതി വിട്ടൊഴിയാതെ ഭോപ്പാല്‍

വിഷ വാതക ദുരന്തത്തിന് ശേഷം ഉപയോഗപ്രദമായ മെഷീനുകളും മറ്റും കമ്പനി അവിടെ നിന്നും മാറ്റിയെങ്കിലും വിഷമിശ്രിതങ്ങള്‍ ഇപ്പോഴും പ്രദേശവാസികള്‍ക്ക് ഭീഷണിയായി നിലനില്‍ക്കുകയാണ്. 345 ടണ്ണോളം വരുന്ന വിഷ വസ്തുക്കള്‍ ഫാക്ടറിയില്‍ ഇപ്പോഴും അവശേഷിക്കുന്നു. എന്നാല്‍ ഫാക്ടറിയില്‍ ഭൂമിക്കടിയിലെ ടാങ്കുകളില്‍ ഇവയുടെ അളവ് വ്യക്തമല്ല. ക്ലോസ്ഡ് ലൂപ്പ് ടെക്‌നോളജി ഉപയോഗിച്ച് ഫാക്ടറിയിലുള്ള കെമിക്കലുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാരുമായി നടന്നു വരികയാണെന്ന് ജയപ്രകാശ് പ്രതികരിച്ചു. ദശാബ്ദങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്ന ഫാക്ടറിയിലെ വിഷമിശ്രിതങ്ങള്‍ ഭോപ്പാല്‍ വീണ്ടുമൊരു ദുരന്തഭൂമിയാക്കാനുള്ള സാധ്യതയേറെയാണ്.

Content Highights: 37 years of bhopal gas tragedy; the reasons and developments