2018 ജൂണ്‍. നാടുമുഴുവന്‍ നിപ വൈറസ് ഭീതിയില്‍ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയ നാളുകള്‍. വിദേശത്തുള്ളവര്‍ ഇന്ത്യയിലേക്കും വടക്കേ ഇന്ത്യയിലുള്ളവര്‍ കേരളത്തിലേക്കുമുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി. തെക്കന്‍ കേരളത്തിലുള്ളവര്‍ കോഴിക്കോട്ടേക്കും കോഴിക്കോട്ടുകാര്‍ പേരാമ്പ്രയിലേക്കും പോകാന്‍ മടിച്ച രാപകലുകള്‍. അതിലൊരു ദിനം ആ രോഗത്തിന്റെ ഭീതിയും നിസ്സഹായതയുമെല്ലാം ആറ്റിക്കുറുക്കിയ ചിത്രവുമായാണ് 'മാതൃഭൂമി'യുടെ ഒന്നാംപേജ് ജനങ്ങളിലേക്കെത്തിയത്. ബഹിരാകാശ സഞ്ചാരികളുടേതിന് സമാനമായ വസ്ത്രം ധരിച്ച് നിപരോഗികളുടെ മാലിന്യവും വഹിച്ചുള്ള സ്ട്രെച്ചര്‍ ഉന്തിപ്പോകുന്ന ആ രണ്ട് ജീവനക്കാരുടെ ചിത്രം നിപയെന്ന മഹാവ്യാധിയുടെ എല്ലാ ഭീതിയും ബോധ്യപ്പെടുത്തി. മൂടിപ്പൊതിഞ്ഞ ആ മനുഷ്യര്‍ ഇതുവരെ ലോകത്തിന് അജ്ഞാതരായിരുന്നു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി. നമ്പ്യാരെടുത്ത ആ ചിത്രത്തിലെ മുഖമില്ലാത്ത രണ്ട് മനുഷ്യര്‍ ഇതാ മലയാളികള്‍ക്ക് മുന്നില്‍... 

നിപ ബാധിച്ച രോഗികളുടെ തുപ്പലും ഛര്‍ദിലുമെല്ലാം വാരിക്കോരി വൃത്തിയാക്കിയാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശി കെ.യു. ശശിധരനും പാഴൂര്‍ സ്വദേശി ഇ.പി. രജീഷും നിപനാളുകളില്‍ മെഡിക്കല്‍ കോളേജില്‍നിന്ന് തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയത്. മരണവാര്‍ഡുകള്‍ തൂത്തും തുടച്ചും വൈറസുകളെ പടരാതെ മാലിന്യക്കൂനകളില്‍ തളച്ചിട്ടത് രജീഷും ശശിയും ഉള്‍പ്പെട്ട ശുചിത്വ തൊഴിലാളികളായിരുന്നു. ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ ശുശ്രൂഷിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ വൈറസിനെ മുഖാമുഖം കണ്ട് ഇവര്‍ പൊരുതി. നിപരോഗികള്‍ ചികിത്സ തേടിയെത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് പല ജീവനക്കാരും ജോലി ഉപേക്ഷിച്ചുപോയ ഘട്ടത്തിലാണ് ഇവരെപ്പോലുള്ളവര്‍ ആശുപത്രിക്കൊപ്പം നിന്നത്. ഓരോ രോഗിയും മരിച്ചുവീഴുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ശശി അമ്മയോട് ചോദിക്കും: ''ഞാന്‍ ചത്തുപോയാല്‍ നിങ്ങളെന്ത് ചെയ്യും. മകനെന്ന നിലയില്‍ നിങ്ങക്കെന്നോട് ഒരു താത്പര്യവുമില്ലേ'' എന്ന്. അപ്പോള്‍ ആ അമ്മ പറഞ്ഞു: ''അറ്റാക്ക് വന്നാലും മനുഷ്യര്‍ മരിക്കും. നീ ചെയ്യുന്നത് സേവനമാണ്. അതില്‍ അന്തസ്സും അഭിമാനവും ഉണ്ടായിരിക്കണം.''

നിപരോഗികളുടെ സ്പര്‍ശനമേറ്റ, ഉമിനീരിറ്റിയ സര്‍വയിടങ്ങളും തുടച്ചു വൃത്തിയാക്കിയും അവരുപയോഗിച്ച കക്കൂസും കുളിമുറിയും ബ്ലീച്ചിങ് പൗഡറിട്ട് കഴുകിയും രോഗം പടരാതെ കാത്തത് ശശിയെയും രജീഷിനെയും പോലുള്ള ദിവസവേതന തൊഴിലാളികളാണ്. അതിനാലാവാം നിപകാലത്തെ അടയാളപ്പെടുത്തിയ ആ ഫോട്ടോയിലെ കഥാപാത്രങ്ങള്‍ ആവാനുള്ള യോഗം അവര്‍ക്ക് ലഭിച്ചതും. അമ്മ പറഞ്ഞതുപോലെ അന്തസ്സോടെ ജോലിചെയ്തപ്പോള്‍ കാലം അവരെ ആ ചിത്രത്തിലൂടെ അടയാളപ്പെടുത്തുകയായിരുന്നു. അതേ ചിത്രം നിപ രോഗപശ്ചാത്തലത്തില്‍ ആഷിക് അബു ഒരുക്കുന്ന 'വൈറസ്' എന്ന സിനിമയുടെ പോസ്റ്ററുമായിത്തീര്‍ന്നത് നിമിത്തം മാത്രം.

അന്ന്, ജൂണ്‍ മൂന്നിന് നിപ വാര്‍ഡിലെ രോഗികളുപയോഗിച്ച വസ്ത്രങ്ങളും മറ്റവശിഷ്ടങ്ങളും കൊണ്ടുപോകാന്‍ ഉത്തരവാദപ്പെട്ട  ജീവനക്കാരന്‍ ഭയംകൊണ്ട് അതിന് തയ്യാറായില്ല. അങ്ങനെയാണ് ദൗത്യം ശശിധരന്‍ ഏല്‍ക്കുന്നത്. കൂട്ടിന് രജീഷിനെയും വിളിച്ചു. രണ്ടുപേരും ചേര്‍ന്ന് വൈറസുകള്‍ അടങ്ങിയ സകല സാമഗ്രികളും കവറുകളിലാക്കി കെട്ടി സ്ട്രച്ചറില്‍ ഉന്തിക്കൊണ്ടുപോവുകയായിരുന്നു. അപ്പോ ള്‍ പെരുമഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷേ, കാത്തുവെക്കാന്‍ വയ്യ. എത്രയും പെട്ടെന്ന് കോമ്പൗണ്ടിനുള്ളില്‍നിന്ന് കടത്തിയേ തീരൂ. സാധാരണ കത്തിക്കാനുള്ള കടലാസുകള്‍ പച്ചക്കവറിലും ബോട്ടിലുകള്‍ കറുപ്പ് കവറിലും ഗ്ലൗസുകള്‍ ചുവപ്പു കവറിലുമാക്കിയാണ് വര്‍ഗീകരിച്ചിരുന്നത്. എന്നാല്‍, നിപകേസില്‍ മാലിന്യങ്ങള്‍ വര്‍ഗീകരിക്കേണ്ടതില്ല. എല്ലാം ഒരുമിച്ച് സംസ്‌കരിക്കുകയായിരുന്നു. അപ്പോഴാണ് ആ ദൃശ്യം സാജന്‍ വി. നമ്പ്യാരുടെ ക്യാമറക്കണ്ണുകളിലുടക്കുന്നത്.

മരണവാര്‍ഡിലെ പണി

മരിച്ചുപോകുമോയെന്ന് പേടിയുള്ളപ്പോഴും മരിച്ചാല്‍ വീട്ടുകാര്‍ക്ക് കാശെന്തെങ്കിലും ലഭിക്കുമല്ലോ എന്ന ഗതികേടിന്റെ നെരിപ്പോടുകളാണ് നിപ വാര്‍ഡിലേക്ക് രജീഷിനെ കൊണ്ടെത്തിച്ചത്. നാട്ടില്‍ പണി കുറവുള്ള സമയം. മൂന്നുമാസം വീട്ടിലിരിക്കുന്നതിനെക്കാള്‍ ഭേദം ജോലിചെയ്യുകയാണെന്ന ബോധ്യത്തില്‍, പത്രത്തില്‍ പരസ്യം കണ്ട് ഇന്റര്‍വ്യൂവിന് വരികയായിരുന്നു രജീഷ്. മേയ് 22-നാണ് നിപ വാര്‍ഡിലേക്കായി താത്കാലിക ശുചിത്വ തൊഴിലാളികളുടെ അഭിമുഖം നടക്കുന്നത്. ആയിരത്തോളം ആളുകള്‍ വരാറുണ്ടായിരുന്ന ഇന്റര്‍വ്യൂവിന് അന്നെത്തിയത് 10 പേര്‍ മാത്രം. മേയ് 23-ന് രജീഷ് ജോലിയില്‍ പ്രവേശിച്ചു. ''ഇതൊരുയുദ്ധമാണ്. ആ യുദ്ധത്തിലെ പടയാളികളാണ് നമ്മളോരോരുത്തരും. എന്തും സംഭവിക്കാം. മരണം മാത്രമേ മുന്നിലുള്ളൂ. ഒരു രോഗിയെയെങ്കിലും രക്ഷപ്പെടുത്താനായാല്‍ അത് ചരിത്രമാകും'' എന്നാണ് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ജൂനിയര്‍ ആര്‍.എം.ഒ. രജീഷിനോട് പറഞ്ഞത്. 

''നിപ വാര്‍ഡിനുള്ളില്‍ എല്ലാവരും സമന്‍മാരായിരുന്നു. ഡോക്ടര്‍, നഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഒരേ വേഷത്തില്‍, പി.പി. കിറ്റ് (പ്രൊട്ടക്ഷന്‍ കിറ്റ്) ധരിച്ചാണ് വാര്‍ഡിനുള്ളില്‍ അത്ര ദിവസവും കഴിച്ചുകൂട്ടിയത്. ഇതെങ്ങനെ ധരിക്കണമെന്ന്് ക്ലാസൊന്നും ലഭിച്ചിരുന്നില്ല. ഗോഗിള്‍സിനുള്ളില്‍ (കണ്ണട) പലപ്പോഴും ആവി കയറി. അതിനുപുറമേ അരണ്ടവെളിച്ചവും മൂലം മിക്ക സമയങ്ങളിലും കണ്ണുകാണാതെ തപ്പിത്തടഞ്ഞാണ് നടന്നിരുന്നത്'' -രജീഷ് പറയുന്നു.തപ്പിത്തപ്പി രജീഷ് ആദ്യം പോയത് ഉബീഷ് കിടന്ന 27-ാം നമ്പര്‍ മുറിയിലേക്കാണ്. നിപ സ്ഥിരീകരിച്ചശേഷം രക്ഷപ്പെട്ട രണ്ടുപേരിലൊരാളാണ് ഉബീഷ്. ''എന്നെ കണ്ടതും ഭക്ഷണം കഴിക്കുകയായിരുന്ന ഉബീഷ് അത് നിര്‍ത്തി വായ പൊത്തി ഇരുന്നു. എനിക്കൊന്നും മനസ്സിലായില്ല. മറ്റുള്ളവര്‍ക്ക് വരേണ്ടെന്ന് കരുതി വാ പൊത്തുന്നതാണെന്ന് ബൈസ്റ്റാന്‍ഡര്‍ പറഞ്ഞു. മുന്നില്‍ മരണം മാത്രം കാത്തുകിടക്കുന്ന ഉബീഷ് ഉള്ളിനെ വല്ലാതെ കുലുക്കി.''

''ആദ്യം 12 മണിക്കൂറായിരുന്നു തൂപ്പ് തൊഴിലാളികളുടെ ഡ്യൂട്ടി. കിറ്റ് ധരിച്ചുകൊണ്ട് നേരാംവണ്ണം ഓക്‌സിജന്‍ വലിക്കുന്നതു ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ട് ഡ്യൂട്ടി ആറുമണിക്കൂറാക്കി. നിപകാലത്ത്് ഈ തൊഴിലാളികളെല്ലാം വീട്ടില്‍ പോയിരുന്നു. പോകാന്‍ നേരം പി.പി. കിറ്റ് അഴിച്ച് കുളിച്ച് യൂണിഫോമിടും. പിന്നീട് യൂണിഫോം അലക്കി സ്വന്തം വസ്ത്രം ധരിച്ചാണ് വീട്ടില്‍ പോകുന്നത്. അപ്പോഴേക്കും ഓരോരുത്തരും മൂന്നും നാലും കുളി കഴിഞ്ഞിട്ടുണ്ടാകും''- രജീഷ് കൂട്ടിച്ചേര്‍ത്തു.

വാര്‍ഡില്‍ മരണം കാത്തുകിടന്ന ഒരു രോഗിയില്‍നിന്ന് രോഗബാധിതനായെന്ന് രജീഷ് ഒരിക്കല്‍ ആശങ്കപ്പെട്ടിരുന്നു. കുനിഞ്ഞിരുന്ന് അവര്‍ കിടന്നിരുന്ന കട്ടിലിന്റെ അടി തുടയ്ക്കുമ്പോഴാണ് ആ രോഗി രജീഷിന്റെ മുതുകിലേക്ക് ഛര്‍ദിക്കുന്നത്. പിറ്റേന്നുതന്നെ ആ രോഗി മരിച്ചു. അവര്‍ കിടന്നിരുന്ന മുറിയും കട്ടിലും സാധനസാമഗ്രികളും തുടച്ചുവൃത്തിയാക്കിയതും അവശിഷ്ടങ്ങളെല്ലാം കെട്ടി സുരക്ഷിത സ്ഥലത്തെത്തിച്ചതുമെല്ലാം രജീഷായിരുന്നു. നിപ പ്രതീക്ഷിച്ചാണ് പിന്നീടങ്ങോട്ട് ഓരോ ദിവസവും രജീഷ് തള്ളിനീക്കിയത്. എന്തു കണ്ടിട്ടാണ് എടുത്തുചാടിയതെന്ന് പലപ്പോഴും രജീഷ് ആലോചിച്ചിട്ടുണ്ട്. മരിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം തരുകയാണെങ്കില്‍ നമ്മള് പോയാലും കുടുംബം രക്ഷപ്പെടുമല്ലോ എന്ന തോന്നലില്‍ ജോലിയില്‍ തുടരുകയായിരുന്നു. ''ആരും ചെയ്യാത്ത കാര്യം ചെയ്യുമ്പോഴല്ലേ നമ്മുടെ ജീവിതത്തിനും അര്‍ഥൊള്ളൂ... മരിച്ചുകഴിഞ്ഞാലും ഓര്‍മിക്കപ്പെടണമെന്ന മോഹം ഏതൊരു സാധാരണക്കാരനെയുംപോലെ എനിക്കുമുണ്ടായിരുന്നു. ആ ധൈര്യം വെച്ചിറങ്ങിയതാണ് ഞങ്ങള്‍''- രജീഷ് അഭിമാനത്തോടെ പറഞ്ഞു.


ആളൊഴിഞ്ഞ ആശുപത്രി വരാന്തകള്‍

നിപ മരണങ്ങള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പലരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലിക്ക് വരാന്‍ മടിച്ചു. ജോലിയില്‍ പ്രവേശിക്കണമെന്ന് പലരോടും ഓഫീസില്‍നിന്ന് വിളിച്ച് അഭ്യര്‍ഥിച്ചെങ്കിലും മിക്കവരും തയ്യാറായില്ല. ആ സമയങ്ങളില്‍ ഷൂട്ടിങ്ങിന് മണ്ണാര്‍ക്കാട് പോയതായിരുന്നു ശശിധരന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നൂറുകണക്കിന് സിനിമകളില്‍ ശശിധരന്‍ വേഷമിട്ടിട്ടുണ്ട്. 

പക്ഷേ, നിപ വാര്‍ഡില്‍ വേണ്ടത്ര ജീവനക്കാരില്ലെന്ന വിവരം കിട്ടിയ ഉടന്‍ നിര്‍മാതാവിനോടും സംവിധായകനോ ടും ഒന്നും പറയാതെ അന്ന് രാത്രിതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ബസ് കയറി. താന്‍ ജോലിചെയ്യാന്‍ തയ്യാറാണെന്ന് അധികൃതരെ അറിയിച്ചു. പിറ്റേന്നുതന്നെ ജോലിയില്‍ പ്രവേശിച്ചു. പി.പി. കിറ്റ് ധരിച്ചാണ് നിപ വാര്‍ഡിലുള്ള എല്ലാ ജീവനക്കാരും ജോലിചെയ്തത്. 
ഈ വസ്ത്രം ധരിച്ച് ആറുമണിക്കൂറിലധികം നിന്നാല്‍ ശരീരം തളര്‍ന്ന് ബോധമില്ലാത്ത അവസ്ഥയിലേക്കെത്തുമായിരുന്നുവെന്ന് ശശിധരന്‍ പറയുന്നു. വസ്ത്രം ഒരുവട്ടം അഴിച്ചാല്‍ പിന്നെ പുതിയവ ധരിക്കണം. വൈറസ് പടരാനുള്ള സാധ്യത അത്ര കൂടുതലാണ്. 

വിലകൂടിയ വസ്ത്രമായതിനാല്‍ നഷ്ടം ഉണ്ടാക്കേണ്ടെന്ന് കരുതി പലപ്പോഴും വസ്ത്രം അഴിക്കാതിരിക്കാന്‍ മൂത്രം പോലും ഒഴിക്കാതെയാണ് ജോലിയില്‍ തുടര്‍ന്നതെന്ന് ശശി പറയുന്നു.
''ശരിക്കും മരിക്കാന്‍ തയ്യാറായിത്തന്നെ ജോലിക്ക് വന്നവരാണ് ഞങ്ങള്‍ 30 തൊഴിലാളികളും. അതില്‍ സ്ത്രീകളുമുണ്ട്. വേണേല്‍ ജോലി ഉപേക്ഷിച്ച് പോകാമായിരുന്നു. പക്ഷേ, മരിക്കുന്നെങ്കില്‍ എന്നായാലും മരിക്കും അങ്ങനെയാണേല്‍ അത് സത്കര്‍മം ചെയ്തുകൊണ്ടാവട്ടേന്ന് ഞങ്ങള്‍ പരസ്പരം ആശ്വസിച്ചു''- ശശിധരന്‍ തുടര്‍ന്നു. 

Nipha pictures
ശശിധരനും രജീഷും സാജന്‍ വി. നമ്പ്യാര്‍ക്കൊപ്പം

രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ ബ്ലീച്ചിങ് പൗഡറിട്ടാണ് നിപവാര്‍ഡിലെ മുറിയും സാധനസാമഗ്രികളും ശശിയും രാജേഷുമടക്കമുള്ളവര്‍ വൃത്തിയാക്കിയത്. ''ഡോക്ടര്‍മാരുടെ പേനവരെ ബ്ലീച്ചിട്ട് തുടച്ചു. രോഗികള്‍ മാറുന്നതിനനുസരിച്ച് പുതിയ ഷീറ്റുകള്‍ വിരിച്ചുകൊണ്ടിരിക്കണം. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ വാര്‍ഡിലെ ഓരോ ഭാഗങ്ങളും തുടച്ചുവൃത്തിയാക്കി. ഓരോ രോഗി മരിച്ചുവീഴുമ്പോഴും ബ്ലീച്ചിട്ട് ചുമര് കഴുകും. എന്നിട്ട് രണ്ടു മണിക്കൂര്‍ ഫ്യുമിഗേഷന്‍ മെഷീന്‍ (പുകച്ച് അന്തരീക്ഷം അണുവിമുക്തമാക്കുന്ന യന്ത്രം) വെയ്ക്കും. ഫ്യുമിഗേഷന്‍ സമയത്ത് ശ്വാസംമുട്ടി മരിച്ചുപോകുന്ന അവസ്ഥവരെയുണ്ടായി. പി.പി. കിറ്റ് ധരിച്ച് വൃത്തിയാക്കിയതുകൊണ്ട് ചൂടും പുകയും താങ്ങാനാവാതെ ബോധക്ഷയംവരെ പലര്‍ക്കുമുണ്ടായി.''

മരിച്ച നിപരോഗികളില്‍ പലരുടെയും മൃതദേഹം കെട്ടിപ്പൂട്ടി സുരക്ഷിതമാക്കിയത് ശശിയായിരുന്നു. രണ്ട് മൂന്ന് കവറിങ് മൃതദേഹത്തിനുണ്ടാവും. സിപ്പ് ഇട്ട് കഴിഞ്ഞ് അണുവിമുക്തമാക്കാന്‍ സ്പ്രേ ചെയ്യും. പിന്നെ ടെമ്പോ വിളിച്ചാണ് മൃതദേഹം കൊണ്ടുപോയിരുന്നത്.''ഒരിക്കല്‍, നിപ ബാധിച്ചുമരിച്ച സ്ത്രീയുടെ മൊബൈല്‍ ഫോണും റേഷന്‍ കാര്‍ഡും മൃതദേഹത്തോടൊപ്പം ഞങ്ങള്‍ കെട്ടിപ്പൂട്ടി. ആ മൊബൈലും കാര്‍ഡും അവരുടെ വീട്ടുകാര്‍ക്ക്് തിരിച്ചുകൊടുത്തൂടെ എന്ന് ചോദിച്ചവരുണ്ട്. പക്ഷേ, അത്തരം സെന്റിമെന്റ്സുകള്‍ക്കൊന്നും നിന്നുകൊടുക്കാതെ ഞങ്ങള്‍ ഞങ്ങളുടെ ജോലിചെയ്തു. കളിക്കുന്നത് വൈറസിനോടാണ്''. ആ ജാഗ്രത കണ്ട് കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരടക്കം തങ്ങള്‍ക്ക് പെരുവിരലുയര്‍ത്തി അഭിനന്ദനം തന്നിട്ടുണ്ടെന്ന്് ശശിധരന്‍ പറയുന്നു.

''ഫോട്ടോയിലെ കാപ്ഷനിലൂടെ മാതൃഭൂമി ഞങ്ങള്‍ക്ക് ബിഗ്സല്യൂട്ട് തന്നെങ്കില്‍ ഞങ്ങള്‍ ബിഗ്സല്യൂട്ട് നല്‍കുന്നത് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കാണ്. അത്ര മികച്ച ഏകീകരണമായിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണനും ആരോഗ്യവകുപ്പും ഡോക്ടര്‍മാരും നഴ്സുമാരും തൂപ്പ് തൊഴിലാളികളും അച്ചിട്ട യന്ത്രംപോലെയാണ് പ്രവര്‍ത്തിച്ചത്'' -ശശിധരന്‍ അഭിമാനത്തോടെ പറഞ്ഞു.
നിപ കെട്ടടങ്ങി.

ഇത് ഇത്ര സംഭവമായിരുന്നോ എന്ന് പുച്ഛിക്കുന്നവരോട് രജീഷിന് പറയാനുള്ളത് ഇത്രമാത്രം: ''ഡോക്ടര്‍മാരും നഴ്സുമാരും എന്തിന് ഞങ്ങളുള്‍പ്പെടുന്ന ക്ലീനിങ് സ്റ്റാഫടക്കം ഇത്ര അച്ചടക്കത്തോടെ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ നിപമരണം 16-ല്‍ ഒതുങ്ങില്ലായിരുന്നു. നിപയുടെ രണ്ടാംഘട്ടം തുടങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷേ, ആദ്യം മരിച്ചുവീഴുന്നത് ഞങ്ങളെപ്പോലുള്ളവരാകുമായിരുന്നു. അതുണ്ടാവാഞ്ഞതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം.''

മഴമറയിലൂടെ ആ ക്ലിക്ക്

പേരാമ്പ്രയിലും സൂപ്പിക്കടയിലും നിപ ബാധിച്ച് മരിച്ച എട്ടുപേരുടെ വീടുകളില്‍ ഞാനും പോയിരുന്നു. അതിവൈകാരികമായാണ് അവര്‍ ഞങ്ങളോടന്ന് പ്രതികരിച്ചത്. ആരോഗ്യപ്രവര്‍ത്തകരോ പഞ്ചായത്ത് അംഗങ്ങളോ എന്തിന്, കുടുംബാംഗങ്ങള്‍പോലുമോ തിരിഞ്ഞുനോക്കാത്ത തങ്ങളുടെ വീടുകളിലേക്ക് എങ്ങനെ മാതൃഭൂമിക്കാര്‍ക്കു മാത്രം വരാന്‍ തോന്നിയെന്ന് അവരില്‍ പലരും അന്ന് ചോദിച്ചു. കൈനീട്ടിക്കൊടുക്കാതിരുന്നാല്‍ വിഷമിക്കും എന്നു കരുതി കൈകൊടുത്തു തോളില്‍ത്തട്ടിയാണ് അന്ന് ഓരോ വീട്ടില്‍നിന്നും ഇറങ്ങിയത്.

എന്നാല്‍, പിന്നീടുള്ള ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. മരണം കൂടുന്തോറും പേടി കൂടി. പിന്നീടങ്ങോട്ട് ഉറക്കമില്ലാത്ത ദിവസങ്ങളായി. ആദ്യംതന്നെ മോളെയും ഭാര്യയെയും വീട്ടിലേക്ക് പറഞ്ഞയച്ചു. ഒരാഴ്ചയോ അതുമല്ലെങ്കില്‍ രണ്ടാഴ്ചയോ മാത്രമേ ഇനി ഭൂമിയിലുണ്ടാവുകയുള്ളൂ എന്ന് മനസ്സിലുറപ്പിച്ചു. ഓര്‍ക്കാന്‍ തക്കവിധത്തില്‍ പടമെടുത്തു പോകണമെന്നായി പിന്നീടങ്ങോട്ടുള്ള ചിന്ത മുഴുവനും. അങ്ങനെയാണ് മെഡിക്കല്‍ കോളേജിലെത്തുന്നത്. പക്ഷേ, ഒരു മനുഷ്യനെപ്പോലും എങ്ങും കാണാനുണ്ടായിരുന്നില്ല. ഒരു പടവും ലഭിച്ചില്ല. പോകാനൊരുങ്ങുമ്പോഴാണ് പെരുമഴ പെയ്തത്. ആ മഴ ഐസൊലേഷന്‍ വാര്‍ഡില്‍ പിടിച്ചുനിര്‍ത്തി. 

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡിന്റെ വാതില്‍ തുറന്ന് രണ്ട് രൂപങ്ങള്‍ പുറത്തേക്കുവന്നു. പക്ഷേ, അപ്പോള്‍ പടമെടുക്കുന്നതിനെ കുറിച്ച് ഓര്‍ത്തതേയില്ല. വേസ്റ്റുകള്‍ എങ്ങനെയൊക്കെയോ അവര്‍ ബാലന്‍സ്ചെയ്ത് വെക്കുകയായിരുന്നു. അത് ഒന്നുരണ്ടുവട്ടം താഴെ വീണു. വീണ്ടും പെറുക്കിവെച്ച് ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചു. ദയനീയമായ ആ കാഴ്ചകണ്ട് കണ്ണുനിറഞ്ഞുപോയി. ഇവര്‍ ചെയ്യുന്നതിനു മുന്നില്‍ നമ്മുടെ പേടിയൊന്നും ഒന്നുമല്ല എന്ന തിരിച്ചറിവിന്റെ നിമിഷങ്ങള്‍. ആ സമയത്ത് ലഭിച്ച വല്ലാത്തൊരു ധൈര്യം അവരുടെ അടുത്തേക്ക് പോകാനുള്ള ഊര്‍ജം നല്‍കി. ഈ പടമെടുത്തിട്ട് വരുന്ന രോഗം വരട്ടെയെന്ന് കരുതി അവരെ പിന്തുടര്‍ന്നു. വളരെ പതുക്കെ വീഴാതെ ബാലന്‍സ് ചെയ്ത് ശ്രദ്ധയോടെയാണ് അവര്‍ നടന്നത്. കയറ്റം നന്നേ ബുദ്ധിമുട്ടി തള്ളിക്കയറ്റി. മഴയെ വകവയ്ക്കാതെ ഞാന്‍ ക്ലിക്ക് ചെയ്തു...

Content Highlights: Content highlights: NipahVirus,SajanVNambiarPhoto,VirusMoviePoster